TopTop
Begin typing your search above and press return to search.

കരള്‍ തരാം, ഇത്തിരി കനിവു കാട്ടരുതോ? ആലിയ ഫാത്തിമയുടെ ജീവിതം നമ്മോട് പറയുന്നത്

കരള്‍ തരാം, ഇത്തിരി കനിവു കാട്ടരുതോ? ആലിയ ഫാത്തിമയുടെ ജീവിതം നമ്മോട് പറയുന്നത്

ഇതൊരു ചരിത്രമാണ്‌.

കണ്ണീരില്‍ അലിഞ്ഞു തീരുമായിരുന്ന ഒരു കുഞ്ഞു ജീവനെ കണ്ണിമ ചിമ്മാതെ കാവല്‍ നിന്ന്‌ ജീവിതത്തിലേക്ക്‌ കൂട്ടിക്കൊണ്ടു വരുന്ന അപൂര്‍വത. കേരള ഹൈക്കോടതിയുടെ ചരിത്രത്തില്‍ തന്നെ ഒരുപക്ഷേ ഇത്തരമൊരു ഇടപെടല്‍ ഉണ്ടായിട്ടുണ്ടാവില്ല.

കഴിഞ്ഞ വര്‍ഷം അവസാനമാണ്‌ തിരുവനന്തപുരം സ്വദേശി ബഷീര്‍ ഒരു ഹേബിയസ്‌ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്‌. സാധാരണഗതിയില്‍ മക്കള്‍ ഒളിച്ചോടുമ്പോള്‍ കണ്ടെത്താനുള്ള നിയമമാര്‍ഗ്ഗമായാണ്‌ ഹേബിയസിനെ സമൂഹം ഉപയോഗപ്പെടുത്തുന്നത്‌. ബഷീറിന്റെ ഹര്‍ജി പക്ഷേ വ്യത്യസ്‌തമായിരുന്നു. ബഷീറിന്റെ ഒമ്പതു മാസം പ്രായമുള്ള ഒരു കുഞ്ഞിന്-പേര്‌ ആലിയ ഫാത്തിമ-ഗുരുതരമായ കരള്‍ രോഗത്തെത്തുടര്‍ന്ന്‌ കരള്‍ മാറ്റിവെക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടും കുടുംബ വഴക്കിന്റെ പേരില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ഭാര്യയും ഭാര്യാപിതാവും സമ്മതിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിയിലെ പരാതി. ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ വച്ചുള്ള പകിട കളിയുടെ അപകടം നൊടിയിടയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‌ പിടികിട്ടി. പിന്നീടിങ്ങോട്ടുനടന്നതത്രയും ചരിത്രമാണ്‌.

കുഞ്ഞിന്റെ ചികിത്സ സംബന്‌ധിച്ച മേല്‍നോട്ടം ഒരു രക്ഷിതാവിനെപ്പോലെ ഹൈക്കോടതി ഏറ്റെടുത്തു. ജസ്റ്റിസ്‌ സി.കെ. അബ്‌ദുള്‍ റഹീം, ജസ്റ്റിസ്‌ ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ ചികിത്സയുടെ ഓരോഘട്ടത്തിലും വീട്ടുകാരണവരെപ്പോലെ ഇടപെട്ടു.പരാതിക്കാരനായ പിതാവിനെയും അമ്മയെയുമൊക്കെ മാറ്റി നിറുത്തി തിരുവനന്തപുരം സിറ്റി പൊലീസ്‌ കമ്മിഷണര്‍ക്കായിരുന്നു ആദ്യ സന്ദേശം. കുഞ്ഞിനെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക. ആവശ്യമെങ്കില്‍ ചൈല്‍ഡ്‌ ലൈനിന്റെ സഹായം തേടണം. തീര്‍ന്നില്ല, ചികിത്സാ സഹായത്തിന്‌ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നായി അടുത്ത നിര്‍ദ്ദേശം. കരള്‍ ദാതാവിനെ കണ്ടെത്തിയപ്പോള്‍ വീണ്ടും നിയമപ്രശ്‌നം. അവയവദാനത്തിന്‌ തയ്യാറായ പൂജപ്പുര സ്വദേശിനിയായ ശ്രീരഞ്‌ജിനിയുടെ ഭര്‍ത്താവ്‌ സമ്മതപത്രം പിന്‍വലിച്ചു. കരള്‍മാറ്റി വെക്കല്‍ ശസ്‌ത്രക്രിയ നടക്കാതാവുമെന്ന ഘട്ടം വന്നപ്പോള്‍ കുഞ്ഞിന്റെ ചികിത്സാച്ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം കിംസ്‌ ആശുപത്രി അധികൃതര്‍ പ്രശ്‌നം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ എത്തിച്ചു. നിയമമനുസരിച്ച്‌ ഭാര്യ അവയവദാനത്തിന്‌ തയ്യാറായാല്‍ ഇതിനനുമതി നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള വിദഗ്‌ദ്ധ സമിതിക്കു മുമ്പില്‍ ഭര്‍ത്താവും ഹാജരായി സമ്മതം നേരിട്ട്‌ അറിയിക്കണം. ആലിയ ഫാത്തിമയുടെ കാര്യത്തില്‍ വിദഗ്‌ദ്ധ സമിതിക്കു മുമ്പില്‍ ശ്രീരഞ്‌ജിനിയുടെ ഭര്‍ത്താവ്‌ അനുമതിയില്ലെന്ന്‌ പറഞ്ഞാല്‍ ശസ്‌ത്രക്രിയ നടക്കില്ലെന്ന സത്യം ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. പക്ഷേ ഡിവിഷന്‍ ബെഞ്ച്‌ ഉറച്ച തീരുമാനത്തിലായിരുന്നു. നിയമപരമായി അവയവദാനം നടത്തുന്നതിനു വേണ്ടി രൂപം നല്‍കിയ നിയമത്തിലോ ചട്ടത്തിലോ ഇത്തരമൊരു അനുമതി വേണമെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ അടിവരയിട്ടു ചൂണ്ടിക്കാട്ടി. ഇതോടെ ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടു.ഇന്നിപ്പോള്‍ കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ മൂന്നു മാസം പിന്നിട്ട ആലിയ എന്ന കുഞ്ഞ്‌ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ്‌. ഒരുപക്ഷേ മാരകമായ കരള്‍ രോഗത്തെത്തുടര്‍ന്ന്‌ ഈ ലോകം വിട്ട്‌ മടങ്ങിപ്പോകുമായിരുന്ന ഒരു കുഞ്ഞു മാലാഖയെ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്ന കേരള ഹൈക്കോടതിയുടെ ധീരമായ തീരുമാനങ്ങള്‍ക്കും ഉത്തരവുകള്‍ക്കുമാണ്‌ ഇവിടെ പ്രസക്തി. ഇനിയങ്ങോട്ട്‌ ഒരുപാടു ജീവിതങ്ങള്‍ക്ക്‌ വഴികാട്ടാനുതകുന്ന ഒരു തിരി വെളിച്ചമാണ്‌ ബഹുമാനപ്പെട്ട ഹൈക്കോടതി തെളിച്ചത്‌.

അവയവദാനമെന്ന മഹാദാനത്തിന്റ പ്രസക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും നിരവധി ബോധവത്‌കരണ പരിപാടികള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്‌. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിയെ പോലെയുള്ളവര്‍ സ്വന്തം ജീവിതം കൊണ്ട്‌ ഇത്തരം മഹാദാനങ്ങളുടെ പ്രസക്തി സമൂഹത്തിന്‌ കാട്ടിത്തന്നിട്ടുമുണ്ട്‌. പക്ഷേ, അവയവദാനത്തിനുള്ള നൂലാമാലകളും നിയമത്തിന്റെ പേരില്‍ നടത്തുന്ന സര്‍ക്കസുകളും പലപ്പോഴും ഈ സദുദ്ദേശ്യത്തെ തകര്‍ത്തു കളയുന്നുണ്ട്‌. ഇവിടെയാണ്‌ ഹൈക്കോടതി ഉത്തരവിന്റെ പ്രസക്തി. ഒരാള്‍ അവയവദാനത്തിന്‌ തയ്യാറായാല്‍ അവയവം സ്വീകരിക്കുന്നയാളും ദാതാവും വില്ലേജ്‌ ഓഫീസ്‌ മുതല്‍ കയറിയിറങ്ങണം. പൊലീസ്‌, റവന്യു അധികൃതരെയൊക്കെ ബോധ്യപ്പെടുത്തി അവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുമായി വിദഗ്‌ദ്ധ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ സമിതിക്കു മുന്നില്‍ യഥാവിധി അപേക്ഷ സമര്‍പ്പിക്കണം. മാസത്തിലൊരിക്കലോ മറ്റോ സൗകര്യം കിട്ടിയാല്‍ ചേരുന്ന ഈ സമിതി ഒരു സിറ്റിംഗില്‍ പരമാവധി പരിഗണിക്കുന്ന ഫയലുകളുടെ എണ്ണം അനൗദ്യോഗിമായി നിശ്‌ചയിച്ചിട്ടുണ്ട്‌. ഇതിനു പുറത്തുള്ളവ തള്ളിക്കളയുകയോ, അടുത്ത കമ്മിറ്റിയിലേക്ക്‌ മാറ്റുകയോ ചെയ്യും. ഈ കടമ്പയൊക്കെ കടന്നു വേണം അവയവം ദാനം ചെയ്‌ത്‌ ഒരാളുടെ ജീവന്‍ രക്ഷിച്ചെടുക്കാന്‍.

ഈ നടപടിക്രമങ്ങളിലൊന്നായിരുന്നു ഭാര്യയുടെ അവയവദാനത്തിന്‌ ഭര്‍ത്താവിന്റെ അനുമതി വേണമെന്ന ഏര്‍പ്പാട്‌. നിയമത്തിലോ ചട്ടത്തിലോ ഇങ്ങനെ പറയുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി ആലിയയുടെ കാര്യത്തില്‍ ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയപ്പോള്‍ അനാവശ്യമായി കഴിഞ്ഞകാലങ്ങളില്‍ തുടര്‍ന്നു വന്ന ഈ ഏര്‍പ്പാട്‌ എത്രപേരെ ബാധിച്ചിട്ടുണ്ടെന്ന്‌ ഓര്‍ത്തു നോക്കണം.

നമ്മുടെ നിയമങ്ങള്‍ ഇക്കാര്യത്തില്‍ ലളിതമാണെങ്കില്‍പോലും നിയമം നടപ്പാക്കുന്നവര്‍ പലപ്പോഴും ഇക്കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണ്‌. എന്തിനാണ്‌ സാര്‍ ഇത്രയും സര്‍ട്ടിഫിക്കറ്റുകള്‍ ? എന്തിനാണ്‌ ഇത്രയും കടമ്പകള്‍? ഒരു രോഗമെന്ന ഗതികേടില്‍ മുങ്ങിത്താഴ്‌ന്ന്‌ ജീവിതത്തിലേക്ക്‌ തിരിച്ചു വരാനുള്ള ഒരു കുടുംബത്തിന്റെ അവസാനത്തെ പ്രതീക്ഷയെ എങ്ങനെയാണ്‌ സാര്‍ നിങ്ങള്‍ക്ക്‌ ഒരു ദയയുമില്ലാതെ ചവിട്ടിത്താഴ്‌ത്താന്‍ കഴിയുക!അവയവദാനം ഒരു കച്ചവടമായി മാറാതിരിക്കാനുള്ള മുന്‍കരുതലാണെന്നാണ്‌ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി അധികൃതര്‍ മാറിമാറി പറഞ്ഞു തരുന്നത്‌. പക്ഷേ സാര്‍, ഈ ചട്ടങ്ങളും നിയമങ്ങളും കര്‍ശനമായി നടപ്പാക്കുമ്പോഴും അവയവദാനത്തിന്റെ പേരില്‍ കച്ചവടമാണ്‌ നമുക്ക്‌ ചുറ്റും നടക്കുന്നത്‌. ഇതു തടയാന്‍ മറ്റേതെങ്കിലും തരത്തില്‍ ഫലപ്രദമായ ഇടപെടലാണ്‌ വേണ്ടതെന്ന്‌ എങ്ങനെയാണ്‌ നിങ്ങളെ പറഞ്ഞു മനസിലാക്കുക ? അവയവദാനം കച്ചവടമല്ലെന്നു പരിശോധിച്ച്‌ ഉറപ്പാക്കാന്‍ ഇത്രയും നടപടിക്രമങ്ങള്‍ എന്തിനാണ്‌?

പൊലീസും റവന്യുവുമൊക്കെ പലകുറി സാക്ഷ്യപ്പെടുത്തിയാലും മതിയാകാതെ പിന്നെയും വിദഗ്‌ദ്ധ സമതി അപേക്ഷകള്‍ തള്ളിക്കളയുന്നതെന്തിനാണ്‌? ഇതിനൊന്നും സര്‍ക്കാരിനോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വിദഗ്‌ദ്ധ സമിതികള്‍ക്കോ ഉത്തരമില്ല. കാലങ്ങളായി തുടര്‍ന്നു വരുന്ന രീതി അനാചാരമാണെന്നറിഞ്ഞിട്ടും തുടര്‍ന്നുകൊണ്ടേയിരിക്കുക.

ഇവിടെയാണ്‌ ആലിയ ഫാത്തിമയുടെ കഥയ്‌ക്ക്‌ പ്രസക്തി. ഹൈക്കോടതി ഇടപെട്ടിരുന്നില്ലെങ്കില്‍ ആലിയ ഫാത്തിമയെന്ന ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിന്റെ ശസ്‌ത്രക്രിയ മൂന്നോ നാലോ മാസം കൊണ്ട്‌ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമായിരുന്നില്ല. ആലിയയുടെ കാര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്‌ദ്ധസമിതി അടിയന്തരമായി യോഗം ചേര്‍ന്ന്‌ അനുകൂല തീരുമാനം എടുക്കണമെന്ന്‌ ഹൈക്കോടതി തന്നെ ഉത്തരവിട്ടു.

സാര്‍, എത്രയോ കാലമായി ഭാര്യയുടെ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ, ഇനിയുമല്ലെങ്കില്‍ സ്വന്തം കുഞ്ഞിന്റെ അവയവം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു വേണ്ടി മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആഫീസുകളിലും കയറിയിറങ്ങുന്നവര്‍ നമുക്കിടയിലുണ്ട്‌. അവര്‍ക്ക്‌ ജീവിതം ഇന്നുറങ്ങി നാളെയുണരുന്ന സുന്ദര സ്വപ്‌നമൊന്നുമല്ല, മറിച്ച്‌ കണ്ണീരു വറ്റിയൊടുവില്‍ ചോര കിനിഞ്ഞു കവിളിലൂടെ ഒഴുകുന്ന, പൊള്ളുന്ന യാഥാര്‍ത്‌ഥ്യമാണ്‌. ആരു കേള്‍ക്കാന്‍, കരളും വൃക്കയും ഹൃദയവും വരെ മാറ്റിവെക്കാം, അതേപോലെ മനുഷ്യത്വവും സ്‌നേഹവും കരുണയുമൊന്നും പകര്‍ന്നു നല്‍കാനാവില്ലല്ലോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories