TopTop
Begin typing your search above and press return to search.

ഇനി എങ്ങനെ ജീവിച്ചു തീർക്കാമെന്നാണ് നിങ്ങൾ കരുതുന്നത്? സ്ത്രീകള്‍ക്ക് പറയാനുള്ളത്

ഇനി എങ്ങനെ ജീവിച്ചു തീർക്കാമെന്നാണ് നിങ്ങൾ കരുതുന്നത്? സ്ത്രീകള്‍ക്ക് പറയാനുള്ളത്

വിവാഹം ഒരു സാഹസമാണ്, പ്രത്യേകിച്ച് പ്രണയ വിവാഹം. അത്യുഗ്രൻ സാഹസം, ഒരു സ്കൈ ഡൈവിംഗ് പോലെ.. എന്നായിരുന്നു ഓർമ വെച്ചകാലം മുതൽ ഉള്ള വിശ്വാസം. മറ്റുള്ളവർ ഇതിനു മുതിരുമ്പോൾ, അതിനു സാക്ഷി ആവുമ്പോൾ മനസ്സിൽ അഭിമാനം, ഭയം, ആവേശം സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റവും ഇറക്കവും.

എന്നാൽ സ്വയം സ്കൈ ഡൈവിംഗ് ചെയ്യാൻ ഒരുക്കമല്ലാത്ത ഭയം നിറഞ്ഞ മനസ്സും മാത്രം ഉള്ളത് കൊണ്ടാവണം ആ സാഹസം ആഗ്രഹമുണ്ടെങ്കിലും ഭയത്താൽ വേണ്ടെന്നു വെച്ചു. എന്തിനു ഭയക്കണം, ആരെ ഭയക്കണം എന്ന് ചോദിക്കാനെങ്കിൽ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ.

ഈ ഭയം ഉള്ളിൽ ഉടലെടുത്തത് ഏകദേശം പതിമൂന്നു വയസിലാണ്. കുടുംബത്തിലെ മൂത്ത ചേച്ചിയുടെ പ്രണയം കുടുംബാംഗങ്ങളിൽ എത്തുന്നു. വളരെ മിടുക്കിയായ എല്ലാർക്കും പ്രിയപ്പെട്ടവളായ ചേച്ചിയെ കുടുംബാംഗങ്ങളിൽ ഭൂരിഭാഗം പേരും വെറുക്കുന്നു, ചോദ്യം ചെയ്യലുകൾ, കുറ്റപ്പെടുത്തലുകൾ, കുറ്റം ചാർത്തലുകൾ; അന്യജാതിക്കാരനെ പ്രേമിച്ച മഹാഅപരാധം ചെയ്ത കുറ്റത്തിന് കുടുംബത്തിൽ ചേച്ചിക്ക് അടിയന്തരാവസ്ഥ, ആരോടും മിണ്ടരുത്, പ്രത്യേകിച്ച് പ്രായത്തിൽ കുറഞ്ഞവരായ ഞാൻ അടക്കം ഉള്ളവരോട്.

കൂടാതെ പ്രണയത്തെ മരണം വരെ തൂക്കി കൊല്ലാനും ആ കോടതി വിധിച്ചു. കുറ്റസമ്മതം നടത്തി മാപ്പ് ചോദിച്ചാൽ നിരുപാധികം വിട്ടയക്കാനും തയ്യാർ.

ഈ അവസ്ഥയിൽ ഒരുപാട് വാദപ്രതിവാദങ്ങൾക്ക് ഇടയിൽ പിടിച്ച് നിന്ന പ്രതി, കൂട്ട് പ്രതിയുടെ കാലുമാറ്റത്താൽ കുറ്റം ചാർത്തപെട്ട്, ആ പ്രണയത്തിന്റെ തൂക്കിക്കൊല നടന്നു.

ജാതി, മതം, സാമ്പത്തിക സ്ഥിതി, പറ്റുമെങ്കിൽ ജാതകവും നോക്കിയല്ല പ്രണയമെങ്കിൽ താമസിയാതെ അതേ കയറിൽ മറ്റൊരു തൂക്കിക്കൊല കൂടി ഉറപ്പാണെന്ന് ആ കാലത്ത് മനസ്സിൽ ഉരുവിട്ട് പഠിച്ചു. മനസ്സിന്റെ വാതിലിൽ മുട്ടി വിളിച്ച പ്രണയത്തെ പലയാവർത്തി ഇതേ ചോദ്യങ്ങൾ ചോദിച്ചു തിരിച്ചയച്ചു. പ്രണയ വർണങ്ങൾ ചിന്തിയ മനസ്സിനെ പലവട്ടം കഴുകി വെടിപ്പാക്കി. എന്തിന്? എന്നിലെ ഭീരുവായ മനസ്; അതുതന്നെ കാരണം. പ്രണയിക്കണം ഒരിക്കലും ആരാലും തിരസ്കരികപ്പെടരുത്,വെറുക്കപ്പെടരുത്. സ്വന്തക്കാരോ ബന്ധുക്കളോ നാട്ടുകാരോ ആരാലും.

പിന്നെയും ജാതിയും മതവും പണവും സൗന്ദര്യവും ഒന്നും തൂക്കിനോക്കാതെയുള്ള, പ്രണയം മാത്രമുള്ള ചില പ്രണയ വിവാഹങ്ങളും കണ്ടു. അതെല്ലാം വളരെ വ്യാപ്തിയും സൗന്ദര്യവും ഉള്ള, മനസും ചിന്തയും അത്രത്തോളം ധൈര്യവും ഉള്ളവർക്ക് മാത്രം പറ്റുന്നത് എന്നു മാത്രമേ എനിക്ക് പറയാൻ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ എനിക്ക് പ്രണയ വിവാഹം നടന്നില്ല. പ്രണയത്തിനു മാർക്കിടുമ്പോൾ തുച്ഛമായ മാർക്കു വാങ്ങി തോൽക്കേണ്ടി വരും എന്ന ഭയം തന്നെ കാരണം. വിവാഹം കഴിഞ്ഞ് ഇന്നിപ്പോൾ മൂന്ന് വയസുകാരന്റെ അമ്മയാണ്.

പത്ര മാധ്യമങ്ങളിൽ മാത്രം ഇതരസംസ്ഥാനങ്ങളിൽ വായിച്ചറിഞ്ഞ ദുരഭിമാനകൊലപാതകം ആദ്യം ഓർമയിൽ വന്നത് വർഷങ്ങൾക്കു മുൻപ് മലയാളിയായ, മഹാരാഷ്ട്രയിലോ മറ്റോ സ്ഥിരതാമസക്കാരായ മണവാളനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ ഭാര്യയുടെ ബന്ധുക്കളെയാണ്. അന്ന് മൂക്കത്ത് വിരൽ വെച്ച അതേ മലയാളികളാണ് ഈ വർഷം രണ്ടു കൊലകൾ നടത്തിയിരിക്കുന്നത്. ഒന്ന് കീഴ്ജാതിക്കാരനെ വിവാഹം കഴിക്കാൻ പോയ മകളെ അച്ഛനാണെങ്കിൽ മറ്റൊന്ന് സഹോദരിയെ വിവാഹം കഴിച്ച കീഴ്ജാതിക്കാരനെ, രണ്ടിടത്തും പ്രധാന പ്രശ്നം ജാതി തന്നെ. സാമ്പത്തികമായ അന്തരത്തേക്കാൾ സാമൂഹിക അന്തരം, അതുമൂലം വരുന്ന അഭിമാനക്ഷത ഭീതിയാണ് ഈ കൊലപാതകങ്ങൾക്ക് പിറകിൽ.

"എടീ എനിക്ക് ചേരുന്ന ഏതെങ്കിലും നായർ പെൺകുട്ടികൾ പരിചയത്തിൽ ഉണ്ടെങ്കിൽ പറയണേ" എന്നൊരിക്കൽ സഹപാഠി പറഞ്ഞു. "നായർ തന്നെ വേണോ" എന്ന് ചോദിച്ചപ്പോൾ പറയുകയാണ് നമ്പൂതിരി ആയാലും കുഴപ്പമില്ല, കുറയേണ്ടാന്ന്. പഴയകാലത്തെ പോലെ, അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ തരത്തിൽ മനുഷ്യരിൽ നിറത്തിൽ, സമ്പത്തിൽ, മതങ്ങളിൽ, ആരാധനാലയങ്ങളിൽ, പ്രാർത്ഥനകളിൽ, എന്തിന് ദൈവങ്ങളിലും വേർതിരിവ് നടക്കുന്നു എന്നുള്ളത് മറ്റൊരു വേദനാജനകമായ വസ്തുത. ഇനിയൊരു മാറ്റം, പ്രതീക്ഷ മാത്രമാകുമോ? എന്ന സത്യത്തിനു മുൻപിൽ ഞാൻ ഈ നിമിഷം തലകുമ്പിട്ടു നില്കുന്നു.

BY അനീന

2.

'പ്രണയം മനോഹരം' എന്നൊക്കെ ആവോളം വർണ്ണിക്കും, പ്രണയിതാക്കൾക്കു വേണ്ടി തീയേറ്ററുകളിലിരുന്ന് കൈയിയടിക്കും, പ്രണയത്തെ എതിർക്കുന്ന വില്ലന്മാരോടു കടുത്ത അമർഷവും ദേഷ്യവും... പക്ഷേ, ഇതൊക്കെ പുസ്തകങ്ങളിലോ സിനിമകളിലോ ആണെങ്കിൽ മാത്രം. കൺമുന്നിൽ പ്രണയിതാക്കളെ കണ്ടാൽ പലർക്കും കലിപ്പാണ്. പിന്നെയവർ കൊള്ളരുതാത്തവരും കുടുംബത്തിന്റെ മാനം കളഞ്ഞവരുമൊക്കെയാകും...

വ്യത്യസ്ത ജാതിയിലോ മതത്തിലോ പെട്ടവരാണവരെങ്കിൽ പറയുകയേ വേണ്ട. അങ്ങനെ എത്രയെത്ര പ്രണയങ്ങൾ ജാതി-മത മതിലുകളിൽ തട്ടിയുടയുന്നു. അങ്ങനെ ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ സാക്ഷര കേരളത്തിലും പ്രണയ രക്തസാക്ഷികളെ സൃഷ്‌ടിച്ചു കൊണ്ടേയിരിക്കുന്നു.

എന്റെയൊരു സുഹൃത്തിന്റെ രണ്ടു വ്യത്യസ്ത പ്രണയത്തെ കുറിച്ച്‌ പറയാം. ആദ്യത്തേത്, ജോലിസ്ഥലത്തുനിന്നും ഉള്ള പരിചയം പ്രണയമായി മാറി. ആത്മാർത്ഥ പ്രണയം. രണ്ടു പേരും വ്യത്യസ്ത മതസ്ഥരായിരുന്നു. അതൊരിക്കലും പ്രണയതിതിനു തടസ്സമായില്ല. അവന്റെ സുഹൃത്തുക്കളൊക്കെ പിന്നെ അവളുടെതുമായി. അവന്റെ പെണ്ണായി വേറൊരാളെയും നമ്മൾ സുഹൃത്തുക്കൾക്കു പോലും ചിന്തിക്കാന്‍ കഴിയില്ലയെന്നായി. അവൾ അവധിക്കു നാട്ടിൽ പോയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. വിവാഹാലോചനയുമായി വീട്ടുകാർ പിന്തുടരുന്നത് കലശലായപ്പോൾ അവരുടെ പ്രണയം വീട്ടിലവതരിപ്പിച്ചു. പിന്നെ കരച്ചിൽ, ആത്മഹത്യാ ഭീഷണി, ഫോൺ തടയൽ, വീട്ടുതടങ്കൽ തുടങ്ങിയവ അരങ്ങേറി. അതിനിടയിൽ അവർ അവനെ വിളിച്ചും കരച്ചിലും പിഴിച്ചിലുമായി.. ഒടുവിൽ ഒരു മനോഹര പ്രണയം അവിടെ മരിച്ചു വീണു.

അങ്ങനെ വിഷമിച്ചിരുക്കുന്ന അവനെ തേടി ഒരു ഫോൺ കോളിലുടെ രണ്ടാം പ്രണയം കടന്നു വരുന്നു. കോളേജു കാലത്തെ അവന്റെ പ്രണയമായിരുന്നു അത്. അവളുടെതും വ്യത്യസ്ത മതമായിരുന്നതിനാൽ ഒരിക്കലും നടക്കില്ലെന്നോർത്തു മറന്നു കളഞ്ഞത്. പക്ഷെ, വർഷങ്ങൾ കഴിഞ്ഞ് അവൾ വിളിച്ചു, വീട്ടുകാർ വിവാഹത്തിനു നിർബന്ധിക്കുന്നു, താനെന്താണിനി ചെയ്യേണ്ടത് എന്നും ആരാഞ്ഞ്‌. പിന്നെ ഇരു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ അവർ അവരുടെ ജീവിതത്തിലേക്ക് കടന്നു. അവരുടെ സന്തോഷപൂർണ്ണമായ ജീവിതം കാണുമ്പോൾ മതത്തിന്റെ വേലികൾ തകർത്ത് അവരെ ഒരുമിപ്പിച്ചതു നന്നായി എന്ന്‌ വീട്ടുകാർ ചിന്തിക്കാതിരിക്കില്ല.

എന്നാൽ ആദ്യ പ്രണയത്തിലെ കുട്ടിയുടെ വിവാഹം വീട്ടുകാർ ആഗ്രഹിച്ച പോലെ നടന്നുവെങ്കിലും വീട്ടുകാർ ആഗ്രഹിച്ച ജീവിതമായിരുന്നില്ല. അവളുടെ വിഷമവും പേറിയുള്ള ജീവിതം കാണുമ്പോൾ അവളായിരുന്നു ശരിയെന്ന് ഒരു നിമിഷമെങ്കിലും അവർ ചിന്തിച്ചുകാണും...

By നജ്മ

3

തൊഴിൽ നോക്കി ജാതി നിശയിച്ച കാലത്തുനിന്നും മാറുമറച്ച് നമ്മൾ പ്രബുദ്ധതയും വിദ്യാഭ്യാസത്തിന്റെ മഹത്വവും സമ്മത്വവും പ്രസംഗിക്കാൻ പഠിച്ചു. ആണും പെണ്ണും പരസ്പരം ആകർഷിക്കപ്പെടുന്ന പ്രത്യേകതയോടെയാണ് സൃഷിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പ്രണയ വിവാഹിതരായ മാതാപിതാക്കൾ കൂടി നഷ്ടമാകുന്നു. ആശുപത്രിയിലെ പ്രസവ മുറിയിൽ നഴ്സിന്റെ കയ്യിലാണ് എന്റെ ജാതി നിശയിക്കപ്പെട്ടിട്ടുള്ളത്. നിമിഷങ്ങൾക്കുള്ളില്‍ എത്ര പ്രസവങ്ങൾ... പിന്നെ പണത്തിന്റെയും മതത്തിന്റയും പേരുപറഞ്ഞു നിങ്ങൾ തകർക്കുന്ന ഒരു ജീവൻ... ഒരോ അച്ഛനും അമ്മയ്ക്കും പ്രിയപ്പെട്ടതാണ്. അവരുടെ മകനാണ്.

മതേതര രാഷ്ട്രത്തിന്റ നാശത്തിലേക്കു പോകുന്നു വ്യവസ്ഥിതികൾ. പുതു തലമുറ സംഘടിതരാകണം. നമ്മുടെ ഭരണഘടനയും നിയമ വ്യവസ്ഥികളും പൊളിച്ചെഴുതണം.

By ജീന

http://www.azhimukham.com/opinion-not-love-caste-is-the-murderer-rekharaj/

4.

അന്നും സ്കൂൾ വീട്ടു വീട്ടിലെത്തിയതിനു ശേഷം കാപ്പികുടി കഴിഞ്ഞ് ഓടിയെത്തി ഞാനാ വാവയെ എടുക്കാനായി. പക്ഷെ അവിടെ നിറയെ ആൾക്കൂട്ടം കണ്ടു ഞാൻ വീട്ടിലേക്കു തിരികെ നടന്നു.

അച്ഛനും അമ്മയും ജോലിക്കു പോകുമ്പോൾ വാവയെ നോക്കാനായി ഒരു സ്ത്രീയെ ജോലിക്കു വെച്ചിരുന്നു. അവരുടെ ശ്രദ്ധക്കുറവ് കൊണ്ടാണത്രെ ആ കുട്ടി വെള്ളം നിറച്ചുവെച്ച ഒരു വലിയ പാത്രത്തിലേക്ക് വീണു മരിച്ചുപോയത്.

പക്ഷെ അന്നാ കുഞ്ഞിന്റെ ശരീരവുമായി അച്ഛനും അമ്മയും ഓടി നടന്നു. കാരണമെന്തെന്നോ? ആ കുഞ്ഞിന്റെ അമ്മ ക്രിസ്ത്യാനിയായിരുന്നു. ഒരു ഹിന്ദുവിനെ പ്രണയിച്ചു കല്യാണം കഴിച്ചു. അതുകൊണ്ട് തന്നെ പള്ളിയിൽ അടക്കം ചെയ്യില്ലെന്ന് അന്നവർ തീർത്തു പറഞ്ഞു. ഹിന്ദുവായ അച്ഛന്റെ വീട്ടുവളപ്പിലും ഇടം കൊടുത്തില്ല അച്ഛന്റെ വീട്ടുകാർ.

പാവമവർ ആ ശരീരവുമായി തിരിച്ചെത്തിയപ്പോൾ അവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടുടമസ്ഥൻ അവർക്കു സ്ഥലം കൊടുത്തു, ആ കുഞ്ഞിന്റെ ശരീരം മറവ് ചെയ്യാനായി.

By ഉഷ മേനോന്‍

http://www.azhimukham.com/trending-fascism-is-not-a-vehicle-from-north-india-to-kerala-by-sajin-pj/

5.

ജാതിയദുരഭിമാന കൊലകൾ കേരളീയ സമൂഹത്തിലും വ്യാപകമാകുന്നൂവെന്നത് ആശങ്കാജനമാണെന്ന് വെറും വാക്കുകൾ കൊണ്ട് മാത്രം എഴുതപ്പെടേണ്ട ഒന്നല്ല. മിശ്രവിവാഹിതരായിട്ട് കൂടി സ്വന്തം മകളുടെ ഭാവിജീവിതത്തെക്കുറിച്ച് ആലോചിക്കപോലും ചെയ്യാതെ, ഇനി അവൾ കടന്നു പോകേണ്ടിവരുന്ന മാനസിക, ശാരീരിക, സാമൂഹ്യ ആഘാതങ്ങള്‍ക്ക് ചെവികൊടുക്കുക പോലും ചെയ്യാതെ, യുവത്വത്തിലേക്ക് കാലൂന്നുന്ന ഒരു ചെറുപ്പക്കാരനെ, മകളെ കല്യാണം കഴിച്ചുന്നതിന്റ്റെ പേരിൽ ക്രൂരമായി അരിഞ്ഞുതള്ളാൻ ക്വൊട്ടേഷൻ കൊടുത്ത മാതാപിതാക്കളേയും സഹോദരനും ഇനിയും ഈ സമൂഹത്തിൽ അന്തസ്സോടേ തലയുയർത്തിപ്പിടിച്ച് ജീവിക്കാൻ അവകാശം കൊടുക്കുന്ന നമ്മുടെ നീതിന്യായനീയമ വ്യവസ്ഥയുടെ അടിസ്ഥാന പഴുതുകളാണ് അടയ്ക്കപ്പെടേണ്ടത്.

ഇവിടെ നീയമങ്ങൾ ശക്തമാക്കപ്പെടുക മാത്രമാണ് മാർഗം. കൊലപാതകങ്ങൾ നിസ്സാരവൽക്കരിക്കപെടുന്നത് നീയമത്തിന്റ്റെ പഴുതുകളിലൂടെ മാത്രമാണ്. ബോധവത്ക്കരണം എന്ന മഹത്തായ ആശയമൊന്നും നമ്മുടെ ജാതിവെറി പൂണ്ട മനസ്സിലേക്ക് എത്തപ്പെടുന്നില്ലാ എന്നതാണ് വാസ്തവം. പ്രണയം എന്നത് രണ്ടു മനസ്സുകൾ തമ്മിലുള്ള അതിവൈകാരിക കൂടിച്ചേരലാണെങ്കിൽ വിവാഹം എന്നത് ചട്ടക്കൂടിനുള്ളിൽ ഒതുക്കപ്പെടുന്ന സാമ്പ്രദായിക സംവിധാനം മാത്രമാണ്. ആ ചട്ടക്കൂടിനുള്ളിൽ നിന്നു പുറത്തു കടക്കാൻ വെമ്പൽകൊള്ളൂന്ന പുതിയ തലമുറ ലിവിംഗ് ടുഗതർ എന്ന ലേബലിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്കുമപ്പുറം വിവാഹജീവിതം മഹത്തായ ആശയം ഉൾക്കൊണ്ട് അതിന്റെ വിശുദ്ധി നിലനിർത്തി ഭാവിതലമുറയെ വാർത്തെടുക്കാനുള്ള കരുത്തായ പ്രസ്ഥാനം ആകണമെന്നാണ് എന്റെ അഭിപ്രായം.

By സെമീന എസ്

http://www.azhimukham.com/opinion-kevin-honor-killing-upper-cast-travancore-christians-dalit-discrimination-kaantony/

6.

പ്രണയമോ? അതും വേറെ മതം. വേറെ ജാതി. മോശം മോശം. ശാസ്ത്ര പുരോഗതിയുടെ നാളുകളിലും ഉദ്ബുദ്ധരെന്നവകാശപ്പെടുന്ന നമ്മൾ ഇങ്ങനെ വേവലാതിപ്പെടുന്നു. നാട്ടിലെ എല്ലാ കുട്ടികളെക്കുറിച്ചും നമുക്ക് ആധിയാണ്. വായിക്കുമ്പോഴും എഴുതുമ്പോഴും സിനിമയിൽ കാണുമ്പോഴും ഒക്കെ അത്യന്തം ആസ്വാദ്യകരമായി തോന്നുന്ന ഒന്ന് ജീവിതത്തിൽ നേരിട്ടു കാണുമ്പോൾ നമുക്ക് ഹാലിളകുന്നത് എന്താണ്? ഒരേ ജാതിയല്ല എന്ന ഒറ്റക്കാരണത്താൽ നീചമായ രീതിയിൽ അവനെ തീർത്തുകളയാൻ മനസ്സിലെ ഏതു നീതിബോധമാണ് നിങ്ങൾക്ക് വഴികാണിച്ചത്? സാഹോദര്യം, പിതൃത്വം എന്നിവയൊക്കെ മാനിക്കപ്പെടേണ്ട സ്ഥാനങ്ങൾ തന്നെയാണ്. പക്ഷേ നിങ്ങളുടെ ശരികൾ മാത്രമാണ് ശരികൾ എന്നു വിശ്വസിച്ചു തുടങ്ങിയപ്പോൾ മുതൽ നിങ്ങൾ നിങ്ങളല്ലാതായിത്തുടങ്ങി. ജാതിക്ക് ജീവനേക്കാൾ വിലയിട്ടപ്പോൾ മനുഷ്യത്വമെന്ന വാക്കിന്റെ അർത്ഥവും നഷ്ടപ്പെട്ടു. എന്തു നേടിയെന്ന് സ്വയം ചോദിച്ചു നോക്കുക. ശപ്ത ജന്മം ഇനി എങ്ങനെ ജീവിച്ചു തീർക്കാമെന്നാണ് നിങ്ങൾ കരുതുന്നത്?

By യമുന

http://www.azhimukham.com/kerala-kevin-murder-honor-killing-krdhanya/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/offbeat-athira-kevin-honor-killing-in-kerala-aruntvijayan/


Next Story

Related Stories