TopTop
Begin typing your search above and press return to search.

ഒരേ മുഖം; യാതൊരു ത്രില്ലുമില്ലാത്ത ത്രില്ലര്‍; പിന്നെ കണ്ടുമടുത്ത കുറെ ക്യാമ്പസും

ഒരേ മുഖം; യാതൊരു ത്രില്ലുമില്ലാത്ത ത്രില്ലര്‍; പിന്നെ കണ്ടുമടുത്ത കുറെ ക്യാമ്പസും

സജിത് ജഗന്നാഥന്റെ 'ഒരേ മുഖ'ത്തിന്റെ ട്രയിലറിനും പാട്ടുകള്‍ക്കുമൊക്കെ നല്ല സ്വീകരണം കിട്ടിയിരുന്നു. 80-കളിലെ ഗൃഹാതുരത, കാമ്പസ്, ധ്യാന്‍ ശ്രീനിവാസന്റെ വ്യത്യസ്ത ലുക്ക് ഒക്കെ ഹിറ്റായി. ഇറങ്ങും മുമ്പെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വലിയ തോതില്‍ കൊണ്ടാടപ്പെടുന്ന പതിവ് ഒരേ മുഖവും ആവര്‍ത്തിച്ചു. ലൈസന്‍സ് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പടം തീയേറ്ററിലെത്തി.

പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ഒരു ത്രില്ലര്‍ ആണ് ഒരേ മുഖം. 80-കളിലെ ക്യാമ്പസ് ജീവിതത്തില്‍ തുടങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം തുടരുന്ന പകയുടെയും പ്രതികാരത്തിന്റെയും കഥയാണിത്. കോളേജിലെ ശ്രദ്ധാകേന്ദ്രമായ സഖറിയ പോത്തന്റെയും (ധ്യാന്‍) കൂട്ടുകാരുടെയും കാമ്പസ് ജീവിതത്തിനിടയില്‍ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നു (ആസ്വാദനത്തെ ബാധിക്കും എന്നതിനാല്‍ ത്രില്ലര്‍ രീതിയിലുള്ള കഥാഗതി കൂടുതല്‍ വിവരിക്കുന്നില്ല).

ത്രില്ലര്‍, കാമ്പസ് സിനിമകള്‍ക്ക് ഇവിടെ എന്നും മാര്‍ക്കറ്റുണ്ട്. ആ മാര്‍ക്കറ്റിനെ മുതലെടുക്കുക എന്നതുതന്നെയാണ് ഒരേ മുഖത്തിന്റേയും ലക്ഷ്യം. പരസ്പരം കൂടിച്ചേര്‍ന്ന് അന്വേഷണ മൂഡില്‍ പോകേണ്ട സിനിമയ്ക്ക് ഇടയ്ക്ക് വഴിതെറ്റി. കഥാഗതി വല്ലാതെ ഇഴഞ്ഞ് അയഞ്ഞു പോയി. നടന്‍മാരെ തെരഞ്ഞെടുത്തതു മുതല്‍ ഒരു ത്രില്ലര്‍ സിനിമയുടെ പ്ലോട്ടിന് ഒട്ടും ചേരാത്ത ഒരു ലാഘവത്വം ഒരേ മുഖത്തിനു വന്നിരുന്നു. പൂര്‍ണതയില്ലാത്ത രംഗങ്ങള്‍ സിനിമയിലുണ്ട്. പകയുടെയും പ്രതികാരത്തിന്റെയും തീവ്രത പ്രേക്ഷകരിലെത്തിക്കാന്‍ കഴിയാതെ പോയി. സിനിമയുടെ ഉദ്ദേശ ലക്ഷ്യം അതായിരുന്നിട്ടു പോലും; കേരളത്തിലെ കാമ്പസുകളെ കുറിച്ച് വളരെ ഉപരിപ്ലവമായ ചിത്രമാണ് ഒരേ മുഖവും തരുന്നത്. റാഗിംഗ് മുതല്‍ ഉള്ള എല്ലാ ക്രൈമുകളും വളരെ സ്വാഭാവികമായാണ് സിനിമയില്‍ വരുന്നത്. ബ്ലേഡ് നക്കിയടുപ്പിക്കല്‍ പോലുള്ള ക്രിമിനല്‍ സംഭവങ്ങളെയാണ് കേവല ഹാസ്യമായി ചിത്രീകരിച്ചിരിക്കുന്നത്. 'വലിയ പാദസരമിടുന്നത് വേശ്യകളാണ്' എന്ന ലൈനിലുള്ള കുറേ 'ഹീറോയിക്' ഡയലോഗുകളും ദ്വയാര്‍ത്ഥ ഹാസ്യങ്ങളും ഉണ്ട്. 'കാന്റീന്‍ ജീവനക്കാരി' എന്നാല്‍ ആര്‍ക്കും കയറി അശ്ലീലം പറയാവുന്ന അധഃകൃതയുമാണ്. ഇതിനെയൊക്കെ സ്വാഭാവിക ഹാസ്യമായി ചിരിച്ചു തള്ളാന്‍ മലയാള പ്രേക്ഷകര്‍ ശീലിച്ചിരിക്കുന്നു.പല ഘട്ടങ്ങളിലായി കടന്നുപോകുന്ന കഥയില്‍ ആ കാലഗണനയെ അടയാളപ്പെടുത്തുന്നതിലും സംവിധായകനും തിരക്കഥാകൃത്തുക്കളും പരാജയപ്പെട്ടു. 80 കളിലെ കാമ്പസ് വല്ലാതെ മുഴച്ചുനിന്നു. ക്ലാസ്‌മേറ്റ് ഹാങ്ങ് ഓവര്‍ പല രംഗങ്ങളിലും പ്രകടമായിരുന്നു. പിന്നിലേക്ക് പോയി കഥയെ ട്വിസ്റ്റ് ചെയ്യുന്ന രീതി ഒരേ മുഖത്തില്‍ വളരെ മടുപ്പുളവാക്കുന്നുണ്ട്. രണ്ടാം ഘട്ടവും കെട്ടുറപ്പില്ലാത്തതാണ്.

നല്ല കഥയെ ഒട്ടും കെട്ടുറപ്പില്ലാത്ത തിരക്കഥയാക്കിയതു പോലെ അനുഭവപ്പെട്ടു. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിംഗും പതിവിനു വിരുദ്ധമായി പരാജയപ്പെട്ടു. പാട്ടും പശ്ചാത്തല സംഗീതവും സംഭാഷണങ്ങളും ഒന്നും സ്പര്‍ശിക്കുന്നില്ല. ധ്യാന്‍ ശ്രീനിവാസനടക്കം ആര്‍ക്കും വലിയ സ്‌ക്രീന്‍ സ്‌പേസ് ഇല്ല.

കേവലമായ വിനോദം എന്നതാണ് ഒരേ മുഖം പോലൊരു ജനകീയ സിനിമ ലക്ഷ്യമിടുന്നത്. ആ രീതിയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുക എന്ന ലക്ഷ്യം ഈ സിനിമയ്ക്കും ഉണ്ടായിരിക്കണം. കാമ്പസ് സിനിമ, ഹാസ്യം തുടങ്ങിയ പ്രതീക്ഷകളും ശരാശരി പ്രേക്ഷകര്‍ക്ക് ഈ സിനിമയ്ക്കുമേല്‍ ഉണ്ടായിരുന്നു. പക്ഷേ അത്തരം പ്രതീക്ഷകളെ തീര്‍ത്തും ഇല്ലാതാക്കുന്ന അനുഭവമാണ് ഒരേ മുഖം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories