TopTop
Begin typing your search above and press return to search.

മെലിഞ്ഞ പ്രതിപക്ഷത്തെ തൊഴുത്തില്‍ കെട്ടാനാകുമോ

മെലിഞ്ഞ പ്രതിപക്ഷത്തെ തൊഴുത്തില്‍ കെട്ടാനാകുമോ

ജിജി ജോണ്‍ തോമസ്

കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന കക്ഷി ശക്തരാകുമ്പോഴൊക്കെ പ്രതിപക്ഷകക്ഷികള്‍ ഒന്നിച്ചെതിര്‍ത്തതിന് അടിയന്തിരാവസ്ഥയോളം പഴക്കമുണ്ട്. അടിയന്തിരാവസ്ഥ പിന്‍വലിച്ച് 1977-ല്‍ ഇന്ദിര തെരെഞ്ഞെടുപ്പില്‍ തയ്യാറായപ്പോള്‍ അവര്‍ അധികാരത്തിലെത്തുത് എങ്ങനേയും തടയുക എ ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ചു. സ്വാതന്ത്ര്യം നേടിയനാള്‍ മുതല്‍ മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി രാജ്യം ഭരിച്ച കോഗ്രണ്‍സ്സിനെ നിലം പരിശാക്കി വമ്പന്‍ ഭൂരിപക്ഷത്തോടെ ജനതാ പാര്‍ട്ടി അധികാരത്തിലേറുകയും ചെയ്തു. പക്ഷേ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാന്‍ അവര്‍ക്കായില്ലെന്ന് മാത്രമല്ല തമ്മില്‍ തല്ലി ജനതാ സര്‍ക്കാര്‍ കാലാവധി തികയാതെ നിലം പതിക്കുകയും ചെയ്തു.

നാലില്‍ മൂന്ന് ഭൂരിപക്ഷവുമായി അധികാരത്തിലേറിയ രാജീവ് ഗാന്ധിയെ തളക്കാനാണ് പില്‍ക്കാലത്ത് പ്രതിപക്ഷ ഐക്യം പുനരവതരിപ്പിച്ചത്. ഒന്നിച്ച പ്രതിപക്ഷത്തിന് അനുകൂലമായി അത്തവണയും ജനവിധിയുണ്ടായെങ്കിലും മുന്‍പത്തേപോലെതന്നെ സഖ്യം ഭരണതലത്തില്‍ പരാജയപ്പെട്ടു. ഇന്ദിരയേയും രാജീവിനേയും പോലെ ഇപ്പോള്‍ നരേന്ദ്ര മോദിയെ തളയ്ക്കാനും പ്രതിപക്ഷ ഐക്യ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യപ്പെട്ടു വന്നു. മുങ്ങിചാകാന്‍ പോകുന്നവന്‍ രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ കച്ചിത്തുമ്പിലും പിടിച്ചുപോകും എന്നപോലെ, തങ്ങളെ ബോധപൂര്‍വ്വം അതുമല്ലെങ്കില്‍ വൈരാഗ്യ ബുദ്ധിയോടെതന്നെ ഭരണപക്ഷം അവഗണിക്കുമ്പോള്‍ ഏതു വിധേയനേയും പിടിച്ചു നില്‍ക്കാന്‍ നോക്കുകയെന്ന ലക്ഷ്യം വച്ചുള്ള പ്രതിപക്ഷ ഐക്യശ്രമം മൂല്യാധിഷ്ഠിതത്തേക്കാള്‍ നിലനില്‍പിന്റെ രാഷ്ട്രീയമാണ്.

ശക്തരായവര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുമ്പോഴൊക്കെ പ്രതിപക്ഷം പരസ്പര വൈരം തല്‍ക്കാലത്തേക്ക് മറന്ന് ഒന്നിക്കുന്നത് ഏതായാലും തത്വാധിഷ്ഠിതമല്ല. 'രാഷ്ട്രീയത്തില്‍ സ്ഥിരമായ മിത്രമോ ശത്രുവോ ഇല്ല' എന്ന വ്യാഖ്യാനം ഏത് അവസരവാദ സഖ്യത്തേയും ന്യായീകരിക്കുന്നതിന് മതിയായ ഒന്ന് ആവരണമാണെന്നതാണ് വര്‍ത്തമാനകാല കാഴ്ച. 'വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി' എന്ന കേരള കോണ്‍ഗ്രസ്സിനെ പറ്റിയുള്ള മാണി സിദ്ധാന്തം മാത്രമേ ഒരു പക്ഷെ, ഇതിലുമധികം പ്രചുര പ്രചാരം (സംസ്ഥാന തലത്തിലെങ്കിലും) കൈവരിച്ചിട്ടുണ്ടാകുകയുള്ളൂ. അതേപൊലെ തന്നെ ശ്രദ്ധേയമാണ്, ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെയും, പ്രാദേശിക കക്ഷികളുടേയും സാഹചര്യത്തിന് അനുസൃതം മാറുന്ന 'മുഖ്യശത്രു' അഥവാ മുഖ്യ എതിരാളി വ്യാഖ്യാനം.

കേന്ദ്രത്തില്‍ രാഷ്ട്രീയമായി ദൂര്‍ബലമായൊരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നതാണ് മുഖ്യധാരാ ദേശീയ രാഷ്ട്രീയത്തോട് ഇടം തടിച്ചു നില്‍ക്കുന്ന പ്രാദേശിക കക്ഷികള്‍ക്കെല്ലാം പഥ്യം. അത്തരമൊരു ഭരണ സംവിധാനത്തിലാണല്ലോ ഇക്കൂട്ടര്‍ക്ക് താന്‍ പ്രമാണിത്തം കാണിക്കാനാവുക. ബദല്‍ മുന്നണി രാഷ്ട്രീയത്തില്‍ 1989 മുതലുള്ള കാല്‍ നൂറ്റാണ്ടുകാലം പ്രഥമസ്ഥാനം വഹിച്ച സി.പി.ഐഎമ്മിന്റെ കാലാകാലങ്ങളിലെ സമീപനങ്ങളില്‍ ഈ നിലപാട് പ്രകടമായിക്കാണാം. കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ വളരെ ശക്തരായിരുന്ന എണ്‍പതുകളില്‍ സി.പി.ഐഎമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസ്സ് ആയിരുന്നു. വി.പി.സിങ്ങിന്റെ ജനതാദളുമായൊഴിച്ച്, പ്രത്യക്ഷത്തില്‍ തന്നെ ബി.ജെ.പി.യുമായി യോജിച്ച് 1989-ല്‍ കോണ്‍ഗ്രസിനെ അവര്‍ അധികാരത്തില്‍ നിന്നു താഴെയിറക്കി.തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ ബി.ജെ.പി. ശക്തി പ്രാപിച്ചു തുടങ്ങിയപ്പോള്‍ അവരായി സി.പി.ഐ.എമ്മിന്റെ മുഖ്യശത്രു. തൊണ്ണൂറുകളുടെ അവസാനത്തോടെ ബി.ജെ.പി അധികാരത്തിലേറിയതോടെ ബി.ജെ.പി.യെ പുറത്തിരുത്താന്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുന്നതില്‍ തെറ്റില്ല എന്ന തിരിച്ചറിവുണ്ടായി സി.പി.ഐഎമ്മിന്! കോണ്‍ഗ്രസും ബി.ജെ.പിയും ഏറെക്കുറെ തുല്യശക്തികളെന്നു പൊതുവെ വിലയിരുത്തപ്പെട്ടിരുന്ന 15-ാം ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് - (ഫലം വപ്പോള്‍ കോണ്‍ഗ്രസ്സ് ഏറെ മുന്നിലായിരുന്നു)- രണ്ടുപേരെയും ഒരേ പോലെ അധികാരത്തിനു പുറത്തിരുത്താനായിരുന്നു സി.പി.എമ്മിന്റെ പടപ്പുറപ്പാട്!

16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും സി.പി.ഐ.എമ്മിന്റെയും, മുഖ്യധാരാ ദേശീയ രാഷ്ട്രീയത്തോട് ഇടം തടിച്ചു നിന്നിരുന്ന പ്രാദേശിക കക്ഷികളുടെയും പ്രഖ്യാപിത ലക്ഷ്യം ഇരുകൂട്ടേരയും പുറത്തിരുത്തുക എന്നതുതന്നെ ആയിരുന്നു. എന്നാല്‍ വ്യക്തമായ വിധിയെഴുത്തു നല്‍കിയ ജനങ്ങള്‍ വിലപേശലുകള്‍ക്കുള്ള പഴുതടച്ചു. പ്രാദേശിക കക്ഷികളെയും ഇടതു പാര്‍ട്ടികളെയും ദേശീയ രാഷ്ട്രീയത്തില്‍ ഏറെക്കുറെ അപ്രസക്തമാക്കിയ വിധിയെഴുത്ത് അവരുടെ മുഖ്യ ശത്രുവിനെ മാറ്റിമറിക്കാന്‍ പര്യാപ്തമായിരിക്കുന്നു. ബി.ജെ.പി. വീണ്ടും സി.പി.എമ്മിന്റേയും കുറേ പ്രാദേശിക കക്ഷികളുടേയും മുഖ്യശത്രുവായി പരിണമിക്കുമ്പോള്‍ പ്രതിപക്ഷ ഐക്യസാദ്ധ്യതകള്‍ എങ്ങിനെയൊക്കെയാവാം

മുമ്പു രണ്ടു വട്ടം (1977-ലും 1989-ലും) പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടപ്പോഴും അധികാരത്തിലിരുന്നത് കോണ്‍ഗ്രസ്സ് ആയിന്നു എന്നതാണ് ഇപ്പോഴുള്ളതില്‍ നിന്നുള്ള പ്രധാന വ്യത്യാസം. നരേന്ദ്ര മോദി ശക്തനായി അധികാരത്തിലേറിയ നാള്‍ മുതല്‍ പ്രതിപക്ഷം ഒന്നിക്കുന്നതിനെപറ്റി ചര്‍ച്ച തുടങ്ങിയിട്ടും കാര്യങ്ങള്‍ ഒരിടത്തുമെത്തിയിട്ടില്ല. അതിന്റെ കാരണം കോണ്‍ഗ്രസ്സും ഇപ്പോള്‍ പ്രതിപക്ഷത്താണ് എന്നത് തന്നെയാണോ? കോണ്‍ഗ്രസ്സ് അധികാരത്തിലിരിക്കുമ്പോള്‍ ഉടലെടുക്കാറുള്ള പ്രതിപക്ഷ ഐക്യം അവര്‍ കൂടി പ്രതിപക്ഷത്താകുമ്പോള്‍ സാധിതമാകുമോ എന്നറിയണമെങ്കില്‍ കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷകക്ഷികളുടെ സഖ്യ സാദ്ധ്യതകള്‍ പരിശോധിക്കണം.

പ്രാദേശിക കക്ഷികളുടെ ധ്രുവീകരണ സാദ്ധ്യത പരിശോധിക്കുമ്പോള്‍ പ്രധാനമായും നാലു വിഭാഗങ്ങളില്‍ പെടുത്താവുന്ന പ്രാദേശിക കക്ഷികളെ കാണുവാന്‍ കഴിയും. തങ്ങളുടെ തട്ടകത്തിലെ മുഖ്യഎതിരാളി കോണ്‍ഗ്രസ് ആണെന്നതിനാല്‍ ബി.ജെ.പിയോട് സഖ്യമാവാം എന്ന നിലപാടുള്ള ഒരു കൂട്ടര്‍. സ്വന്തം നാട്ടില്‍ എതിരിടേണ്ടത് ബി.ജെ.പി ആണെന്നതിനാല്‍ സഖ്യം കോണ്‍ഗ്രസിനോടാകാമെന്ന് മറ്റൊരു വിഭാഗം. കോണ്‍ഗ്രസിനോ - ബിജെപിയ്‌ക്കോ ഏതെങ്കിലും ഒരു പ്രബല ദേശീയ കക്ഷിയ്ക്കുമാത്രം ശക്തിയുള്ള സംസ്ഥാനങ്ങളിലെ പ്രമുഖ പ്രാദേശിക കക്ഷികളായ ഇവര്‍ സ്വന്തം തട്ടകത്തില്‍ തങ്ങള്‍ക്ക് എതിരിടേണ്ടത് കോണ്‍ഗ്രസോ ബിജെപിയോ എന്നതിന്റെ അടിസ്ഥാനത്തില്‍ എതിര്‍ചേരിയെ ആശ്ലേഷിക്കും.

കോണ്‍ഗ്രസ്സിനോ ബി.ജെ.പിക്കോ അധികാര സാദ്ധ്യത കൈവന്നാല്‍ ഇക്കൂട്ടര്‍ അനായാസേന അവരുടെ പാളയത്തില്‍ നിലയുറപ്പിക്കും. മറിച്ചായാല്‍, 'ബദല്‍' സാദ്ധ്യതകള്‍ക്കായി വാതിലുകള്‍ തുറന്നിടുകയ്യാണിവര്‍ക്ക് പഥ്യം. ഈ ഗണത്തില്‍പെടുന്ന ഭൂരിപക്ഷം കക്ഷികളും കോണ്‍ഗ്രസ്സ് എഴുതി തള്ളാനാവാത്ത ശക്തിയായി തുടരുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് എന്നതിനാല്‍ തന്നെ അവരിലേറെയും ബി.ജെ.പിയുമായി സഖ്യത്തിലായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ പ്രതിപക്ഷ ഐക്യത്തിനായി ഇക്കൂട്ടരില്‍ നിന്നും കാര്യമായിട്ടാരേയും പ്രതീക്ഷിക്കേണ്ടതില്ല.കോണ്‍ഗ്രസും ബി.ജെ.പിയും തനിച്ച് അത്ര ശക്തമല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രാദേശിക കക്ഷികളാണ് മൂന്നാം വിഭാഗം. രണ്ടു പ്രബല സംസ്ഥാന കക്ഷികള്‍ പരസ്പരം ഏറ്റുമുട്ടുന്ന ഇവിടെ മിക്കപ്പോഴും കാഴ്ച്ചക്കാര്‍ മാത്രമാവുന്ന കോണ്‍ഗ്രസും ബിജെപിയും ഇവരില്‍ പലര്‍ക്കും ഒരുപരിധിവരെ ശത്രുവോ മിത്രമോ അല്ല. കോണ്‍ഗ്രസ്സാണോ ബി.ജെ.പിയാണോ തങ്ങളുടെ പ്രാമാണ്യത്വം കൂടുതല്‍ അംഗീകരിക്കുന്നത് അവരുമായി ചങ്ങാത്തത്തിന് ഇവര്‍ തയ്യാര്‍! സംസ്ഥാനതലത്തിലെ തങ്ങളുടെ രാഷ്ട്രീയ എതിരാളിയോട് അസ്പര്‍ശ്യത ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയില്‍ മാത്രം വിട്ടുവീഴ്ച്ചയുണ്ടാവില്ല.

കോണ്‍ഗ്രസ്സിന്റേയും ബി.ജെ.പി.യുടേയും രക്ത സമ്മര്‍ദ്ദം ഒരേപോലെ കൂട്ടാന്‍ കഴിവുള്ള ഇക്കൂട്ടര്‍ക്കായിരുന്നു മുമ്പ്- (മുന്നണി രാഷ്ട്രീയം നില നിലവില്‍നിന്ന 1989 മുതലുള്ള കാല്‍ നൂറ്റാണ്ടുകാലം) - ഏറ്റവുമധികം വിലപേശല്‍ സാദ്ധ്യത ഉണ്ടായിരുന്നത്. എന്നാല്‍ കേവല ഭൂരിപക്ഷം നേടി ബി.ജെ.പി. കരുത്തരായി അധികാരമേറ്റത് ഇവിടെ പ്രാമാണ്യം വകവച്ചു കിട്ടാനുള്ള സാദ്ധ്യതകള്‍ കെടുത്തിയത് ഇക്കൂട്ടര്‍ക്ക് ബി.ജെ.പി.യെ അസ്വീകാര്യരാക്കി. ഒപ്പം അധികാര സാദ്ധ്യതകള്‍ അതി വിദൂരമാണെത് കോണ്‍ഗ്രസ്സിനോട് അവര്‍ക്ക് താല്‍പര്യം ജനിപ്പിക്കാതെയുമായി. മുഖ്യമായും അധികാര സാദ്ധ്യതകള്‍ക്കനുസൃതമായി സഖ്യങ്ങള്‍ രൂപപ്പെടുന്ന ഇവിടെനിന്നും ഫലത്തില്‍ കാര്യമായി ആരേയും കോണ്‍ഗ്രസ്സിനെ പ്രതിപക്ഷ ഐക്യത്തിനായി കൂട്ടാനാവാതെവന്നു.

ഏറെ സങ്കീര്‍ണ്ണവും അതിലേറെ പരിതാപകരവുമാണ് സിപിഎമ്മുള്‍പ്പെടുന്ന നാലാമതു വിഭാഗത്തിന്റെ സന്ദിഗ്ദ്ധാവസ്ഥ. തങ്ങള്‍ക്ക് എതിരിടേണ്ടത് കോണ്‍ഗ്രസിനെ (ഒപ്പം തൃണമൂലിനേയും) ആണെന്നതിനാല്‍ അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ചു പുലര്‍ത്തുകയും ഒപ്പം ബിജെപിയുമായി പ്രത്യക്ഷസഖ്യത്തിന് നിവൃത്തിയില്ലാത്തവരുമാണ് ഇക്കൂട്ടര്‍. മതേതര വോട്ടുബാങ്കുള്ള ഇവര്‍ക്ക് വര്‍ഗീയ കക്ഷികളെന്ന് വിവക്ഷിക്കപ്പെടാറുള്ളവരുമായി പ്രത്യക്ഷമായി സമരസപ്പെടാനാവില്ല; ഒപ്പം അവര്‍ക്ക് വേരോട്ടമുള്ളയിടങ്ങളില്‍ അവര്‍ക്ക് എതിരിടേണ്ടതാകട്ടെ മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസ്സിനെ. ഈ രാഷ്ട്രീയ സാഹചര്യമാണ് ബി.ജെ.പിയെയും കോഗ്രസ്സിനെയും ഒരുമിച്ച് അധികാരത്തിന് പുറത്തിരുത്തുക (!) എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ മൂന്നാംമുണി രൂപീകരണത്തില്‍ ശ്രമിക്കുവാന്‍ സി.പി.ഐഎമ്മുള്‍പ്പടെയുള്ള ചില കക്ഷികളെ എല്ലായ്‌പ്പോഴും നിര്‍ബന്ധിതരാകുന്നത്. ബദല്‍ മുന്നണി സ്വപ്നം പേറുന്ന ഇക്കൂട്ടര്‍ കോണ്‍ഗ്രസ്സ് കേന്ദ്രീകൃത ധ്രുവീകരണത്തിന് എക്കാലവും തടസം നില്‍ക്കുന്നു.

പ്രതിപക്ഷത്തെ ഏറെക്കുറെ പാടേ അവഗണിക്കുന്ന നരേന്ദ്രമോദിയുടെ നിലപാട് ബി.ജെ.പി.യെ വീണ്ടും 'മുഖ്യശത്രു' ആണെങ്കെിലും കോണ്‍ഗ്രസ്സ് ഒട്ടുമിക്കവര്‍ക്കും മിത്രമാവില്ല എന്ന വൈരുദ്ധ്യമാണ് മുന്‍ കാലങ്ങളില്‍ നിന്ന് വിഭിന്നമായി പ്രതിപക്ഷ ഐക്യ ശ്രമത്തെ ദുര്‍ബലപെടുത്തുന്നത് എന്ന് വേണം കരുതാന്‍. 16-ാം ലോക്‌സഭയിലെ സംഖ്യാബലത്തില്‍ തങ്ങളേക്കാള്‍ കോണ്‍ഗ്രസ്സ് ഏറെമുന്നിലല്ല എങ്കിലും, ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനുള്ള സ്വീകാര്യത തങ്ങളെക്കാള്‍ വലുതാണെന്ന ബോദ്ധ്യം പ്രാദേശിക കക്ഷികള്‍ക്കെല്ലാം ഉള്ളതാണ്. അതിലുപരി, കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവ് തങ്ങളുടെ പ്രസക്തി ഏറെ നഷ്ടമാക്കിയേക്കും എന്ന ബോദ്ധ്യവും അവരെ അലട്ടുകയും ചെയ്യുന്നു. ബി.ജെ.പി.യെ പുറത്തിരുത്തി കോണ്‍ഗ്രസ്സുമായി അധികാരം പങ്കിടാന്‍ അവസരം വന്നാല്‍ അതിന് തയ്യാറാണെങ്കിലും, വിശാല സഖ്യത്തിലൂടെ കോണ്‍ഗ്രസ്സിന്റെ ഉയര്‍ത്തെഴുനേല്‍പ്പിന് പാത്രമാകാന്‍ നിന്ന്‌കൊടുക്കാന്‍ കോണ്‍ഗ്രസ്സിതര പ്രതിപക്ഷ കക്ഷികള്‍ തയ്യാറാകാത്തതിന് കാരണം വേറൊന്നുമല്ല.

തങ്ങള്‍ക്ക് പ്രാമുഖ്യം വന്ന ഒരു പ്രതിപക്ഷ ഐക്യത്തിനേ പ്രാദേശിക കക്ഷികള്‍ക്കും സി.പി.ഐഎമ്മിനും താല്‍പര്യമുള്ളൂ എന്നതാണ് വാസ്തവം. അധികാരത്തിലിരിന്ന ബി.ജെ.പി.യെക്കൂടാതെ, അവഗണിക്കാനാവാത്ത ദേശീയ വേരോട്ടമുള്ള കോണ്‍ഗ്രസ്സ് പ്രതിപക്ഷനിരയിലും ഉണ്ടെന്നതാണ് മുന്‍പു പ്രതിപക്ഷ ഐക്യം രൂപപെട്ടപ്പോഴത്തേതിലും നിന്ന് സാഹചര്യം വ്യത്യസ്തമാക്കിയത്. കോണ്‍ഗ്രസ്സ് അധികാരത്തിലിരിക്കുമ്പോഴത്തേതു പോലെ പ്രതിപക്ഷ ഐക്യം സാധിക്കാതെ വന്നതിനു മുഖ്യ കാരണവും ഇതുതന്നെ. 1977-ലും 1989-ലും ഏറെക്കുറെ ഒരേനിലയുള്ള കുറച്ചു കക്ഷികള്‍ ഒന്നിച്ചു ചേരുകയായിരുന്നു. ഒരു പ്രബല കക്ഷിക്കു പിന്നില്‍ അണിനിരക്കുകയെന്ന വൈഷമ്യത അവരാരും നേരിട്ടിട്ടില്ല. ഇന്നിപ്പോള്‍, 'ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാനാവുമോ?' എന്നതാണ് കോണ്‍ഗ്രസ്സിന്റെ ചോദ്യം. ഇരുകൂട്ടരുടേയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ഇവിടെ ഒത്തുതീര്‍പ്പു സമവാക്യം രൂപപ്പെടുത്തുന്നതിന് തടസമായേക്കും.പ്രതിപക്ഷത്തിന്റെ ഈ അനൈക്യ സാദ്ധ്യതയെപറ്റി വ്യക്തമായ ബോദ്ധ്യം ഉള്ളതു കൊണ്ടാണു കൂടിയാണ് അവരെ തീരെ ഗൗനിക്കാത്ത ധാര്‍ഷ്ട്യ സമീപനം ബി.ജെ.പി. വച്ചു പുലര്‍ത്തുന്നത്. അനുരജ്ഞന പാത ശീലിച്ചിട്ടില്ലാത്ത മോദിയുടെ നേതൃത്വവും ദേശീയ രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ പരിചയക്കുറവും പ്രതിപക്ഷ അവഗണനാ ശൈലിക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇനിയിപ്പോള്‍ ഭരണ പക്ഷത്തിന്റെ ഈ നിഷേധാത്മക സമീപനം പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ വഴിമരുന്നിടുമോ എന്നതു മാത്രമേ അറിയേണ്ടതുള്ളൂ. പക്ഷേ, ആശയപരമായ യോജിപ്പിന്റെ സാദ്ധ്യതകള്‍ കണ്ടെത്താതെ 'ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കില്ലേ?' എന്ന ചോദ്യമാകും അപ്പോഴും അത് അവശേഷിപ്പിക്കുന്നത്. 1977-ലും, 1989-ലും പ്രതിപക്ഷം ഒന്നിച്ചപ്പോള്‍ തെരെഞ്ഞെടുപ്പു വിജയം നേടാനായെങ്കിലും, ഭരണ തലത്തില്‍ പരാജയപ്പെട്ടത് സൂചിപ്പിക്കുന്നത് മറ്റൊന്നമല്ല.

പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഒത്തു ചേര്‍ന്നത് കേവലം ഭരണ കക്ഷിക്കു മുന്‍പില്‍ വിലപേശല്‍ കരുത്തു നേടുന്നതിനോ താത്കാലികനേട്ടങ്ങള്‍ക്കു വേണ്ടിയോ ആകുന്നത്. സംശുദ്ധ രാഷ്ട്രീയമാണ് രാഷ്ട്രത്തിനാവശ്യമെന്ന തിരിച്ചറിവില്‍ സ്ഥായിയായ ലക്ഷ്യത്തോടെ, വ്യക്തമായ കാഴ്ചപ്പാടോടെ, ദീര്‍ഘ വീക്ഷണത്തോടെയുള്ള കൂടിചേരലുകളില്‍ മുഖ്യശത്രു ഇടയ്ക്കിടെ മാറിമറിയാവുന്നതല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories