TopTop
Begin typing your search above and press return to search.

ഓസ്‌കര്‍ ബാഗിലുള്ളത്; സെക്സ് ടോയ്സ് മുതല്‍ ഇസ്രായേല്‍ ടൂര്‍ വരെ

ഓസ്‌കര്‍ ബാഗിലുള്ളത്; സെക്സ് ടോയ്സ് മുതല്‍ ഇസ്രായേല്‍ ടൂര്‍ വരെ

അഴിമുഖം പ്രതിനിധി

ഓസ്‌കറില്‍ എല്ലാവരും വിജയികളാണ് എന്നാണു ചൊല്ല്. നാമനിര്‍ദേശം നേടുക എന്നതാണ് പ്രധാനം. അത് അത്ര ശരിയല്ലെന്ന് ഓസ്‌കര്‍ ലഭിക്കാതെവരുമ്പോഴുള്ള ലിയൊനാര്‍ഡോ ഡി കാപ്രിയോയുടെ മുഖഭാവം വ്യക്തമാക്കാറുണ്ടെങ്കിലും.

നാമനിര്‍ദേശം നേടുന്ന ആരും വെറുംകയ്യോടെ മടങ്ങാറില്ലെന്നതു വാസ്തവം. ഈ വര്‍ഷത്തെ സമ്മാനബാഗ് ഏതാണ്ട് രണ്ടുലക്ഷം ഡോളറിന്റേതാണെന്ന് ദ് ഡെയ്‌ലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തവണ ബാഗിലുള്ള സമ്മാനങ്ങള്‍ തീരുമാനിച്ചത് ഒരു കിറുക്കനാകാമെന്നാണ് ഉള്ളടക്കം കണ്ടവരുടെ നിഗമനം. ഇസ്രയേലിലേക്കുള്ള യാത്ര, ജപ്പാനിലേക്കുള്ള ' വാക്കിങ് ടൂര്‍', സെക്‌സ് ടോയ്‌സ്, ' വാംപയര്‍ ബ്രെസ്റ്റ് ലിഫ്റ്റ്' എന്നിങ്ങനെ പോകുന്ന സമ്മാനങ്ങളുടെ പട്ടിക.

ഡിസ്റ്റിന്‍ക്റ്റിവ് അസെറ്റ്‌സ് എന്ന കമ്പനിയായണ് ഇത്തവണ അക്കാദമി അവാര്‍ഡ് ബാഗ് തയാറാക്കിയത്. അവരുടെ പ്രസ്താവന ഇങ്ങനെ പറയുന്നു: ' അതിശയകരമായ, ഉപയോഗപ്രദവും ഉല്ലാസകരവുമായ സാധനങ്ങളാണ് ബാഗിലുള്ളത്. പണം കൊണ്ട് കിട്ടുന്ന എന്തും വാങ്ങാന്‍ കഴിവുള്ളവരെങ്കിലും സമ്മാനം കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം അനുഭവിക്കാന്‍ കഴിയുന്നവരെ ത്രസിപ്പിക്കാനും തൃപ്തിപ്പെടുത്താനും പറ്റിയവ.'

കോടീശ്വരന്മാര്‍ക്ക് എന്താണു സമ്മാനം കൊടുക്കുക എന്ന ചോദ്യം ശരി തന്നെ. ഉത്തരമായി 'വാംപയര്‍ ബ്രെസ്റ്റ് ലിഫ്റ്റ്' എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടാകണം. ഇതേപ്പറ്റി 'കോസ്‌മോപൊളിറ്റന്‍' പറയുന്നത് ഇങ്ങനെയാണ്: 'ഹോളിവുഡില്‍ ഇപ്പോള്‍ പുതുതായി പുറകെ പോകുന്ന ഒന്നാണ് വാംപയര്‍ ബ്രെസ്റ്റ് ലിഫ്റ്റ്. രക്തത്തില്‍ നിന്നുണ്ടാക്കുന്ന വളര്‍ച്ചാ ഘടകങ്ങള്‍ ഉപയോഗിച്ച് മാറിടത്തിനു ഭംഗി കൂട്ടുന്ന വിദ്യ. ഇംപ്ലാന്റ് പാടുകളും ക്രമരാഹിത്യങ്ങളും മറയ്ക്കാനും സംവേദനക്ഷമത കൂട്ടാനും ഇതിനാകും. മാസ്റ്റെക്ടമിക്കു വിധേയരാകുന്നവരില്‍ പാടുകള്‍ ഇല്ലാതാക്കാനും മുറിവുകള്‍ ഉണക്കാനും പ്ലാസ്റ്റിക് സര്‍ജന്‍മാര്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണിത്. ചികിത്സയ്ക്കു വിധേയരാകുന്നവരുടെ രക്തമാണ് ഇതിന് ഉപയോഗിക്കുന്നത്.' ഇത് കണ്ടുപിടിച്ചയാള്‍ തന്നെയാണ് 'വാംപയര്‍ ഫേസ് ലിഫ്റ്റ്' കണ്ടുപിടിച്ചത്. എന്നാല്‍ ഈ ബാഗ് പ്രധാനവിഭാഗങ്ങളില്‍ നാമനിര്‍ദേശം ലഭിച്ചവര്‍ക്കുമാത്രമേ ലഭിക്കൂ.ബാഗിലുള്ള മറ്റ് ചില സാധനങ്ങള്‍ ഇവയാണ്:

ഇസ്രയേലിലേക്കുള്ള 10 ദിവസത്തെ ഫസ്റ്റ് ക്ലാസ് ട്രിപ്പ് (55,000 ഡോളര്‍).

സില്‍വര്‍കാറില്‍നിന്ന് ഒരു വര്‍ഷത്തേക്ക് പരിധിയില്ലാതെ ഓഡി കാര്‍ വാടകയ്ക്ക് (45,000 ഡോളര്‍)

15 ദിവസത്തെ ജപ്പാന്‍ വാക്കിങ് ടൂര്‍ (45,000ഡോളര്‍)

പ്രശസ്തരുടെ ആരോഗ്യവിദഗ്ധയും എബിസിയുടെ 'മൈ ഡയറ്റ് ഈസ് ബെറ്റര്‍ ദാന്‍ യുവേഴ്‌സ്' താരവുമായ ജേ കാര്‍ഡിയെല്ലോയുമായി 3 പരിശീലന സെഷനുകള്‍ (1400 ഡോളര്‍)

അല്‍തെറാപ്പി, ലേസര്‍ ഉപയോഗിച്ച് തൊലി മുറുക്കമുള്ളതാക്കുന്ന വിദ്യ (5530 ഡോളര്‍)

ലിസോറയില്‍നിന്ന് ജീവിതകാലം മുഴുവന്‍ സ്‌കിന്‍ ക്രീമുകള്‍ (31200 ഡോളര്‍)

ഒരു സ്വകാര്യ വില്ലയില്‍ ഫിറ്റ് ക്ലബ് ടിവിയുടെ 'അള്‍ട്ടിമേറ്റ് ഫിറ്റ്‌നസ് പാക്കേജ്' (6250 ഡോളര്‍)

ഹേസ് ഡ്യുവല്‍ വി3 വേപ്പറൈസര്‍ (249.99 ഡോളര്‍.)


Next Story

Related Stories