TopTop

ജൈവലോബിയെന്ന്‍ വിമര്‍ശിക്കുന്ന യാഥാസ്ഥിതിക കൃഷി ലോബിക്കാര്‍ അറിയാന്‍

ജൈവലോബിയെന്ന്‍ വിമര്‍ശിക്കുന്ന യാഥാസ്ഥിതിക കൃഷി ലോബിക്കാര്‍ അറിയാന്‍

ജൈവ കൃഷിയുടെ വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും മുറുകുമ്പോള്‍ തന്നെയാണ് ഈ കൃഷി രീതിയെ വിമര്‍ശിച്ചുകൊണ്ടുള്ള വാദങ്ങളും ഉയരുന്നത്. ഈ വാദക്കരുടെ പ്രധാന ആരോപണങ്ങളിലൊന്ന് കേരളത്തിലൊരു ജൈവലോബി നിലനില്‍ക്കുന്നുണ്ട് എന്നതാണ്. ഈ ലോബി കുത്സിത ശ്രമത്തിലൂടെ മറ്റ് കൃഷിരീതികളെ തകര്‍ക്കാന്‍ ശ്രമം നടത്തുകയാണെന്നും ആരോപണം വരുന്നു. ജൈവകൃഷിയെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന മറ്റു ചില കാര്യങ്ങള്‍ ഇവയാണ്- (1)വലിയ രീതിയില്‍ ഉത്പന്നങ്ങള്‍ വേണ്ടിടത്ത് ഓര്‍ഗാനിക് ഫാമിംഗിലൂടെയുള്ള ഉത്പാദനം പര്യാപ്തമല്ല. (2)കീടനാശിനി തളിക്കുന്നത് കര്‍ഷകരാണെന്ന ജൈവകൃഷിപ്രയോക്താക്കളുടെ ആരോപണം ശരിയല്ല. കച്ചവടക്കാരാണ് ഉത്പന്നങ്ങളില്‍ കീടനാശിനി തളിച്ച് വിപണിയില്‍ എത്തിക്കുന്നത്. കര്‍ഷകര്‍ കീടനാശിനി തളിക്കുന്നത് വിളകള്‍ പാകമാകുന്നതിന് മുമ്പാണ് പാകമായി കഴിയുമ്പോള്‍ അതിന്റെ ദൂഷ്യം പോവും. കച്ചവടക്കാരാണ് ഇത് ദീര്‍ഘകാലം സൂക്ഷിക്കുന്നതിന് വേണ്ടി കീടനാശിനി തളിക്കുന്നത്. (3) കച്ചവടക്കാര്‍ കീടനാശിനി തളിക്കുന്നത് നിയമം മൂലം തടയുകയാണ് വേണ്ടത്. തലവേദന വന്നാല്‍ തലവെട്ടി മാറ്റലല്ല രീതി. (4) കുട്ടികള്‍ക്ക് ക്യാന്‍സര്‍ വരുന്നത് കീടനാശിനി തളിച്ച പഴവും പച്ചക്കറികളും കഴിച്ചിട്ടാണെന്നവാദം യുക്തിരഹിതമാണ്. എന്നാല്‍ ഈ കാര്യങ്ങളിലൊക്കെ പിടിവാശികാണിക്കുന്നവരെ ജൈവലോബി എന്നു തന്നെയാണ് വിളിക്കേണ്ടതെന്നും പറയുന്നു.

ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചു സംസാരിക്കുകയാണ് പരിസ്ഥിതി സംഘടനയായ തണലിന്റെ പ്രോഗ്രാം മാനേജ്‌മെന്റ് ടീം അംഗവും പരിസ്ഥിതി-ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതുമായ ശ്രീധര്‍ രാധാകൃഷ്ണന്‍.

കീടനാശിനികളുടെ രൂക്ഷമായ ഉപയോഗം തുടങ്ങിയ 1950-60കളില്‍ തന്നെ തുടങ്ങിയതാണ് ഇതിനെക്കുറിച്ചുള്ള പഠനങ്ങളും. മനുഷ്യന്‍ എല്ലാം കെമിക്കല്‍ എന്നാണു പ്രൊഫ. രവിചന്ദ്രനെപോലുള്ളവരുടെ വാദം. അതൊരു ശാസ്ത്രീയ യാഥാസ്ഥിക വാദമാണ്. മനുഷ്യനെ ഓക്‌സിജനോ കാര്‍ബണോ ഹൈഡ്രജിനോ കുറെ എലെമെന്റുകളോ ആയി മാത്രം കാണുന്നത് രവിചന്ദ്രനെപോലുള്ളവരുടെ വിവരക്കേടായോ അല്ലെങ്കില്‍ ശരിക്കും ആ ശാസ്ത്രം പഠിക്കാത്തത്തിന്റെ അറിവില്ലായ്മയോ ആയാണ് കാണേണ്ടത്. അവര്‍ പറയുന്നതില്‍ യുക്തിയുമില്ല, സമഗ്രതയുമില്ല, ശാസ്ത്രവുമില്ല; വിഡ്ഢിത്തം മാത്രം. അതിനുള്ള മറുപടി ജീവശാസ്ത്രം പഠിച്ച മിടുക്കര്‍ കൊടുത്തുകൊള്ളും. ഈ ഭൂമിയിലുള്ള പല രാസവസ്തുക്കളും നമുക്ക് ഹാനികരമല്ലായെന്നുള്ളത് ശരിയാണ്. എല്ലാ വസ്തുക്കളും അവയുടെ അളവ് കൂടിയാല്‍ മനുഷ്യനു ഹാനികരമാകാം. അതും സത്യമാണ്. എന്നാല്‍, പല മനുഷ്യനിര്‍മ്മിതമായ രാസവസ്തുക്കളും വളരെ ചെറിയ അളവിലും (ചിലതൊക്കെ ദശലക്ഷത്തില്‍ ഒരു അളവ് - ppm) മനുഷ്യനിലും മൃഗങ്ങളിലും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നതാണെന്ന് ഒട്ടേറെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ രാസവസ്തുക്കളില്‍ പ്രധാനപ്പെട്ടവയാണ് കീടനാശിനികള്‍, പ്രത്യേകിച്ചു ഓര്‍ഗാനോ ക്ലോറിനും ഓര്‍ഗാനോ ഫോസ്‌ഫേറ്റ് വിഭാഗത്തില്‍പ്പെട്ടവ. ഇവ വളരെ കൃത്യമായിട്ട് ചില രീതിയില്‍ ശരീരത്തെ ബാധിക്കുന്നുവെന്ന് പല ടോക്‌സിക്കോളജിക്കല്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് കൂടാതെ ഇവക്കു പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനും കഴിയും എന്നും തെളിയിച്ചിട്ടുണ്ട്.കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളായി പുറത്തുവന്നിട്ടുള്ള ഇത്തരത്തിലെ പഠനങ്ങളെ അടിസ്ഥാനപെടുത്തിയാണ് ലോകത്തെ മിക്ക രാജ്യങ്ങളും, ഐക്യ രാഷ്ട്ര സഭയും (UN), ലോക ആരോഗ്യ സംഘടനയും(WHO), ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയും (FAO) അത്തരത്തിലെ ചില രാസവസ്തുക്കളെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യണമെന്ന് തീരുമാനിക്കുകയും, അതിനു വേണ്ടിയുള്ള കൂട്ടായ ശ്രമങ്ങള്‍ നടത്തുകയും ചെയ്തത്. അതുകൊണ്ടാണ് സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍, റോട്ടര്‍ഡാം കണ്‍വെന്‍ഷന്‍ എന്നിവ ഉണ്ടാവുകയും ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇവയില്‍ പങ്കെടുത്തു നിരോധനം ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്. ഇന്ന് Ditry Dozen എന്ന് പ്രഖ്യാപിക്കപ്പെട്ട 12 മാരക കീടനാശിനികളും മറ്റു രാസവസ്തുക്കളും നിരോധിക്കാനും നൂറു കണക്കിന് കീടനാശിനികളുടെ ഉത്പാദനവും ഉപയോഗവും നിയന്ത്രിക്കാനും നടപടി എടുക്കുന്നത്. അല്ലാതെ കണ്ണുമടച്ച് എല്ലാത്തിനെയും വേണ്ടെന്ന് വയ്ക്കണമെന്നല്ല കണ്ടെത്തിയിരിക്കുന്നത്. അപകടകരമായ ക്ലാസ്സില്‍പ്പെട്ടിരിക്കുന്നു രാസവസ്തുക്കളില്‍ വലിയൊരു ശതമാനമാണ് നമ്മള്‍ ഇപ്പോഴും ഉപയോഗിക്കുന്ന കീടനാശിനികള്‍. ഇന്ത്യയില്‍ ഉപയോഗിക്കുന്ന 271 കീടനാശിനികളില്‍ 66 എണ്ണം മറ്റു രാജ്യങ്ങള്‍ (അതില്‍ പലതും നമ്മളെ പോലെ വികസ്വര രാജ്യങ്ങളും, ദരിദ്ര രാജ്യങ്ങളുമാണ്!) നിരോധിച്ചതാണ് എന്ന് കേന്ദ്ര കൃഷി മന്ദ്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്നും മനസിലാക്കാം. യഥാര്‍ത്ഥത്തില്‍ നമ്മുടെ ആരോഗ്യ, പാരിസ്ഥിതിക സുരക്ഷയ്ക്ക് നമ്മുടെ സര്‍ക്കാരുകള്‍ നല്‍കുന്ന ശ്രദ്ധ എത്രയെന്നു മനസ്സിലാക്കാന്‍ ഈയൊരു റിപ്പോര്‍ട്ട് മതി. കൊലപാതകത്തിന് തുല്യമായ തെറ്റാണു ശരിക്കും സര്‍ക്കാരുകള്‍ നമ്മളോടും നമ്മുടെ കര്‍ഷകരോടും ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം കരാറുകള്‍ ഒപ്പിട്ട ഇന്ത്യ എങ്ങനെയും ഇവയൊക്കെ ഘട്ടം ഘട്ടമായി നിരോധിച്ചേ മതിയാകു.

ജൈവ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നു
ഇനി ജൈവ കൃഷിയുടെ കാര്യം. ഇതേ സമയത്ത് തന്നെയാണ് കൃഷിയുടെ രീതിയെക്കുറിച്ചും ഒരു പുനര്‍ചിന്തനം ഉണ്ടായിട്ടുള്ളത്. അതും ആഗോള തലത്തിലും, പ്രാദേശിക തലത്തിലും ഒരേ കാലത്ത് ഉണ്ടായിട്ടുണ്ട്. കാരണം ഇത്തരത്തിലുള്ള കെമിക്കല്‍ ഉപയോഗിച്ച് തന്നെ കൃഷിചെയ്യണോ, ഇത്രയൊക്കെ അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ള കൃഷി ആണോ വേണ്ടത്? അല്ലാതെ സുരക്ഷിതമായ മറ്റു വഴികളുണ്ടോ? അങ്ങനെ ലോകത്ത് പല പ്രദേശങ്ങളില്‍ നടന്ന പരീക്ഷണങ്ങളും ഒരു ഉത്തരം നമുക്കിന്നു നല്‍കുന്നുണ്ട്. അപകടരമായ രാസവസ്തുക്കളും, ചിലവേറിയ ആധുനിക തന്ത്രങ്ങളും ഒന്നും ഇല്ലാതെ പ്രകൃതിയെ കുറേക്കൂടി ആശ്രയിച്ചും എക്കോളജി കുറെക്കൂടി ഉള്‍കൊണ്ടുകൊണ്ടും കൃഷി സാധ്യമാണ് എന്ന്, അങ്ങനെ ചെയ്യുന്ന കൃഷിയിലൂടെ ഉത്പാദനം കൂട്ടാമെന്നും, സുസ്ഥിരമായി കൃഷിയില്‍ നിന്നും വിളവെടുക്കാമെന്നും, ഇതെല്ലം ചിലവ് കുറച്ചുതന്നെ ചെയ്യാമെന്നും മനസിലാക്കി. മസനാബോ ഫുക്കോവോക്കയെ പോലുള്ള വ്യക്തികളുടെയും ലോകത്തിലെ പല ചെറിയ സമൂഹങ്ങളുടെയും ക്യൂബ പോലത്തെ ചില രാജ്യങ്ങളുടെയും പരീക്ഷണങ്ങള്‍ ഈ വഴിക്കു ലോകത്തിനെ എത്തിക്കാന്‍ ഉപകരിച്ചു. ഇപ്പോള്‍ FAO നടത്തിയിട്ടുള്ള പല കണ്ടെത്തലുകളും സുസ്ഥിര കാര്‍ഷിക ഭാവി അഗ്രോഎക്കോളജിയിലാണ് എന്ന് മനസിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇത് ഒരു വഴിത്തിരിവാണ്. കൃഷി ചെയ്ത് കടം കേറി ദിനംപ്രതി ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകരെ രക്ഷിക്കാനും നഷ്ടപെട്ടുപോകുന്ന മണ്ണിന്റെയും പ്രകൃതിയുടെയും ഉര്‍വരതയെ തിരിച്ചു കൊണ്ടുവരാനും മനുഷ്യര്‍ ആരോഗ്യവാന്മാരായി കഴിയാനുമുള്ള വഴിയാണ് ഇതിലൂടെ തുറന്നു കിട്ടുന്നത്.എന്നാല്‍ രവിചന്ദ്രനെ പോലത്തെ യാഥാസ്ഥിതിക വാദികള്‍ ചോദിക്കുന്ന ഒരു ചോദ്യം നമ്മള്‍ പഴയ ജൈവരീതിയിലേക്കു പോകുന്നത് ജാംബവാന്റെ കാലത്തേക്ക് പോകുന്നു എന്ന് പറയുന്നതുപോലെയാണ് എന്നാണ്. ഇത് ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്നും ഇന്ത്യ പിന്നെയും പട്ടിണിയുടെ കാലത്തേക്ക് പോകുമെന്നും ഭയപ്പെടുത്തുന്നു. ഇവര്‍ പറയുന്ന ചില മണ്ടത്തരങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ, ഇവര്‍ ചോദിക്കുന്നു ഇനി നമ്മള്‍ ഒരു ബംഗാള്‍ ക്ഷാമം ആവര്‍ത്തിക്കുമോ എന്ന്. ബംഗാള്‍ ക്ഷാമത്തിന്റെ സമയത്ത് 1940-കളില്‍ മറ്റൊന്നുകൂടി സംഭവിച്ചിട്ടുണ്ട്; ലോകമഹായുദ്ധം. ബംഗാള്‍ ക്ഷാമം ഇന്നും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പറയുന്ന ഒരു കാര്യമുണ്ട്. അന്നത്തെ ക്ഷാമം ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യം കൊണ്ട് ഉണ്ടായതാണ് എന്നാണ്. എന്നാല്‍ അന്നത്തെ ഇന്ത്യയിലെ ഭക്ഷ്യ ഉല്പാദനത്തിന്റെ കണക്കെടുത്തു പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം ഉണ്ട്. അന്നും ഇന്ത്യയിലെ എല്ലാ മനുഷ്യര്‍ക്കും കൊടുക്കാനുള്ള ഭക്ഷ്യ വിളകള്‍ നമ്മുടെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം യുദ്ധത്തിന്റെ ആവശ്യത്തിലേക്ക് എടുത്തുകൊണ്ടുപോയി. ഒന്നോ രണ്ടോ വര്‍ഷം ഇതു തുടര്‍ന്നു. അങ്ങനെയുണ്ടായ ഭക്ഷ്യദൗര്‍ലഭ്യമാണ് അന്നത്തേത്. ഈ വസ്തുത നമ്മുടെ ഒരു വിദഗ്ദ്ധനും പറയാറില്ല.ഇന്ത്യ സ്വതന്ത്രമായ ശേഷം, നെഹ്‌റു സര്‍ക്കാര്‍ മുതല്‍ ഇപ്പോഴുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ വരെ ഒരേ കാര്യമാണ് ആസൂത്രണം ചെയ്യാന്‍ ശ്രമിക്കുന്നത്; എങ്ങനെ കൂടുതല്‍ ഭക്ഷ്യവിളകള്‍ ഉത്പാദിപ്പിക്കാമെന്ന്. ഇതില്‍ തെറ്റൊന്നുമില്ല. പക്ഷെ അത് ഇന്ത്യ ഭക്ഷ്യസുരക്ഷമല്ല എന്ന കള്ളം പറഞ്ഞുകൊണ്ടാകരുത്. 1951 മുതല്‍ 2011 വരെയുള്ള നമ്മുടെ ജനസംഖ്യ കണക്കും ധാന്യ ഉല്പാദന കണക്കും എടുത്തുനോക്കിയാല്‍ മനസിലാകുന്ന കാര്യമേയുള്ളു. ശരാശരി ഓരോ കുടുംബത്തിനും ഒരു മാസം സര്‍ക്കാര്‍ ഉറപ്പാക്കേണ്ട 35 കിലോ ധാന്യം (അരിയോ ഗോതമ്പോ) കര്‍ഷകരില്‍ നിന്നും സംഭരിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാന്‍ 1951-ല്‍ ആയാലും 2011-ല്‍ ആയാലും ഒരു കാര്യം വ്യക്തമാണ്; ഉല്പാദനത്തിന്റെ ഏകദേശം 40 ശതമാനം മതിയായിരുന്നു എന്ന്. 1951-ല്‍ 36 കോടി ജനങ്ങള്‍ക്ക് വേണ്ട 30 മില്യണ്‍ മെട്രിക് ടണ്‍ ധാന്യം വേണ്ടയിടത്തു അന്നത്തെ ഉത്പ്പാദനം 69 മില്യണ്‍ ടണ്‍ ആയിരുന്നു. അതായത് രണ്ടിരട്ടിക്കു മുകളില്‍. അന്നും വലിയ ശതമാനം ജനങ്ങള്‍ പട്ടിണിയായിരുന്നു. ഹരിതവിപ്ലവം എല്ലാം കഴിഞ്ഞു. 2011-ലെ കണക്കു നോക്കൂ. 121 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷയുടെ ആവശ്യത്തിന് നല്‍കാന്‍ വേണ്ടത് 101 മില്യണ്‍ ടണ്‍ ധാന്യമാണ്. ഇന്ത്യയുടെ ഉത്പാദനമോ 244 മില്യണ്‍ ടണ്‍. അതായതു ഏകദേശം രണ്ടര ഇരട്ടി. എന്നിട്ടും എന്തേ ഏകദേശം 25 ശതമാനം പേരും ഗുരുതരമായ വറുതിയില്‍ കഴിയുന്നത്. ഇത് ഉത്പാദനം കൂട്ടിയാല്‍ തീരുന്ന പ്രശ്‌നമാണോ?ഇന്ന് ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ രണ്ടു കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. ഒന്ന്-കുറ്റമറ്റ രീതിയിലുള്ള സംഭരണവും വിതരണവും. അതിനു കര്‍ഷകര്‍ക്ക് കിട്ടേണ്ട നല്ല വില, ആവശ്യത്തിനുള്ള സംഭരണം, ആധുനിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഭരണ ശാലകള്‍, ഗോഡൗണുകള്‍, കാര്യക്ഷമമായ വിധര്‍ണ ശൃംഖല. രണ്ട്-സുരക്ഷിതമായ ഭക്ഷ്യ ഉല്‍പാദനം. ഇവിടെയാണ് ജൈവ കൃഷിക്കോ അതിലും മെച്ചപ്പെട്ട അഗ്രോ എക്കോളജിക്കല്‍ ഫാര്‍മിംഗ് രീതികള്‍ക്കോ പ്രാധാന്യം വരുന്നത്. ഇത് ഇന്ന് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാനും കര്‍ഷകരെയും പരിസ്ഥിതിയെയും രക്ഷിക്കാനും മാത്രമല്ല, കാലാവസ്ഥ വ്യതിയാനത്തിനും ഒരു പരിഹാരം എന്ന നിലയ്ക്കും മുന്‍തൂക്കം നല്‍കി നടപ്പാക്കേണ്ടതാണ്. ധാന്യങ്ങളുടെ കാര്യത്തില്‍ മാത്രമല്ല പയറുവര്‍ഗങ്ങള്‍, എണ്ണ, പഞ്ചസാര മറ്റു നാണ്യ വിളകള്‍ എല്ലാം ഒരു അഗ്രോഎക്കളോജിക്കല്‍ മാറ്റം ആവശ്യമാണ്. അതിനുള്ള നടപടികള്‍ ഇനിയെങ്കിലും നമ്മള്‍ എടുത്തില്ലായെങ്കില്‍, ഒരു വലിയ ആരോഗ്യ, പാരിസ്ഥിതിക ദുരന്തം ഏറ്റുവാങ്ങേണ്ടി വരുമെന്ന് മാത്രമല്ല, നമ്മുടെ കര്‍ഷക സമ്പദ്ഘടന തന്നെ തകരുന്ന രീതിയില്‍ കാര്യങ്ങള്‍ വഷളാകും. ഉദാഹരണത്തിന്, ഇപ്പോള്‍ ലോക വ്യാപകമായി ഉണ്ടായിട്ടുള്ള സുസ്ഥിര വികസന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍, ജൈവ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുകയും രാസ കീടനാശിനികളുടെ അംശങ്ങള്‍ കണ്ടെത്തുന്ന ഉത്പന്നങ്ങള്‍ പല രാജ്യങ്ങളും തള്ളിക്കളയുകയും ചെയുന്നു.കൃഷി മാറുകയാണ്
ഹരിതവിപ്ലവം കൊണ്ട് ഇന്ത്യയുടെ ഉല്‍പ്പാദനം കൂടിയിട്ടുണ്ട് എന്ന വസ്തുത ആരും നിഷേധിക്കുന്നില്ല. അത് അന്നത്തെ കാലത്തിന്റെ ഒരു ആവശ്യമായിരുന്നു. അതും സുരക്ഷിതമായിട്ടു നമ്മുടെ തന്നെ ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചു ചെയ്യാമായിരുന്നു എന്ന് ഇന്ന് നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍ തോന്നിപ്പോകുന്നതില്‍ തെറ്റുമില്ല. പക്ഷേ ഹരിത വിപ്ലവവാദികള്‍ പറയുന്നതനുസരിച്ച് ഇത് കാരണമാണ് ഇന്ത്യയിലെ പട്ടിണി മാറിയതെങ്കില്‍, അത് എവിടെ മാറിയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്? ഉല്പാദന ക്ഷമതയും അങ്ങനെ കൂടിയിട്ടില്ല. അരിയുടെ കാര്യത്തില്‍ ഒരു ഹെക്ടറില്‍ ശരാശരി 1.9 ടണ്ണില്‍ നിന്നും 3 ടണ്ണിലേക്ക് കൂടിയിട്ടുണ്ട്. അതായത് അമ്പത് ശതമാനം മാത്രമേ കൂടിയിട്ടുള്ളു. പ്ലാനിംഗ് കമ്മീഷന്റെ ഒരു പഠനത്തില്‍ തന്നെ ഹരിതവിപ്ലവം കൊണ്ട് കാര്യമായ ഉത്പാദന വര്‍ദ്ധന ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. രവിചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയുന്ന വലിയ ഒരു തെറ്റ് അവര്‍ സത്യം മനസ്സിലാക്കാതെയും കണക്കുകള്‍ ഇല്ലാതെയും പഠനങ്ങളുടെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനമില്ലാതെയും എന്തിന്, കൃഷി ചെയ്ത പരിചയം പോലും ഇല്ലാതെ യുക്തിയെന്ന മറ സൃഷ്ടിച്ചു കുറെ അബദ്ധങ്ങള്‍ പറയുകയാണ്. അത് വലിയ അപകടമാണ്. അവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടി, 260 മില്യണ്‍ മെട്രിക് ടണ്‍ ധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന നമ്മുടെ കര്‍ഷകരില്‍ നിന്നും ഗവണ്‍മെന്റ് ഓരോ വര്‍ഷവും 65-70 മില്യണ്‍ മെട്രിക് ടണ്ണില്‍ കൂടുല്‍ സംഭരിക്കാറില്ല. ഇത്ര ഭക്ഷ്യ സുരക്ഷാ പ്രശ്‌നം നമ്മുടെ നാട്ടിലുണ്ടെങ്കില്‍ എന്ത് കൊണ്ട് മുഴുവന്‍ നെല്ലും ഗോതമ്പും സംഭരിച്ചു പാവപ്പെട്ടവര്‍ക്കും പട്ടിണി കിടക്കുന്നവര്‍ക്കും കൊടുക്കാത്തത്? അതിന്റെ അര്‍ത്ഥം ഭക്ഷ്യസുരക്ഷയ്ക്കായി ഇത്ര മതിയെന്നുള്ളതാണ്. ബാക്കി പൊതു മാര്‍ക്കറ്റില്‍ എത്തുകയോ കയറ്റുമതിചെയ്യപ്പെടുകയോ മറ്റു വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യപ്പെടുന്നു.അങ്ങനെ രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്. ഒന്ന് ഇന്ത്യക്ക് ഒരു ഭക്ഷ്യ ക്ഷാമം ഇല്ല. രണ്ട്, ഉള്ളത് ഒരു സുരക്ഷിത ഭക്ഷണത്തിന്റെ കുറവാണ്, അത് പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അതിനാണ് സുരക്ഷിത സുസ്ഥിര കൃഷി രീതികളിലേക്ക് മാറേണ്ടത്. ഒന്നു തിരിഞ്ഞു നോക്കിയാല്‍, ഹരിതവിപ്ലവമെന്ന് പേരില്‍ വളവും കീടനാശിനിയുമുപയോഗിച്ച് സങ്കരയിനം വിത്തുകളുമുപയോഗിച്ച് കൃഷി ചെയ്യുന്നതുകൊണ്ട് എന്താണ് സംഭവിച്ചത്. കുറേ കമ്പനികള്‍ കാശുണ്ടാക്കി, കുറേ ശാസ്ത്രജ്ഞര്‍ ഗവേഷണം ചെയ്തു, കുറെ ഉദ്യോഗസ്ഥര്‍ നന്നായി, കൃഷിക്കാര്‍ക്ക് മാത്രം കടവും ആത്മഹത്യയും. ഇപ്പോള്‍ കര്‍ഷകര്‍ പറയുന്നത്, അവര്‍ക്കു ശമ്പളം കിട്ടണം എന്നാണ്. അത് ഒരു ന്യായമായ ആവശ്യമായി തോന്നുന്നുണ്ട്. കാരണം, നല്ല വിത്തുകള്‍ സംരക്ഷിച്ചു കൃഷി ചെയ്തിരുന്ന കര്‍ഷകനെ കൊണ്ട് വിത്ത് വാങ്ങി കൃഷി ചെയ്യിപ്പിച്ചു, വളം നഷ്ടപ്പെട്ട വയലുകള്‍ക്കു വളം വാങ്ങി ഇട്ടില്ലായെങ്കില്‍ ഒന്നും കിട്ടാതെയാകും. എല്ലാ രോഗകീട പ്രതിരോധവും വളരെ ലളിതമായി ചെയ്യാമെന്ന് നാം കണ്ടെത്തിയപ്പോളാണ് മനസ്സിലായത് ഇത്രയും വിഷം വാങ്ങി അടിക്കേണ്ട ഒരു കാര്യവമില്ലായിരുന്നു എന്ന്. കര്‍ഷകന് എന്ത് പറ്റി. അവരുടെ കൈയിലുള്ള തനത് വിത്തുകള്‍ മൊത്തം നഷ്ടപ്പെട്ടു. അവരുടെ തനത് കൃഷിരീതികള്‍ മൊത്തം നഷ്ടപ്പെട്ടു. വളവും കീടനാശിനിയുമില്ലാതെ കൃഷിചെയ്യാന്‍ പറ്റില്ലെന്നായി. മണ്ണും നശിച്ചു. അപ്പോഴാണ് രവിചന്ദ്ര സൂക്തം ഇതെല്ലാം നിയന്ത്രിച്ചാല്‍ മതിയെന്ന്. അത് തന്നെയാണ് കര്‍ഷകര്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. അതില്‍ യാഥാസ്ഥിക വാദമൊന്നുമില്ല. കൃഷി രീതി മാറ്റുകയാണ് അത്ര തന്നെ. കൃഷിയിടങ്ങളിലേക്ക് കൊണ്ട് വന്ന് ഇടുന്ന രാസ വസ്തുക്കള്‍ ഉപേക്ഷിക്കുന്നു, പറമ്പിലും, തൊഴുത്തിലും, ചെടികളിലും നിന്ന് കിട്ടുന്ന അവശിഷ്ടങ്ങള്‍, അതിലെ ഗുണം തരുന്ന പോഷകങ്ങള്‍ എല്ലാ തിരിച്ചറിയുന്നു. പല കൂട്ടുകള്‍ തയാറാക്കുന്നു, ഉപയോഗിക്കുന്നു. പിന്നെ ഉത്പന്നം ഏറ്റവും സുരക്ഷിതമായതു കൊണ്ട് നല്ല വിലക്ക് വില്‍ക്കുന്നു. യുജിസി ഒന്നും കിട്ടിയില്ലെങ്കിലും നല്ല വരുമാനം ഞങ്ങള്‍ക്കും കിട്ടണം എന്നുണ്ട്. നിങ്ങളെ പോലെ നല്ല നിലക്ക് ജീവിക്കണം എന്നുണ്ട്.

ജൈവകര്‍ഷകന്‍ ഒരു ലോബിയുടെയും ഭാഗമല്ല
ഈ പറയുന്ന വിമര്‍ശകരൊന്നും കൃഷിക്കാരല്ല. കൃഷിയുമായി ബന്ധവുമില്ല. തര്‍ക്കിക്കുവാന്‍ ഒരുപാടു സമയം ഉള്ളവരാണ്, ചിലപ്പോള്‍ അതിനു മാത്രം സമയം ഉള്ളവര്‍. ഇവരുടെ പിന്തിരിപ്പന്‍ വാദങ്ങള്‍ ഇനി ഇവിടെ നടക്കില്ല. മണ്ണിനെ പുഷ്ടിപ്പെടുത്തിക്കൊണ്ട് കൃഷിക്കാരന്റെ ചിലവ് കുറച്ചുകൊണ്ടുള്ള ഒരു കൃഷിരീതിയാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അതിനെ ആര്‍ക്കാണ് എതിര്‍ക്കാന്‍ കഴിയുന്നത്. ഇന്നേ വരെ ഇവര്‍ പറയുന്ന രീതിയില്‍ കൃഷി ചെയ്താണ് ലോകത്തുള്ള വള-കീടനാശിനി നിര്‍മ്മാതാക്കളെല്ലാം കോടിശ്വരന്മാരായതും. മൊണ്‍സാന്റോ, ബയേര്‍ പോലത്തെ വന്‍കിട കുത്തകകള്‍ ലോകത്ത് ഭരണചക്രം തന്നെ തിരുക്കുന്നവരായത്. ഭക്ഷ്യവസ്തുക്കള്‍ എടുത്തു വില്കുന്ന ഇടനിലക്കാരും പണക്കാരായിട്ടുണ്ട്. ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരും കാശുകാരായിട്ടുണ്ട്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും നന്നായിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനമായിട്ടുള്ള കര്‍ഷകരും മണ്ണും മാത്രമെന്തുകൊണ്ട് മോശമായി. ടെക്‌നോളജി വിഭാഗം നന്നാവുകയും കൃഷി നശിക്കുകയും കൃഷിക്ക് സബ്‌സിഡി കൊടുത്തില്ലെങ്കില്‍ നിലനില്‍ക്കാന്‍ പറ്റില്ലെന്ന അവസ്ഥ വരുന്നതോടു കൂടി രാജ്യം തന്നെ സാമ്പത്തികമായി നശിക്കുകയും ചെയ്യുന്നു. കൃഷി നശിക്കുന്നതോടൊപ്പം തന്നെ മണ്ണും അതേപോലെ നശിക്കുന്നുണ്ട്. ജൈവവൈവിധ്യം നശിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് കടമെടുത്തല്ലാതെ ജീവിക്കാന്‍ പറ്റില്ല. ഇതെന്നാണ് അവസാനിക്കുക. ഒരു പരിധി കഴിയുമ്പോഴേയ്ക്കും ആത്മഹത്യ ചെയ്യും. മൂന്ന് നാല് ഗവണ്‍മെന്റുകള്‍ മാറിമാറിവന്നിട്ടും കൃഷിക്കാരന്റെ ആത്മഹത്യയെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ലല്ലോ. അതെന്താണ്? അടിസ്ഥാനപരമായ തെറ്റിനെ നമ്മള്‍ തിരിച്ചറിയാന്‍ പഠിച്ചില്ലായെന്നതാണ്. ഈ തെറ്റിനെ നമ്മള്‍ എങ്ങനെയാണ് തിരുത്തുന്നത്?നമ്മളെ ലോബിയെന്ന് വിളിക്കാം. പ്രഷര്‍ ഗ്രൂപ്പെന്ന് വിളിക്കാം. പക്ഷേ നമ്മള്‍ പറയുന്നതിന്റെ സത്യം മസ്സിലാകാത്തിരിക്കാന്‍ പറ്റുമോ? നമ്മള്‍ പറയുന്നതെന്താണ്. കര്‍ഷകരുടെയും, കൃഷിയുടെയും, ഈ പറയുന്ന വിമര്‍ശകര്‍ അടക്കുമള്ളവരുടെയും ആരോഗ്യത്തിന്റെ കാര്യമാണ്. ജൈവകൃഷിയെന്ന് പറയുന്നത് ചാണകം വാരിയിട്ടുള്ള കൃഷിയല്ല. ഈ പറയുന്ന മണ്ണിന്റെ കാര്‍ബണ്‍ കണ്ടന്റ് ശാസ്ത്രീയമായി തന്നെ നമ്മുടെ പ്രകൃതിയില്‍ തന്നെയുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് പുഷ്ടിപ്പെടുത്താന്‍ പറ്റും. കൃഷിക്കാരന്റെ ഫാമില്‍ തന്നെ ചെയ്യാവുന്നരീതിയിലുള്ള വളങ്ങള്‍ ചെയ്തുകഴിഞ്ഞാലുള്ള ഗുണം ചെലവ് കുറയും. മണ്ണിനെ പുഷ്ടിപ്പെടുത്തികൊണ്ടു, ചെലവ് കുറച്ചുകൊണ്ട്, ശാസ്ത്രീയമായ രീതിയില്‍ തന്നെ പോകാന്‍ ആര്‍ക്കെങ്കിലും വിരോധമുണ്ടോ. ഇത് ഇന്ത്യയില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇങ്ങനെ ചെയ്യുന്ന ഒരു വലിയ സംഘത്തിനെ ലോബിയെന്ന് വിളിക്കുന്നതില്‍ എനിക്ക് വിരോധമില്ലെന്ന് പറയുകയാണ്. അങ്ങനെയുള്ള ലോബിയുടെ ഭാഗവുമായിരിക്കും ചിലപ്പോള്‍ മന്ത്രി. അത് നമുക്ക് സ്വീകാര്യവുമാണ്. കേരള സര്‍ക്കാരും കേന്ദ്രമന്ത്രിയുമെല്ലാം ഇത് വേണമെന്ന് പറയുമ്പോഴും ഇവരെല്ലാവരും നമ്മുടെ കാര്യം മനസ്സിലാക്കിയിട്ട് ചെയ്യുന്നതാണ്. 50-60 വര്‍ഷമായി തുടരുന്ന തെറ്റിനെ തുടരണമെന്ന് പറയുന്നവരെ നമുക്ക് ലോബിയെന്ന് പോലും വിളിക്കാന്‍ പറ്റില്ലല്ലോ. അവരെ പഴഞ്ചന്മാര്‍ എന്നോ, പിന്തിരിപ്പന്മാരെന്നോ അല്ലെ വിശേഷിപ്പിക്കാന്‍ പറ്റൂ.

കേരളത്തിന്റെ കാര്യമെടുത്താല്‍, കേരളത്തിന് ഭക്ഷ്യസുരക്ഷ ഒരുകാലത്തുമുണ്ടായിരുന്നില്ല. അത് ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകളാണ്. ഇപ്പോള്‍ തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍ ഒക്കെയെടുത്തു നോക്കിയാല്‍ വിശാലമായ കൃഷിഭൂമികളുണ്ട്. അവര്‍ക്ക് നമ്മുടെയത്ര കാടില്ല. നമുക്ക് കുറേ തീരപ്രദേശമുണ്ട്. കുറേ കാടുണ്ട്. നമുക്കെ കൃഷി ഭൂമി ആവശ്യത്തിന് ഉണ്ട്, പക്ഷെ അതില്‍ വെറും ധാന്യ ഉത്പാദനം മാത്രം നടത്തുന്ന തരം അല്ല. വയല്‍ എന്നും താരതമ്യേന കുറവായിരുന്നു. എന്നാല്‍ ലോകത്തൊരിടത്തുമില്ലാത്ത വൈവിധ്യം കൃഷിയുടെ കാര്യത്തിലും ഭക്ഷണകാര്യത്തിലും കേരളത്തിനുണ്ട്. നമ്മള്‍ എന്തുകൊണ്ടാണ് ഇത്രയും കപ്പ തിന്നുന്നത്. ഇത്രയും വൈവിധ്യമാര്‍ന്ന മറ്റു ഭക്ഷണങ്ങള്‍ തിന്നുന്നത്. അതായത് നമ്മള്‍ക്ക് വെറും നെല്ലിനെയും അരിയെയും ആശ്രയിക്കാന്‍ പറ്റാത്തതുകൊണ്ടാണ് നമ്മള്‍ മറ്റു ഭക്ഷ്യവസ്തുക്കളിലേക്ക് തിരിയുന്നത്. നമ്മള്‍ അതുകൊണ്ടാണ് ചക്കയും മാങ്ങയുമൊക്കെ കഴിക്കുന്നത്. ഭക്ഷ്യസുരക്ഷക്കായി നാം മാറ്റി വച്ചിരുന്ന 8.9 ലക്ഷം ഹെക്ടര്‍ വയലുകള്‍, ഈ പറഞ്ഞ കാര്‍ഷിക വിപ്ലവ (ഹരിത വിപ്ലവ) കാലം കൊണ്ടല്ലേ വെറും 2 ലക്ഷം ഹെക്ടര്‍ ആയി കുറഞ്ഞത്. അതിനു പല കാരണങ്ങള്‍ ഉണ്ട്, പക്ഷെ ഒരു പ്രധാന കാരണം, കൃഷി നഷ്ടമായതുകൊണ്ടാണ്. അത് ഹരിത വിപ്ലവത്തിന്റെ സംഭാവന തന്നെയാണ്. അത് മനപ്പൂര്‍വ്വമാണെന്ന് പറയാന്‍ ഞാന്‍ തയ്യാറല്ല. പക്ഷേ കീടനാശിനിയും വളവും ഉപകരണങ്ങളുമൊക്കെ കൂടിക്കഴിഞ്ഞപ്പോഴേയ്ക്ക് നമുക്ക് വഴിതെറ്റി. കൃഷിക്കാരന് ചെലവ് കൂടി. അതിനനുസരിച്ച് അരിക്കാണെങ്കില്‍ വില കിട്ടുകയില്ല. വിലകിട്ടുന്ന കൃഷികള്‍ മാത്രം തുടര്‍ന്നു. അല്ലാത്തവ ഉപേക്ഷിച്ചു. അവിടെയെല്ലാം വീടുകളായി. ശരാശരി മൂന്ന് ലക്ഷം ടണ്‍ നെല്ല് ഉല്പാദിപ്പിക്കാന്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് കഴിയുമെങ്കില്‍, നമുക്ക് എട്ട് ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്നെങ്കിലോ 24 ലക്ഷം ടണ്ണെങ്കിലും നമുക്ക് ഉത്പാദിപ്പിക്കാമായിരുന്നു. 24 ലക്ഷം ടണ്‍ ഉത്പാദന സാധ്യതയില്‍ നിന്ന് ഇന്ന് വെറും ആറ് ലക്ഷം ടണ്‍ ഉത്പാദനത്തിലേക്ക് നമ്മള്‍ നെല്‍വയലുകളെ നശിപ്പിച്ചു. എന്നാല്‍, ഇന്ന് ഒരു തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്. അത് കൊണ്ടാണ് നെല്‍ വയലുകള്‍ സംരക്ഷിക്കാം ഒരു പരിപാടി തന്നെ സര്‍ക്കാര്‍ ഇട്ടിരിക്കുന്നത്. ഈ വര്‍ഷം നെല്‍ വര്‍ഷമായി ആഘോഷിക്കുന്നത്.

കീടനാശിനിക്ക് വേണ്ടി വാദിക്കുന്നവരോട് ഒരു ചോദ്യം നിങ്ങളുടെ വീടുകളില്‍ കീടനാശിനി അടിച്ചു എന്ന് ഉറപ്പുള്ള ഭക്ഷണം തിന്നാന്‍ തയ്യാറാണോ? അത് നിങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങിച്ചുകൊടുക്കുമോ? ഇതിന് രണ്ട് മൂന്ന് തലങ്ങളുണ്ട്. ശാസ്ത്രീയമായ തലമൊന്ന്. പൊതുജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും ഗുണം ചെയ്യുന്ന കാര്യമെന്ന രീതിയില്‍ മറ്റൊന്ന്. സാമ്പത്തികമായ മറ്റൊരു തലം. അത് കര്‍ഷകനും ഗവണ്‍മെന്റിനും ഗുണം ചെയ്യുന്നുണ്ട്. നാലാമത്തെ തലം ആരോഗ്യപരമായത്. ഇത്രയും രോഗാതുരമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് വിഷമില്ലാത്ത ഭക്ഷണം കൊടുക്കാന്‍ കഴിയുന്നുവെന്നതും വലിയ കാര്യം തന്നെയാണ്. അത് നടത്തിയെടുത്തിരിക്കും ഇവിടുത്തെ കര്‍ഷകര്‍, വരും തലമുറ. അതിന്റെ പ്രതീകം മാത്രമാണ് ഇപ്പോള്‍ സുനില്‍കുമാര്‍ എന്ന മന്ത്രിപോലും.

ജൈവകൃഷി ഉപേക്ഷിച്ചു പോകുന്നില്ല
ആവശ്യമായ ഉത്പാദനം ഓര്‍ഗാനിക് ഫാമിംഗ് വഴിയുണ്ടാക്കാന്‍ പറ്റുമോ എന്നതാണ് അടുത്ത ചോദ്യം. ജൈവകൃഷി തുടങ്ങുന്ന ഒരു കര്‍ഷകന്‍ അത് നിര്‍ത്തിയിട്ട് പോകുന്നില്ല. അയാള്‍ക്ക് ലാഭമില്ലെങ്കില്‍, അയാള്‍ക്ക് ഉല്‍പ്പാദനമില്ലെങ്കില്‍ അയാള്‍ ഇത് തുടരുമോ? തുടരില്ല. ഞാന്‍ ചെറിയൊരുദാഹരണം പറയാം. നാടന്‍ നെല്ലിനങ്ങളുടെ ഉല്‍പ്പാദനം കുറവായതുകൊണ്ടാണ് നമ്മള്‍ സങ്കരയിനത്തിലേക്ക് മാറിയതെന്നാണ് പറയുന്നത്. നമ്മള്‍ നൂറ്റിയറുപതോളം കേരളത്തിന്റെ പഴയ നെല്ലിനങ്ങള്‍ കര്‍ഷകരില്‍ നിന്നും കണ്ടെത്തി സംരക്ഷിക്കുന്നു. ഡോ. റിച്ചാറിയ എന്ന നെല്‍ ശാസ്ത്രജ്‌നന്‍ ഒരു പഠനം നടത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്ന 19,000 ത്തില്‍പരം നാടന്‍ നെല്ലിനങ്ങളില്‍ 9 ശതമാനം അത്യുല്പാദന ശേഷിയുള്ളവയായിരുന്നു എന്ന്. അപ്പോള്‍ പുറത്തു നിന്ന് കൊണ്ട് വന്ന ഒരു ഇനത്തില്‍ നിന്നും എന്തിനാണ് ഈ കുള്ളന്‍ സങ്കര ഇനം ഉണ്ടാക്കുകയും അവയെ കര്‍ഷകരുടെ ഇടയില്‍ അടിച്ചേല്പിക്കുകയും ചെയ്തത്. ഒരുകാലത്ത് ഒരുലക്ഷത്തോളം നെല്ലിനങ്ങള്‍ ഉണ്ടായിരുന്ന നമ്മുടെ ഇന്ത്യയില്‍ കാലക്രമേണ ഹരിതവിപ്ലവം വന്നതോടുകൂടി ഇതെല്ലാം ഇല്ലാതാവുകയും സങ്കരയിനം നെല്ലുകളല്ലാതെ വേറൊന്നും കിട്ടുന്നില്ല എന്ന അവസ്ഥ വരുകയും ചെയ്തു. അതിന്റെ പ്രശ്‌നമെന്നുവച്ചാല്‍ രണ്ടോ മൂന്നോതവണ അതിന്റെ വിത്തെടുത്ത് കൃഷിചെയ്യുമ്പോള്‍ അതിന്റെ പ്രൊഡക്ടിവിറ്റി നഷ്ടപ്പെടും. പിന്നെ കര്‍ഷകന്‍ ഗവണ്‍മെന്റിന്റടുത്തോ മറ്റോ പോയിട്ട് വിത്ത് വാങ്ങിച്ച് രണ്ടാമത് ചെയ്യണം. ഇത് ഗവണ്‍മെന്റ് ഹരിതവിപ്ലവത്തിന്റെ സമയത്താണ് ആരംഭിച്ചത്. അതായത് എക്കാലത്തും നമുക്ക് കൃഷിചെയ്യാന്‍ പറ്റുന്ന വിത്തുകള്‍ മാറ്റിയിട്ട് തലമുറകള്‍ നിലനില്‍ക്കാത്ത വിത്തിനിങ്ങള്‍ പ്രോത്സാഹിപ്പിച്ചത് ക്വാളിറ്റി മെയിന്റന്‍ ചെയ്യാന്‍ വേണ്ടിയാണ് എന്നാണ്. അതായത് രണ്ടുമൂന്നുതവണ ഉപയോഗിച്ചുകഴിയുമ്പോള്‍ നെല്ലിന്റെ പ്രൊഡക്ടിവിറ്റി പോകും അപ്പോള്‍ വിത്തിനുവേണ്ടി കര്‍ഷകന്‍ വരും. ഇന്ന് ഇന്ത്യ ഒട്ടാകെ പല നാടന്‍ വിത്തിനങ്ങളും തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. അതെന്തുകൊണ്ടാണ്, ഇതിന്റെ വ്യത്യാസം കാണുന്നതുകൊണ്ടാണ്.

ശാസ്ത്രീയമായി നോക്കിയാല്‍ തന്നെ ജൈവരീതിയില്‍ കൃഷിചെയ്താല്‍ ഉല്‍പ്പാദനം കുറയില്ല, അതിനെ നിലനിര്‍ത്താന്‍ കഴിയും. ഉല്‍പ്പാദനം കാലക്രമത്തില്‍ കൂട്ടാനും കഴിയും. തനതു കൃഷിരീതികളെയും ചെലവുകുറച്ചുകൊണ്ട് ഇംപ്രൂവ് ചെയ്യാനുള്ള സാധ്യതയുണ്ട്. ആ സാധ്യതകളുള്ളപ്പോള്‍ കെമിക്കല്‍ ചെയ്താലേ നടക്കുള്ളുവെന്ന യാഥാസ്ഥിതികവാദത്തിന്റെ ആവശ്യമില്ലെന്നാണ് ഞാന്‍ പറയുന്നത്. മന്ത്രിയെന്താണ് പറഞ്ഞത്. സമ്പൂര്‍ണ്ണമായിട്ടും ജൈവം ചെയ്തുകളയുമെന്നല്ലല്ലോ. ആദ്യം കീടാനാശിനി പൂര്‍ണമായിട്ടും ഒഴിവാക്കി, രാസ വളങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കി സംസ്ഥാനം ഒരു പരീക്ഷണ അടിസ്ഥാനത്തില്‍ Safe to Eat എന്ന നിലയില്‍ തുടങ്ങി, പൂര്‍ണ ജൈവത്തിലേക്കു പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പോകുമെന്നാണ്. ഉല്‍പ്പാദനം നിലനിര്‍ത്തേണ്ട ആവശ്യം കര്‍ഷകനും സര്‍ക്കാരിനും ഒരുപോലെ ഉള്ളതാണ്. ഈ രീതിയില്‍ മാറ്റം വരുന്നതിനോട് രവിചന്ദ്രന്‍ സംഘത്തിന് എന്താണ് പ്രശ്‌നം. ഞങ്ങളെ ലോബിയിംഗ് എന്ന് അവര്‍ പറയുമ്പോള്‍ അവര്‍ ചെയ്യുന്നത് ഫണറ്റിസമാണ്, ടെക്‌നോഫണറ്റിസം. ഞാന്‍ അമ്പത് വര്‍ഷം മുമ്പ് പഠിച്ചതാണ് ശരിയെന്നും വേറെയെല്ലാം തെറ്റാണെന്നും പുതിയ കണ്ടത്തെലുകള്‍ ശരിയല്ലായെന്നും പറയുന്നത് ഫണറ്റിസമാണ്.ഈ അടുത്ത് ഐക്യരാഷ്ട്ര സഭയുടെ റൈറ്റ് ടു ഫുഡ് സ്‌പെഷ്യല്‍ റിപ്പോര്‍ട്ടില്‍ ഒലിവര്‍ ഡിഷ്യൂട്ടര്‍ ലോകത്തെ, പ്രത്യേകിച്ചു വികസ്വര രാജ്യങ്ങളില്‍ നടന്നിട്ടുള്ള അഗ്രോഎക്കോളജി കൃഷി രീതികളുടെ ഒരു പഠനം നടത്തുകയുണ്ടായി. വിവിധ രാജ്യങ്ങളില്‍ നടക്കുന്ന നാനൂറോളം ഫീല്‍ഡ് എക്‌സിപിരിമെന്റ്‌സിനെ ഡോക്യുമെന്റ് ചെയ്തതില്‍ നിന്നും അദ്ദേഹം കണ്ടെത്തിയത് അഗ്രോ ഇക്കളോജിക്കല്‍ ഫാമിംഗിലൂടെ ശരാശരി 79 ശതമാനം ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാമെന്നാണ്. ശരിക്കും മണ്ണിനെ നന്നാക്കി, പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ള കാര്‍ഷികരീതിയിലേക്ക് പോകാമെന്നുണ്ടെങ്കില്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാമെന്നാണ്. അതിനെ കുറിച്ച് ആവശ്യത്തിന് ഒരു ഗവേഷണം പോലും നടത്താതെയും ഇത് പഠിക്കാതെയും ഇതിന് സാധ്യതയുണ്ടെന്ന് ഫീല്‍ഡില്‍ തെളിയിച്ചിട്ടുള്ളവരോട് ഇത് നടക്കില്ല എന്നു പറഞ്ഞു തള്ളിക്കളയുന്നവരെകുറിച്ച് എന്ത് പറയാന്‍? അവരുടെ കുടുംബങ്ങള്‍ക്ക് കൂടി നിലനിപ്പും ആരോഗ്യവും ഉണ്ടാക്കാന്‍ ഉള്ള ശ്രമത്തില്‍ മുഴുകിയിരിക്കുന്ന പതിനായിരക്കണക്കിന് കര്‍ഷകരുടെയും, നമ്മളെ പോലത്തെ ആക്ടിവിസ്റ്റുകളുടെയും സമയം കളയരുത്. ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാവാത്തതുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്.അവര്‍ എന്റെ കൂടെ വരട്ടെ. പത്ത് ജൈവകര്‍ഷകര്‍ ചെയ്യുന്ന കൃഷിയിടങ്ങള്‍ തമിഴ്‌നാട്ടിലും കേരളത്തിലും ഞാന്‍ കാണിച്ചുകൊടുക്കാം. അവര്‍ അവിടെ പോയി സംസാരിച്ചോട്ടെ. ഞാന്‍ പറയുന്ന അഞ്ച് കര്‍ഷകരുടെ വീടുകളില്‍, കൂട്ടങ്ങളില്‍, സമൂഹങ്ങളില്‍ ഇവര്‍ പോയി നാലുദിവസം താമസിച്ചിട്ട് മനസ്സിലാക്കട്ടെ. അങ്ങനെ മനസ്സിലാക്കാതെ തര്‍ക്കിക്കാന്‍ വരരുത്. ഇന്ത്യയില്‍ 25 സംസ്ഥാനങ്ങളിലുള്ള ആയിരക്കണക്കിന് ജൈവകര്‍ഷകരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളെപ്പോലുള്ള ആളുകളുടെയടുത്തു തര്‍ക്കവുമായിട്ട് വരുമ്പോള്‍ എന്തെങ്കിലുമൊരു ഗ്രൗണ്ട് എക്‌സ്പീരിയന്‍സ് ഇല്ലാതെ വരരുതെന്ന് മാത്രമേ എനിക്ക് രവിചന്ദ്രനോടു പോലും പറയാനുള്ളു. ഞാന്‍ അദ്ദേഹത്തോട് പറയുന്നത് നിങ്ങള്‍ക്ക് കെമിസ്ട്രിയും ബയോളജിയും അറിയില്ല. അതിനേക്കാള്‍ അറിഞ്ഞുകൂടാത്തത് നിങ്ങള്‍ക്ക് മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനെയാണ്. നിങ്ങള്‍ അവരുടെകൂടെ ജീവിച്ചിട്ടില്ല. അവരുടെ കൂടെ പോയി ജീവിക്കട്ടെ. ഞാന്‍ പറയുന്ന അഞ്ചുപേരെ ഇവര്‍ പോയി ഒന്ന് കണ്ടോട്ടെ. അത് കഴിഞ്ഞിട്ട് സംസാരിക്കട്ടെ. അല്ലാതെ സംസാരിക്കരുത്. ഒരു റിയാലിറ്റിയുടെ പുറത്താണ് ഞാനിത് പറയുന്നത്, ചെയ്യുന്നത്. ചുമ്മാ അന്ധമായിട്ട് പറയുന്നതല്ല മന്ത്രിയും.ആന്ധ്രാ പ്രദേശില്‍ ലോകത്തെ ഏറ്റവും വലിയ കീടാനാശിനി രഹിത കൃഷി രീതി സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്. 10 ലക്ഷം ഹെക്ടറില്‍ 10 വര്ഷം കൊണ്ട് നടത്തിയെടുത്ത ഈ പരീക്ഷണത്തില്‍ അവിടുത്തെ കാര്‍ഷിക സര്‍വകലാശാല തന്നെ കണ്ടെത്തിയത് ഉത്പാദനം കുറഞ്ഞിട്ടില്ലായെന്നും, നൂറു ശതമാനം കീടാനാശിനി ഒഴിവാക്കാന്‍ കഴിഞ്ഞു എന്നും, വളം 50 ശതമാനം കുറക്കാന്‍ കഴിഞ്ഞു എന്നുമാണ്. വലിയ നേട്ടമല്ലേ. ഈ ഗ്രാമങ്ങളില്‍ പലതും പൂര്‍ണ ജൈവം ആവുകയും ചെയ്തു. ഇപ്പോള്‍ പൂര്‍ണ ജൈവകൃഷി സ്വീകരിച്ച സിക്കിമും ഇത് തന്നെയാണ് പറയുന്നത്. അതുകൊണ്ടാണു ഞാന്‍ പറയുന്നത് ഉല്‍പ്പാദനക്ഷമത കുറയില്ല എന്ന്. പഴയ രീതിയില്‍ ചാണകം തട്ടി കൃഷി ചെയ്തിട്ട് ഉല്‍പ്പാദനം ഉണ്ടായില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. അതല്


Next Story

Related Stories