TopTop
Begin typing your search above and press return to search.

ഉമ്മന്‍ ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ പി ഡി ജോസഫിന്‍റെ ജീവിതം

ഉമ്മന്‍ ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ പി ഡി ജോസഫിന്‍റെ ജീവിതം

ധനശ്രീ

'അസാധാരണ കാലങ്ങളില്‍ അസാധാരണമായി പെരുമാറുന്ന സാധാരണക്കാരന്‍.' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ കേസെടുപ്പിച്ച് കേരളത്തെ ഒരു ദിവസം മുഴുവന്‍ ആകാംഷയിലും പ്രതീക്ഷയിലും നിര്‍ത്തിയ തൃശൂര്‍ കോലഴി തിരൂര്‍ സ്വദേശി പി.ഡി. ജോസഫിന്റെ ജീവിതത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. പഠനം ഏഴാം ക്ലാസ് വരെ മാത്രം. അഴിമതിയും കൊള്ളരുതായ്മകളും കണ്ടാല്‍ അറുപതാം വയസിലും ചോരതിളയ്ക്കും ഈ ആംആദ്മിക്ക്.

ഫേസ്ബുക്ക് വാളിലെ വിപ്ലവമല്ല പി.ഡിയെന്ന ജോസഫേട്ടന് പഥ്യം. നീട്ടിയും കുറുക്കിയും തനി തൃശൂര്‍ സ്‌റ്റൈലില്‍ കോടതിക്കു മുന്നില്‍ ഈ ശുഭ്രവസ്ത്രധാരി അവതരിപ്പിക്കുന്ന ഓരോ വാദത്തിനു മുന്നിലും മന്ത്രിമാര്‍ മുതല്‍ ഉദ്യോഗസ്ഥ വൃന്ദം വരെ വിറയ്ക്കുന്നു. കത്തുകളായി ടെലിഗ്രാമുകളായി പി.ഡി അയച്ച പരാതികള്‍ ഇന്ത്യയുടെ ഉന്നതനീതി പീഠം മുതല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളില്‍ വരെ സാമൂഹികമാറ്റത്തിന്റെ വിധിയെഴുതി.

ചെറുതും വലുതുമായി 200-ല്‍ ഏറെ പരാതികളാണ് ഇക്കാലയളവില്‍ കോടതി സമക്ഷം സമര്‍പ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. ലാലൂര്‍ മാലിന്യ പ്രശ്‌നം മുതല്‍ അട്ടപ്പാടി ശിശുമരണം വരെ, വിവാദമായ തന്തൂരി കേസ് മുതല്‍ സോളാര്‍ കേസ് വരെ നീളുന്നു ആ ഹര്‍ജികള്‍. കോടതിയില്‍ നല്‍കുന്ന പൊതുതാല്‍പര്യ ഹര്‍ജികളുടെ ഒത്തുതീര്‍പ്പുകള്‍ അല്ല ജോസഫേട്ടന്റെ ഉപജീവന മാര്‍ഗ്ഗം. കാറ്ററിംഗ് ജോലി അദ്ദേഹത്തിന് നിത്യവൃത്തിക്കും മറ്റുമുള്ള പണം നല്‍കുന്നു.

ഹര്‍ജികളുടെ ലോകത്തേക്കുള്ള ജോസഫിന്റെ യാത്ര ചെറുപ്പം തൊട്ടേ തുടങ്ങുന്നു. ദാരിദ്ര്യം മൂലമാണ് ചെമ്പൂക്കാവിലെ ടെക്‌നിക്കല്‍ സ്‌കൂളിലെ പഠനം കുഞ്ഞുജോസഫ് അവസാനിപ്പിക്കുന്നത്. പിന്നെ ലോട്ടറിവിറ്റും മറ്റും ഉപജീവനം കഴിക്കവേ ഒരു കടക്കാരനുമായി കശപിശയുണ്ടായി. കടക്കാരന്‍ ജോസഫിനെ കഴുത്തിന് പിടിച്ച് തള്ളി പുറത്താക്കി.

കൈയേറ്റമായതോടെ ജോസഫ് പരാതിയുമായി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി. പരാതികളുടെ ലോകത്തേക്കുള്ള പ്രവേശനം അങ്ങനെയായിരുന്നു. പിന്നെ നിരവധി തവണ നാട്ടുകാര്‍ക്കെല്ലാമായി പൊലീസ് സ്റ്റേഷനിലെ പരാതിയെഴുത്തുകാരന്റെ റോളേറ്റെടുക്കേണ്ടി വന്നിട്ടുണ്ടെന്ന് ജോസഫ് പറയുന്നു.

എങ്കിലും അത് വയറ് നിറയ്ക്കില്ലല്ലോ. വീട്ടിലേയും ജീവിതത്തിലേയും സാമ്പത്തികബുദ്ധിമുട്ടുകളെ തുടര്‍ന്ന് ബോംബെയ്ക്ക് വണ്ടികയറി. അവിടെ ഹോട്ടല്‍ ജോലിയും മറ്റുമായി ജീവിതം മുന്നോട്ട്. എന്നാല്‍ തുച്ഛമായ ശമ്പളത്തിന് ജോലി നോക്കുമ്പോഴും തന്‍കാര്യം മാത്രമായിരുന്നില്ല ജോസഫിനെ വലച്ചത്.

1992-ല്‍ പൊതുതാല്‍പ്പര്യം തലയില്‍ കയറിയപ്പോള്‍ ബോംബെ ഹൈക്കോടതിയിലേക്ക് ഒരു ലെറ്റര്‍ഹര്‍ജി പാഞ്ഞു. ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണം അന്വേഷിച്ച സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ കെ.മാധവനെതിരെയുളള നീക്കങ്ങള്‍ക്കെതിരെ ആയിരുന്നു ആ ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ചെങ്കിലും കെ. മാധവന്‍ സ്വമേധയാ വിരമിക്കുന്നു എന്ന കാരണത്താല്‍ ഹര്‍ജി തള്ളി.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും എയ്ഡ്‌സ് രോഗികളുടെ പുനരധിവാസത്തിനുമായെല്ലാം ജോസഫിന്റെ കത്തുകള്‍ കോടതി കയറി. മലയാളത്തിലെഴുതുന്ന പരാതി ആരുടെയെങ്കിലും സഹായത്തോടെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യും. പിന്നീട് ബോംബെ വാസം മതിയാക്കി നാട്ടിലെത്തി. തൃശൂര്‍ റൗണ്ടിലും നഗരത്തിന് ചുറ്റുവട്ടത്തുമൊക്കെയായി ഹോട്ടലും തട്ടുകടയുമായൊക്കെ ജീവിതം കരുപിടിപ്പിക്കാന്‍ തുടങ്ങി.

ഇതിന് ഇടയില്‍ സാമൂഹിക സേവനത്തിന്റെ വഴിയിലൂടെയും ജോസഫേട്ടന്‍ സഞ്ചരിച്ചു. അതിരപ്പള്ളിയിലെ ആദിവാസി കോളനിയിലെ രശ്മിയ്ക്ക് പുതുജീവന്‍ പകര്‍ന്ന കഥയും ജോസഫേട്ടന്‍ പങ്കുവച്ചു.

ചുണ്ടും മൂക്കും ഒട്ടിപ്പോയ അവസ്ഥയിലായിരുന്നു ആ കുഞ്ഞ്. ഒരു പത്രത്തിന്റെ പ്രാദേശികപേജിലെ വാര്‍ത്ത മാത്രമായിരുന്നു അവള്‍. വെറ്റിലപ്പാറ പൊലീസിന്റെ സഹായത്തോടെ കോളനിയില്‍ നിന്ന് അവളെ തൃശൂരിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കി അവളുടെ മുഖവും ജീവിതവും സാധാരണ നിലയിലാക്കി. പിന്നെ കാഴ്ചശക്തിയില്ലാത്ത പെരിങ്ങല്‍ക്കുത്ത് കോളനിയിലെ ബേബിയെയും അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയിലെത്തിച്ച് കാഴ്ച നല്‍കി.

1995-ല്‍ ആണ് വിവാദമായ തന്തൂരി കൊലക്കേസ് ഉണ്ടാകുന്നത്. നൈന സാഹ്നിയെന്ന യുവതിയെ ഡല്‍ഹിയില്‍ സുശീല്‍ ശര്‍മ്മ ചുട്ടുകൊന്ന സംഭവം. പ്രധാനപ്രതിയായ നൈനയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ സുശീല്‍ ശര്‍മ്മ ഡല്‍ഹിയില്‍ നിന്ന് മുങ്ങി മദ്രാസിലെത്തി മദ്രാസ് കോടതിയില്‍ നിന്ന് ജാമ്യം നേടി. ഇതിനെതിരെ ടെലഗ്രാം വഴിയാണ് ജോസഫ് പരാതി അയച്ചത്.

മദ്രാസ് ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും പി.സദാശിവത്തിന്റെ ബഞ്ച് സുശീല്‍ ശര്‍മ്മയുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു. സംഭവം നടന്നത് ഡല്‍ഹി പരിധിയിലാണെന്നും ഡല്‍ഹിയ്ക്ക് പുറത്ത് കോടതിയില്‍ ജാമ്യം നല്‍കുന്നത് ശരിയല്ലെന്നും കോടതി വിധിക്കുകയും ചെയ്തു. ടെലഗ്രാം പരാതിയിലൂടെ കോടതി വ്യവഹാരങ്ങളില്‍ ഒരു സാധാരണക്കാരന്റെ അസാധാരണ വിജയം അന്ന് ദേശീയ മാദ്ധ്യമങ്ങള്‍ ആഘോഷിച്ചു. ദ ഹിന്ദു എഡിറ്റോറിയല്‍ വരെയെഴുതി.

അന്നു മുതല്‍ ഇന്നുവരെ ജോസഫും കോടതിയും തമ്മില്‍ അഭേദ്യമായ ബന്ധം പുലര്‍ത്തിപ്പോന്നു. സി. ജെ .എം കോടതി, വിജിലന്‍സ് കോടതി, ഹൈക്കോടതി എന്നുവേണ്ട സുപ്രീം കോടതിവരെ ജോസഫിന്റെ പരാതികള്‍ ഇരുചെവിയും വച്ചുകേട്ടു. ഇകെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ടി ശിവദാസ മേനോന്റെ പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഐ.ജി ടോമിന്‍ ജെ തച്ചങ്കരിയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയും പാലിയേക്കരയില്‍ സമാന്തര പാതയിലൂടെയുള്ള ഗതാഗതം തടയുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയും ചന്ദ്രബോസ് വധവുമായി ബന്ധപ്പെട്ട് പൊലീസ് കമ്മീഷണര്‍ ജേക്കബ് ജോബ്- നിഷാം കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയും ഒക്കെ ഉള്‍പ്പെടുന്നു അദ്ദേഹത്തിന്റെ ഹര്‍ജി പട്ടികയില്‍.

ആദിവാസി ശിശുമരണവുമായി ബന്ധപ്പെട്ടും കണ്ണൂരില്‍ ബോംബ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അസ്‌നയ്ക്ക് ധനസഹായം അനുവദിക്കണമെന്ന ഹര്‍ജിയും ഉള്‍പ്പെടെ അസംഖ്യം ഹര്‍ജികളുണ്ട് ആ നിരയില്‍.

ഈ ഹര്‍ജികളൊക്കെ സമര്‍പ്പിക്കാന്‍ കാശുകുറേ വേണ്ടേ ? ഏയ് എവിടന്ന് . ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കല്‍ എളുപ്പമാണ്. 100 രൂപ സ്റ്റാമ്പ് ഒട്ടിക്കണം. 150 രൂപയോളം പരാതി ടൈപ്പ് ചെയ്യാന്‍ കൊടുക്കേണ്ടി വരും. ഫോട്ടോ സ്റ്റാറ്റിനും മറ്റുമായി 50 രൂപ ചെലവാകും. ആകെ 300 രൂപയോളമേ ചെലവ് വരൂ. സി.ജെ.എമ്മിലോ വിജിലന്‍സ് കോടതിയിലോ ആകുമ്പോള്‍ അത് അമ്പത് രൂപയില്‍ താഴെ മതി. 10 രൂപയുടെ സ്റ്റാമ്പ് പേപ്പര്‍. പിന്നെ ബാക്കിയുള്ള പണം ഫോട്ടോ സ്റ്റാറ്റിനും പരാതി ടൈപ്പ് ചെയ്യാനുമായി കൊടുക്കണം.

എനിക്ക് ആവശ്യമുള്ള പണം ഞാന്‍ കാറ്ററിംഗ് വര്‍ക്കിലൂടെ ഉണ്ടാക്കുന്നുണ്ട്. മിക്ക ഞായറാഴ്ചകളിലും ഇടദിവസങ്ങളിലും ആവശ്യത്തിന് ഓര്‍ഡറുണ്ട്. അതു മതി എനിക്ക് എന്റെ ചെലവിനും മറ്റും.

ജോസഫേട്ടന്റെ രാഷ്ട്രീയമെന്താ? എന്ന ചോദ്യത്തിന് രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്ക് ആളല്ല എന്നതായിരുന്നു ഉത്തരം.

തുടക്കകാലത്ത് രാജീവ് ഗാന്ധിയോട് ആരാധന ഉണ്ടായിരുന്നു. രാജീവ് മരിച്ചപ്പോള്‍ മരണത്തിലെ ശ്രീലങ്കന്‍ ബന്ധത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജെയിന്‍ കമ്മീഷനു വരെ പരാതി അയച്ചിരുന്നു. ഇടക്കാലത്ത് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തനങ്ങളില്‍ അത്ര സജീവമല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ ഒരു ദിവസം നക്ഷത്രമെണ്ണിച്ച ജോസഫിന്റെ ഹര്‍ജി മറ്റൊരിക്കല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ആശ്വാസമായ കഥയും ജോസഫേട്ടന്‍ വിവരിച്ചു.

മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ പാമൊലിന്‍ കേസുമായി മുന്നോട്ടുപോകുമ്പോള്‍ 22 വര്‍ഷമായുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച ജോസഫ് ഉമ്മന്‍ചാണ്ടിയ്ക്ക് അന്ന് തെല്ല് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് തമ്പാനൂര്‍ രവി-സരിത ഫോണ്‍ സംഭാഷണങ്ങളുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് കോടതിയിലെ ഹര്‍ജി അതേ ഉമ്മന്‍ചാണ്ടിയെ ഒരുദിവസം മുള്‍മുനയില്‍ നിറുത്തി. മന്ത്രി ആര്യാടന്‍ മുഹമ്മദിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എതിരെ കേസെടുക്കാനായിരുന്നു വിധി.

ഹൈക്കോടതിയില്‍ സ്വകാര്യ അന്യായത്തിലൂടെ ഇരുവരും ഈ വിധിയെ രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്‌തെങ്കിലും ജോസഫിന്റെ ജീവിതത്തെ ആ വിധി മാറ്റുകയാണ്.


ആക്രമണത്തിനിരയായ പി ഡി ജോസഫിന്റെ വീട്.

വ്യക്തിപരമായാണ് ഇപ്പോള്‍ ജോസഫിനെതിരെയുള്ള ആക്രമണങ്ങള്‍. ആദ്യം തിരൂരിലെ ജോസഫിന്റെ വസതിക്കു നേരെ പുലര്‍ച്ചെ ആക്രമണം ഉണ്ടായി. വീട്ടിലേക്ക് കല്ലെറിഞ്ഞ അക്രമികള്‍ സിറ്റൗട്ടില്‍ കിടന്നിരുന്ന തുണി കൊണ്ടുളള ചവിട്ടി പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കല്ലേറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വരുമ്പോഴേയ്ക്കും അക്രമി സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ കള്ളക്കേസ് കൊടുത്തെന്ന് ആരോപിച്ച് അതേ വിജിലന്‍സ് കോടതിയില്‍ ജോസഫിനെതിരെ ഗൂഢാലോചനകേസും നല്‍കിയിട്ടുണ്ട് ഒരു കൂട്ടം ആളുകള്‍.

1996-ല്‍ ധനകാര്യമന്ത്രിയായ ശിവദാസനെതിരെ കേസ് കൊടുത്തപ്പോഴൊന്നും സി.പി.ഐഎമ്മുകാര്‍ അതിക്രമം കാട്ടിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ വീടിനുനേരെ അക്രമമുണ്ടായിരിക്കുന്നു. വയസേറി വരികയില്ലേ. ഇപ്പോള്‍ അറുപത് കഴിഞ്ഞിരിക്കുന്നു. വീട്ടുകാര്‍ക്കൊക്കെ തെല്ല് ഭയമുണ്ട്. ജോസഫേട്ടന്‍ പറയുന്നു.

വാക്കുകള്‍ കൊണ്ട് പ്രായത്തിന്റെ വേലികെട്ടുമ്പോഴും പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല ജോസഫേട്ടന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അടുത്തത് സിക്ക വൈറസിനെതിരെയുള്ള ഹര്‍ജിക്കായുള്ള തയ്യാറെടുപ്പിലാണ്. അതിനായി ഇന്റര്‍നെറ്റില്‍ നിന്ന് വിവരങ്ങളെടുക്കണം. സിക്ക വൈറസിനെതിരെയുള്ള മുന്നൊരുക്കത്തിന് സര്‍ക്കാരിനെക്കൊണ്ട് നടപടികളെടുപ്പിക്കണം. ഇപ്പോഴത്തെ ജോസഫേട്ടന്റെ ലക്ഷ്യമതാണ്. തിരിച്ചടികളെയെല്ലാം ജോസഫേട്ടന്‍ തല്‍ക്കാലത്തേക്ക് മറക്കുന്നു. വേളാങ്കണ്ണി മാതാവിന്റെ ഭക്തനാണ് ജോസഫേട്ടന്‍. മുട്ടിപ്പായി പ്രാര്‍ത്ഥിക്കും. പിന്നെ ഈ ചെയ്യുന്നതൊന്നും തനിക്ക് വേണ്ടി മാത്രമല്ലല്ലോ. വീട്ടുകാര്‍ക്കും തനിക്കുമുള്ളത് ദൈവം തരും. ജോസഫേട്ടന്‍ പറയുന്നു.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories