TopTop
Begin typing your search above and press return to search.

ആദിവാസി ജീവിതത്തിനു പ്രഥമ പരിഗണന നല്കും; ഒ ആര്‍ കേളു എംഎല്‍എ/അഭിമുഖം

ആദിവാസി ജീവിതത്തിനു പ്രഥമ പരിഗണന നല്കും; ഒ ആര്‍ കേളു എംഎല്‍എ/അഭിമുഖം

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ.

പട്ടിക വര്‍ഗ്ഗ സംവരണ മണ്ഡലമായ മാനന്തവാടിയില്‍ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയെ തോല്‍പ്പിച്ചു നിയമസഭയിലെത്തിയ ഒ ആര്‍ കേളു എംഎല്‍എ അഴിമുഖം പ്രതിനിധി വിഷ്ണു എസ് വിജയനുമായി സംസാരിക്കുന്നു. മുന്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ആദിവാസി ക്ഷേമ സമിതി നേതാവുമാണ് കേളു.

വിഷ്ണു എസ് വിജയന്‍: മാധ്യമങ്ങളില്‍ മാത്രമാണ് നിയമസഭ കണ്ടിട്ടുള്ളത്.ഇപ്പോള്‍ ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ അവിടെയെത്തുവാന്‍ സാധിച്ചിരിക്കുന്നു. അതിനെ കുറിച്ച്...

ഒ ആര്‍ കേളു: ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ആണെങ്കില്‍ പോലും മുന്‍പ് പല തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. പല തിരഞ്ഞെടുപ്പുകളിലും സജീവമായി സ്ഥാനാര്‍ത്ഥിയുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തുവാനും തെരഞ്ഞെടുപ്പു പ്രചാരണത്തിന് കൃത്യമായി പ്രവര്‍ത്തിക്കുവാനും സാധിച്ചു. പിന്നെ എല്ലാ കാര്യങ്ങള്‍ക്കും സദാ ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൂടെ ഉണ്ടായിരുന്നു. നിയമസഭയില്‍ ആദ്യമായി എത്തിയപ്പോള്‍ വലിയ സന്തോഷം തോന്നി. നിങ്ങള്‍ പറഞ്ഞത് പോലെ മാധ്യമങ്ങളില്‍ മാത്രമാണല്ലോ ഇവിടം കണ്ടിട്ടുള്ളത്. ഒരിക്കലും വിചാരിച്ചിരുന്നില്ല, നിയമസഭാ സാമാജികനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന്.

വി: മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍?

കേ: മാനന്തവാടിയില്‍ ആദ്യ പരിഗണന ആരോഗ്യ മേഖലയ്ക്ക് തന്നെ. ആരോഗ്യ മേഖല ഇവിടെ മുഴുവന്‍ തകിടം മറിഞ്ഞു കിടക്കുകയാണ്. മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയുടെ അവസ്ഥ ഇപ്പോള്‍ ദയനീയമാണ്. അവിടം ഒന്ന് സജീവമാക്കി എടുക്കുവാന്‍ ആയിരിക്കും ആദ്യ പരിഗണന.

വി: മാനന്തവാടി ഒരു മലയോര മണ്ഡലമാണ്. ആദിവാസി മേഖലയും. അവിടുത്തെ അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടി എന്തെല്ലാം ചെയ്യാന്‍ പോകുന്നു?

കേ: വനമേഖലയാണ്, വന്യജീവി പ്രശ്നങ്ങള്‍ ഇവിടെ ഒരുപാടുണ്ട്. പിന്നെ അവരുടെ വിദ്യാഭ്യാസം, ആരോഗ്യം ഇതെല്ലാം ശ്രദ്ധിക്കണം. അതിനാണല്ലോ ജനങ്ങള്‍ ജയിപ്പിച്ചിരിക്കുന്നത്. പിന്നെ ഇപ്പോഴും അവര്‍ ഭൂസമരങ്ങളിലാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അമ്പതു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീടു വന്ന സര്‍ക്കാര്‍ അതില്‍ കാര്യമായ നടപടികള്‍ ഒന്നും കൈകൊണ്ടില്ല, ഭൂമിയില്ലത്തവര്‍ക്ക് ഭൂമി നല്‍കണം. തുക കിട്ടിയില്ലാത്തവര്‍ക്ക് തുക നല്‍കണം. അതിനോടൊപ്പം മാനന്തവാടി നഗരവികസനത്തിനും പ്രാധാന്യം നല്‍കും.വി: ആദിവാസി മേഖലയിലെ സ്കൂളുകളുടെ അവസ്ഥ ദയനീയമാണ് ഇപ്പോള്‍, പല സ്കൂളുകളും അടച്ച് പൂട്ടല്‍ ഭീഷണിയിലും...

കേ: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഇവിടെ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. വിദ്യാഭ്യാസ മേഖല മുഴുവന്‍ പൂര്‍ണ തകര്‍ച്ചയില്‍ ആയിരുന്നു. അപ്പോള്‍ ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളുടെ കാര്യം എങ്ങനെയായിരുന്നു എന്ന് അറിയാമല്ലോ. സ്കൂളുകളില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞു പോക്ക് വളരെ കൂടുതലാണ്. അവരെ വിദ്യാഭ്യസത്തിലേക്ക് കൂടുതല്‍ അടുപ്പിക്കേണ്ടതുണ്ട്. അതിനായ് ഇപ്പോള്‍ നിലവില്‍ ഉള്ള പ്രഭാത ഭക്ഷണ പദ്ധതികള്‍ തുടങ്ങിയ ആശയങ്ങള്‍ കൂടുതല്‍ പ്രായോഗികമായി നടപ്പിലാക്കുവാന്‍ ശ്രമിക്കും. പകല്‍ വീട് പോലുള്ള പദ്ധതികള്‍ പല പഞ്ചായത്തുകളിലും നടപ്പിലാക്കി വിജയിച്ചതാണ്. അതിനി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണം.

വി: മാനന്തവാടി നഗര വികസനം എന്ന് പറയുമ്പോള്‍?

കേ: അവിടുത്തെ അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടുക എന്നത് തന്നെയാണ്. പിന്നെ നമുക്ക് ഉള്ളിടത്തെ വികസനം നടത്തുവാന്‍ സാധിക്കുകയുള്ളൂ, മലയും കാടും ഇടിച്ചു നിരത്തിയുള്ള നഗരവത്കരണം അല്ല ഉദ്ദേശിക്കുന്നത്. അതിനു ഇന്നാട്ടുകാര്‍ സമ്മതിക്കുകയും ഇല്ല. ആവശ്യമുള്ള കാര്യങ്ങള്‍ മാത്രമേ ചെയ്യുകയുള്ളൂ. ഇടതു പക്ഷത്തിന്റെ പരിസ്ഥിതി നിലപാടുകള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്യുവാന്‍ ഉദ്ധേശിക്കുന്നില്ല.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു)


Next Story

Related Stories