Top

കുഞ്ഞാപ്പയുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഇങ്ങനെ പോരെന്ന് യൂത്ത് ലീഗിനെങ്കിലും പരാതിയുണ്ട്

കുഞ്ഞാപ്പയുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഇങ്ങനെ പോരെന്ന് യൂത്ത് ലീഗിനെങ്കിലും പരാതിയുണ്ട്
പാണ്ടിക്കടവത്ത് കുഞ്ഞാലികുട്ടി എന്ന പി.കെ കുഞ്ഞാലികുട്ടി ആളൊരു പുലിയാണെന്നാണ് ഇത്രയും കാലം മുസ്ലിം ലീഗുകാരും യൂത്ത് ലീഗുകാരും പാടിനടന്നിരുന്നത്. ഇക്കഴിഞ്ഞ മലപ്പുറം ഉപതിരഞ്ഞെടുപ്പ് വേളയിലും തങ്ങളുടെ സ്വന്തം കുഞ്ഞാപ്പയുടെ അപദാനങ്ങള്‍ പാടാന്‍ അവര്‍ മറന്നില്ല. എന്നാല്‍ യൂത്ത് ലീഗുകാരില്‍ ചിലരെങ്കിലും ഇപ്പോള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നുവേണം ഇക്കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്നും പുറത്തുവന്ന ഒരു വാര്‍ത്ത സൂചിപ്പിക്കുന്നത് . ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് എംപിമാരായ കുഞ്ഞാലിക്കുട്ടിയും പി വി അബ്ദുല്‍ വഹാബും വോട്ടു ചെയ്യാതിരുന്നതിനെക്കുറിച്ച് ചില യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പാണക്കാട് തങ്ങള്‍ക്കു പരാതി നല്‍കി എന്നതാണ് വാര്‍ത്ത.

പാണക്കാട് തറവാട്ടില്‍ നിന്നോ മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നോ കൃത്യമായ ഒരു മറുപടി ലഭിക്കാത്തതിനാലാണോ എന്നറിയില്ല ഇന്നലെ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഈ വാര്‍ത്ത ഇന്നത്തെ മുന്‍നിര പത്രങ്ങളില്‍ പലതിലും കണ്ടില്ല. ഇത് സംബന്ധിച്ച് മലപ്പുറത്തും കോഴിക്കോടുമായി നടത്തിയ അന്വേഷണത്തില്‍ നിന്നും മനസ്സിലായത് ഇങ്ങനെ ഒരു പരാതി ചില യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്കു നല്‍കിയെന്ന് തന്നെയാണ്.

ഇക്കാര്യങ്ങളൊക്കെയും കേരളത്തില്‍ ഏറെക്കാലമായി ലീഗിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്നുവെന്ന് സ്വയം കരുതുന്ന മായിന്‍ ഹാജി നിഷേധിക്കുക മാത്രമല്ല ലീഗിന്റെ രണ്ടു വോട്ടു കൂടി കിട്ടിയാല്‍ പോലും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് ഒന്നും നടക്കുമായിരുന്നില്ല എന്ന് പറഞ്ഞതായും ഏതാനും ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും കണ്ടു. ഇവരും ഊന്നിപ്പറഞ്ഞ മറ്റൊരു കാര്യം മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങളുടെയും കേരള ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെയും ഇക്കാര്യത്തിലുള്ള മൗനത്തെക്കുറിച്ചു കൂടിയാണ്. മുസ്ലിം ലീഗിന്റെ പൊന്നാനി എം പി ഇ.ടി മുഹമ്മദ് ബഷീറിന്റെ നിലപാട് ഇക്കാര്യത്തില്‍ എന്തെന്ന് ആരും എവിടെയും പറഞ്ഞുകണ്ടില്ല. മജീദിന്റെ മൗനത്തിന് അടുത്ത് നടക്കാനിരിക്കുന്ന വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെങ്കില്‍ ഇ ടി യുടെ മൗനം മുസ്ലിം ലീഗില്‍ വളരെ കൃത്യമായി വളര്‍ന്നുവരുന്ന ആന്റി-ബിജെപി വികാരത്തിനുപിന്നിലെ ചാലക ശക്തി ആരെന്ന ചോദ്യത്തിനുള്ള മറുപടിക്കിടയിലെ ഒന്നായി തന്നെവേണം കാണാന്‍.

മനസ്സിലാക്കിയതും മനസ്സിലാവുന്നതും ആവണമെന്നില്ല മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നീക്കുപോക്കുകള്‍. മുഹമ്മദ്‌ അലി ജിന്നയുടെ ഓള്‍ ഇന്ത്യ മുസ്ലിം ലീഗിന് കേരളത്തിലും വേരോട്ടം ഉണ്ടായിരിന്നു. വിഭജനത്തിനു ശേഷവും തലശ്ശേരി കേന്ദ്രീകരിച്ച് ഇങ്ങനെ ഒരു ലീഗ് നിലനിന്നിരുന്നു. ആ ദുഷ്‌പേര് തേച്ചുമായിച്ചു കളയാന്‍ വേണ്ടികൂടിയാണ് പിന്നീട് മലബാര്‍ ലീഗ് ഉണ്ടായത് എന്നത് ചരിത്രത്തിന്റെ ഭാഗം തന്നെ. കേരളത്തില്‍ പിന്നീട് ഒരു നിര്‍ണായക ശക്തിയായി വളര്‍ന്ന ലീഗിന് സി എച് മുഹമ്മദ് കോയയെപ്പോലെ സമുന്നത നേതാക്കള്‍ ഉണ്ടായതും ലീഗ് കേരളത്തില്‍ വിരുദ്ധ മുന്നണികള്‍ക്കൊപ്പം നിലകൊണ്ടതും ഇതേ ചരിത്രത്തിന്റെ ഭാഗം.അതിവേഗം കാവി പുതച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലീഗ് നിലപാട് എന്തെന്ന് അറിയാന്‍ രാഷ്ട്രീയ കേരളം കാതോര്‍ത്തിരുന്ന ഈ ഘട്ടത്തില്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആ പാര്‍ട്ടിയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത എത്ര ചെറുതായാല്‍ പോലും കണ്ടില്ലെന്നു നടിക്കാനാവില്ല, പ്രത്യേകിച്ചും മലപ്പുറം ഉപതിരഞ്ഞെടുപ്പ് വേളയില്‍, താന്‍ ഡല്‍ഹിക്കു പോകുന്നത് സംഘപരിവാറിന്റെ ഫാസിസിസ്‌റ് നീക്കങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകള്‍ക്കു ശക്തി പകരാനാണെന്ന് പറഞ്ഞ ഒരു നേതാവ് വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്‌ളൈറ്റ് വൈകി എന്ന മുടന്തന്‍ ന്യായം ഉന്നയിക്കുവെന്ന് ഒരു വിഭാഗം യൂത്ത് ലീഗുകാര്‍ പരാതി പറയുമ്പോള്‍.

പണ്ടൊരിക്കല്‍ ഇതേ നേതാവിന്റെ കൂടി പിന്തുണയോടെ കെ കരുണാകരന്‍ കോലീബി സഖ്യം ഉണ്ടാക്കി പരാജയപ്പെട്ട കഥ ഒരു പഴങ്കഥയായി കാണാന്‍ ലീഗ് അണികള്‍ ബദ്ധപ്പെടുന്നതിനിടയിലാണ് ഈ പുതിയ വിവാദം എന്നതും ഏറെ ശ്രദ്ധേയമാണ്. മലപ്പുറം കൊടിഞ്ഞിയിലെ ഫസല്‍ വധക്കേസിലും കാസര്‍ഗോഡ് മദ്രസ അധ്യാപകന്‍ മുഹമ്മദ് റിയാസ് കൊല്ലപ്പെട്ട സംഭവത്തിലും വേണ്ട രീതിയില്‍ മുസ്ലിം ലീഗ് നേതൃത്വം പ്രതികരിച്ചില്ലെന്ന പരാതി അണികള്‍ക്കിടയില്‍ അല്ലെങ്കില്‍ തന്നെ ശക്തമാണ് . ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടുമൊക്കെ അവസരം മുതലെടുക്കുന്ന ഒരു ഘട്ടത്തില്‍ ഫാസിസിസത്തിനതിരെ മുസ്ലിം ലീഗ് എടുക്കുന്ന നിലപാട് ഏറെ പ്രസക്തമാണെന്നിരിക്കെയായാണ് ഈ പുതിയ സംഭവവികാസവും.

പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍ ഉണ്ടെന്ന പരസ്യ വാചകം പോലെ ഫാസിസിസത്തിനു വഴിപ്പെടാനും ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടാകാം. ഒരു പക്ഷെ ശിഥിലമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനും കേരളത്തിലും ത്രിപുരയിലും മാത്രമായി സ്വയം ഒതുങ്ങിയ കമ്മ്യൂണിസ്റ്റുകള്‍ക്കും അപ്പുറം മുസ്ലിം ലീഗിനെ വളര്‍ത്തി വലുതാക്കാന്‍ കുഞ്ഞാപ്പ കാണുന്ന ഒരു തന്ത്രമായി ഇതിനെ ആ പാര്‍ട്ടി ഒടുവില്‍ വിലയിരുത്തി കൈ അടിച്ച് അംഗീകരിക്കുമോ എന്നത് കാത്തിരുന്നു കാണാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories