TopTop
Begin typing your search above and press return to search.

ഒപ്പം; മോഹൻലാൽ എന്ന സൂപ്പർതാരത്തിന് അതിമാനുഷികനാവാനുള്ള ചില വഴികള്‍

ഒപ്പം; മോഹൻലാൽ എന്ന സൂപ്പർതാരത്തിന് അതിമാനുഷികനാവാനുള്ള ചില വഴികള്‍

മലയാളത്തിലെ ഏറ്റവും വിജയകരമായ കൂട്ടുകെട്ടുകളിൽ ഒന്നാണ് പ്രിയദർശൻ-മോഹൻലാൽ ടീമിന്റേത്. അവസാനം പുറത്തിറങ്ങിയ ഗീതാഞ്ജലി വിജയിച്ചില്ലെങ്കിലും ആ കൂട്ടുകെട്ടിൽ ഇറങ്ങുന്ന സിനിമകൾ എന്നും വലിയ പ്രേക്ഷക പ്രതീക്ഷകളാണ്. പ്രിയദർശൻ അധികം കൈ വെക്കാത്ത ആക്ഷൻ - ക്രൈം ഗണത്തിലേക്കുള്ള ചുവടുവെപ്പിന്റെ കൗതുകവും ഉത്സവകാല റിലീസ് ആണെന്നുള്ളതും തിയറ്ററിൽ റിലീസ് ദിവസം തന്നെ ആൾക്കാരെ കയറ്റുന്നുണ്ട്. മോഹൻലാലിന്റെ ആദ്യ മുഴുനീള അന്ധവേഷം എന്ന രീതിയിൽ ഉള്ള മാർക്കറ്റിങ്ങും വിജയം കണ്ടു.

നഗരത്തിലെ വൻകിട ഫ്ളാറ്റിലെ ലിഫ്റ്റ് ഓപ്പറേറ്റർ ആണ് ജയരാമൻ (മോഹൻലാൽ). അന്ധനായ ഇയാൾ ഒരു കുടുംബത്തിന്റെ ചുമതല വഹിക്കുന്നുണ്ട്. കൃഷ്ണമൂർത്തി (നെടുമുടി വേണു) എന്ന റിട്ടയേർഡ് ജസ്റ്റിസ് ജയരാമൻ ജോലി ചെയ്യുന്ന ഫ്ലാറ്റിലാണ് താമസം. മൂർത്തിയുടെ വിശ്വസ്തനായ ജോലിക്കാരനാണ് ജയരാമൻ. മൂർത്തിയുടെ പല ഔദ്യോഗിക രഹസ്യങ്ങളും ഇയാൾക്കറിയാം. വളരെ പ്രമാദമായ ഒരു കേസുമായി ബന്ധപ്പെട്ട മൂർത്തിയുടെ യാത്രകളിൽ, പണമിടപാടുകളിൽ ഒക്കെ വിശ്വസ്തനായ ജയരാമൻ പങ്കാളി ആവുന്നു. കേസിന്റെ സുപ്രധാനമായ വഴിത്തിരിവിൽ വച്ച മൂർത്തി കൊല്ലപ്പെടുന്നു. കൊലയാളിയുടെ സാന്നിധ്യം ജയരാമൻ അറിയുന്നുണ്ട്. ഇതുമായി ജയരാമന്‌ നേരിടേണ്ടി വരുന്ന ദുരന്തങ്ങളും അയാൾ എത്തിച്ചേർന്ന ഊരാക്കുടുക്കുകളും അയാൾക്കു കൈവരുന്ന ഉത്തരവാദിത്വങ്ങളും ഒക്കെയാണ് ഒപ്പം.വെള്ളാനകളുടെ നാട് പോലുള്ള പഴയ പ്രിയദർശൻ സിനിമകളിലെ കുടുംബാന്തരീക്ഷം തന്നെയാണ് ഈ സിനിമയിലും നായകനുള്ളത്. സാമ്പത്തികമായി ക്ഷയിച്ച ഉയർന്ന 'പ്രൗഢി'യുള്ള തറവാട്, ചൂഷകരായ സഹോദരങ്ങൾ, 'കല്യാണപ്രായ'മായ പെൺകുട്ടി, കടങ്ങൾ തുടങ്ങിയ അവസ്ഥകൾ ജയരാമനും നേരിടുന്നുണ്ട്. കവിയൂർ പൊന്നമ്മയും ഉണ്ട്. പെൺകുട്ടിയെ കല്യാണമാലോചിച്ചു വന്നവർ സ്ത്രീധനം ചോദിക്കുന്നതും പ്രണയിക്കുന്ന രണ്ടു സംസ്ഥാനക്കാരുടെ രക്ഷിതാക്കൾക്ക് വന്ന ദുഃഖത്തെ രണ്ടു വീട്ടുകാരും ഒരേ പോലെ 'പെഡിഗ്രി' ഉള്ളവർ ആണെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നതുമെല്ലാം എത്ര സ്വാഭാവികമായാണ് സിനിമ പറഞ്ഞു പോകുന്നത്.

ഈയടുത്തിറങ്ങുന്ന മിക്കവാറും മോഹൻലാൽ സിനിമയിലെയും പോലെ ഒപ്പത്തിലും അദ്ദേഹത്തിൻറെ കഥാപാത്രം അതിബുദ്ധിമാനും സകലകലാവല്ലഭനുമാണ്. പാടും, ചെണ്ട കൊട്ടും, വയലിൻ വായിക്കും, കുട്ടികളെ പഠിപ്പിക്കും, സകലമാന അടിതടകളും അറിയാവുന്ന ഇയാളെ ലോകത്ത് മറ്റൊരാൾക്കും ഒറ്റയ്ക്ക് അടിച്ച് തോൽപ്പിക്കാൻ പറ്റില്ല. ശാസ്ത്രീയ പരിശീലനം നേടിയ പോലീസ് സേന വരെ തോറ്റ് പോകും. ഇയാൾ ത്യാഗിയും നന്മ നിറഞ്ഞവനും ഭാരങ്ങളും ബാധ്യതകളും ഇങ്ങോട്ട് ഏറ്റു വാങ്ങുന്ന ആൾ ആണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം രംഗങ്ങൾ ഊട്ടിയുറപ്പിക്കാൻ കുത്തിനിറച്ച രംഗങ്ങൾ കഴിഞ്ഞേ കഥക്കും മറ്റെല്ലാ കാര്യങ്ങൾക്കും സിനിമയിൽ സ്ഥാനമുള്ളൂ.അന്ധനായ ഒരാളുടെ ശരീരഭാഷ പിന്തുടരുന്നതിൽ മോഹൻലാലിന് പലപ്പോഴും ഉദാസീനത ഉള്ള പോലെ തോന്നി. നെടുമുടി വേണുവിനെയും സമുദ്രക്കനിയെയും പോലുള്ള പല പ്രതിഭകൾക്കും അധികം കാണാത്ത ലാഘവത്വം ഒപ്പത്തിൽ അനുഭവപ്പെട്ടു. അനുശ്രീക്കും വിമല രാമനും കാര്യമായി ഒന്നും ചെയ്യാനില്ല, മോഹൻലാലും സമുദ്രക്കനിയും കഴിഞ്ഞാൽ ബാലതാരം മീനാക്ഷിക്കാണ് പ്രാധ്യമുള്ള ഒരു കഥാപാത്രമാവാൻ പറ്റിയത്. പ്രിയദർശന്റെ സംവിധാനത്തിലും ഉദാസീനത പ്രകടമായിരുന്നു. കളർ ടോൺ അടക്കം എല്ലാറ്റിലും മാറ്റം ഉണ്ടായിരുന്നു. കല്യാണാനുബന്ധമായി വന്ന പാട്ടിലൊഴികെ എല്ലാത്തിലും വ്യത്യസ്തത കൊണ്ട് വരാൻ ശ്രമിച്ചിരുന്നു. മാത്രമല്ല താൻ പതിവ് വഴികളിൽ നിന്ന് മാറുന്നു എന്നറിയിക്കാൻ കൃത്രിമമായി ഉണ്ടാക്കിയ രംഗങ്ങൾ മുഴച്ചു നിന്നു. സിനിമയിലെ ഹാസ്യവും പരമ ദയനീയമാണ്. കാക്കകുയിലിലെ 'താക്കോൽ' രംഗത്തിന്റെ വികാലാനുകരണം പോലുള്ള വലിച്ചു നീട്ടിയ കുറെ ഹാസ്യ രംഗങ്ങൾ ഉണ്ട് സിനിമയിൽ. മോഹൻലാൽ എപ്പോൾ അടിക്കും, എപ്പോൾ അടി തടുക്കും, എപ്പോൾ മുണ്ടു മടക്കിയുടുക്കും, എപ്പോൾ പഞ്ച് ഡയലോഗ് പറയും തുടങ്ങി എല്ലാം ഊഹിച്ച് മനസിലാക്കുന്നതാണ്.

വിലയിരുത്തലിന്റെയും വിശകലനത്തിന്റെയും പരിധിയിൽ പെടാത്ത ആളാണ് മോഹൻലാൽ എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ, പ്രിയദർശന്റെ ശരാശരി സംവിധാനം മാത്രമാണ് ഒപ്പം എന്ന് പറയണമെങ്കിൽ, അതിനേക്കാൾ നല്ല സിനിമ ഉണ്ടാക്കി കാണിക്കണം എന്ന് വാദിക്കുന്നവർക്കു ഒപ്പം മറ്റൊരു കൊല മാസ്സ് പടം ആയേക്കാം. തന്റെ പ്രശസ്തമായ മാനറിസങ്ങളെ അനുകരിക്കുക മാത്രമാണ് മോഹൻലാൽ ഈ സിനിമയിൽ ചെയ്യുന്നത്. പ്രിയദർശൻ അത് കണ്ടു നിൽക്കുന്ന കാണി മാത്രമായി. അന്ധനും നിസ്വനും ആയ ഒരാൾ എത്തിപ്പെടുന്ന അപകടങ്ങളെ കുറിച്ചല്ല, മോഹൻലാൽ എന്ന സൂപ്പർസ്റ്റാറിന് അതിമാനുഷികൻ ആവാനുള്ള വഴികളെ പറ്റി മാത്രം ആണ് ഒപ്പവും അന്വേഷിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories