TopTop
Begin typing your search above and press return to search.

കായല്‍നിലങ്ങളില്‍ കൃഷി തിരിച്ചു വരികയാണ്, ജീവിതവും

കായല്‍നിലങ്ങളില്‍ കൃഷി തിരിച്ചു വരികയാണ്, ജീവിതവും

ആഴവും പരപ്പുമുള്ള വേമ്പനാടിനെ വകഞ്ഞുമാറ്റി മുരിക്കന്‍ എന്ന കായല്‍രാജാവ് ഒരുക്കിയ കായല്‍ നിലങ്ങളിലെ പച്ചപ്പ് കുട്ടനാട്ടിലെ കാര്‍ഷിക ജീവിതത്തിന്റെ പച്ചപ്പുകൂടിയായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ നിലങ്ങള്‍ പലതും തിരികെ കായലിനോട് ചേര്‍ന്നു. കായല്‍ മൂടിയ റാണി, ചിത്തിര പാടങ്ങളെ കാല്‍ പതിറ്റാണ്ടിന് ശേഷം വീണ്ടും പച്ചപ്പ് പുതയുമ്പോള്‍ കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രതീക്ഷയും വാനോളമുയരുകയാണ്.

റാണിയും ചിത്തിരയും ഇപ്പോള്‍ കൊയ്ത്തിന് തയ്യാറെടുത്തു നില്‍ക്കുകയാണ്. പൂര്‍ണ്ണമായും കായല്‍ മൂടിയ ഈ രണ്ട് പാടശേഖരങ്ങളെയും തിരിച്ച് കൃഷിഭൂമിയാക്കിയതിന് പിന്നില്‍ ജില്ലാ ഭരണകൂടത്തിന്റേയും കൃഷി വകുപ്പിന്റേയും ക്രിയാത്മകമായ ഇടപെടലാണ്. രണ്ട് കായല്‍ നിലങ്ങളേയും തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പെ ആരംഭിച്ചിരുന്നു. ചിത്തിരയെയാണ് ആദ്യം കൃഷിയ്ക്കായി ഒരുക്കിയത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം 2014ല്‍ ഇവിടെ വിത്തിറക്കി. വിതച്ചതെല്ലാം വിളവായതോടെ തുടര്‍ന്നിങ്ങോട്ടുള്ള രണ്ട് വര്‍ഷങ്ങളിലും കൃഷി തുടര്‍ന്നു. ചിത്തിര മൂന്നാം വിളവെടുപ്പിനൊരുങ്ങുമ്പോള്‍ റാണിയില്‍ ഇത് കന്നിക്കൊയ്ത്താണ്. ചിത്തിരയിലെ കൃഷി വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് റാണി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കൃഷി വകുപ്പ് ആരംഭിച്ചത്. 2015ല്‍ വിതയിറക്കാനായിരുന്നു തീരുമാനം. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല. 2016 ഒക്ടോബറില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ ആദ്യ വിത്തെറിഞ്ഞ് റാണിയിലും കൃഷിയാരംഭിച്ചു.

ജില്ലാ കളക്ടര്‍ വീണ എന്‍ മാധവന്‍ റാണി കായല്‍നിലം സന്ദര്‍ശിക്കുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുരിക്കന്‍ കായല്‍ കുത്തിയെടുത്ത നിലങ്ങളില്‍ ഉള്‍പ്പെട്ടതാണ് റാണിയും ചിത്തിരയും. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയപ്പോള്‍ മുരിക്കന്റെ കയ്യില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. എന്നാല്‍ സമുദ്ര നിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശമായ കുട്ടനാട്ടിലെ കായല്‍ നിലങ്ങളില്‍ കൃഷി ചെയ്യുക അത്ര എളുപ്പമായിരുന്നില്ല. ഭൂമി നല്‍കിയതല്ലാതെ കൃഷി ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും സര്‍ക്കാര്‍ നല്‍കിയതുമില്ല. കുറേ വര്‍ഷങ്ങള്‍ കൃഷി ചെയ്തും ചെയ്യാതെയും കടന്നു പോയി. 1992ല്‍ വര്‍ഷകാലത്ത് കുട്ടനാട്ടിലെ ജലനിരപ്പ് ക്രമാതീതമായുയര്‍ന്നു. അന്നത്തെ പ്രളയത്തില്‍ റാണിയുടേയും ചിത്തിരയുടേയും പുറംബണ്ടുകള്‍ പൂര്‍ണ്ണമായും നശിച്ചു. പിന്നീട് ഈ ബണ്ടുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാരോ കൃഷി വകുപ്പോ മുന്‍കയ്യെടുത്തില്ല. ബണ്ടില്ലാതായതോടെ കായല്‍ കയറിയ നിലങ്ങളില്‍ കൃഷിയിറക്കാനാവാത്തതിനാല്‍ കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്‍വാങ്ങി. ഇരുന്നൂറോളം കര്‍ഷകരാണ് റാണി, ചിത്തിര കായല്‍ നിലങ്ങളുടെ ഉടമകളായിരുന്നത്. കൃഷി ഇല്ലാതായതോടെ ഇവരില്‍ പലരും കുട്ടനാട്ടില്‍ നിന്ന് കുടുംബത്തോടെ താമസം മാറി.

'കായല്‍ നിലത്തെ കൃഷി തന്നെ ഒട്ടേറെ ബാധ്യതകള്‍ മാത്രമാണ് കര്‍ഷകര്‍ക്ക് തന്നിരുന്നത്. ബണ്ട് കെട്ടുക എന്നത് അന്ന് കര്‍ഷകര്‍ക്ക് പറ്റാത്ത കാര്യമായിരുന്നു. അതിന് ഒരുപാട് പണം ചെലവ് വരും. കൃഷി ചെയ്യാതെ കുട്ടനാട്ടില്‍ നിന്നിട്ട് എന്ത് കാര്യം. അതുകൊണ്ട് എല്ലാവരും കിട്ടിയ വിലയ്ക്ക് എല്ലാം വിറ്റുപെറുക്കി താമസം മാറി. ഇപ്പോള്‍ കൃഷി ചെയ്യാമെന്ന് പറഞ്ഞ് തിരിച്ചു വിളിച്ചു. ഭൂമി തിരിച്ചുകിട്ടുന്നതിനേക്കാള്‍ ഇവിടെ കൃഷിയുണ്ടാവുക എന്നതാണ് ഞങ്ങളുടെ സന്തോഷം.' ചിത്തിര കായലിലെ കര്‍ഷകനായ തങ്കപ്പന്‍ കുഞ്ഞ് പറയുന്നു. തങ്കപ്പന്‍ കുഞ്ഞ് വര്‍ഷങ്ങളായി ഫോര്‍ട്ടുകൊച്ചിയിലാണ് താമസം.

കര്‍ഷകരുപേക്ഷിച്ചുപോയ കായല്‍ നിലങ്ങള്‍ പിന്നീട് സിമന്റ് ഫാക്ടറികളുടെ കക്കാവാരല്‍ കേന്ദ്രമായി. യന്ത്രങ്ങളുപയോഗിച്ച് കക്കാ വാരിയതു മൂലം വന്‍ കുഴികള്‍ കായലില്‍ രൂപപ്പെട്ടിരുന്നു. ഇതിനാല്‍ ഈ നിലങ്ങളെ വീണ്ടും കൃഷി ഭൂമിയാക്കുക സാധ്യമല്ലെന്നായിരുന്നു ആദ്യ കാലത്ത് കൃഷി വകുപ്പിന്റെ നിലപാട്. എന്നാല്‍ കോട്ടയം സ്വദേശിയായ ജോസ് ജോണ്‍ സര്‍ക്കാര്‍ സഹായം നല്‍കിയാല്‍ ഇവിടെ കൃഷിയിറക്കാന്‍ താന്‍ തയ്യാറാണെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ചിത്തിരയിലെ വെള്ളം വറ്റിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇവിടേയ്ക്ക് വൈദ്യുതി എത്തിക്കുകയായിരുന്നു ആദ്യ നടപടി. ഇതിനായി ഒരു കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിച്ചു. റാണി, ചിത്തിര നിലങ്ങളില്‍ കൃഷിയിറക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 13-ാം ധനകാര്യ കമ്മീഷനില്‍ ഉള്‍പ്പെടുത്തി 3.69 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

നിലമുപേക്ഷിച്ചു പോയ കര്‍ഷകരെ അന്വേഷിച്ച് കണ്ടുപിടിക്കലായിരുന്നു ജില്ലാ ഭരണകൂടത്തിനു മുന്നിലുള്ള വെല്ലുവിളി. മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ഭൂരിഭാഗം കര്‍ഷകരെയും കണ്ടെത്തി കൃഷി ചെയ്യുന്നതിനുള്ള സമ്മത പത്രം വാങ്ങി. ജോസ് ജോണിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയ്ക്കാണ് ചിത്തിര കായലില്‍ നാല് വര്‍ഷം കൃഷി ചെയ്യാനുള്ള ചുമതല. റാണിയില്‍ സര്‍ക്കാര്‍ നേരിട്ടാണ് കൃഷിയിറക്കിയിരിക്കുന്നത്.

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി റാണി, ചിത്തിര കായലുകളുടെ പുറംബണ്ട് പൈല്‍ ആന്‍ഡ് സ്ലാബ് ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു. 25 ലക്ഷം രൂപയായിരുന്നു അന്ന് ഇതിനായി ചെലവഴിച്ചത്. കൃഷിയോഗ്യമല്ലാത്ത റാണി, ചിത്തിര കായലുകളുടെ പുറംബണ്ട് നിര്‍മ്മാണത്തിനായി ഇത്രയും തുക മാറ്റി വച്ചു എന്നതായിരുന്നു കുട്ടനാട് പാക്കേജിനെതിരെ വന്ന വിമര്‍ശനങ്ങളില്‍ ഒന്ന്. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കുന്നതായിരുന്നു അവിടെ കൃഷിയിറക്കാനുള്ള തീരുമാനം.

'റാണിയില്‍ 525 ഏക്കറിലാണ് കൃഷിയിറക്കിയിരിക്കുന്നത്. പൂര്‍ണമായും ജൈവ കൃഷിയാണ് നടത്തിയിരിക്കുന്നത്. 25 വര്‍ഷം കായല്‍ കയറി കിടന്നിരുന്നതിനാല്‍ വളമോ കീടനാശിനികളോ ഉപയോഗിക്കേണ്ടി വന്നില്ല. ചിത്തിരയിലെ കൃഷി അഞ്ഞൂറ് ഏക്കറോളം വരും. ചിത്തിരയില്‍ ഇപ്പോഴും 200 ഏക്കറോളം ഭൂമി കൃഷി ചെയ്യാതെ കിടക്കുകയാണ്. ഇതുകൂടി കൃഷി യോഗ്യമാക്കുക എന്നതാണ് ലക്ഷ്യം' പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അബ്ദുള്‍ കരീം വ്യക്തമാക്കി.

(മാധ്യമ പ്രവര്‍ത്തകയാണ് ധന്യ)


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories