TopTop
Begin typing your search above and press return to search.

മെക്സിക്കന്‍ അപാരത: വിപ്ലവം ആണുങ്ങളുടെ (മാത്രം) ഇടപാടാണ്

മെക്സിക്കന്‍ അപാരത: വിപ്ലവം ആണുങ്ങളുടെ (മാത്രം) ഇടപാടാണ്

അമ്മമാരറിയാത്ത ഒരു വിപ്ലവവും വിജയിക്കില്ലെന്ന് സംവിധായകന്‍ ജോണ്‍ എബ്രഹാം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മെക്സിക്കന്‍ അപാരത എന്ന തട്ടുപൊളിപ്പന്‍ വിപ്ലവ സിനിമ കൊണ്ടാടുന്നത് അമ്മമാരില്ലാത്ത വിപ്ലവമാണ്. ഇവിടെ വിപ്ലവനായകന്‍മാര്‍ മാത്രമേയുള്ളൂ. നായികമാരില്ല.

2000ത്തിന് മുന്‍പാണ് സിനിമയുടെ കാലം. മൊബൈല്‍ ഫോണ്‍ ഇല്ല എന്നതുതന്നെ തെളിവ്. യഥാര്‍ത്ഥത്തില്‍ ഈ ചിത്രം മഹത്വവത്ക്കരിക്കുന്ന എസ് എഫ് വൈ (ഐ)യുടെ സുവര്‍ണ്ണകാലങ്ങളില്‍ ഒന്നാണ് അത്. 90നും 2000 ത്തിനുമിടയില്‍ ചോര ചീന്തിയ നിരവധി സമരങ്ങള്‍ക്കാണ് കേരളത്തിലെ തെരുവുകള്‍ സാക്ഷ്യം വഹിച്ചത്. കേരള സര്‍വ്വകലാശാല വിസി ആയ ഡോ. ജെ വി വിളനിലത്തിന് എതിരെയുള്ള വ്യാജ ബിരുദാരോപണ സമരവും മെഡിക്കോസ് സമരവും സ്വാശ്രയ കോളേജുകള്‍ക്കെതിരെയുള്ള സമരവുമൊക്കെ അവയില്‍ ചിലത് മാത്രം. (സമരത്തിന്റെ വിധി രാഷ്ട്രീയമായി പിന്നീട് അട്ടിമറിക്കപ്പെട്ടെങ്കിലും). ഈ കാലത്ത് അടിയേറ്റ് തലപൊട്ടി രക്തം ചീന്തി സമരമുഖത്ത് നില്‍ക്കുന്ന ടി ഗീനാകുമാരി എന്ന എസ് എഫ് ഐ നേതാവിന്റെ ചിത്രം ഇപ്പോഴും മനസിലുണ്ട്. 90കളുടെ പകുതിയില്‍ ഞാന്‍ പഠിച്ച ബ്രണ്ണന്‍ കോളേജില്‍ തന്നെ ക്ലാസുകളില്‍ തീപ്പൊരി പ്രസംഗങ്ങള്‍ നടത്തുകയും സമരമുഖത്ത് ഉശിരന്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുത്തു നയിക്കുകയും ചെയ്യുന്ന നിരവധി പെണ്‍ സഖാക്കളെ എനിക്കറിയാം. എന്നിട്ടും ഈ വിപ്ലവ പടത്തില്‍ എന്തേ നായികമാരില്ലാതെ പോയി? (ഈ സിനിമയില്‍ കാണിക്കുന്നതിനും കുറച്ചു കാലം മുന്‍പ് വരെ കെ എസ് യു അറിയപ്പെട്ടിരുന്നത് പാവാട കെ എസ് യു എന്നാണെന്ന് കേട്ടിട്ടുണ്ട്.)

സാധാരണ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍മാന്‍, ജോയിന്‍റ് സെക്രട്ടറി എന്നിവ അനൌദ്യോഗികമായി പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്യപ്പെട്ടിട്ടുള്ള സീറ്റുകളാണ്. പലപ്പോഴും എസ് എഫ്ഐയുടെ പാനലും ഇതില്‍ വ്യത്യസ്തമാകാറില്ല. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ കലാലയങ്ങളിലെ ആണ്‍ മസില്‍ രാഷ്ട്രീയ സിനിമ എന്ന നിലയില്‍ യാഥാര്‍ഥ്യ ബോധമുള്ള ഒന്നാണ് മെക്സിക്കന്‍ അപാരത എന്നു പറയേണ്ടി വരും.

സിനിമയില്‍ വിപ്ലവത്തിന്റെ മുഖമായി അവതരിപ്പിക്കുന്ന മൂന്നു പേര്‍ ചെഗുവേരയും കൊച്ചനിയനും പിന്നെ പോളുമാണ്. ഇവര്‍ മൂന്നു പേരും ആണുങ്ങള്‍ക്ക് മാത്രം 'സാധ്യ'മായ ഹിംസാത്മക വിപ്ലവത്തിന്റെ പ്രതിനിധാനങ്ങളും. കേരള പോലീസ് വയനാട് കാട്ടില്‍ നിന്നു പിടികൂടിയ അജിതയെയും ഈ അടുത്ത് നിലമ്പൂര്‍ കാട്ടില്‍ നിന്നു പിടിച്ചു വെടിവെച്ചുകൊന്ന കാവേരിയും മറക്കുക. സ്ത്രീകളുടെ സുരക്ഷയെയും ശാരീരിക ആരോഗ്യത്തെയും പരിഗണിച്ചു അഗസ്ത്യാര്‍കൂടം ട്രാക്കിംഗ് വരെ നിഷേധിക്കുന്ന സര്‍ക്കാര്‍ ആധുനിക കേരളമാണ് നമ്മുടേത്!

സിനിമയിലേക്ക് വരാം. എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജ് കെ എസ് യുവിന്റെ കുത്തകയില്‍ നിന്നും എസ് എഫ് ഐ പിടിച്ചെടുത്ത 1970 കളെ 2000ല്‍ പ്രതിഷ്ഠിച്ചു അവതരിപ്പിക്കുകയാണ് സിനിമ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. (അതല്ല 2011ല്‍ എസ് എഫ് ഐയുടെ കുത്തക പൊളിച്ച് കെ എസ് യുവിന്റെ ചെയര്‍മാന്‍ ജയിച്ചതാണ് കഥ എന്നൊരു വാദമുണ്ട്. കെ എസ് യുവിന്റെ ബോക്സ് ഓഫീസ് സാധ്യതയില്‍ സംശയം തോന്നിയ നിര്‍മ്മാതാക്കള്‍ അത് സമ്മതിച്ചില്ല പോലും) എന്തായാലും ഇന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസകും എസ് രമേശനും എന്‍ കെ വാസുദേവനും ഒക്കെ ഉള്‍പ്പെട്ട പാനല്‍ മഹാരാജാസില്‍ ശുഭ്രപതാക നാട്ടി എന്നത് ചരിത്രയാഥാര്‍ഥ്യം. (സിനിമയില്‍ ഒരു എഫ്ഫക്ടിന് വേണ്ടി ചുവന്ന കൊടിയാണ് കാണിക്കുന്നത്).

മലയാളത്തിലെ വാഴ്ത്തപ്പെട്ട കാമ്പസ് രാഷ്ട്രീയ സിനിമകളായ ചെപ്പ്, സര്‍വ്വകലാശാല, ക്ലാസ്മേറ്റ് എന്നീ സിനിമകളുടെ തുടര്‍ച്ചയില്‍ കവിഞ്ഞൊന്നും ഒരു മെക്സിക്കന്‍ അപാരതയും മുന്നോട്ട് വെക്കുന്നില്ല. നായകന്റെ ഹീറോയിസത്തിന് കുറച്ചു കടും വിപ്ലവ ചാരുത കൊടുത്തിരിക്കുന്നു എന്നുമാത്രം. സിനിമയുടെ ആദ്യ പകുതിയുടെ പ്രണയത്തിന്റെയും കോമഡിയുടെയും ബില്‍ഡപ്പ് ഇത്തിരി കൂടിപ്പോയി എങ്കിലും രണ്ടാം പകുതി പുതിയ ഞരമ്പ് വിപ്ലവക്കാരെയും അക്കാലത്ത് മഹാരാജാസ് അടക്കമുള്ള കാമ്പസുകളില്‍ എസ് എഫ് ഐ കെട്ടിപ്പൊക്കിയ സഖാക്കളെയും ഹരം കൊള്ളിക്കുന്ന രീതിയില്‍ എടുക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

മുഖ്യധാര മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഈ സിനിമയുടെ സംഭാവന ടോവിനോ എന്ന നടന്‍ മാത്രമാണ്. ഒരു സിനിമയെ ഒറ്റയ്ക്ക് ചുമലിലേറ്റി വിജയിപ്പിക്കാന്‍ കഴിയും എന്ന് ആ നടന്‍ തെളിയിച്ചിരിക്കുന്നു. അതിന്റെ സൂചനയാണ് കുറച്ചധികം സിനിമകളെ അയാളെ വെച്ച് അണിയറയില്‍ ഒരുങ്ങുന്നതും. കഥപറച്ചലിലോ കഥയില്‍ തന്നെയോ യാതൊരു പുതുമയും അത്ഭുതവും സമ്മാനിക്കുന്നില്ല എന്നതാണ് മെക്സിക്കന്‍ അപാരതയുടെ ഏറ്റവും വലിയ പരാജയം.

ആരോ സോഷ്യല്‍ മീഡിയയില്‍ എഴുതിയിട്ട പോലെ 'ഇടത്തോട്ടുള്ള ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് പോകുന്ന സിനിമ'യാണ് ഒരു മെക്സിക്കന്‍ അപാരത. പക്ഷേ ഇന്നത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പുരുഷമേധാവിത്ത ഇടത്തെ തുറന്നു കാണിക്കുന്നുണ്ട്, അറിയാതെ എങ്കിലും ഈ സിനിമ.


Next Story

Related Stories