TopTop
Begin typing your search above and press return to search.

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം------

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കം------

സന്ദീപ് വെള്ളാരംകുന്ന്

കുര്‍ബാന കാണാന്‍ പോകുമ്പോള്‍ വാക്കത്തിയും കോടാലിയും എടുത്തോയെന്നു യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭ തര്‍ക്കത്തെക്കുറിച്ച് കോമഡി പ്രോഗ്രാം അവതാരകര്‍ ചോദിച്ചിരുന്നതില്‍ നിന്നു സഭാ തര്‍ക്ക വിഷയത്തില്‍ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. ഒരു നൂറ്റാണ്ടോളമായി തര്‍ക്കത്തില്‍ തുടരുന്ന യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ സമാധാനം ഉണ്ടാകണമെന്ന് വിശ്വാസികളില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നുണ്ടെങ്കിലും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമെന്നു ഭയക്കുന്ന ഇരു സഭാ നേതൃത്വത്തിലെയും ഉന്നതര്‍ സമാധാന ചര്‍ച്ചകള്‍ക്കു തുരങ്കം വയ്ക്കുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സഭാ തര്‍ക്കത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പന്ത്രണ്ടോളം പള്ളികളുടെ പേരിലുള്ള തര്‍ക്കം കൂടി പരിഹരിച്ചാല്‍ യാക്കോബായ -ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരമാകുമെന്നതാണ്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ മാന്തളിര്‍ പള്ളി കോടതിവിധിയെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം തുറന്നെങ്കിലും കാര്യമായ പ്രതിഷേധം ഉണ്ടാകാതെ ആരാധന അവസാനിച്ചു. 1974-ല്‍ തര്‍ക്കം മൂലം പൂട്ടിയ മാന്തളിര്‍ പള്ളി 41 വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് തുറന്നത്.

മലബാര്‍ ഭദ്രാസനത്തില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചത് ഓര്‍ത്തഡോക്‌സ് കാതോലിക്കാ ബാവ മലബാര്‍ ഭദ്രാസനത്തിന്റെ മെത്രാപൊലീത്ത ആയിരുന്നപ്പോഴാണ്. ബാക്കിയുള്ള 22 പള്ളികളില്‍ തര്‍ക്കം ഉണ്ടായിരുന്നതില്‍ പത്തെണ്ണത്തിലെ തര്‍ക്കം ഇരുവിഭാഗങ്ങളും തമ്മിലെ ചര്‍ച്ചകളിലൂടെ പരിഹരിച്ചു. തര്‍ക്കങ്ങള്‍ പരിഹരിച്ചത് സഭാ നേതൃത്വങ്ങള്‍ നേരിട്ട് ഇടപെട്ടല്ല. അതാത് ഇടവകകളിലെ ജനങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയാണ് പ്രശ്‌നപരിഹാരം കണ്ടത്. അതിന് ഇരു സഭാ നേതൃത്വങ്ങളും അംഗീകാരം നല്‍കുകയായിരുന്നു.

കോലഞ്ചേരി, കത്തിപ്പാറത്തടം, ആലുവ തൃക്കുന്നത്തു സെമിനാരി പള്ളി, ചാത്തമറ്റം, കോലഞ്ചേരി കോട്ടൂര്‍, വെള്ളിക്കുളങ്ങര, മംഗലം ഡാം തുടങ്ങിയ പള്ളികളുടെ പേരിലാണ് ഇപ്പോഴും ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കം തുടരുന്നത്. ഓടയ്ക്കാലി, ഊരമന എന്നീ പള്ളികള്‍ സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ വീതംവച്ചു പിരിയാന്‍ ധാരണയായിട്ടുണ്ടെന്നാണു സഭാ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതേ മാതൃകയില്‍ ബാക്കിയുള്ള പള്ളികളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ കൂടി പരിഹരിച്ച് ക്രൈസ്തവ സമൂഹത്തിനാകെ നാണക്കേടായ സഭാ വഴക്കെന്ന പ്രശ്‌നം പരിഹരിക്കണമെന്നാണ് ഇരു സഭകളിലെയും ഒരു വിഭാഗം വിശ്വാസികള്‍ തന്നെ ആവശ്യപ്പെടുന്നത്.കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ ശ്ലൈഹിക സന്ദര്‍ശനത്തിനെത്തിയ ആകമാന സുറിയാനി സഭാ തലവന്‍ മാര്‍ അപ്രേം കരീം രണ്ടാമന്‍ പാര്‍ത്രിയാര്‍ക്കീസ് ബാവ സന്ദര്‍ശനത്തിലുടനീളം ഊന്നിപ്പറഞ്ഞത് സഭാ തര്‍ക്കം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു. മുന്‍കാലങ്ങളിലെല്ലാം പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനത്തെ എതിര്‍ക്കുകയും സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ടു കോടതികളെ സമീപിക്കുകയും ചെയ്തിരുന്ന ഓര്‍ത്തഡോക്‌സ് സഭയാകട്ടെ പാര്‍ത്രിയാര്‍ക്കീസിനെ സ്വാഗതം ചെയ്ത് സന്ദര്‍ശനത്തിനു മുന്നോടിയായി കത്തയക്കുകയും ചെയ്തിരുന്നു. പാര്‍ത്രിയാര്‍ക്കീസിന്റെ സമാധാന നീക്കങ്ങളെത്തുടര്‍ന്ന് യാക്കോബായ സഭ പുത്തന്‍കുരിശില്‍ സുനഹദോസ് കൂടുകയും സഭാ സമാധാനത്തിനായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായി അഞ്ചു മെത്രാപ്പോലീത്തമാരടങ്ങിയ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. യാക്കോബായ സഭയുടെ മാതൃകയില്‍ ഓര്‍ത്തഡോക്‌സ് സഭയും സമാധാന സമിതിയെ നിയോഗിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും പാര്‍ത്രിയാര്‍ക്കീസ് ബാവ തര്‍ക്കത്തിലുള്ള പള്ളികളില്‍ പ്രവേശിച്ചുവെന്ന കാരണം പറഞ്ഞ് സമാധാന ചര്‍ച്ചകളില്‍ നിന്നു പിന്‍മാറുകയായിരുന്നു. പന്ത്രണ്ടു പള്ളികളുടെ കൂടി തര്‍ക്കം തീര്‍ന്നാല്‍ സഭാ തര്‍ക്കം തീരുമെന്നതു യാഥാര്‍ഥ്യം തന്നെയാണെന്നും എന്നാല്‍ കോടതി വിധികള്‍ അനുസരിക്കാത്ത യാക്കോബായ സഭയുടെ നടപടികളാണ് സമാധാന നീക്കങ്ങള്‍ക്കു വിലങ്ങുതടിയാകുന്നതെന്നും ഓര്‍ത്തഡോക്‌സ് സഭ പിആര്‍ഒ പ്രഫസര്‍ പി സി ഏലിയാസ് പറയുന്നു.

1934-ലെ സഭാ ഭരണഘടനയും 1995-ലെ സുപ്രീം കോടതി വിധിയും അനുസരിച്ചുള്ള സമാധാന ചര്‍ച്ചകള്‍ക്കാണു ഓര്‍ത്തഡോക്‌സ സഭ മുന്‍ഗണന നല്‍കുന്നത്. 2002-ല്‍ യാക്കോബായ സഭ സ്വന്തമായി ഭരണഘടനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ അതുമായി മുന്നോട്ടു പോകട്ടെ, അതിനു ശേഷമുള്ള സ്ഥാപനങ്ങളും സ്വത്തുക്കളും മാത്രമാണ് ആ ഭരണഘടനയില്‍ വരുന്നത്. കോടതിവിധികളെയും നീതിന്യായ വ്യവസ്ഥകളെയും അംഗീകരിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുമായി എങ്ങനെ സമാധാന ചര്‍ച്ചകള്‍ നടത്താനാവും. യാക്കോബായ സഭയിലെ ഭൂരിഭാഗം വിശ്വാസികള്‍ക്കും സഭാ തര്‍ക്കം പരിഹരിക്കപ്പടണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമെന്നു ഭയക്കുന്ന ചിലരാണ് സഭാ സമാധാന നീക്കങ്ങള്‍ തടയുന്നതിനു പിന്നില്‍. മാന്തളിര്‍ പള്ളി ഓര്‍ത്തഡോക്‌സ വിഭാഗം പിടിച്ചെടുത്തുവന്നു പറയുന്നതു ശരിയല്ല. കോടതി വിധി പ്രകാരം ഞങ്ങള്‍ക്ക് അനുകൂലമായ പള്ളിയാണിത്. പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ സമാധാന നീക്കങ്ങളോടു ഞങ്ങളൊരിക്കലും മുഖം തിരിച്ചിട്ടില്ല. ഞങ്ങളുടെ എല്ലാ കുര്‍ബാനകളിലും തുടക്കത്തില്‍ തന്നെ ആത്മീയ തലവന്‍ എന്ന നിലയില്‍ പാര്‍ത്രിയാര്‍ക്കീസ് ബാവയെ ഓര്‍മിക്കുന്നുണ്ട്. അതേ സമയം ഞങ്ങളുടേതു പൂര്‍ണമായും ഭാരതീയ സഭ തന്നെയാണ്. സഭാ തര്‍ക്കം എത്രയും വേഗം പരിഹരിക്കണമെന്നു തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. പ്രഫസര്‍ പി സി ഏലിയാസ് കൂട്ടിച്ചേര്‍ക്കുന്നു.അതേ സമയം യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പുമൂലമല്ല ഒരിക്കലും സമാധാന ചര്‍ച്ചകള്‍ ഫലം കാണാതെ പോകുന്നതെന്ന് യാക്കോബായ സഭയിലെ മുതിര്‍ന്ന വൈദികനും മുന്‍ സഭാ മുഖ്യ വക്താവുമായ ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ അഭിപ്രായപ്പെടുന്നു. പാര്‍ത്രിയാര്‍ക്കീസിന്റെ നിര്‍ദേശ പ്രകാരം സമാധാന ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ മുന്നോട്ടു വന്നെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗം മുഖംതിരിച്ചതിനാലാണ് സമാധാന ചര്‍ച്ചകള്‍ നടക്കാതെ പോയത്. ഞങ്ങള്‍ക്കനുകൂലമായി വരുന്ന കോടതിവിധികളൊന്നും തന്നെ അംഗീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം തയാറാകുന്നില്ലായെന്നതാണു വിരോധാഭാസം. മാന്തളിര്‍ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കടന്നു കയറിയതില്‍ ഞങ്ങള്‍ക്കു ശക്തമായ പ്രതിഷേധമുണ്ട്. നിലവില്‍ തര്‍ക്കത്തിലിരിക്കുന്ന പള്ളികളെ സംബന്ധിച്ച് ജനസംഖ്യാനുപാതികമായി ഒരു കമ്മീഷന്‍ വച്ച് തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഞങ്ങള്‍ തയാറാണ്. ഇതിന് അവര്‍ പറയുന്ന മാനദണ്ഡം സ്വീകരിക്കാനും ഞങ്ങള്‍ ഒരുക്കമാണ്. അടഞ്ഞു കിടക്കുന്ന പള്ളികള്‍ തുറക്കുകയും ആരാധന തുടരുകയും ചെയ്യണമെന്നും സഭാ പ്രശ്‌നം ആത്യന്തികമായി പരിഹരിക്കണമെന്നുമുള്ള ആഗ്രഹമാണ് ഇതിനു പിന്നില്‍. മേലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് എഗ്രിമെന്റു വച്ച് നിലവിലുള്ള പള്ളികളുടെ തര്‍ക്കം പരിഹരിക്കുകയാണെങ്കില്‍ അല്‍പ്പം നഷ്ടം സഹിച്ചു വിട്ടുവീഴ്ചകള്‍ ചെയ്യാനും ഞങ്ങള്‍ തയാറാണ്. യാക്കോബായ വിഭാഗം അവകാശം വിട്ടുകൊടുക്കേണ്ടി വരുന്ന പള്ളികള്‍ക്കു പകരമായി ഞങ്ങള്‍ക്കു പുതിയ പള്ളികള്‍ പണിയാനുള്ള പണവും സാവകാശവും നല്‍കിയാല്‍ മതിയാകും. സമാധാനത്തില്‍ ഇരു സഭകളായി പിരിയുകയെന്ന പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ ആഗ്രഹം നടപ്പായാല്‍ അതു വരും തലമുറകള്‍ക്കും അനുഗ്രഹമാണ് ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ കൂട്ടിച്ചേര്‍ക്കുന്നു.വളരെക്കുറച്ചു പള്ളികളുടെ പേരിലുള്ള തര്‍ക്കമാണെങ്കിലും ഇരുവിഭാഗത്തെയും വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതു വൈകാരിക പ്രശ്‌നമായതിനാല്‍ രാഷ്ട്രീയ കക്ഷികള്‍ക്കും ഈ വിഷയത്തില്‍ ഇടപെടാന്‍ മടിയാണ്. ഇരു വിഭാഗത്തിലും ശക്തമായ വോട്ടുബാങ്കുള്ളതിനാല്‍ ഇരുകൂട്ടരെയും പിണക്കുന്നത് തെരഞ്ഞടുപ്പുകളില്‍ ദോഷം ചെയ്യുമെന്നതും പാര്‍ട്ടികളെ വിഷയത്തില്‍ ഇടപെടുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നുണ്ട്. സഭാ തര്‍ക്കം ഏതുവിധേനയും പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആകമാന സുറിയാനി തലവന്‍ പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ ശക്തമായ ആവശ്യവും സഭാ തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ വഴിയൊരുക്കുന്ന തരത്തിലുള്ളതാണ്. പള്ളി വഴക്കിന്റെ പേരില്‍ സമുദായത്തെ ഒന്നാകെ മറ്റു സമുദായക്കാര്‍ വിലകുറച്ചു കാണുന്നതും പുതു തലമുറയ്ക്ക് ഇത്തരം സഭാ തര്‍ക്കത്തില്‍ കാര്യമായ താല്‍പര്യമില്ലാത്തതും പ്രശ്‌നം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു സഭകളിലെയും നേതൃത്വങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. സഭാ വഴക്കില്‍ താല്‍പര്യമില്ലാതെ പുതുതലമുറ ഇവാഞ്ചലിക്കല്‍ സഭകളിലേക്ക് വിശ്വാസികള്‍ ചേക്കേറുന്നതും സഭാ നേതൃത്വങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന വിഷയമാണ്. ഇരു വിഭാഗവും ചര്‍ച്ചയ്ക്കും തര്‍ക്കം പരിഹരിക്കാനും തയാറാണെന്ന് ആവര്‍ത്തിക്കുമ്പോഴും ഇതിനുള്ള നടപടികള്‍ വേണ്ടത്ര ഫലം കാണുന്നില്ലായെന്നാണു യാഥാര്‍ഥ്യം. ഇപ്പോഴത്തെ സഭാതര്‍ക്ക്ത്തിന്റെ തുടക്കം 1970-ലാണ്. 74-ലാണ് വ്യവഹാരങ്ങള്‍ ആരംഭിച്ചത്. തുടക്കത്തില്‍ മൊത്തം 34 പള്ളികളാണ് തര്‍ക്കത്തില്‍ ഉണ്ടായിരുന്നത്. അതില്‍ മലബാര്‍ ഭദ്രാസനത്തില്‍ 12 പള്ളികള്‍ ഉണ്ടായിരുന്നു.

ഫോട്ടോകള്‍- ജോണി തോമസ്, വിഷ്ണുപ്രതാപ്‌

മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories