Top

ആലുവയില്‍ നിന്നൊരു അഭിപ്രായ വോട്ടെടുപ്പ്: പോലീസ് തല്ലണോ?

ആലുവയില്‍ നിന്നൊരു അഭിപ്രായ വോട്ടെടുപ്പ്: പോലീസ് തല്ലണോ?
ആലുവയില്‍ ഉസ്മാന്‍ എന്ന ചെറുപ്പക്കാരന് പൊലീസ് മര്‍ദ്ദനം ഏറ്റതിനെ കുറിച്ച് രണ്ട് വിധത്തിലാണ് വാര്‍ത്തകള്‍.

ഒന്ന്, വീണ്ടും പൊലീസ് മര്‍ദ്ദനം എന്ന നിലയില്‍. മഫ്തിയില്‍ ഉള്ള പൊലീസുകാര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം ഒരു ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയും അത് ചോദ്യം ചെയ്തപ്പോള്‍ ആ യാത്രക്കാരെ അവര്‍ മൃഗീയമായി തല്ലി താടിയെല്ല് പൊട്ടിക്കുകയും ചെയ്തു എന്നാണ് അതിന്റെ ചുരുക്കം.

ഈ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പൊലീസുമായി ബന്ധപ്പെട്ട് കേരളം ചര്‍ച്ച ചെയ്ത സംഭവങ്ങളില്‍ ഒക്കെയും പ്രത്യക്ഷമായി തന്നെ അവര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നു എന്നതിനാല്‍ ജനം ഈ സംഭവത്തിലും മറ്റൊരു സാധ്യത സംശയിക്കപോലും ചെയ്യാതെ വിശ്വസിക്കുന്നത് സ്വാഭാവികം. അതിന് ഒരു സേന എന്ന നിലയില്‍ പോലീസിന് അവരവരെയല്ലാതെ പഴിക്കാന്‍ ഇല്ലെന്നതും.

എന്നാല്‍ സംഗതി അങ്ങനെയല്ല, ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മഫ്തിയിലുള്ള പോലീസുകാര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തില്‍ ഒരു ഇരുചക്രവാഹനം തട്ടിയതാണ് പ്രശ്നകാരണം എന്നും സ്ഥലം സന്ദര്‍ശിച്ച ഒന്നിലധികം പേര്‍ ഫേസ്ബുക്കില്‍ സാക്ഷ്യപ്പെടുത്തുന്നു. അതേ ചൊല്ലി വണ്ടി ഡ്രൈവറുമായി ഉണ്ടായ തര്‍ക്കത്തില്‍ ഇരുചക്രവാഹന യാത്രക്കാര്‍ കാറിന്റെ ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും പിടിച്ച് മാറ്റാന്‍ ശ്രമിച്ച പൊലീസുകാരെയും ആളറിയാതെ മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസ് സ്വാഭാവികമായും തിരിച്ചുതല്ലി. അതാണ്‌ വാസ്തവത്തില്‍ ഉണ്ടായത് എന്ന് അവര്‍ പറയുന്നു.

മാധ്യമമെന്ന വിശുദ്ധ പശു

ഈ വ്യക്തികളെയാണോ, വ്യവസ്ഥാപിത മാധ്യമങ്ങളെയാണോ വാര്‍ത്തകള്‍ക്ക് അവലംബിക്കേണ്ടത് എന്ന് ചോദിച്ചാല്‍ ഉത്തരം ലളിതമാണ്.

ഈ കഴിഞ്ഞ ഒരു മാസം എടുത്താല്‍ പൊലീസ് നഷ്ടമാക്കിയ അവരുടെ വിശ്വാസ്യതയുടെ സാക്ഷ്യങ്ങളോളം തന്നെ കാണും മുഖ്യധാരാ മാധ്യമങ്ങള്‍ സ്വയമറിയാതെ വെളിപ്പെടുത്തിയ അവരുടെ നിക്ഷിപ്ത താല്പര്യങ്ങളുടെ സാക്ഷ്യങ്ങളും. അതുകൊണ്ട് തന്നെ വാര്‍ത്തകള്‍ക്കായി മാധ്യമങ്ങളെ അവലംബിക്കുക ഈ സത്യാനന്തര കാലത്ത് സാധ്യമല്ല തന്നെ. അവര്‍ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയല്ല, അവയെ താത്പര്യാനുസരണം നിര്‍മ്മിച്ച് എത്തിക്കുകയാണ്. ന്യുസല്ല, കുക്ക്ട് ന്യൂസ് എന്ന് ചുരുക്കം.

കെവിന്റെ മരണം, ശ്രീജിത്തിന്റെ കൊലപാതകം, എടപ്പാള്‍ സംഭവം തുടങ്ങിയവയില്‍ ഒക്കെയും പോലീസ് അനാസ്ഥയല്ല, കുറ്റകരമായ പങ്കാളിത്തമാണ് ഉണ്ടായത് എന്ന് വ്യക്തം. അതുപോലെ തന്നെ കെവിന്റെ മരണം മുതല്‍ നിപ്പോ വൈറസ് മുഖാന്തിരമുണ്ടായ പകര്‍ച്ചവ്യാധി വരെയുള്ളവയില്‍ മാധ്യമങ്ങള്‍ നമുക്ക് വിളമ്പിയത് വസ്തുതാപരമായ 'വാര്‍ത്തകള്‍' അല്ല, കുക്ട്  ന്യൂസ് ആണ് എന്നതും.

അതുകൊണ്ട് തന്നെ നമ്മുടെ മാധ്യമങ്ങളെ അവര്‍ നടിക്കുന്നത് പോലെ വിശുദ്ധ പശുക്കളായി കാണാന്‍ എല്ലാവര്‍ക്കും പറ്റിയെന്ന് വരില്ല: അവരെ നയിക്കുന്ന അതേ രാഷ്ട്രീയ താത്പര്യങ്ങളെ പല നിലയില്‍ പങ്കുവയ്ക്കുന്നവരെപ്പോലെ.

തല്ലുന്ന പൊലീസ്

ആലുവ സംഭവത്തില്‍ ഈ പറഞ്ഞ രണ്ടില്‍ ഏതാണ് സത്യമെന്ന് അറിയില്ല. ടു വീലര്‍ ആണോ കാര്‍ ആണോ തട്ടലില്‍ കലാശിച്ച ഡ്രൈവിംഗ് വീഴ്ചയ്ക്ക് കാരണം, ആരാണ് ഇനി അഥവാ അങ്ങനെ ഒരു വീഴ്ച ഒരുപക്ഷത്തുനിന്നും ഉണ്ടായി എങ്കില്‍ തന്നെ അതിനെ കയ്യാങ്കളിയില്‍ എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാകേണ്ടതുണ്ട്.

ഇവിടെ വസ്തുത രണ്ട് നിലയ്ക്ക് പ്രധാനമാണ്. ഒന്ന്, ഡ്രൈവിങ്ങില്‍ പിഴവുകള്‍ ഉണ്ടാകാം. അവ ദാരുണമായ അപകടങ്ങളില്‍ കലാശിച്ചേക്കാം. എന്നാല്‍ ഇവയില്‍ ഒക്കെയും ആരാണ് കുറ്റക്കാരന്‍ എന്ന് തട്ടുന്ന വണ്ടികളിലെ യാത്രക്കാര്‍ തന്നെ തീരുമാനിക്കുകയും തല്ലി തീര്‍ക്കുകയും എന്നത് അപകടകരമായ ഒരു സാമൂഹ്യ കീഴ്‌വഴക്കമാണ്; എന്ത് വിലകൊടുത്തും തടയേണ്ടത്. പ്രത്യേകിച്ചും ചുണ്ണാമ്പ് തെറിച്ചു എന്നത് പോലും തല്ലിലും കൊലയില്‍ തന്നെയും കലാശിക്കാവുന്ന പ്രകോപനങ്ങള്‍ ആവാം എന്ന് തെളിയിക്കുന്ന വര്‍ത്തമാന പശ്ചാത്തലത്തില്‍.

രണ്ട്, നമ്മുടെ നീതിന്യായ സംവിധാനത്തിന്‍റെ ഭാഗമാണ് മഫ്തിയില്‍ സഞ്ചരിക്കുമ്പോഴും പോലീസ്. പറഞ്ഞുവന്ന സംഭവത്തില്‍ വീഴ്ച വരുത്തിയത് ഇരുചക്രവാഹനം ഓടിച്ചവര്‍ തന്നെയെന്നും വാദത്തിന് സമ്മതിക്കുക. അങ്ങനെയെങ്കില്‍ പോലീസുകാര്‍ ലവന്മാരുടെ തെമ്മാടിത്തത്തിന് ലൈവായി 'തല്ലി തീര്‍പ്പാക്കുന്നത്' ന്യായമാകുമോ?

ആരാണ് ആദ്യം തല്ലിയത് എന്നത് നിര്‍ണ്ണായകമാകുന്നത് ഇവിടെയാണ്. ആക്രമണത്തെ പ്രതിരോധിക്കുവാന്‍ ചിലപ്പോള്‍ തിരിച്ച് ആക്രമിക്കേണ്ടിവരും. അത്തരം ആസന്ന ഘട്ടങ്ങളില്‍ പ്രതിരോധം എന്ന നിലയില്‍ അല്ലാതെ തല്ല് ന്യായമാകുമോ എന്നതാണ് ചോദ്യം.

തല്ലുന്നത് ന്യായമാകുമോ?

തന്തയ്ക്കും തള്ളയ്ക്കും വിളിച്ചാല്‍ കേട്ടോണ്ട് നില്‍ക്കാന്‍ പറ്റില്ല, ആണായി പിറന്നവന്‍ തല്ലും എന്നത് പേട്രിയാര്‍ക്കിയുടെ വെറുമൊരു വീരസ്യപ്രഖ്യാപനം മാത്രമാണ്. അല്ലാതെ അതില്‍ നീതിയൊന്നുമില്ല.

തള്ളയ്ക്ക് വിളിച്ചവനെ തല്ലി എന്നത് ഓകെ എന്ന് പറഞ്ഞാല്‍ തല്ലിനെ തടയുന്നതും ഓകെയാണ്, തിരിച്ച് തല്ലുന്നതും. അപ്പോള്‍ തല്ല്‌ വഴിയേ പോയാല്‍ ആത്മാഭിമാനം എന്നത് മല്ലന്മാര്‍ക്ക് മാത്രം ഉള്ളതായിരിക്കും. അതും തനിക്ക് താന്‍ പോന്ന മല്ലന്മാര്‍ തമ്മില്‍ ആവുമ്പോള്‍ മല്ലയുദ്ധം കഴിഞ്ഞ് ബാക്കിവരുന്നവന് മാത്രം ഉള്ളത്. ഇതൊരുതരം പ്രാകൃത ഗോത്ര യുക്തിയാണ്. വിദ്യാസമ്പന്നരെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ സമൂഹത്തിലും ഇത് വ്യാപകമായി തിരിച്ചുവരുന്നു എന്നതാണ് തൊട്ടതിനും പിടിച്ചതിനും ഒക്കെ തല്ലും കൊലപാതകവും വരെയായി വികസിക്കുന്ന നമ്മുടെ സാമൂഹ്യ ജീവിതം, അതിലെ വര്‍ധിച്ചുവരുന്ന 'ആണ്‍ അക്രമാസക്തി' കാണിക്കുന്നത്.

ഇതിന് പിന്നില്‍ പ്രത്യക്ഷവും പരോക്ഷവുമായ പല തരം അധീശത്വബോധങ്ങള്‍, മുറിവേറ്റ അധീശത്വ ബോധങ്ങള്‍ ഒക്കെയും പ്രവര്‍ത്തിക്കുന്നുണ്ട്. നാട്ടില്‍ നിലനില്‍ക്കുന്നത് ഒരു ജനാധിപത്യ സംവിധാനമാണെങ്കില്‍ അതിന്‍റെ മൂല്യങ്ങള്‍ക്കൊത്ത് ഉയരാത്ത ഒരു സിവില്‍ സമൂഹമാണ് അത് താങ്ങി നിര്‍ത്തുന്നത് എങ്കില്‍ സാധാരണ മനുഷ്യരില്‍ പോലും ഉള്ള ഈ അക്രമാസക്തി അധികാര സ്ഥാപനങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്നവരില്‍ ഏറുകയല്ലാതെ കുറയില്ല.

ലളിതമായ ഒരു ചോദ്യം


ഇവിടെ നമുക്ക് നമ്മളോടുതന്നെ ലളിതമായ ഒരു ചോദ്യം ചോദിക്കാവുന്നതാണ്. കരുണാകരന്റെ പോലീസ്, ഉമ്മന്‍ചാണ്ടിയുടെ പോലീസ്, പിണറായിയുടെ പോലീസ് തുടങ്ങിയ ഉടമസ്ഥ സമവാക്യങ്ങള്‍ മാറ്റി വച്ചാല്‍ തല്ലാത്ത പോലീസ് എന്ന ആശയത്തോട് എന്താണഭിപ്രായം?

ഇതുവരെ കണ്ടതുവച്ച് ഈ കാര്യത്തില്‍ മാത്രം ജനം രേഖീയമായ ഒരു തീരുമാനമെടുക്കാന്‍ പ്രയാസമായിരിക്കും. എനിക്ക് ഇക്കാര്യത്തില്‍ രണ്ടാമത് ഒരു ശങ്കയില്ല. ആത്മരക്ഷാര്‍ത്ഥമല്ലാതെ പോലീസ് സിവില്‍ സമൂഹത്തിനുമേല്‍ ബലം പ്രയോഗിക്കാന്‍ പാടില്ല എന്ന രേഖീയമായ അഭിപ്രായം തന്നെയാണ് ഉള്ളത്. അതായത് ആട് ആന്റണി (അങ്ങനെയല്ലേ പേര്‍?) കത്തിയെടുത്ത് വീശുമ്പോള്‍ പോലീസുകാര്‍ക്ക്, നീ ശ്വാസകോശത്തിന്റെ വലത്തെ അറയില്‍ കുത്തിയെങ്കില്‍ ഇടത്തും കുത്ത് എന്ന് പറയാന്‍ ആവില്ല. അല്ലാത്ത ഒരു ഘട്ടത്തിലും ഒരു ആവശ്യം മുന്‍നിര്‍ത്തിയും മൂന്നാം മുറ പ്രയോഗിക്കാനും പാടില്ല. എന്നാല്‍ ഇത്തരം ഒരു സമീപനം ആവണം പോലീസിന് എന്ന് മേല്പറഞ്ഞ രാഷ്ട്രീയ വിലാസം അഴിച്ചാല്‍ എത്രപേര്‍ പറയും?

പൊലീസ് തല്ലുന്നതുകൊണ്ടാണ്, അതായത് അടിമേടിക്കും എന്ന കായിക ഭയമുള്ളതുകൊണ്ടാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ ഈ നിലയില്‍ എങ്കിലും പരിമിതപ്പെട്ടുനില്‍ക്കുന്നത് എന്ന് അഭിപ്രായമുള്ളവര്‍ ആണ് ഭൂരിപക്ഷം എന്നാണ് ഈ വിഷയത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പല കാലത്തായി വന്ന പോസ്റ്റുകള്‍ക്ക് കിട്ടിയ ലൈക്കും, വ്യക്തിഗത സംഭാഷണങ്ങളില്‍ നിന്നും കിട്ടിയ ഇന്‍പുട്ടും വഴിയുള്ള വ്യക്തിഗത സാക്ഷ്യം. അത് സത്യമാണെന്ന് ഒരു അവകാശവാദവും ഇല്ല. മറിച്ചാണെങ്കില്‍ ആശ്വാസം മാത്രം. അങ്ങനെ വല്ല കണക്കും ഉണ്ടോ?

മാറേണ്ടിയിരിക്കുന്നു

സത്യാനന്തര കാലത്തെ വാര്‍ത്താ സംസ്കാരം സിവില്‍ സമുഹത്തെ വസ്തുതകളില്‍ നിന്നും വല്ലാണ്ട് അകറ്റുകയും അവരുടെ പ്രാഗ് വികാര, വിചാരങ്ങളെ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാന്‍ പറ്റും വിധം അവയെ, വാര്‍ത്തകളെ പാചകം ചെയ്യുകയുമാണ്. അതായത് സാംസ്കാരികമായി നമ്മുടെ ഭക്ഷണമാകേണ്ടുന്ന 'വിവരങ്ങള്‍' മറ്റ് പല താത്പര്യങ്ങള്‍ക്കും അനുസൃതമായി പാചകം ചെയ്യപ്പെടുന്നതാണ് എന്ന്. അതിനനുസരിച്ച് നാം അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നു. അവ പലപ്പോഴും ആത്മഹത്യാപരമായി തീരുന്നു.

കേരളത്തില്‍ എങ്കിലും പലവട്ടം പൊളിഞ്ഞ അസത്യ പ്രചാരണങ്ങള്‍ വാട്സ് ആപ്പ് പോലുള്ള ആപ്പുകള്‍ വഴി വീണ്ടും ഉയിര്‍ക്കുന്നുണ്ട് എങ്കിലും അവയ്ക്കും മുഖ്യധാരാ കള്ളപ്രചരണങ്ങള്‍ക്കും എതിരേ ജാഗ്രതയുടെ ഒരു അഞ്ചാം മാധ്യമവും പരിമിതമായെങ്കിലും നിലവില്‍ ഉണ്ട്. അതുകൊണ്ട് തന്നെ മുഖ്യധാര തമസ്കരിക്കുന്ന വാര്‍ത്തകളും മുമ്പോട്ട്‌ വരും. ആലുവയിലെ സംഭവം ഒരൊറ്റ അടഞ്ഞ മാധ്യമ ആഖ്യാനമായി ചുരുങ്ങാതെ ഇരുന്നതിനും, 'ഡിവൈ എഫ് ഐ ആസൂത്രണം ചെയ്ത കെവിന്റെ കൊലപാതകം' പോലുള്ള കഥകള്‍ പൊളിഞ്ഞതിനും പിന്നില്‍ ഈ ജാഗ്രത തന്നെയാണ്. എന്നാലും പിന്നെയും വാസ്തവത്തിന്റെ വിശദാംശങ്ങള്‍ ബാക്കിയാണ്. അവയാകട്ടെ സത്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകവും.

ആലുവ സംഭവത്തിലെ വാസ്തവം തിരയുന്നതിന്റെ ഭാഗമായി പൊലീസ് അനുകൂല ഭാഷ്യം എടുത്താല്‍ അവര്‍ ആത്മരക്ഷാര്‍ത്ഥമായിരുന്നോ തിരിച്ച് തല്ലിയത്? ആണെങ്കില്‍ തന്നെ ഒരു ട്രെയിന്‍ഡായ സേന എന്ന നിലയില്‍ അവര്‍ ഉസ്മാനില്‍ ഏല്‍പിച്ച പരിക്ക് ആത്മരക്ഷയെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നുവോ തുടങ്ങിയ വിശദാംശങ്ങള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. പോലീസിനെ തല്ലി എന്ന ഈഗോ വൃണപ്പെടല്‍ ഒരു പൌരന്റെ താടിയെല്ല് ഇടിച്ച് പൊട്ടിക്കാനുള്ള ന്യായീകരണമല്ല. അല്ലെങ്കില്‍ ഭയത്തിലാണ് നമ്മുടെ നീതിന്യായ സംവിധാനം നിലനില്‍ക്കുന്നത് എന്ന് നാം സമ്മതിക്കണം.
അങ്ങനെയെങ്കില്‍ പിന്നെ പിണറായി പോലീസ്, കരുണാകരന്‍ പോലീസ് തുടങ്ങിയ ആരോപണങ്ങള്‍ ഒക്കെയും നീതിബന്ധിയല്ല, രാഷ്ട്രീയ പ്രേരിതമാണെന്നും പറയേണ്ടി വരും.

ഈ സ്വതന്ത്ര ഭാരതത്തില്‍ തന്നെ പ്രത്യേക പട്ടാള നിയമം നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. അവിടെ പട്ടാളവും പോലീസുമൊക്കെ ഫലത്തില്‍ ഒന്നാണ്. അവര്‍ തോന്നുമ്പോള്‍ തോന്നുന്നവരെ പിടിച്ചുകൊണ്ട് പോകും. അതില്‍ പലരും പിന്നെ പുറംലോകം കാണില്ല. ഇതൊക്കെയും പട്ടാളത്തിന്റെ ആത്മവീര്യം എന്ന നിലയില്‍ ലെജിറ്റിമൈസ് ചെയ്യുന്നവര്‍ തന്നെ പോലീസിന് പക്ഷെ ആ ജാതി ആത്മവീര്യം വേണ്ട എന്നു പറയുന്നതിന്റെ ലോജിക്ക് എന്താണ്?അത് രാഷ്ട്രീയ പ്രേരിതമാണ്. ആ രാഷ്ട്രീയ ബോധമാകട്ടെ വസ്തുതകളില്‍ അല്ല, മാധ്യമ നിര്‍മ്മിതമായ പ്രതീതികളില്‍ പാചകം ചെയ്ത് എടുത്തതാണ്. 'ദി നേഷന്‍ വാണ്ട് ടു നോ' എന്നത് അതിന്‍റെ ഒരു റെസിപ്പിയാണ്.

ആ പാചക ഫോര്‍മുലയില്‍ തന്നെ നമ്മള്‍ നമ്മുടെ പോലീസിനെയും പരുവപ്പെടുത്തിയാല്‍ സംഭവിക്കുന്നത് ആ സേനയുടെ ആത്മവീര്യം നശിക്കുകയൊന്നുമാവില്ല, പോലീസും സിവില്‍ സമൂഹവും ചേര്‍ന്ന് തങ്ങള്‍ക്ക് ഇടയിലുള്ള ബന്ധം ഒരു പ്രഹസനമാണ് എന്ന കരാറില്‍ പരസ്പരം സമ്മതിച്ച് പരസ്യമായി ഒപ്പ് വയ്ക്കുകയാവും. അതിനെ ജനാധിപത്യപരമായി എങ്ങനെ വ്യാഖ്യാനിക്കും?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories