TopTop
Begin typing your search above and press return to search.

നാലു മൂലയിലെ ചര്‍ച്ചക്കാരും ആങ്കര്‍മാരും മാത്രം മാറുന്ന മാധ്യമ (ബഹള) പ്രവര്‍ത്തനം; എം. സുചിത്ര എഴുതുന്നു

നാലു മൂലയിലെ ചര്‍ച്ചക്കാരും ആങ്കര്‍മാരും മാത്രം മാറുന്ന മാധ്യമ (ബഹള) പ്രവര്‍ത്തനം; എം. സുചിത്ര എഴുതുന്നു

മൊത്തം മാധ്യമങ്ങളുടെ സംസ്‌കാരം വളരെയധികം മാറിക്കഴിഞ്ഞിരിക്കുന്നു. മുമ്പ് പറഞ്ഞിരുന്നതുപോലെ സമൂഹത്തിന്റെ പടവാള്‍, അല്ലെങ്കില്‍ സമൂഹത്തിന്റെ പുരോഗതിക്കുതകുന്ന തരത്തില്‍ സമൂഹത്തിനെ മാറ്റിയെടുക്കുന്ന ഒരു റോള്‍, അല്ലെങ്കില്‍ ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്ന ആ തലത്തില്‍ നിന്നു മാധ്യമങ്ങള്‍ ലാഭം ഉണ്ടാക്കുന്ന സംവിധാനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒന്നാമത്, കോര്‍പ്പറേറ്റ് ആയ മാധ്യമ സംസ്‌കാരമാണ് ഇപ്പോഴുള്ളത്. മാധ്യമങ്ങള്‍ ജനങ്ങളുടെ സംസ്‌കാരത്തെ, അഭിപ്രായത്തെ വികസിപ്പിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ അത് അങ്ങേയറ്റം ദുഷിച്ച രീതിയിലേക്ക് മാധ്യമസ്ഥാപനങ്ങളെ മാറ്റുകയാണ്. ഓരോ മാധ്യമസ്ഥാപനത്തിനും അതിന്റേതായ രാഷ്ട്രീയവും അജണ്ടകളുമുണ്ട്. അപ്പോള്‍ അതിന്റേതായ രീതിയിലാണ് വാര്‍ത്തകളും മറ്റ് പരിപാടികളും നല്‍കുന്നത്. എല്ലാം റേറ്റിങ് അടിസ്ഥാനപ്പെടുത്തിയാണ്. റേറ്റിങ് പോലും ശാസ്ത്രീയമായ രീതിയിലായി എനിക്ക് തോന്നുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ചില പ്രത്യേക സംഗതികള്‍ നോക്കിയാണ് അത് നിശ്ചയിക്കുന്നത്.

വാര്‍ത്താചാനലുകള്‍ എടുക്കുകയാണെങ്കില്‍, യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ സെന്‍സേഷണലൈസ് ചെയ്തുകൊണ്ട്, നടുക്ക് ഒരു റഫറിയും നാല് ഭാഗത്ത് ആള്‍ക്കാരും നിന്ന് ഒരു ശബ്ദകോലാഹലത്തിനപ്പുറത്തേക്ക് ആഴത്തില്‍ കാര്യങ്ങളെ അപഗ്രഥിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്യാതെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ പലതും പിന്നോട്ട് പിന്നോട്ട് പോവുന്നതായാണ് തോന്നിയിട്ടുള്ളതും. ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ പ്രസ്താവനയെടുത്ത്, അതിനു മുകളില്‍ വാര്‍ത്ത ചെയ്യുന്നവരുടേയും പ്രേക്ഷകന്റേയും എത്രയോ സമയവും ഊര്‍ജ്ജവും പാഴാവുന്നു. പക്ഷെ ഇതിനിടയില്‍ നമ്മള്‍ നോക്കേണ്ട ഒരുപാട് കാര്യങ്ങള്‍ നോക്കാതെ പോവുന്നു. മീഡിയയുടെ ഓണര്‍ഷിപ്പ്, ലക്ഷ്യങ്ങള്‍, ഉദ്ദേശങ്ങള്‍ ഇതൊക്കെ ഒരു ലാഭത്തിലേക്ക് പോവുമ്പോള്‍ അതിനനുസരിച്ചുള്ള രീതിയിലാണ് എല്ലാ കാര്യങ്ങളും പോവുന്നത്. നമ്മുടെ ഏറ്റവും വലിയ പ്രശ്‌നം കാലാവസ്ഥ വ്യതിയാനത്തില്‍ നമ്മുടെ നിലനില്‍പ്പ് തന്നെയാണ്. ഒരുഭാഗത്ത് അത്തരം പ്രശ്‌നങ്ങളും മറുഭാഗത്ത് ഇക്വിറ്റി, ഇക്വാലിറ്റി പ്രശ്‌നങ്ങളും. ഇത്തരത്തില്‍ യഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധയൂന്നാതെ ചെറിയ ചെറിയ വിവാദങ്ങളെയെടുത്ത് അതിന്റെ പാരമ്യതയിലേക്ക് എത്തിച്ച് ചര്‍ച്ച ചെയ്യുകയാണ്.

മംഗളം ചാനല്‍ തുടങ്ങുന്ന സമയത്ത് ചെയ്ത കാര്യം വളരെ മോശമായ കാര്യമാണ്. അത്തരത്തില്‍ വളരെ മോശമായ സംസ്‌കാരമാണ് മാധ്യമങ്ങള്‍ക്കുള്ളിലുള്ള സ്ത്രീകളോട് കാണിക്കുന്നതും, സ്ത്രീകളെ അതിന് ഉപയോഗിക്കുന്നതും. പക്ഷെ ഒരു കാര്യമുള്ളത്, അത്തരം സന്ദര്‍ഭങ്ങളെ സ്ത്രീകള്‍ക്ക് പ്രതിരോധിക്കാം. മീഡിയ ഓര്‍ഗനൈസേഷനില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത അവരുടെ മനസ്സില്‍ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ അതിനെക്കുറിച്ചുള്ള ബോധമുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ അവര്‍ക്ക് സ്വയം പ്രതിരോധിക്കാവുന്നതാണ്. പക്ഷെ ഒരു പത്രപ്രവര്‍ത്തക എന്ന നിലയ്ക്ക് എന്നോട് ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് പറയുകയാണെങ്കില്‍ ഞാന്‍ ഒരിക്കലും ചെയ്യില്ല.

http://www.azhimukham.com/kazhchapadu-our-media-desperately-a-regulatory-agency-writing-np-rajendran/

പത്രപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം സമൂഹത്തോട് സത്യം വിളിച്ചുപറയുക എതാണ്. സത്യം മാത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ മതി. വാസ്തവത്തില്‍ ആ ഒരൊറ്റ ഉത്തരവാദിത്തത്തില്‍ പത്രപ്രവര്‍ത്തകര്‍ നീങ്ങിയാല്‍ മതി. ഏത് വിഷയമാണെങ്കിലും സത്യം മാത്രം പറയുകയാണെങ്കില്‍ പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ കറപ്റ്റ് ആവാന്‍ കഴിയില്ല. പക്ഷെ ഒരു മാധ്യമ സ്ഥാപനത്തിലെ സ്ത്രീകളെ ഉപയോഗിച്ച് മംഗളം ചെയ്തപോലത്തെ പ്രവര്‍ത്തികള്‍ ചെയ്യുക എന്ന് പറഞ്ഞാല്‍ അത് മാധ്യമ സ്ഥാപനത്തോടുള്ള സമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ട്, സ്ത്രീകളുടെ കാര്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നുണ്ട്. എല്ലാ അര്‍ഥത്തിലും മൂല്യച്യുതി എന്നാണ് പറയാനുള്ളത്.

മാധ്യമ സ്ഥാപനങ്ങളുടെ മുകളിലെ ഡിസിഷന്‍ മേക്കിങ് ബോഡികളില്‍ സ്ത്രീകള്‍ ഇല്ലാതിരിക്കുന്നത്, അതിനേക്കാള്‍, ജെന്‍ഡര്‍ സെന്‍സിറ്റീവ് ആയ സ്ത്രീകള്‍ ഇല്ലാതിരിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ഒരു സ്ത്രീ ഉണ്ടായതുകൊണ്ട് കാര്യമല്ല. പുരുഷാധിപത്യ മൂല്യമുള്‍ക്കൊണ്ടിട്ടുള്ള സ്ത്രീകള്‍ ഇരുന്നിട്ടും വലിയ കാര്യമില്ല. അതേസമയം വളരെ ജെന്‍ഡര്‍ സെന്‍സിറ്റീവ് ആയ പുരുഷനായാലും മതി. സ്ത്രീയോ പുരുഷനോ എന്നതിലല്ല, ജെന്‍ഡര്‍ സെന്‍സിറ്റീവ് ആയവര്‍ ഡിസിഷന്‍ മേക്കിങ് ബോഡികളില്‍ ഉണ്ടാവണം. മീഡിയ സ്ഥാപനങ്ങളിലെ താഴെത്തട്ടില്‍ മാത്രം ഒരുപാട് സ്ത്രീകളുണ്ടാവുകയും, മുകളിലേക്ക് പോവുന്തോറും സ്ത്രീകളില്ലാതെ വരുന്നതുമെല്ലാം വ്യക്തമാണ്. അത്തരം കാര്യങ്ങളില്‍ മാറ്റംവരേണ്ടതുണ്ട്.

http://www.azhimukham.com/keralam-rajiv-chandrasekhar-is-not-ony-media-owner-but-mp-and-bjp-leader-also/

ബഹളം വെയ്ക്കുന്ന ചാനലുകള്‍ കാണാന്‍ അപ്പുറത്ത് ആളുകള്‍ ഉണ്ടെന്നിരിക്കെ അത് മാറാന്‍ പോവുന്നില്ല. ചാനലുകളുടെ ഉള്ളിലും പുറത്തും ആ ബഹളം വെയ്ക്കുന്ന കള്‍ച്ചര്‍ ഉണ്ട്. ചാനലിന്റെ ശബ്ദം കൂടി കേള്‍ക്കുന്നതുകൊണ്ടാണ് അത് ബഹളമായി തോന്നുന്നതുകൂടി. അതേ വാര്‍ത്തകള്‍ തന്നെയാണ് പിറ്റേ ദിവസം പ്രിന്റ് മീഡിയയിലും വരുന്നത്. ശബരിമലയില്‍ വിളക്ക് തെളിയുന്ന ദിവസമാണെങ്കിലും, ദിലീപിന്റെ വിഷയമാണെങ്കിലും ഒരുതരം ഉന്മാദാവസ്ഥയിലാണ് നമ്മള്‍ കാണുന്നത്. ഇതാണ് പ്രേക്ഷകര്‍ക്ക് വേണ്ടത് എന്നാണ് ചാനലുകള്‍ കരുതുന്നത്. ഇതല്ല ഞങ്ങള്‍ക്ക് വേണ്ടതെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ച് പറയണം. അത് പറയാതിരിക്കുിടത്തോളം കാലം ഇത് തുടരും. പ്രേക്ഷകര്‍ക്ക് ബഹിഷ്‌ക്കരിക്കാമല്ലോ. അര്‍ണാബ് ഗോസ്വാമിയുടെ ഷൗട്ടിങ്ങിന് പ്രേക്ഷകരുണ്ടായിരുന്നു. അതാണ് എന്തോ വലിയകാര്യമെന്ന് കണക്കാക്കി അതിനെ അനുകരിക്കാന്‍ വേണ്ടി മറ്റുള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ നമ്മുടെ കയ്യില്‍ റിമോട്ട് ഉണ്ടല്ലോ? നമുക്ക് ഈ സംസ്‌കാരം വേണ്ടെങ്കില്‍ നമുക്ക് ടിവി ഓഫ് ചെയ്ത് പോവാം. പക്ഷെ റിമോട്ട് ഉണ്ടായിട്ടുകൂടി നമ്മള്‍ അതിന് മുമ്പിലിരിക്കുകയാണ്. റിമോട്ട് ഉണ്ടായാലും ഒരു ചാനലില്‍ നിന്ന് വേറെ ചാനല്‍, അതില്‍ നിന്ന് വേറെ എന്ന രീതിയില്‍ ഒരു ദിവസത്തെ മൂന്ന് മണിക്കൂറെങ്കിലും അതിന് ചാനലുകള്‍ക്ക് മുന്നില്‍ ചെലവഴിക്കുകയാണ്. ശരിക്കും നമ്മള്‍ ഓരോരുത്തരും അതിന് അടിമകളാണ്. സീരിയലുകള്‍ക്കും, വാര്‍ത്തകളുടെ ബഹളങ്ങള്‍ക്കുമടക്കം എല്ലാത്തിനും നമ്മള്‍ അടിമകളാണ്. ചാനലുകള്‍ ഒരു വശത്തും പ്രേക്ഷകര്‍ മറ്റൊരുവശത്തുമല്ല. ദിലീപിന്റെ പ്രശ്‌നം വന്നപ്പോള്‍ എല്ലാ ചാനലുകളുടേയും റേറ്റിങ് കൂടിയെന്നാണ് തോന്നുന്നത്. സ്ത്രീകള്‍/ സീരിയല്‍ കാണുന്നവര്‍ പലരും അതില്‍ നിന്നു മാറി വാര്‍ത്താചാനലുകളിലേക്ക് വന്നിട്ടുണ്ടായിരുന്നു. ഗൗരവമുള്ള മാധ്യമപ്രവര്‍ത്തനം വേണ്ടാതെയായിട്ട്, ഒരുതരം ബഹളമാണ് മാധ്യമപ്രവര്‍ത്തനം എന്ന അവസ്ഥയിലേക്കാണ് എത്തിയിട്ടുള്ളത്.

http://www.azhimukham.com/trending-sunitha-devadas-stepped-down-from-mangalam-tv/

മറ്റൊന്ന്, മംഗളം ഇപ്പോള്‍ വിവാദമായിരിക്കുന്ന ഒരു പ്രവര്‍ത്തി ചെയ്തു എന്നത് വാസ്തവം തന്നെ. ഇതിന്റെയൊക്കെ പലപല രീതിയിലുള്ള പാഠഭേദങ്ങള്‍ തന്നെയാണ് കാലങ്ങളായി പല മാധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. ഐഎസ്ആര്‍ഒ കേസിന്റെ കാര്യം തന്നെയെടുത്താല്‍ മതി. സോളാര്‍ വിവാദം, ആ വിവാദം കത്തി നിന്നിരുന്ന സമയത്ത് എന്തൊരു മോശം റിപ്പോര്‍ട്ടിങ്ങായിരുന്നു. മംഗളം വിവാദം വന്നിട്ട് സോളാര്‍ വിവാദം നോക്കൂ. നമ്മള്‍ സോളാര്‍ വിവാദം എങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്? സരിത എസ് നായരെ നമ്മള്‍ എങ്ങനെയാണ് കാണുന്നത്? സോളാര്‍ വിവാദം ഒരു അഴിമതി വിവാദമായാണ് കാണേണ്ടത് എന്ന സ്ഥാനത്ത് സരിത ആരുടെ കൂടെയൊക്കെ കിടന്നു എന്നാണ് മാധ്യങ്ങള്‍ അന്വേഷിച്ചത്. ലൈംഗികതയിലേക്ക് ആ സംഭവത്തെ ഒതുക്കുകയാണ് ചെയ്തത്. കോടികളുടെ അഴിമതിയാണ് സോളാര്‍ വിവാദം. ഉമ്മന്‍ചാണ്ടിയും സരിതയും ഒന്നിച്ചു കിടന്നുറങ്ങിയിട്ടുണ്ടെങ്കില്‍, അത് ഉമ്മന്‍ചാണ്ടിയുടേയോ സരിതയുടേയോ ഇഷ്ടപ്രകാരമാണെങ്കില്‍, അത് നമ്മളെ ബാധിക്കുന്ന ഒരു വിഷയമേ ആകുന്നില്ല. പക്ഷെ നമ്മള്‍ അതാണ് ചികയാന്‍ നോക്കിയത്. ശരിക്കും അഴിമതിയെന്തായിരുന്നു? പൊതുഖജനാവിലെ പണം പോയിട്ടുണ്ടോ? എന്നുള്ളതാണ് സോളാര്‍ തട്ടിപ്പ് കേസ്. സാമ്പത്തികമായി നടന്ന ക്രമക്കേടെന്തെന്ന് മാത്രമേ ജനങ്ങള്‍ ആലോചിക്കേണ്ടതുള്ളൂ. ലൈംഗികമായി അവര്‍ എന്ത് ചെയ്തുവെന്നത് നമ്മുടെ വിഷയമേയല്ല.

http://www.azhimukham.com/offbeat-media-need-some-restrain-while-reporting/

സോളാര്‍ കേസുമായി ബന്ധപ്പെട്ട ഒരു സിഡി അന്വേഷിച്ച് കോയമ്പത്തൂരിലേക്ക് പോയത് ഓര്‍ക്കുന്നു. ഓരോ സ്ഥലത്തു നിന്നും ലൈവ് ആയിരുന്നു. ആ സിഡി ഇതിലെക്കൂടി പോയി ഇതിലേക്കൂടി വന്നു എന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു അന്ന്. സത്യത്തില്‍ അറപ്പാണ് തോന്നിയത്. സത്യത്തില്‍ മംഗളത്തിനെ എന്തിനാണ് ഒറ്റപ്പെടുത്തുന്നത്? അറപ്പുണ്ടാക്കുന്ന തരത്തിലുള്ള മഞ്ഞപത്രപ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു സോളാര്‍ കേസ്. മാതൃഭൂമിയില്‍ നിന്നും മനോരമയിലേക്ക്, അവിടെ നിന്ന് മീഡിയവണ്ണിലേക്ക്-സത്യത്തില്‍ ഓരോ ചാനലിലേക്ക് മാറുമ്പോഴും തമ്മില്‍ ഒരു വ്യത്യാസവും തോന്നാതെയായിട്ടുണ്ട്. നാല് മൂലയിലുള്ളവരും ആങ്കര്‍ ചെയ്യുന്നയാളുകളും മാത്രം വ്യത്യാസമുണ്ടാവും.

(സുചിത്രയുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയാറാക്കിയത്)

http://www.azhimukham.com/newswrap-media-stopped-at-kerala-secratariat/

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories