TopTop
Begin typing your search above and press return to search.

മനിതിയടക്കമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ പറ്റാത്തതിന്റെ പേരില്‍ വനിതാ മതില്‍ ബഹിഷ്കരിക്കുന്ന ഉപരിപ്ലവകാരികള്‍ അറിയാന്‍

മനിതിയടക്കമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ പറ്റാത്തതിന്റെ പേരില്‍ വനിതാ മതില്‍ ബഹിഷ്കരിക്കുന്ന ഉപരിപ്ലവകാരികള്‍ അറിയാന്‍
പ്രമുഖ മലയാളി മാര്‍ക്സിയന്‍ ചരിത്രകാരന്‍ പി. ഗോവിന്ദപിള്ളയുടെ കേരള നവോത്ഥാന ചരിത്രമാണ് ഇന്ന് കേരളത്തിന്റെ പുരോഗതിയെപ്പറ്റി പഠിക്കാന്‍ ഏവരും ഉപയോഗപ്പെടുത്തുന്ന ഗ്രന്ഥങ്ങളിലൊന്ന്. ഇതിന്റെ ഒന്നാം സഞ്ചികയില്‍ നവോത്ഥാന പ്രക്രിയയെപ്പറ്റിയും, വിപ്ലവത്തെപ്പറ്റിയും വളരെ ശ്രദ്ധേയമായ ഒരു നിരീക്ഷണം അദ്ദേഹം നടത്തുന്നുണ്ട്.

''നവോഥാനവും വിപ്ലവവും തമ്മില്‍ എന്താണ് സമാനതയും ബന്ധവും? രണ്ടും വമ്പിച്ച സാമൂഹ്യ-സാംസ്ക്കാരിക പരിവര്‍ത്തനത്തെയാണ് കുറിക്കുന്നതെങ്കിലും, നവോത്ഥാനം ഉമിത്തീപോലെ നീറിപ്പിടിക്കുന്നതും നീണ്ടുനില്‍ക്കിന്നതുമായ ഒരു പ്രതിഭാസമാണ്. എന്നാല്‍ വിപ്ലവമാകട്ടെ, ഹ്രസ്വമായ കാലയളവില്‍ അധികാര ഘടനയ്ക്ക് മാറ്റം വരുത്തുന്ന പ്രക്രിയയാണ്. എല്ലാ മഹത്തായ വിപ്ലവങ്ങൾക്കും അരങ്ങൊരുക്കിയത് ആശയപ്രചാരണം വഴി മനുഷ്യമനസ്സുകളെ മാറ്റിത്തീര്‍ത്തും പഴയ മൂല്യബോധങ്ങളെ തകിടം മറിച്ച് പുതിയ മൂല്യബോധങ്ങള്‍ സ്ഥാപിച്ചെടുത്തുമാണ്. നവോത്ഥാനത്തിന്റേയും മൂല്യനവീകരണങ്ങളുടേയും പിന്‍ബലമില്ലാത്ത വിപ്ലവങ്ങള്‍ ഉപരിപ്ലവമായിരിക്കും. അത്തരം വിപ്ലവങ്ങള്‍ അധികാര ഘടനയില്‍ മാറ്റം വരുത്തിയാലും അടിസ്ഥാനപരമായി പൊടിയിട്ട് വിളക്കല്‍ മാത്രമായിരിക്കും...'
' (പി. ഗോവിന്ദപിള്ള, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം)

ശബരിമലയില്‍ നടത്തേണ്ടത് വിപ്ലവമാണോ, നവോത്ഥാനമാണോ എന്ന ചോദ്യത്തിന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം നവോത്ഥാനമാണ് എന്ന് മറുപടി നല്‍കാന്‍ കഴിയും. നിലനില്‍ക്കുന്ന മൂല്യബോധങ്ങളെ തിരുത്തി സമൂഹത്തെ നവീകരിച്ചല്ലാതെ, നാമജപഘോഷയാത്രക്കാരെ തല്ലിയോടിച്ച് വിപ്ലവം നടത്തിയത് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? ഗോവിന്ദപിള്ള പറയുന്നത് പോലെ അത് വെറും പൊടിയിട്ട് വിളക്കല്‍ മാത്രമായിരിക്കും. അതിന് സമൂഹത്തില്‍ യാതൊരു പൊതുജനസ്വീകാര്യതയും ലഭിക്കുകയില്ല.

രഹന ഫാത്തിമ, തൃപ്തി ദേശായി മുതല്‍ ഇന്ന് വന്ന മനിതി സംഘത്തിന് വരെ തിരിഞ്ഞോടേണ്ടി വന്നതും മറ്റൊന്നും കൊണ്ടല്ല. കേരള സര്‍ക്കാര്‍ നവോത്ഥാനം പ്രസംഗത്തില്‍ മാത്രം ഒതുക്കിയെന്ന് വിലപിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ തിരിച്ചറിയാത്തതും ഇത് തന്നെയാണ്. അല്ലെങ്കിലും ഇത്തരം വിലാപനാടകക്കാര്‍ക്ക് യാഥാര്‍ത്ഥ്യ ബോധമില്ലെന്ന് അനുമാനിക്കാവുന്നതാണ്. ആളുകളോട് സംവദിക്കുകയും അവര്‍ പുലര്‍ത്തി വരുന്ന മൂല്യബോധങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യാതെ ഒരു വിപ്ലവം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാരിനൊപ്പമേ ഈ വിഷയത്തില്‍ നിലയുറപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് കേരളാ മുഖ്യമന്ത്രി മുതല്‍ സുനില്‍ പി ഇളയിടവും സണ്ണി എം കപിക്കാടും ഉള്‍പ്പെടെ ഈ വിഷയത്തില്‍ നിരന്തരം നടത്തി വന്ന വിവിധ തരത്തിലുള്ള ബോധവത്ക്കരണ പ്രസംഗങ്ങളും, വിവിധ നവോത്ഥാന സംഘടനകള്‍ ചേര്‍ന്ന് പുതുവത്സര ദിനത്തില്‍ തീര്‍ക്കാനൊരുങ്ങുന്ന വനിതാ മതിലും പ്രസക്തമാവുന്നത്.

നവോത്ഥാനത്തിന് വേണ്ടി ഉണ്ടാവുന്ന ഇത്തരം ശ്രമങ്ങള്‍ക്ക് സ്ത്രീകളെ പോലീസ് തിരികെ അയച്ചു എന്നതിന്റെ പേരില്‍ പിന്തുണ പിന്‍വലിക്കുന്ന ഉപരിവിപ്ലവകാരികളോട് ഐക്യപ്പെടാന്‍ പറ്റാത്തതും അതുകൊണ്ടൊക്കെ തന്നെ.

https://www.azhimukham.com/blog-sabarimala-women-entry-manithi-organisation-must-be-supported-by-kerala-government-gireesh-writes/

കേരള നവോത്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ തന്നെ വിപ്ലവങ്ങള്‍ക്ക് മുമ്പ് എല്ലാ നവോത്ഥാന നായകരും നടത്തി വന്ന ആശയപ്രചരണ ശ്രമങ്ങളെപ്പറ്റി മനസിലാക്കാവുന്നതാണ്. ശ്രീനാരായണ ഗുരുദേവന്‍ ഈഴവരെ വിലക്കിയ ക്ഷേത്രത്തിലേക്ക് വിപ്ലവ യാത്ര നടത്തുകയായിരുന്നില്ല, മറിച്ച് അരുവിപ്പുറത്ത് എല്ലാ ജതി മതസ്ഥര്‍ക്കും പ്രവേശനം അനുവദിക്കുന്ന ക്ഷേത്രം സ്ഥാപിക്കുകയും സമാന്തരമായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. യോഗക്ഷേമ സഭയുടെ പ്രവരത്തനങ്ങള്‍ പരിശോധിക്കൂ. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും, അപ്ഫന്റെ മകളും, ഋതുമതിയും എല്ലാം കഴിഞ്ഞാണ് കുടുമ മുറിക്കലും വിധവാ വിവാഹവും വൃദ്ധവിവാഹതിനെതിരെയുള്ള സമരപോരാട്ടങ്ങളും നടക്കുന്നത്. സാഹിത്യരംഗവും നാടകരംഗവും ഉപയോഗപ്പെടുത്തിക്കൊണ്ട് യോഗക്ഷേമ സഭ അത്രകണ്ട് ആശയപ്രചരണ പ്രവരത്തനങ്ങള്‍ നടത്തിയിരുന്നു. പുലയസമുദായം നടത്തിയ കല്ലുമാല പ്രക്ഷോഭം സവര്‍ണ മാടമ്പിമാരുടെ ആക്രമണത്തിന് വിധേയമായപ്പോള്‍ അയ്യങ്കാളി നടത്തിയ അനുരഞ്ജന പ്രവര്‍ത്തനങ്ങളും പ്രസംഗവും നമുക്ക് സ്മരിക്കാം.

"സാധുജനപരിപാലന സംഘത്തിന്റെ ശ്രമത്താല്‍ 'കല്ലയും മാലയും' ഇപ്പോള്‍ പുലയ സ്ത്രീകള്‍ ധരിച്ച് വരുന്നില്ല. അവര്‍ റൗക്ക ധരിച്ച് അര്‍ധ നഗ്നത്വത്തെ ദുരീകരിച്ചിരിക്കുന്നു. പെരിനാട്ട് വെച്ച് അങ്ങനെ ചെയ്യുന്നതിലുള്ള വിരോധം കൊണ്ടാണ് ചില നായന്മാര്‍ വഴക്കുണ്ടാക്കിത്തീര്‍ത്തതെന്നും, ഇപ്പോള്‍ ഈ മഹാസദസ്സില്‍ വെച്ചുതന്നെ ആ കാര്യം നടത്തുന്നതിന് നായര്‍ മഹാന്മാരോട് ഞാന്‍ അനുവാദം ചോദിക്കുന്നു" (അയ്യങ്കാളി, മലയാളിയില്‍ പ്രസിദ്ധീകരിച്ച പ്രസംഗം)

ഈ അനുവാദം ചോദിക്കല്‍ അയ്യങ്കാളിക്ക് ഉണ്ടായ ഒരു സവര്‍ണ വിധേയത്വത്തമായി വ്യാഖ്യാനിക്കുന്നത് ശരിയായിരിക്കില്ല. അന്ന് നടന്ന പുലയ-നായര്‍ കലാപത്തില്‍ അയ്യങ്കാളി അവസരോചിതമായി കൈക്കൊണ്ട അനുരഞ്ജന നീക്കമായി വേണം മനസ്സിലാക്കാന്‍.

https://www.azhimukham.com/kerala-young-swaminis-tried-to-enter-sabarimala-temple/

ഗുരുവായൂര്‍ സത്യഗ്രഹത്തിന് സമാന്തരമായി കേരളം മുഴുവന്‍ ആശയപ്രചരണാര്‍ത്ഥം കണ്ണൂരില്‍ നിന്ന് എകെജിയുടെ നേതൃത്വത്തില്‍ ആരംഭിച്ചത് ഓര്‍മയുണ്ടാവും. ഇങ്ങനെ നടത്തിയ ആശയപ്രചാരണങ്ങള്‍ വഴി ക്ഷേത്രപ്രവേശനത്തിന് സവര്‍ണരുടെ ഉള്‍പ്പെടെ ജനപിന്തുണ വര്‍ദ്ധിക്കുകയാണെന്ന് പൊന്നാന്നി താലൂക്കില്‍ നടത്തിയ ഹിതപരിശോധനയില്‍ തെളിയുന്നത്, അല്ലാതെ നിശ്ചയമായും ഒരു അര്‍ധരാത്രി നടത്തിയ വിപ്ലവം കൊണ്ടല്ല. അന്നത്തെ ഹിതപരിശോധനയില്‍ പങ്കുകൊണ്ട 77 ശതമാനം പേരും ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചു. എന്നിരുന്നാലും വൈക്കം സത്യഗ്രഹം പോലെതന്നെ ഗുരുവായൂര്‍ സത്യഗ്രഹവും പരാജയത്തിലാണ് കലാശിച്ചത്. സാമൂതിരി ഗാന്ധിജിയോട് അഭ്യര്‍ത്ഥിച്ച പ്രകാരം കെ. കേളപ്പന്‍ നിരാഹര സത്യഗ്രഹം അവസാനിപ്പിക്കുകയായിരുന്നു. ഒടുവില്‍ രണ്ടാം ലോകമഹായുദ്ധാനന്തരം മദിരാശി പ്രവിശ്യയില്‍ നിലവില്‍ വന്ന കോണ്‍ഗ്രസ് മന്ത്രിസഭയാണ് ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തിന് നിയമം കൊണ്ടു വന്നത്. എങ്കിലും ഈ രണ്ട് സത്യഗ്രഹങ്ങളും പ്രത്യക്ഷത്തില്‍ പരാജയമായപ്പോള്‍ തന്നെ അവ ഉണര്‍ത്തിയ ജനപിന്തുണ ചെറുതല്ല.

ഇങ്ങനെ ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല ലോകചരിത്രത്തിലെ നവോത്ഥാനങ്ങളൊന്നും. അങ്ങനെ വേണമെന്ന് വാശിപ്പിടിക്കുന്നത് യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ഒരു കൂട്ടം ലിബറല്‍ ഉപരിവിപ്ലവകാരികള്‍ മാത്രമാണെന്ന് ധരിക്കേണ്ടി വരും.

https://www.azhimukham.com/kerala-ammini-manithi-sabarimala-womens-entry-profile-by-sreeshma/

മുഖ്യമന്ത്രിയും മറ്റ് സാമൂഹ്യപ്രവര്‍ത്തകരും നടത്തി വരുന്ന ബോധവത്ക്കരണ ശ്രമങ്ങള്‍ ചെറുതല്ലാത്ത ഒരളവില്‍ സാമൂഹ്യമാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നുറപ്പിച്ച് പറയാം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉണ്ടായ എതിര്‍പ്പുകളും ഘോഷയാത്രകളും രാഷ്ട്രീയ മുതലെടുപ്പുകളും അതിന്റെ രാഷ്ട്രീയവും ജനങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു.  സമൂഹത്തെ പിറകോട്ട് നയിക്കുന്ന പുനരുത്ഥാന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ സ്ഥാപിത താത്പര്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാട്ടുകയും ചെയ്തിട്ടുണ്ട്. ശബരിമലയിലെ യുവതീപ്രവേശനത്തിന് സമൂഹം തയ്യാറെടുക്കുക തന്നെയാണ്, അതൊരു സുപ്രഭാതത്തില്‍ വേണമെന്ന് വാശിപിടിക്കുന്നവരോട് ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കാന്‍ മാത്രമേ ആവശ്യപ്പെടാന്‍ സാധിക്കുകയുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/trending-manithi-members-returns-police-delayed-action-for-more-than-six-hours/

Next Story

Related Stories