TopTop
Begin typing your search above and press return to search.

വയനാട് മറ്റൊരു മൂന്നാറാവരുത്

വയനാട് മറ്റൊരു മൂന്നാറാവരുത്

രമേഷ്‌കുമാര്‍ വെള്ളമുണ്ട

ഹരിത വയനാടിന്റെ നില നിലനില്‍പ്പിനായി വയനാട് ജില്ലയില്‍ ബഹുനില കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടര്‍ വി.കേശവേന്ദ്രകുമാര്‍ ഉത്തരവിറക്കി. ഈ വര്‍ഷം മെയ് 27നും ജൂണ്‍ 17നും കൂടിയ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗങ്ങളിലുയര്‍ന്നു വന്ന നിര്‍ദ്ദേശ പ്രകാരം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് 2005ലെ സെക്ഷന്‍ 30(2), 30(2) വകുപ്പുകള്‍ പ്രകാരമാണ് ഉത്തരവിറക്കിയിട്ടുള്ളത്. മൂന്നാറിന് സമാനമായി വയനാട്ടില്‍ ഉയരുന്ന കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ക്ക് കടിഞ്ഞാണിടുക എതാണ് പുതിയ നിയന്ത്രണ നിയമങ്ങളുടെ ലക്ഷ്യം. എന്നാല്‍ കര്‍ഷകര്‍ക്കും മറ്റും വിനയാകുന്ന യാതൊന്നും നിയമത്തിലില്ലെന്ന് കളക്ടര്‍ പറയുന്നു.

ഉത്തരവില്‍ പറയുന്നത്

ഉത്തരവ് പ്രകാരം വൈത്തിരി ഗ്രാമപഞ്ചായത്തിലെ കുത്തിടവക വില്ലേജ് പൂര്‍ണ്ണമായും ഉള്‍ക്കൊളളുന്ന ലക്കിടി പ്രദേശത്ത് പരമാവധി ഇരു നില കെട്ടിടങ്ങളെ നിര്‍മ്മിക്കാന്‍ പാടുള്ളു. ഉയരം എട്ട് മീറ്ററില്‍ കവിയാന്‍ പാടില്ല. നഗരസഭാ പ്രദേശത്ത് പരമാവധി 15 മീറ്റര്‍ ഉയരത്തില്‍ അഞ്ച് നില കെട്ടിടങ്ങള്‍ വരെ പണിയാം. ഈ രണ്ടിലും ഉള്‍പ്പെടാത്ത പ്രദേശങ്ങളില്‍ പത്ത് മീറ്റര്‍ ഉയരത്തില്‍ കവിയാതെ മൂന്ന് നില കെട്ടിടം വരെ പണിയാം.

ഒരുപോലെ നിരപ്പുള്ള ഭൂമിയ്ക്കും ചെറിയ ചെരിവുള്ള ഭൂമിയ്ക്കും മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ ബാധകമാണ്. കുത്തനെ ചെരിവുള്ള ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന സുരക്ഷാ റിപ്പോര്‍ട്ട് പ്രകാരം കെട്ടിടത്തിന്റെ ഉയരത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.

കെട്ടിടനിര്‍മ്മാണത്തിന് ആവശ്യമായ വിവിധ അനുമതികള്‍ നല്‍കുന്ന ഗ്രാമപഞ്ചായത്ത്- മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ ഏജന്‍സികള്‍ മേല്‍പ്പറഞ്ഞ ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ഉത്തരവില്‍ പറയുന്നു.പരിധിക്കപ്പുറമുള്ള വ്യവസ്ഥകളോടെ ഇതിനകം അനുമതി വാങ്ങി നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞ കെട്ടിടങ്ങളുടെ കാര്യത്തില്‍ അവ നിര്‍ദ്ദിഷ്ട ഉയരപരിധി കഴിഞ്ഞിട്ടില്ലെങ്കില്‍ നിര്‍മ്മാണം പുതിയ ഉത്തരവ് പ്രകാരമുള്ള പരിധിയില്‍ ഒതുക്കണം. ഉയര പരിധി കഴിഞ്ഞു പോയെങ്കില്‍ ഇപ്പോഴുള്ള അവസ്ഥയില്‍ നിര്‍മ്മാണം നിര്‍ത്തണം.

പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച് ഏതെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് തര്‍ക്കമോ പരാതിയോ ഉണ്ടെങ്കില്‍ അത് കോര്‍ കമ്മിറ്റിയുടെ അവലോകനത്തിന് വിടാവുതാണ്. കോര്‍ കമ്മിറ്റി നിര്‍മ്മിതി പരിശോധിച്ച് വസ്തുതകള്‍ വിലയിരുത്തി തീരുമാനം കൈക്കൊള്ളും. ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റാണ് (എഡിഎം) കോര്‍ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍. പി.ഡബ്ല്യൂഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, ജില്ലാ ജിയോളജിസ്റ്റ്, ബന്ധപ്പെട്ട ഡി.എഫ്.ഒ, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ബന്ധപ്പെട്ട തഹസില്‍ദാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കല്‍പറ്റ മുനിസിപ്പാലിറ്റി സെക്രട്ടറി എന്നിവരാണ് കോര്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. സര്‍ക്കാര്‍ സംബന്ധിയായ ആവശ്യങ്ങള്‍ക്കോ മറ്റ് പ്രസക്തമായ പൊതു ആവശ്യങ്ങള്‍ക്കോ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനുള്ള അധികാരം ജില്ലാ ദുരന്തനിവാരണ അതോരിറ്റി അദ്ധ്യക്ഷനില്‍ നിക്ഷിപ്തമായിരിക്കും. കോര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പരിശോധിച്ചതിന് ശേഷമായിരിക്കും ചെയര്‍മാന്‍ ഈ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക.

വയനാട് ജില്ലയുടെ പാരിസ്ഥിതിക ദുര്‍ബലാവസ്ഥ പരിഗണിച്ചും അടുത്തിടെ ഉത്തരാഖണ്ഡ്, പൂനെ, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലുായ വന്‍ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലും പാരിസ്ഥിതിക സംരക്ഷണത്തിനായി അധികാരികള്‍ മുന്‍കൂട്ടി കൈക്കൊള്ളേണ്ട നടപടികള്‍ സംബന്ധിച്ച സുപ്രീംകോടതി-ഹൈക്കോടതി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഇത്തരമൊരു ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഉത്തരവ്‌
ഉടനടി പ്രാബല്യത്തില്‍ വന്നു.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories