UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

നമ്മള്‍ പ്രഹസനമാക്കുന്ന അന്വേഷണം എന്ന കല-ഹരീഷ് ഖരെ എഴുതുന്നു

പഞ്ചാബിലെ നമ്മുടെ പുതിയ ഭരണാധികാരികള്‍ മധുവിധുക്കാലം കഴിയും മുമ്പേ ചീത്തപ്പേര് കേള്‍പ്പിക്കുന്നു. അധികാരത്തിന്റെ മത്ത് പിടിച്ചതായിരിക്കാം

ഹരീഷ് ഖരെ

ബുധനാഴ്ച്ച വൈകീട്ട് ഒരു ‘ഭീകരവാദി’ ഒരു കത്തിയുമായി വന്ന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് സ്ഥിതിചെയ്യുന്ന വെസ്റ്റ്മിനിസ്റ്റര്‍ കൊട്ടാരത്തിന്റെ പുറംസുരക്ഷ ഭേദിച്ചു. അധികം വൈകാതെ അയാളെ വെടിവെച്ചുകൊല്ലുകയും ചെയ്തു. പക്ഷേ അതില്‍ കാണേണ്ട പ്രധാന സംഗതി, ആക്രമിയെ തിരിച്ചറിഞ്ഞു വെളിപ്പെടുത്താന്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അനാവശ്യമായ ഒരു ധൃതിയും കാണിച്ചില്ല എന്നതാണ്. അത്തരത്തിലുണ്ടായ ഒരു ശ്രമം അക്രമി ഒരു ‘ഏഷ്യന്‍ വംശജന്‍’ ആയിരിക്കാമെന്ന സൂചനയാണ്. രണ്ടു ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് ലണ്ടന്‍ പോലീസിന് അയാളുടെ പേര് അഡ്രെയിന്‍ റസല്‍ അജാവോ ആണെന്നും എന്നാല്‍ അടുത്തിടെയായി  ഖാലിദ് മസൂദ് എന്ന പേരാണ് ഉപയോഗിച്ചിരുന്നതെന്നും മനസിലായത്. ഈ നിശബ്ദതയില്‍ ഒരു തൊഴില്‍വൈദഗ്ദ്ധ്യമുണ്ട്.

ട്രംപ് പ്രചാരണത്തില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായോ എന്ന വിഷയത്തില്‍  മൊഴി നല്കാന്‍ ഹൌസ് ഇന്റലിജന്‍സ് സമിതിയുടെ മുന്നില്‍ എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമി എത്തിയത് സമാനമായ ഒരു സംഭവമാണ്. കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രകോപനം ഏറെയുണ്ടായിട്ടും ആവശ്യത്തില്‍ കൂടുതലോ കുറവോ ഒരു വാക്കും എഫ് ബി ഐ ഡയറക്ടര്‍  അവിടെ പറഞ്ഞില്ല. പകരം തങ്ങള്‍ അന്വേഷിക്കുന്ന കേസുകളെക്കുറിച്ചും ആളുകളെക്കുറിച്ചും എഫ് ബി ഐ അതീവശ്രദ്ധ പുലര്‍ത്തുന്നു എന്നു കോണ്‍ഗ്രസ് അംഗങ്ങളോട് വ്യക്തമാക്കി. വളരെ ശാന്തമായി.

ഇത്തരത്തിലുള്ള തൊഴില്‍വൈദഗ്ദ്ധ്യമുള്ള ഇടപെടല്‍ ഇന്ത്യയില്‍ കാണാന്‍ കിട്ടില്ല. എന്തെങ്കിലും ‘സംഭവം’ നടന്നാല്‍ ഉടനെ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ വേണ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചെവിയില്‍ സംശയിക്കുന്ന ഇസ്ളാമിക സംഘടനയുടെ പേര് പറയും. പലപ്പോഴും മുതിര്‍ന്ന രാഷ്ട്രീയനേതാക്കളും അവസരം പാഴാക്കില്ല.

സുരക്ഷാ പ്രശ്നങ്ങളുമായി ഇടപെടുന്ന ഏജന്‍സികള്‍ മാത്രമല്ല, സി ബി ഐയും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വരെ ഓരോ ‘പരിശോധന’യിലും കിട്ടിയ ‘സംശയകരമായ’ രേഖകളുടെ വിവരം ചോര്‍ത്തി നല്‍കാറുണ്ട്.

മിക്കപ്പോഴും ലക്ഷ്യം കുറ്റവാളിയെ കണ്ടെത്തലല്ല, ഒരു രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കലാണ്. തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ ആവശ്യങ്ങള്‍ മനസിലാക്കിയാണ് അന്വേഷണ ഏജന്‍സികളുടെ തലപ്പത്തുള്ളവര്‍ അന്വേഷണം അതിനനുസരിച്ച് രൂപപ്പെടുത്തുന്നത്.

1989 ഏപ്രില്‍-മെയില്‍ തോക്കുധാരികളായ അക്രമികള്‍ ലണ്ടനിലെ ഇറാന്‍ നയതന്ത്ര കാര്യാലയത്തില്‍ അതിക്രമിച്ചു കടന്ന് ചിലരെ ബന്ദികളാക്കിയപ്പോള്‍ ലണ്ടന്‍ പൊലീസ് പ്രതികരിച്ച രീതി ഒരു വായനക്കാരന്‍ എഴുതിയിരുന്നു. അഞ്ചു ദിവസത്തെ ഉപരോധത്തിന് ശേഷമാണ് സംഭവം നിയന്ത്രണവിധേയമാക്കിയത്. ബി ബി സി ആകെ റിപ്പോര്‍ട് ചെയ്തത് SAS ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ‘വായുവില്‍ അപ്രത്യക്ഷരായി’ എന്നാണ്.

മുഖമില്ലാതെ, ശബ്ദമില്ലാതെ പണിയെടുക്കേണ്ടതിന്റെ ആവശ്യം നമ്മുടെ ഏജന്‍സികള്‍ ഇതുവരെ മനസിലാക്കിയിട്ടില്ല. നമുക്ക് പുരസ്കാരങ്ങളും മാധ്യമ ശ്രദ്ധയും വേണം. പാശ്ചാത്യ മാധ്യമ സംസ്കാരം രഹസ്യാത്മകതയുടെ ആവശ്യം മനസിലാക്കുന്നു. നമുക്കിവിടെ ആളുകളുടെ പേരും നിസഹായരായ ജനങ്ങളുടെ ജീവിതവും തകര്‍ക്കുന്നതില്‍ ഒരു മടിയുമില്ല.

ഇതൊന്നും നമുക്ക്  ഗുണം ചെയ്തില്ല. കേന്ദ്ര സര്‍ക്കാര്‍ മാറിയപ്പോള്‍ അന്വേഷണലക്ഷ്യങ്ങള്‍ മാറ്റി നമ്മുടെ പ്രധാന അന്വേഷണ ഏജന്‍സി NIA നാണംകെട്ടു. അതിന്റെ ‘വിദഗ്ധരെ’ന്ന പേരാണ് മണ്ണില്‍ വീണത്. ഹഫീസ് സയിദിനെതിരായ നമ്മുടെ അന്വേഷണ ഏജന്‍സിയുടെ നിഗമനങ്ങള്‍ അംഗീകരിക്കാന്‍ ഒരു അന്താരാഷ്ട്ര ഏജന്‍സിയും സന്നദ്ധമല്ല.

കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയാണ് : പഞ്ചാബ്-ഹരിയാന ഹൈക്കോടതി 34 വര്‍ഷത്തിന് ശേഷം ഒരു കൊലപാതകക്കേസില്‍ വിധി പറഞ്ഞു. കേസിലെ പ്രതിയായ കൊല്ലപ്പെട്ടയാളുടെ ഭാര്യയെ വെറുതെ വിട്ടു. മുപ്പത്തിനാല് കൊല്ലങ്ങള്‍. നമ്മുടെ പ്രധാന അന്വേഷണ ഏജന്‍സിയുടെ വൃത്തികെട്ട പ്രതിച്ഛായ. നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ പരിതാപകരമായ അവസ്ഥ. ചാള്‍സ് ഡിക്കന്‍സിന്റെ Bleak House-നേക്കാള്‍ മോശം.

ചണ്ഡീഗഡിന് കൊലപാതകത്തോട് ഒരു പ്രത്യേക താത്പര്യമുണ്ടെന്ന് എനിക്കു തോന്നുന്നു. കഴിഞ്ഞയാഴ്ച്ച ഭീകരമായ ഏകാം ധില്ലന്‍ കൊലപാതകം നടന്നു. എന്നെ ആകെ അന്ധാളിപ്പിച്ചത്, കൊല്ലപ്പെട്ടയാളുടെ ഭാര്യ, അമ്മായിയമ്മ, ഭാര്യാസഹോദരന്‍, സുഹൃത്തുക്കള്‍ എന്നിവര്‍ മൃതദേഹം കഷ്ണങ്ങളായി മുറിച്ച് കളഞ്ഞു എന്നാണ്. അതിനും മുമ്പ് സകേത്രി ഗ്രാമത്തിലെ കൊലപാതകം. ഒരു അപമാനത്തിന്റെ പേരില്‍ ചെറുപ്പക്കാര്‍ കണക്കുതീര്‍ക്കുകയായിരുന്നു.

നമ്മുടെ സമൂഹത്തിനു ഗുരുതരമായ എന്തോ കുഴപ്പമുണ്ട്. രൂക്ഷമായ കോപം, അമിതമായ ധനം, അത്യാര്‍ത്തി, ദുരഭിമാനം, നിയമത്തോടുള്ള ബഹുമാനക്കുറവ്. നാം സന്തോഷസൂചികയില്‍ ഏറെ പിറകിലാവുന്നത് വെറുതെയല്ല.

എല്ലാ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളും കപട ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന സംരംഭകരും വ്യാജ രാഷ്ട്രീയക്കാരും ആയതുകൊണ്ടാകാം; ഇപ്പറയുന്ന ‘സാംസ്കാരിക സംഘടനകള്‍’ അന്തമില്ലാത്ത തെരഞ്ഞെടുപ്പ് യുദ്ധങ്ങള്‍ക്ക് കാലാളുകളെ നല്‍കുന്ന തിരക്കിലും. സാമൂഹ്യക്രമം ദുര്‍ബ്ബലവും അപകടകരവും ആവുകയാണ്.

നമുക്കെല്ലാം  ഒരു ഡോക്ടറെ അറിയാം-അതിലേറെ ഒരു ഡോക്ടറെ അറിയണം. ചുരുങ്ങിയത് ഒരാളെയെങ്കിലും. കാരണം നമ്മള്‍ സ്നേഹിക്കുന്ന ആരെങ്കിലും-മകള്‍, മകന്‍,ഭാര്യ,ഭര്‍ത്താവ്,മാതാപിതാക്കള്‍, സുഹൃത്തുക്കള്‍- രോഗബാധിതരാകാം. അവര്‍ക്ക് വൈദ്യസഹായം വേണ്ടിവരും. ആ സമയത്ത് ഒരു ഡോക്ടര്‍ ‘ദൈവം’ പോലെയാണ്.

ഏത് സമൂഹത്തെയും പോലെ ഇന്ത്യയിലും നമുക്ക് ഡോക്ടര്‍മാരെയും ആശുപത്രികളെയും കുറിച്ച് ശക്തമായ ധാരണകളുണ്ട്. നമുക്കോരോരുത്തര്‍ക്കും ഒരു ഡോക്ടറെക്കുറിച്ച് നിരാശയുടെയും കോപത്തിന്റെയും സംതൃപ്തിയുടെയും, മടുപ്പിന്റെയും കഥ പറയാനുണ്ടാകും. നമോരോരുത്തരും ഓരോ ആശുപത്രിസന്ദര്‍ശനത്തിന് ശേഷവും കൊള്ളയടിക്കപ്പെട്ട വികാരം അനുഭവിക്കുന്നു. ചിലപ്പോള്‍ ഒരു കൃത്യമായ രോഗനിര്‍ണയത്തിലൂടെ രോഗം മാറി അനുഗ്രഹിക്കപ്പെട്ട പോലെയും തോന്നുന്നു.

ഒരു ഡോക്ടറുടെ സങ്കീര്‍ണമായ ലോകത്ത് എന്താണ് നടക്കുന്നതെന്ന് മനസിലാക്കാന്‍ നാം പലപ്പോഴും ശ്രമിക്കാറില്ല. അവിടെയാണ് നാം യു എസിലെ ശസ്ത്രക്രിയാ വിദഗ്ദ്ധനായ, പൊതുജനാരോഗ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അതുല്‍ ഗാവണ്ടെയെ പരിചയപ്പെടേണ്ടത്. കൊല്ലങ്ങള്‍ക്കൊണ്ട് അദ്ദേഹം പല വലിയ പ്രചാരമുള്ള പുസ്തകങ്ങളും എഴുതിയിരിക്കുന്നു.

മികച്ചൊരു എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല ജീവിതത്തിനും മരണത്തിനും ഇടയിലെ നില്‍ക്കുന്ന ഒരു ഡോക്ടറുടെ നിഗൂഢ ലോകത്തിലേക്ക് അദ്ദേഹം വാതില്‍ തുറക്കുന്നു എന്നതുകൊണ്ടുകൂടിയാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത്. അദ്ദേഹം വൈദ്യ ലോകത്തിന് തനതായ വിശുദ്ധിയെ വെളിപ്പെടുത്തുന്നു. മനുഷ്യജീവന്‍ രക്ഷിക്കാനുള്ള ദൈവസഹജമായ വരവും അവസരവും. “നമ്മുടെ തീരുമാനങ്ങളും വീഴ്ച്ചകളും ധാര്‍മികസ്വഭാവം ഉള്ളവയാണ്,” Better എന്ന  തന്റെ ആദ്യപുസ്തകത്തിന്റെ അവതാരികയില്‍ അദ്ദേഹം എഴുതുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യയില്‍ വലിയ കുതിപ്പുണ്ടായിട്ടും അറിവും അനുഭവവും ഉപകരണങ്ങളും അന്തരീക്ഷവും മതിയാകാതെ വരുന്നു. “മികവ് നേടേണ്ട അറിവ് വിപുലവും അപൂര്‍ണവുമാണ്. എന്നിട്ടും ലബോറട്ടറി വിദഗ്ധന്‍ മുതല്‍ നഴ്സുമാര്‍ വരെയുള്ള നൂറുകണക്കിനാളുകളെ കൂട്ടിയിണക്കേണ്ട ജോലിയുള്ള നിങ്ങള്‍ ചടുലതയോടും സ്ഥിരതയോടും കൂടി ഒരൊറ്റ വ്യക്തിക്കായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”

തന്റെ ശേഷിയെക്കുറിച്ചുള്ള എഴുത്തില്‍  അദ്ദേഹം വിദ്ഗ്ദ്ധനായൊരു കഥപറച്ചിലുകാരനാണ്. ഉദാഹരണത്തിന് ‘Naked’ എന്ന തലക്കെട്ടുള്ള അധ്യായം നോക്കുക. പരിശോധനസമയത്ത് ശസ്ത്രക്രിയാ വിദഗ്ദ്ധനും രോഗിയും ധരിക്കേണ്ട കുപ്പായത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നതു. യു എസ് മുതല്‍ ഉക്രെയിനും വെനെസ്വേലയും വരെയുള്ള രാജ്യങ്ങളിലെല്ലാം ഇതിന്റെ രീതി വിഭിന്നമാണെന്ന് അദ്ദേഹം പറഞ്ഞുതരുന്നു. അപ്പോള്‍ ഒരു ചോദ്യം; ഒരു സ്ത്രീ രോഗിയെ പുരുഷ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ നഴ്സ് ഒപ്പം വേണോ?

എന്റെ എല്ലാ യുവ മാധ്യമ സുഹൃത്തുക്കള്‍ക്കും ഞാന്‍ അദ്ദേഹത്തെ വായിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ഒരെഴുത്തുകാരന് വേണ്ട അടിസ്ഥാനഗുണങ്ങള്‍ അദ്ദേഹം കാണിക്കുന്നു; നിരീക്ഷണപാടവം, വിശദാംശങ്ങളിലെ ശ്രദ്ധ, ഏറെ സങ്കീരണമായ സാങ്കേതിക വിഷയങ്ങളും രസകരമായി വായിക്കാവുന്ന തരത്തിലാക്കുക. ഒരു ശസ്ത്രക്രിയക്ക് ശേഷം ;കൈ കഴുകുക; ‘Mop-up’ തുടങ്ങിയ സാധാരണമെന്ന് തോന്നുന്നവയുടെ പ്രാധാന്യം അദ്ദേഹം പറഞ്ഞുതരുന്നു.

അല്ലെങ്കില്‍ ഒരു ഡോക്ടര്‍ പരിശോധിക്കേണ്ട കാര്യങ്ങളുടെ പട്ടിക. “ഒരു കുത്തുകൊണ്ട മുറിവില്‍ കാര്യങ്ങള്‍ കവിട്ടുപോകാവുന്ന ആയിരക്കണക്കിന് വഴികളുണ്ട്,” ആയുധം എന്തായിരുന്നു എന്ന് രോഗിയോട്  ചോദിക്കാന്‍ ഡോക്ടര്‍ മറന്ന ഒരു സാഹചര്യത്തെക്കുറിച്ചു പറയവെ അദ്ദേഹം എഴുതുന്നു.

ഗവാദേയുടെ കൃതികളില്‍ ലളിതമായ, വലിയൊരു സന്ദേശമുണ്ട്; പ്രവര്‍ത്തി എന്തായാലും നാം മനസിലാക്കണം; “പരാജയം എളുപ്പവും ശ്രമരഹിതവുമായ ഒന്നില്‍ മികവുണ്ടാക്കുന്നത് എന്താണെന്ന്.”

പഞ്ചാബിലെ നമ്മുടെ പുതിയ ഭരണാധികാരികള്‍ മധുവിധുക്കാലം കഴിയും മുമ്പേ ചീത്തപ്പേര് കേള്‍പ്പിക്കുന്നു. അധികാരത്തിന്റെ  മത്ത് പിടിച്ചതായിരിക്കാം. അവരെന്താണ് കുടിക്കുന്നതെന്ന് എനിക്കറിയില്ല, അതെന്തായാലും കാപ്പിയാകാന്‍ വഴിയില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍