TopTop
Begin typing your search above and press return to search.

ജൈവകൃഷി; അസംബന്ധം പറയരുത്, അത് മന്ത്രിയാണെങ്കിലും

ജൈവകൃഷി; അസംബന്ധം പറയരുത്, അത് മന്ത്രിയാണെങ്കിലും

ടി കെ സുജിത്ത്

മാതൃഭൂമി ചാനലിലെ അകംപുറം പരിപാടിയില്‍ ജൈവകൃഷിയെക്കുറിച്ച് കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍ ഉന്നയിച്ച അഭിപ്രായങ്ങളും അദ്ദേഹത്തിന്റെ ഇടപെടലുകളും കാണുമ്പോള്‍ അദ്ദേഹം സ്ഥിരമായി ഉപയോഗിച്ച വാക്കുകള്‍ തന്നെയാണ് ആ പ്രകടനത്തെ വിശേഷിപ്പിക്കാന്‍ ചേരുക എന്ന് ബോദ്ധ്യപ്പെടും, അതെ, അസംബന്ധം എന്നതാണ് അതിന് യോജിച്ച വാക്ക്. അതിന് കുടപിടിക്കാന്‍ തണലിന്റെ ശ്രീധറുമുണ്ടായിരുന്നു. ഇദ്ദേഹമൊക്കെ ഉപദേശകരായിരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെ ഓര്‍ത്ത് നാം ഭയപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു...

പണ്ടുകാലത്ത് കുറവായിരുന്ന കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം ഇന്ന് കൂട്ടിയത് രാഷ്ട്രീയത്തിന്റെ ഇടപെടലാണെന്നതാണ് മന്ത്രി അത്രയും പറഞ്ഞതില്‍ ശരിയായ ഏക കാര്യം. അതും അദ്ദേഹം രവിചന്ദ്രന്റെ വാദങ്ങളെ പരോക്ഷമായി അംഗീകരിച്ചുകൊണ്ടുതന്നെയാണ്. എല്ലാവര്‍ക്കും ഭക്ഷണവും ആധുനിക ചികിത്സയും വിദ്യാഭ്യാസവും രാഷ്ട്രീയ പ്രക്രിയയിലൂടെ ലഭിച്ചതുകൊണ്ടാണ് കേരളത്തിലെ മനുഷ്യരുടെ ശരാശരി ആരോഗ്യം വര്‍ദ്ധിച്ചത്. അല്ലാതെ ജൈവ പാവയ്ക്ക പുഴുങ്ങി തിന്നിട്ടോ ഹോമിയോ മരുന്ന് കുടിച്ചിട്ടോ അല്ല.

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന സംഗതി ജൈവകൃഷി ലോബി കേരളത്തില്‍ നടത്തിവരുന്ന തെറ്റായ പ്രചരണത്തെ തുറന്ന് കാട്ടണം എന്നതാണ്. അവര്‍ പ്രചരിപ്പിക്കുന്നത് കീടനാശിനികള്‍ കാന്‍സറിന് പ്രധാന കാരണമാണെന്നും കീടനാശിനികളടിച്ച പച്ചക്കറി ഭക്ഷണത്തിന്റെ ഭാഗമായതിനാലാണ് കേരളത്തില്‍ ഇത്രയും കാന്‍സര്‍ വര്‍ദ്ധിക്കുന്നതെന്നുമാണ്.

ഈ ചര്‍ച്ചയില്‍ ആയുര്‍ദൈര്‍ഘ്യത്തിനനുസരിച്ചാണ് കാന്‍സറിന്റെ സാദ്ധ്യത കൂടുന്നതെന്നും വികസിത രാജ്യങ്ങളിലെ പഠനം അത് കാണിക്കുന്നുണ്ടെന്നും ആ വര്‍ദ്ധന ഏതാണ്ട് സ്വാഭാവികമാണെന്നും ഉള്ള രവിചന്ദ്രന്റെ വാദത്തെ ആക്ഷേപിക്കാനായി ആര്‍.സി.സി യിലെ കുട്ടികളുടെ വാര്‍ഡില്‍ ചെന്ന് നോക്കാന്‍ കുട്ടികള്‍ക്കും കാന്‍സര്‍ വരുന്നുണ്ടെന്നത് കാണാന്‍ മന്ത്രി ആവശ്യപ്പെടുന്നുണ്ട്. കുട്ടികള്‍ എത്രത്തോളം പച്ചക്കറി കഴിക്കുന്നുണ്ട്, കുട്ടികള്‍ക്ക് കാന്‍സര്‍ വരുന്നതും വിഷമടിച്ച പച്ചക്കറി കഴിച്ചിട്ടാണോ എന്നൊക്കെ അദ്ദേഹത്തോട് തിരിച്ച് ചോദിക്കാവുന്നതാണ്.ആ വീഡിയോയില്‍ തന്നെ കാണാന്‍ കഴിയുന്ന സംഗതി തമിഴ്‌നാട്ടിലെ വിപണികളില്‍ / പാടങ്ങളില്‍ വില്‍പ്പനയ്ക്കായി വിളകള്‍ ശേഖരിക്കുമ്പോഴാണ് അവ കീടനാശിനികളില്‍ മുക്കുന്നതെന്നാണ്. അതായത് കൃഷി ചെയ്യുന്ന സമയത്ത് ഉപയോഗിച്ച കീടനാശിനയല്ല, വിളകള്‍ വിപണിക്കുവേണ്ടി സംസ്‌കരിക്കുമ്പോള്‍, പ്രിസര്‍വ് ചെയ്യുമ്പോള്‍, സ്‌റ്റോക്ക് ചെയ്യുമ്പോള്‍ കേടാകാതിരിക്കാന്‍ ചേര്‍ക്കുന്ന കീടനാശിനിയാണ് പ്രശ്‌നമെന്ന് പരിപാടിയുടെ ഭാഗമായി കാണിക്കുന്ന വീഡിയോ തന്നെ വ്യക്തമാക്കുന്നുണ്ടെന്നതാണ്.

കൃഷി ചെയ്യുന്ന സമയത്ത് ഉപയോഗിച്ചാല്‍, വിള പാകമാകുമ്പോള്‍ അതിന്റെ ശക്തി സ്വാഭാവികമായി നശിക്കുന്ന നിര്‍വ്വീര്യമാകുന്ന തരത്തിലാണ് കാര്‍ഷിക വിളകള്‍ക്ക് തളിക്കുന്ന ആധുനിക കീടനാശിനികളെല്ലാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൃഷിചെയ്യുന്ന സമയത്ത് കീടനാശിനി ഉപയോഗിച്ചാല്‍ തന്നെ അത് വിളവ് പാകമാകുന്ന കാലമെത്തുമ്പോള്‍ നിര്‍വ്വീര്യമായിപ്പോകണം. അതാണ് ഇപ്പോള്‍ കീടനാശിനി നിര്‍മ്മാണത്തിലെ പ്രധാന നിബന്ധന. എന്നാല്‍ വിളകള്‍ പറിച്ച ശേഷം അതില്‍ കീടങ്ങള്‍ വന്ന് ചീഞ്ഞുപോകാതിരിക്കാന്‍ കീടനാശിനി തളിച്ചാല്‍, ആ പച്ചക്കറി മാര്‍ക്കറ്റിലും നമ്മുടെ വീട്ടിലും എത്തുന്ന പരിമിതമായ സമയത്തിനുള്ളില്‍ ഈ നിര്‍വ്വീര്യമാക്കല്‍ പ്രക്രിയ നടക്കില്ല. അതായത് കര്‍ഷകര്‍ 'കീടനാശിനി ഉപയോഗിച്ച് കൃഷി ചെയ്യുന്ന' പച്ചക്കറിയല്ല വില്ലന്‍ മറിച്ച് കച്ചവടക്കാര്‍ 'കീടനാശിനി തളിച്ച് വിപണിയിലെത്തിക്കുന്ന' പച്ചക്കറിയാണ് വില്ലന്‍ എന്ന് പറയാം.

ഇത്തരം പച്ചക്കറി ഉപയോഗിക്കുന്നതിലൂടെ കാന്‍സര്‍ വരുന്നുണ്ട് എന്ന് പ്രചരിപ്പിക്കുന്ന ജൈവകൃഷി ലോബി ചെയ്യുന്നത് കൃഷിയിലെ കീടനാശിനി പ്രയോഗം അപ്പാടെ നിരോധിക്കണം എന്നാവശ്യപ്പെടുകയാണ്. ഇത് കള്ള പ്രചരണമല്ലാതെ മറ്റെന്താണ് ? തലവേദനയ്ക്ക് തലതന്നെ വെട്ടിമാറ്റണം എന്ന വാദത്തിന് തുല്യമാണിത്. പച്ചക്കറികള്‍ കേടാകാതെയിരിക്കാന്‍ തളിക്കുന്ന ഈ കീടനാശിനികള്‍ ഇല്ലാതാക്കാന്‍ കേവലം അഡ്മിനിസ്‌ട്രേറ്റീവ് ആക്ഷന്‍ കൊണ്ട് കഴിയും. ഇത്തരത്തില്‍ കീടനാശിനി തളിച്ച് എത്തിക്കുന്ന പച്ചക്കറി കണ്ടുപിടിക്കാനുള്ള സംവിധാനം തമിഴ്‌നാട് അതിര്‍ത്തിയില്‍ വ്യാപകമായി ഒരുക്കുക. അത്തരം പച്ചക്കറികള്‍ കേരളത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുക. അനുസരിച്ചില്ലെങ്കില്‍ തിരിച്ചയയ്ക്കുക. ഒരു മാസം കൃത്യമായി ഇത് ചെയ്താല്‍ തന്നെ പച്ചക്കറി കേടാകാതെ കേരള വിപണിയിലെത്തിക്കാന്‍ ശീതീകരിച്ച വാഹനമുള്‍പ്പെടെ ബദല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടുകാര്‍ അന്വേഷിച്ചോളും.അതിന് പകരം ആധുനിക കൃഷിമൊത്തം രാസ കീടനാശിനികളില്‍ മുങ്ങിക്കുള്ളിച്ച് നില്‍ക്കുകയാണ്. ആ ആധുനിക പച്ചക്കറി വിഷം കഴിക്കുന്ന എല്ലാവര്‍ക്കും കാന്‍സര്‍ വരും എന്നൊക്കെയുള്ള ഫീയര്‍ മോങ്കറിംഗ് നടത്തി എന്ത് വിലകൊടുത്തും ജൈവ പച്ചക്കറി വാങ്ങിപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്ക് രാഷ്ട്രീയ നേതൃത്വം കൂട്ടുനില്ക്കാന്‍ പാടില്ല.

ഇങ്ങനെ പറയുമ്പോള്‍ സിപിഐ (എം) നേതൃത്വത്തിലുള്ള ജനകീയ പച്ചക്കറി കൃഷിക്കും കേരളത്തിലുടനീളം വളര്‍ന്നുവരുന്ന കാര്‍ഷിക കൂട്ടായ്മയ്കും എതിരല്ലേ സര്‍ക്കാരിന്റെ തന്നെ ജൈവകൃഷി നയത്തിന് എതിരല്ലേ ഈ നിലപാടെന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ സമൂഹത്തില്‍ നടക്കേണ്ട സംവാദങ്ങള്‍ ശാസ്ത്രീയ കാഴ്ചപ്പാടിന്റെ അടിയസ്ഥാനത്തിലാവണം. അതിന് പകരം ഭാവനകളും ഊഹാപോഹങ്ങളും അതിശയോക്തികളും പ്രചരിപ്പിക്കുന്നത് അപകടത്തിലേക്കും ആത്യന്തികമായി ജനതയെ വഴിതെറ്റിക്കുന്നതിലേക്കും നയിക്കുകയേയുള്ളു.

ജനകീയ കാര്‍ഷിക സംരംഭങ്ങളും ജൈവപച്ചക്കറി സംരംഭങ്ങളും രണ്ടായിത്തന്നെ കാണണം. ശരിക്കും നവീന കാര്‍ഷിക രീതികള്‍ നമ്മുടെ നാട്ടില്‍ ഇനിയും ശരിയായ രൂപത്തില്‍ ചര്‍ച്ചയായിട്ടില്ല. നടപ്പായിട്ടില്ല. ആധുനിക കൃഷി എന്നപേരില്‍ മുതലാളിത്ത കൊള്ളലാഭകൃഷി ആണ് നാട്ടില്‍ നടന്നുവന്നത്. അതിനെതിരായ ഒരു പ്രതികരണമായിക്കൂടിയാണ് ജൈവകൃഷിയെ ചിലര്‍ കാണുന്നത്. എന്നാല്‍, മുതലാളിത്തതിനെതിരെ, സാമ്രാജ്യത്വത്തിനെതിരെ മൗലികവാദപരമായ നിലപാടുകള്‍ സ്വാഗതം ചെയ്യപ്പെടുന്നതിന് സമാനമാണത്. യഥാര്‍ത്ഥത്തില്‍ വളര്‍ന്നുവരേണ്ടത് ഒരു ജനകീയ ശാസ്ത്രീയ കാര്‍ഷിക കാമ്പയിന്‍ ആണ്. ഓരോ പ്രദേശത്തെയും മണ്ണ് അതത് സമയത്ത് പരിശോധിച്ച് രാസവളവും ജൈവവളവും എത്രതോതില്‍ ഉപയോഗിക്കണം എന്ന് കണ്ടെത്തി, കര്‍ശനമായ നിയന്ത്രണത്തില്‍ മാത്രം അവയും കീടനാശിനികളും ഉപയോഗിക്കുന്ന ഗുഡ് അഗ്രികള്‍ച്ചര്‍ പ്രാക്ടീസ് ഉണ്ടാകണം. അതിന് പകരം ജൈവകൃഷി മാത്രമാണ് ശരിയെന്ന പ്രചരണം വളരെ വേഗം ആശയവാദ പശ്ചാത്തലത്തിലേക്ക് വഴുതിപോകത്തേയുള്ളു. ആ അപകടം കാണാതിരുന്നുകൂട...

ചാനല്‍ ചര്‍ച്ച ഈ ലിങ്കില്‍ കാണാം : http://mathrubhuminews.in/ee/Programs/Episode/27019/akam-puram-episode-1631/E

(ആലപ്പുഴ Lawyers Fraterntiy-യിലെ അസോഷ്യേറ്റ് ലോയര്‍ ആണ് അഡ്വ. ടി കെ സുജിത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories