TopTop
Begin typing your search above and press return to search.

ജീവിതം കൊണ്ട് വെന്ത് മൈമുന അല്ല തസ്റാക്കിലെ ഫാത്തിമ-ഖസാക്ക് പരമ്പര 3

ജീവിതം കൊണ്ട് വെന്ത് മൈമുന അല്ല തസ്റാക്കിലെ ഫാത്തിമ-ഖസാക്ക് പരമ്പര 3

ഇതിഹാസത്തിന്റെ കഥാകാരന്‍ ഒവി വിജയന്‍ അന്തരിച്ചിട്ട് ഇന്ന് 12 വര്‍ഷം പൂര്‍ത്തിയാകുന്നു. പാലക്കാട് ജില്ലയിലെ വിദൂരമായ തസ്റാക്ക് എന്ന ഗ്രാമത്തെ ഖസാക്കെന്ന മായിക ഭൂമിയാക്കി മാറ്റിയ അത്ഭുത കഥാകാരന്‍. ഖസാക്കിലെ കഥാപാത്രങ്ങളെല്ലാം തങ്ങളെ സൃഷ്ടിച്ച കഥാകാരന് മുന്‍പും പിന്‍പുമായി തസ്റാക്ക് വിട്ടുപോയി. ഒരാള്‍ ഒഴികെ. മൈമുന...(ഖസാക്ക് പരമ്പരയിലെ ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം- തസ്റാക്കിലെ ആദ്യത്തെ മാഷ് ആ ‘ഷ്കോളി’നെ കുറിച്ച് പറയുന്നു, ഖസാക്ക് വായിക്കാത്ത ഒവി വിജയന്‍ ആരാധകന്‍; തസ്രാക്കിന്റെ സ്വന്തം ഗൈഡ് മജീദിന്റെ കഥ)

തലയില്‍ തട്ടനിട്ടില്ലെങ്കില്‍ മലിക്കുകള്‍ മോഹിക്കുമെന്നായിരുന്നു വിശ്വാസം. മൈമുന അലക്ഷ്യമായി തട്ടന്‍ തലയിലേക്ക് കേറ്റി. അടുത്ത ക്ഷണത്തില്‍ അത് വീണ്ടും താഴോട്ടുരസി. കാറ് പിടിച്ച പോലെ ഇരുണ്ടു നിന്ന മുടി കണ്ട് തിത്തിബിയുമ്മ അതിശയിച്ചു. മലിക്കുകളെ ചൊല്ലിയായിരുന്നില്ല തിത്തിബിയുമ്മ ആവലാതിപ്പെട്ടത്. മൈമുന ചെല്ലുന്നിടത്തെല്ലാം കാസിമും ഹനീഫയുമുണ്ട്. ഉബൈദും ദാവൂദുമുണ്ട്. ഉസാമത്തുണ്ട്. പക്ഷേ ആ ചെറുപ്പക്കാരാരും സ്ത്രീധനമില്ലാത്ത പെണ്ണിനെ തറവാട് കേറ്റില്ല. മൈമുനയുടെ മേല്‍ മീന്‍ ചെകരോളം പൊന്നില്ല. ആ ഉടലിന്‍റെ ധാരാളിത്തത്തിന് പൊന്നു വേണ്ടെന്ന് ഖസാക്കുകാര്‍ പറഞ്ഞു. മൈമുന തന്‍റെ വെള്ളക്കുപ്പായം കൈത്തണ്ടയോളം തെറുത്ത് വെച്ചു. കരിവളകള്‍ തെറുത്തു കേറ്റി നിര്‍ത്തി. അപൂര്‍വ്വമവസരങ്ങളില്‍ കാസിമിനോടോ ഉസാമത്തിനോടോ വായാടാന്‍ അവള്‍ നിന്നു. അവരുടെ മുഖങ്ങള്‍ ചുവക്കുന്നതും സ്വരങ്ങള്‍ ഇടറുന്നതും കാണാന്‍ വേണ്ടി മാത്രം. അല്ലെങ്കില്‍ ഒരു ചിരി കടിച്ചമര്‍ത്തി ഖസാക്കിലെ ഒരു യാഗാശ്വമായി നടുപ്പറമ്പിലൂടെ അവള്‍ നടന്നു...” (ഖസാക്കിന്‍റെ ഇതിഹാസം)

ഖസാക്കിലെ ഇതിഹാസത്തിലെ അല്ലാപ്പിച്ച മൊല്ലാക്കയുടെ മകള്‍ മൈമുന ഖസാക്കിലെ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ സുന്ദരിയായിരുന്നു. മുങ്ങാങ്കോഴിയെ വിവാഹം കഴിച്ചിട്ടും മൈമുനയുടെ വര്‍ദ്ധിച്ചു വരുന്ന ചന്തവും കൈത്തണ്ടയിലെ നീല ഞരമ്പുകളും ഖസാക്കുകാരുടെ മാത്രമല്ല വായനക്കാരായ ചെറുപ്പക്കാരുടെ ഉറക്കവും കെടുത്തിയിട്ടുണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല. ഖസാക്കിന്‍റെ ഇതിഹാസം എന്ന നോവലിലെ മൈമുന ഞാറ്റുപുരയിലേക്കുള്ള വഴിയില്‍ ഒരു ചെറിയ വീട്ടില്‍ മകനോടും കുടുംബത്തോടുമൊപ്പം ഇപ്പൊഴും ജീവിച്ചിരിപ്പുണ്ടെന്ന് ഞാറ്റുപുരയുടെ സൂക്ഷിപ്പുകാരന്‍ മജീദാണ് പറഞ്ഞു തന്നത്. അങ്ങനെയാണ് നോവലിലെ ജീവിച്ചിരിക്കുന്ന കഥാപാത്രത്തെ തേടി ഞങ്ങള്‍ ഇറങ്ങിയത്.

തസ്റാക്കിലെ വീട്ടില്‍ മൈമുന ഉണ്ടായിരുന്നില്ല. പെരുവമ്പിലുള്ള മകളുടെ വീട്ടിലായിരുന്നു മൈമുന. അവിടെ നിന്നു അഞ്ചാറ് കിലോമീറ്റര്‍ ദൂരമുണ്ട് അവിടേക്കെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. എന്തു വന്നാലും മൈമൂനയെ കാണണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഒരുപാട് അന്വേഷിച്ചലഞ്ഞാണ് ഒടുവില്‍ ഞങ്ങള്‍ മൈമുനയെ കണ്ടെത്തിയത്. ഞങ്ങള്‍ ചെല്ലുമ്പോള്‍ വീടിന്റെ വരാന്തയില്‍ തന്നെ മൈമുന ഇരിക്കുന്നുണ്ടായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഇതാണോ ഖസാക്കുകാരുടെ ഉറക്കം കെടുത്തിയ മൈമുന എന്ന അതിശയം തോന്നി. നോവലും യാഥാര്‍ത്യവും തമ്മിലുള്ള അന്തരം അത്രയ്ക്ക് വലുതായിരുന്നു. പ്രാരാബ്ദങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തെ കുറിച്ചാണ് മൈമുനക്ക് പറയാന്‍ ഉണ്ടായിരുന്നത്.

എന്‍റെ ശരിക്കും പേര്‍ ഫാത്തിമ എന്നാണ്. കഥയില്‍ എന്നെ മൈമുനയാക്കിയതാണ്. അത്ത മദ്രസയില്‍ കുട്ടികളെ ഓത്തു പഠിപ്പിക്കുകയായിരുന്നു. വിജയന്‍ സാറ് സ്കൂളില്‍ പഠിപ്പിക്കുന്ന പെങ്ങളുടെ കൂടെ അവിടെ വന്നു താമസിച്ചിരുന്നു. അപ്പോ അത്തയുടെ കൂടെ സാറ് വീട്ടില്‍ക്ക് വരും. ഇവിടെ എന്താണ് ഉള്ളതെന്നുവെച്ചാല്‍ അതൊക്കെ കഴിക്കും. അപ്പോ എനിക്കു പതിനാല് വയസ്സാണ്. അത്തയും സാറും ഇരട്ട മക്കളെ പോലെയായിരുന്നു. അത്തയും സാറും ഏകദേശം ഒരേ വയസ്സായിരുന്നു. ശാന്തചേച്ചിയും ഉഷചേച്ചിയും ഒക്കെ ഇവിടെ വരുമായിരുന്നു. അവരൊക്കെ വലിയ ആള്‍ക്കാര് ഞാന്‍ ഇത്തിരി ചെറുതാണ്. അന്ന് ഏറ്റുമീന്‍ വടികൊണ്ട് തല്ലിപ്പിടിക്കുമായിരുന്നു. മഴ പെയ്താല്‍ ഏറ്റുമീന്‍ ചാടുമല്ലോ. അപ്പോഴാണ് വടികൊണ്ട് തല്ലിപ്പിടിക്കുക. മീന്‍ പിടിച്ച് കൊണ്ട് വന്നു വട്ട പാത്രത്തില്‍ ഇട്ട് അത്തയും സാറും കളിപ്പിക്കും. മീന്‍ നന്നാക്കുന്നത് നോക്കി നില്ക്കും. ഉമ്മ മീന്‍ കറിവെച്ചതും തേങ്ങാ ചോറും ഉണ്ടാക്കും. തേങ്ങാ ചോറ് സാറിന് വലിയ ഇഷ്ടമായിരുന്നു. ഭക്ഷണം ഒക്കെ കഴിച്ചു കുറെ നേരം സാറിവിടെ ഇരിക്കും. എനിക്കു കുറെ പാട്ടൊക്കെ പാടിത്തരും. പാട്ടൊന്നും എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. ഒരുതവണ അത്ത നെഞ്ച് വേദനയായിട്ട് കിടന്ന സമയത്ത് തന്നെ വിജയന്‍ സാറ് പനിയായിട്ടും കിടന്നത് ഓര്‍മ്മയുണ്ട്. ഞങ്ങള്‍ രണ്ട് പെണ്ണും രണ്ടാണുമായിരുന്നു. രണ്ടാള് മരിച്ചുപോയി.

ഞാന്‍ അധികം പഠിച്ചിട്ടൊന്നും ഇല്ല. ഒന്‍പത് വയസ്സുവരെ ഓത്തു പഠിച്ചിട്ടുണ്ട്. പിന്നെ ആടുകളെ വാങ്ങിത്തരും ആടുകളെ മേയ്ക്കാന്‍ പോകും. അന്ന് തസ്റാക്ക് നിറയെ കൂട്ടുകാരുണ്ടായിരുന്നു. വൈകുന്നേരം നാലുമണിയാകുമ്പോള്‍ ആട് മേയ്ക്കാന്‍ പോകും. ആറുമണിയാകുമ്പോള്‍ തിരിച്ചു വരും. ഞാന്‍ ഒറ്റയ്ക്കല്ല. ഉമ്മയും ഉണ്ടാകും. അന്ന് വീട്ടില്‍ ബുദ്ധിമുട്ടും കഷ്ടവും ഒക്കെയാണ്. പഠിക്കണം എന്നൊന്നും ഓര്‍മ്മയില്ല. ആടുകളുടെ പിന്നാലെ നടക്കലായിരുന്നു പണി. വീട്ടില്‍ അങ്ങനെയുള്ള ചുറ്റുപാടായിരുന്നു. പഠിപ്പിക്കാനുള്ള സാഹചര്യവും ഇല്ലായിരുന്നു. ചിലപ്പോഴൊക്കെ കളപ്പുരയിലെ സ്കൂളില്‍ പോയിരിക്കാറുണ്ട്. അന്ന് വിജയന്‍ സാറും ശാന്തചേച്ചിയുടെ കൂടെ പഠിപ്പിക്കുമായിരുന്നു. ഖുറാന്‍ ഒതാനൊക്കെ അറിയാം എന്നല്ലാതെ എനിക്കു വേറെ ഒന്നും അറിയില്ല. വായിക്കാന്‍ അറിയാമായിരുന്നെങ്കില്‍ സാറ് എന്താണ് എഴുതിയതെന്ന് വായിക്കാന്‍ കഴിയുമായിരുന്നു. പഠിക്കാതിരുന്നതിന്‍റെ വിഷമം ഇപ്പോഴാണ് മനസ്സിലാകുന്നത്. കുറച്ചു അക്ഷരങ്ങളൊക്കെ പഠിച്ചിരുന്നു അതൊക്കെ മറന്നുപോയി. നമ്മള്‍ക്ക് എപ്പോഴും ആവലാതികള്‍ അല്ലേ.

ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം നാടകത്തില്‍ മൈമുന

എന്‍റെ ചെറു വയസ്സില്‍ കല്യാണം കഴിഞ്ഞു. വിജയന്‍ സാറ് വരുമ്പോള്‍ എന്‍റെ കല്യാണം ഒക്കെ കഴിഞ്ഞിരുന്നു. ചെറുപ്പത്തിലെ കുട്ടികളെ കല്യാണം കഴിപ്പിക്കും അല്ലേന്നു അത്തയോട് ചോദിച്ചു. കല്യാണം കഴിഞ്ഞപ്പോള്‍ ആദ്യമൊക്കെ ഭര്‍ത്താവ് എന്‍റെ വീട്ടില്‍ അധികം വരില്ലായിരുന്നു. വന്നാല്‍ തന്നെ ഒന്നോ രണ്ടോ ദിവസം നിന്നിട്ട് തിരിച്ചു പോകും. അന്ന് ബസ്സൊന്നും ഇല്ല. കുതിര വണ്ടിയിലൊക്കെയാണ് പലപ്പോഴും വരുന്നത്. അന്ന് കുതിര വണ്ടികളും കട്ട വണ്ടികളും സവാരി വണ്ടികളും ഒക്കെയായിരുന്നു. എന്‍റെ കല്യാണത്തിന് മറുവിളിക്കും മറ്റും നടന്നിട്ടാണ് പോയത്. ഇന്ന് ബസ്സില്‍ പോകുന്ന ദൂരമൊക്കെ അന്ന് ആളുകള്‍ നടന്ന് പോകുമായിരുന്നു.

എനിക്കു പന്ത്രണ്ടു വയസ്സില്‍ കല്യാണം കഴിഞ്ഞു. പതിമൂന്നു വയസ്സില്‍ വയസ്സറിയിച്ചു. പതിനാല് വയസ്സില്‍ മോനെ പെറ്റു. മോളെ പത്തൊന്‍പത് വയസ്സിലും പെറ്റു. എനിക്കു പത്തൊമ്പതു വയസ്സായിരിക്കുമ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. മകന് രണ്ടര വയസ്സും മോള്‍ക്ക് മൂന്നു മാസവും ഉള്ളപ്പോള്‍ അയാള്‍ വിട്ടിട്ടു പോയതാണ്. ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിച്ചു. അതില്‍ മൂന്നു മക്കളുണ്ട്. ആ വിഷമത്തിലാണ് പിന്നെയുള്ള ജീവിതം. കൊല്ലം എത്രയായി ഇരിക്കാന്‍ തുടങ്ങിയിട്ട്. ഞാന്‍ പ്രസവപ്പണിക്കൊക്കെ പോകുമായിരുന്നു. വീണിട്ട് കാല്‍ പൊട്ടിയത് കാരണം എവിടേയും പോകാന്‍ കഴിയാണ്ടായി.

അവിടെ ഞാറ്റുപുരയുടെ മുറ്റത്തു കുറെ രൂപങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടില്ലേ അതില്‍ താടിയുള്ള ഒരു രൂപം കണ്ടില്ലേ അതാണ് എന്‍റെ അത്ത. ശാന്ത ചേച്ചിയുടെയും വിജയന്‍ സാറിന്‍റെയും എല്ലാവരുടെയും രൂപം അതില്‍ ഉണ്ട്. അത്ത മരിച്ചിട്ടിപ്പോള്‍ മുപ്പത്തിയഞ്ച് കൊല്ലം കഴിഞ്ഞു. അത്ത മരിക്കുന്നതു വരെ വിജയന്‍ സാറ് വീട്ടിക്ക് വരും എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടിരിക്കും.

ഒരുപാട് ആളുകള്‍ എന്നെ അന്വേഷിച്ചു വരുമായിരുന്നു. ഇപ്പോള്‍ മകന്‍ പറയും ഇവിടെ ഇരുന്നു പറയണ്ട പുറത്തു പോയിരുന്നു പറഞ്ഞോളാന്‍. ആരൊക്കെയോ പറഞ്ഞു വീട് പുതുക്കി പണിതത് ഒ വി വിജയന്‍ പൈസ കൊടുത്തിട്ടാണെന്ന്. കളത്തില്‍ വാര്‍ഷികം നടത്തിയപ്പോള്‍ എന്നെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.

ഞാന്‍ ഒരു തവണ വണ്ടിയിടിച്ചു വീട്ടില്‍ വയ്യാതെ കിടക്കുമ്പോള്‍ സിനിമ നടന്‍ മമ്മൂട്ടി വീട്ടിലിക്ക് വന്നിട്ടുണ്ടായിരുന്നു. ഒരു ദിവസം ഒരു ഫോണ്‍ വന്നു. നാട്ടില്‍ മഴയുണ്ടോ എന്നു ചോദിച്ചു. ഇല്ലാ കമ്മിയാണെന്ന് ഞാന്‍ പറഞ്ഞു. ആരാ നിങ്ങള് എന്നു ചോദിച്ചിട്ടു ഒന്നും പറഞ്ഞില്ല. ഒരു പത്തു മിനിറ്റിനുള്ളില്‍ വീടിന്റെ മുറ്റത്തു ഒരു കാര്‍ വന്നു നിന്നു. ഇതാണോ മൈമുനയുടെ വീട് എന്നു ചോദിക്കുന്നത് കേട്ടിട്ടു ഞാന്‍ ഞൊണ്ടി ഞൊണ്ടി ഉമ്മറത്തേക്ക് വന്നു. വയ്യെങ്കില്‍ ഇരുന്നോളൂ എന്നും പറഞ്ഞു കൈ മുറുക്കിപ്പിടിച്ചിട്ടു പൈസ തന്നു. അപ്പോഴേക്കും ആളുകള്‍ കൂടാന്‍ തുടങ്ങിയിരുന്നു. മമ്മൂട്ടി അപ്പോ തന്നെ കാറുമെടുത്ത് പറന്നു കളഞ്ഞു.

എന്‍റെ വീട് നിങ്ങള്‍ കണ്ടില്ലേ അവിടെ നിറയെ കരിമ്പനകളായിരുന്നു അന്ന്. എന്‍റെ വീട് ഓടിട്ട വീടായിരുന്നു. കുറെ കരിമ്പനകള്‍ക്കിടയിലായിരുന്നു ഞങ്ങളുടെ വീട്. ഞങ്ങളുടെ വീട് മാത്രമെ അതിന്‍റെ ഇടയില്‍ ഉണ്ടായിരുന്നുള്ളൂ. വെറും കല്ല് റോഡായിരുന്നു. ഒരുവശത്ത് നിറയെ കരിമ്പനകളും ഉണ്ടായിരുന്നു അന്ന്. നിറയെ മൈലാഞ്ചി പൊന്തകളായിരുന്നു. എങ്ങനെ ഈ വീട്ടില്‍ ചെറിയ രണ്ട് മക്കളെയും കൊണ്ട് നീ ഇരുന്നെന്ന് എല്ലാവരും ചോദിക്കും. എല്ലാം അള്ളാഹുവിന്‍റെ കളിയല്ലേ എന്നു വിശ്വസിച്ചിട്ട് ഞാന്‍ ഇരുന്നു. ഇപ്പോള്‍ അവിടെ ഒരു കരിമ്പനപോലുമില്ല. ഉണ്ടായിരുന്ന കരിമ്പനകള്‍ മുഴുവന്‍ മുറിച്ച് ആളുകള്‍ വീട് വെച്ചു.

അപ്പുക്കിളി ശരിക്കും ഉള്ള ആള് തന്നെയായിരുന്നു. പുള്ളി മരിച്ചു പോയി. രണ്ട് മൂന്നു കൊല്ലമായി മരിച്ചിട്ട്. തസ്റാക്കില്‍ തന്നെയായിരുന്നു വീട്. പിന്നെ പുള്ളി അതൊക്കെ വിറ്റു തണ്ണീര്‍ പന്തല്‍ എന്ന സ്ഥലത്തു വീട് വാങ്ങി. അവിടെ വെച്ചിട്ടാണ് മരിച്ചത്. അപ്പാക്കുട്ടി അണ്ണനും കുപ്പു അച്ചനും കുപ്പു അച്ചന്‍റെ മകനും മരിച്ചുപോയി. എല്ലാരും പോയി. ജീവിച്ചിരിക്കുന്ന ഞാന്‍ ഒരാളെയുള്ളൂ. മുങ്ങാം കോഴി മുങ്ങിത്തപ്പി എന്നൊക്കെ എഴുതിയത് ചുമ്മാതാണ്. നോവലിലെ കഥയൊക്കെ എനിക്കു പറഞ്ഞു തന്നിരുന്നു. ജീവിതത്തിലെ കഷ്ടപ്പാട് സഹിക്കാന്‍ പറ്റാതെ വെന്തിരിക്കുന്ന സമയത്ത് ഞാന്‍ അതൊക്കെ മറന്നുപോയി. പലേ ദുഖങ്ങളും പലേ ആവലാതികളും ഉണ്ടാകുമ്പോള്‍ അതൊക്കെ ഓര്‍ക്കാന്‍ ആര്‍ക്കാണ് നേരം.


Next Story

Related Stories