TopTop
Begin typing your search above and press return to search.

എന്റെ പൊതുജീവിതത്തിനുള്ള വിലയാണിത്; എല്ലാ പെണ്‍കുട്ടികള്‍ക്കുമുള്ള താക്കീതും

എന്റെ പൊതുജീവിതത്തിനുള്ള വിലയാണിത്; എല്ലാ പെണ്‍കുട്ടികള്‍ക്കുമുള്ള താക്കീതും

പുറത്തിറങ്ങി നടക്കുന്നവള്‍, ഒറ്റയ്ക്ക് സിനിമ കാണുന്നവള്‍, രാത്രിയില്‍ വൈകി വീട്ടിലെത്തുന്നവള്‍, തെരുവു നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നവള്‍- ഒരു സ്ത്രീക്കും അവളുടെ കുടുംബത്തിനും സമൂഹം 'ഊരുവിലക്ക്' കല്‍പ്പിക്കാന്‍ ഇത്രയും കാരണങ്ങള്‍ മതിയാവുമോ? ഇതില്‍ കൂടുതലൊന്നും അപര്‍ണ ചെയ്തിട്ടില്ല. എന്നിട്ടും മാസങ്ങളായി വീടിനുള്ളില്‍ പോലും സുരക്ഷിതത്വമില്ലാതെ, ഉറങ്ങാന്‍ പോലുമാവാതെ അപര്‍ണയുടെ ജീവിതം മുന്നോട്ട് പോവുകയാണ്. മികച്ച സിനിമ നിരൂപകയ്ക്കുള്ള കോഴിക്കോടന്‍ ചലച്ചിത്ര പുരസ്ക്കാരം നേടിയിട്ടുള്ള എഴുത്തുകാരിയും അഴിമുഖം കോളമിസ്റ്റും ഗവേഷക വിദ്യാര്‍ഥിയുമായ അപര്‍ണ പ്രശാന്തിക്കും അവരുടെ അമ്മയും സ്ത്രീ പ്രവര്‍ത്തകയുമായ പി. ഗീതയ്ക്കും ഒരു സമൂഹം അപ്രഖ്യാപിത 'ഊരുവിലക്ക്' കല്‍പ്പിച്ചിരിക്കുകയാണ്. അപര്‍ണയ്ക്ക് നേറെ കല്ലേറും ലൈംഗികാതിക്രമണ ശ്രമങ്ങളും ഉണ്ടായി. പരാതികള്‍ നിരവധി നല്‍കിയിട്ടും പോലീസുകാര്‍ ഇടപെട്ടില്ലെന്ന് മാത്രമല്ല പരാതികള്‍ക്ക് മറുപടിയായി ഒരുപിടി ഉപദേശങ്ങളും അപര്‍ണയ്ക്കും കുടുംബത്തിനും ലഭിച്ചു. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുന്നത് വരെ ഇതങ്ങനെതന്നെ തുടര്‍ന്നു. കാലങ്ങളായി തങ്ങളും കുടുംബവും അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ അപര്‍ണയും പി ഗീതയും പറയുന്നു:

"കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി എന്റെ കുടുംബം അങ്ങാടിപ്പുറത്താണ് താമസം. നാട്ടിന്‍പുറത്തെ സ്‌നേഹത്തിലും പങ്കുവയ്ക്കലുകളിലും ഞങ്ങളും പങ്കാളികളായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഒരു റസിഡന്റ്‌സ് അസോസിയേഷന്‍ രൂപീകരിച്ചു. ആദ്യകാലത്ത് അമ്മയും അച്ഛനുമെല്ലാം ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്നു. പക്ഷെ പിന്നീട് ആക്ടിവിസ്റ്റായ അമ്മയുടെ രീതികള്‍ അയല്‍ക്കാര്‍ക്കും അസോസിയേഷന്‍ അംഗങ്ങള്‍ക്കുമെല്ലാം ദഹിക്കാതെയായി. അതോടെ ഞങ്ങളോടുള്ള അകല്‍ച്ച പതിയെ രൂപപ്പെട്ടുവന്നു. അത് ഗോസിപ്പുകളിലേക്ക് വഴിമാറി. ഞങ്ങളത് കണക്കിലെടുക്കാതിരുന്നതോടെ അതിന് മൂര്‍ച്ചയേറി വന്നു. എതിര്‍പ്പുകളും ഒറ്റപ്പെടുത്തലുകളും പ്രകടമായിത്തുടങ്ങി. വീട്ടിലേക്കുള്ള വഴിയില്‍ കരിയില കൂട്ടിയിട്ട് കത്തിച്ചാണ് ചിലര്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നത്. കരിയില കത്തിക്കാന്‍ പെട്രോളും മണ്ണെണ്ണയും ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ എതിര്‍ത്തു. വീട്ടിലേക്കുള്ള ഇലക്ട്രിക് ലൈനിന് ചുവട്ടിലാണ് ഇവര്‍ മിക്കപ്പോഴും തീയിട്ടുകൊണ്ടിരുന്നത്; വീടിനു വരെ തീ പിടിക്കുമോയെന്നു പേടിച്ചു. അതിനെതിരെ പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല. ആദ്യമൊക്കെ പകലായിരുന്നു തീ കത്തിച്ചുകൊണ്ടിരുന്നത്. പിന്നീടത് വൈകിട്ട് അച്ഛന്‍ വരുന്ന സമയത്തായി.

തെരുവ് നായ്ക്കളുടെ കാര്യം പറഞ്ഞായി അടുത്ത പ്രശ്‌നം. നാട്ടിന്‍പുറത്തെ പലവീടുകളില്‍ നിന്നെന്ന പോലെ ഞങ്ങളും തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുമായിരുന്നു. പക്ഷെ ഞങ്ങള്‍ കൊടുക്കുന്നത് മാത്രം പ്രശ്‌നമായി. നായ്ക്കള്‍ ചെരുപ്പെടുത്തുകൊണ്ടു പോവുന്നു എന്ന് പറഞ്ഞ് ഞങ്ങളുടെ വീട്ടിലേക്ക് അയല്‍പ്പക്കത്തുള്ളവര്‍ ചെരുപ്പെറിയാന്‍ തുടങ്ങി. ഒരു ദിവസം രാവിലെ മുത്തശ്ശി ഉമ്മറത്തിരിക്കുമ്പോള്‍ ആരൊക്കെയോ മതില്‍ ചാടിയും ഗേറ്റ് തള്ളിത്തുറന്നും ഞങ്ങളുടെ വീട്ടുമുറ്റത്തെത്തി. നായ്ക്കൂട് തുറക്കാനായിരുന്നു അവരുടെ ശ്രമം. അതിനിടയില്‍ എന്നെയും മുത്തശ്ശിയേയും പറ്റാവുന്നത്ര അസഭ്യവും പറയുന്നുണ്ടായിരുന്നു. മുത്തശ്ശി പേടിച്ച് പോയി. 'നായ്ക്കളേം കൊല്ലും നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവരേയും കൊല്ലും' എന്ന് ആക്രോശിച്ചുകൊണ്ട് അവര്‍ അച്ഛനെ ആക്രമിക്കാനൊരുങ്ങി. സംഭവശേഷം അച്ഛനും അമ്മയും ചേര്‍ന്ന പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഒരു നായ്ക്കുട്ടിയെ കൊന്ന് കഷ്ണങ്ങളായി തിരിച്ച് ഞങ്ങളുടെ വീടിന് മുന്നില്‍ കൊണ്ടുവന്നിട്ടിട്ടുണ്ടായിരുന്നു. ഇക്കാര്യവും ഞങ്ങള്‍ പോലീസിനെ അറിയിച്ചു. ഞങ്ങളുടെ കാര്‍ കയറി നായ്ക്കുട്ടി ചതഞ്ഞരഞ്ഞതാണെന്ന് നാട്ടുകാര്‍ പറഞ്ഞ അതേ കഥ സ്ഥാപിക്കാനായിരുന്നു പോലീസുകാരുടെ ശ്രമം. അച്ഛന്‍ അപ്പോള്‍ അവിടെയുണ്ടായിരുന്നില്ല. എനിക്കും അമ്മയ്ക്കും വാഹനമോടിക്കാന്‍ അറിയില്ല. പിന്നെയിതെങ്ങനെ സംഭവിക്കാനാണ്?

ഊരുവിലക്കിന് സമാനമായ ഒറ്റപ്പെടുത്തലിന് വിധേയമാക്കി. ഇപ്പോള്‍ ഈ 'നാട്ടുകൂട്ടം' ഞങ്ങളുടെ ജീവനും മാനത്തിനും ഭീഷണി മുഴക്കുകയാണ്. കഴിഞ്ഞ ദിവസം ഞാനും മുത്തശിയും മാത്രം വീട്ടിലുണ്ടായിരുന്ന ഒരു സമയത്ത് എനിക്ക് നേരെ കല്ലേറുണ്ടായി. അടുത്തവീട്ടില്‍ കുറച്ച് ജോലിക്കാരുണ്ടായിരുന്നു. മുറ്റത്തേക്കിറങ്ങിയ എനിക്ക് നേരെ ഇതിലൊരാള്‍ കല്ല് വലിച്ചെറിയുകയായിരുന്നു. പ്രതികരിച്ച എന്നോട് അയാള്‍ അശ്ലീല ചേഷ്ടകള്‍ കാണിക്കാന്‍ തുടങ്ങി. വീട്ടില്‍ കയറി വാതിലടച്ചപ്പോള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട് അയാള്‍ അശ്ലീല ചേഷ്ടകള്‍ തുടര്‍ന്നു. ഇതിനെതിരെ പരാതി പറഞ്ഞിട്ടും ലോക്കല്‍ പോലീസ് നടപടിയെടുത്തില്ല. ഞങ്ങള്‍ പരാതിപ്പെടുമ്പോള്‍ പോലീസ് എതിര്‍കക്ഷികളെ കണ്ട് അന്വേഷണം നടത്തും. ഏത് പരാതി നല്‍കിയാലും അതിനുള്ള തെളിവും നല്‍കണമെന്നാണ് പോലീസ് പറയുന്നത്. ഇനി ഉപദ്രവിക്കാന്‍ വരുമ്പോള്‍ പ്രതിയെ പിടിച്ചു വച്ചാല്‍ വന്ന അറസ്റ്റ് ചെയ്യാമെന്നാണ് പോലീസില്‍ നിന്ന് കിട്ടിയ മറുപടി. സി.സി ടി.വി ദൃശ്യം വരെ തെളിവായി നല്‍കിയിട്ടും അയല്‍പക്കവുമായി സ്‌നേഹത്തില്‍ പോവണമെന്ന സാരോപദേശമാണ് ഞങ്ങള്‍ക്ക് പോലീസില്‍ നിന്ന് കിട്ടിയത്. ഇപ്പോള്‍ ഡി.വൈ.എസ്.പി. മോഹനചന്ദ്രന് പരാതി നല്‍കി. എനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടര്‍ന്നുള്ള കാര്യങ്ങള്‍ വ്യക്തമല്ല.

25 വയസ്സായിട്ടും വിവാഹം നടത്തുന്നില്ല, ആണുങ്ങളെ ബഹുമാനിക്കാനറിയില്ല, എനിക്കും അമ്മയ്ക്കും ഭ്രാന്താണ് എന്നെല്ലാമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍..."

Also Read: തീയേറ്ററില്‍ ഒറ്റയ്ക്ക് പോകുന്നവള്‍, വെറുതെ സിനിമ കണ്ടു നടക്കുന്നവള്‍- അപര്‍ണ/അഭിമുഖം

അപര്‍ണയുടെ അമ്മയും ആക്ടിവിസ്റ്റുമായ പി. ഗീതയുടെ പ്രതികരണം ഇങ്ങനെ: 'നാല്‍പ്പത് കൊല്ലത്തിലധികമായി ഞാന്‍ താമസിക്കുന്ന വീടും നാടുമാണിത്. രണ്ട് മൂന്ന് കൊല്ലക്കാലമായി ഒരു വിചിത്ര ജീവി എന്ന രീതിയില്‍ ഒറ്റപ്പെടുത്തപ്പെടുകയും സാമൂഹിക ബഹിഷ്‌കരണത്തിലേക്ക് നയിക്കുകയും ചെയ്യപ്പെട്ടവരാണ് ഞാനും എന്റെ കുടുംബവും. പൊരുത്തക്കേടുകളും മനസ്സിലാവായ്കകളും മുമ്പു തന്നെ ഉണ്ടായിരുന്നു. എന്റെ ജീവിതം സാധാരണ സ്ത്രീകളുടെ ജീവിതവുമായി താരതമ്യപ്പെടുത്തുകയും അത് സാധിക്കാതെ വരികയും ചെയ്യുമ്പോഴുണ്ടാവുന്ന ചോദ്യം സ്വാഭാവികമാണ്. അവര്‍ പറയുന്നതെല്ലാം എന്റെ പിന്നില്‍ കേട്ട് കാറ്റില്‍ പൊയ്‌ക്കൊണ്ടുമിരുന്നു. വളര്‍ത്തുനായ്ക്കളെ പിടിക്കാന്‍ നായപിടുത്തക്കാര്‍ വീട്ടിലേക്ക് വരുന്നതോടെയാണ് കാര്യങ്ങള്‍ വേറൊരു തരത്തിലേക്ക് മാറുന്നത്. നായപിടുത്തക്കാരെ തടഞ്ഞ ഞങ്ങള്‍ക്കെതിരെ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. മനുഷ്യത്വം എന്നതിന്റെ അര്‍ഥം മറ്റെല്ലാ ജീവികളേയും ഇല്ലായ്മ ചെയ്ത് മനുഷ്യര്‍ മാത്രം ബാക്കിയാകുന്ന അവസ്ഥയാണെന്ന് തെറ്റിദ്ധരിച്ചിട്ടുള്ള ഒരു കാര്യമായാണ് അതിനെ ഞങ്ങള്‍ ധരിച്ചത്. നിയമ അവബോധത്തിന്റെ കുറവായിരിക്കും അവരെ ഈ പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നതെന്ന് കരുതി അത്തരത്തില്‍ ഒരു അവബോധം അവര്‍ക്കുണ്ടാക്കാനായാണ് ഞങ്ങള്‍ ലോക്കല്‍ പോലീസിനെ സമീപിച്ചത്.

പക്ഷെ ലോക്കല്‍ പോലീസ് ഇത്തരം വിഷയങ്ങളില്‍ എത്രമാത്രം അറിവില്ലാത്തവരാണെന്നുള്ളത് വീണ്ടും ബോധ്യപ്പെടുത്തുകയാണ് പോലീസ് ചെയ്തത്. തൊടിയില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതും നാട്ടുകാര്‍ക്ക് വലിയ വിഷയമായിരുന്നു. ചുവട്ടില്‍ തീയിട്ട് മരങ്ങളോട് വെല്ലുവിളി ഉയര്‍ത്താനും നാട്ടുകാര്‍ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. ഒന്നരക്കൊല്ലത്തോളമായിട്ട് നേരിട്ടും അവര്‍ കത്തിക്കുമ്പോള്‍ അത് കെടുത്തിയുമെല്ലാം എനിക്കുള്ള വിയോജിപ്പ് ഞാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷെ അതിനവര്‍ യാതൊരു വിലയും തരാതെ വീണ്ടും കൂടുതല്‍ കത്തിക്കുകയും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ചെന്ന എന്റെ മകളെ ഭ്രാന്താണെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. എനിക്കും എന്റെ അമ്മയ്ക്കും മകള്‍ക്കും എല്ലാം ഭ്രാന്താണെന്ന പ്രചരണമാണ് നടക്കുന്നത്. സമീപത്തുള്ള വീടുകളിലെ നാല് വയസ്സുള്ള കുട്ടിയുള്‍പ്പെടെയുള്ളവര്‍ അപര്‍ണയ്ക്കും അമ്മയ്ക്കും ഭ്രാന്താണെന്ന് പറഞ്ഞ് എന്റെ മകളെ നോക്കി ചിരിക്കുന്ന ഘട്ടത്തിലേക്ക് ഇത് എത്തിപ്പെട്ടു. അപ്പോഴാണ് അതിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

നിങ്ങളുടെ മരത്തിന്റെ ഇലകള്‍ അടുത്ത വീടുകളിലേക്ക് വീഴുന്നു. അതുകൊണ്ട് മരം മുറിച്ചാല്‍ പ്രശ്‌നമുണ്ടാവില്ല എന്നാണ് പോലീസ് ഞങ്ങളോട് പറഞ്ഞത്. ഞങ്ങളുടെ വീട്ടില്‍ നില്‍ക്കുന്ന മരങ്ങള്‍ കാരണം ഓക്സിജന്‍ കിട്ടുന്നില്ല, ശ്വാസകോശം ചുരുങ്ങിപ്പോകുന്നു എന്നൊക്കെയുള്ള വിചിത്ര ആരോപണങ്ങളും ഉണ്ടായി. ഞങ്ങളുടെ വീട്ടിലേക്ക് ഒരു ജോലിക്കാരും വരാതായി. രണ്ട് മൂന്ന് വീട് അപ്പുറത്ത് താമസിക്കുന്ന പ്ലംബര്‍, നായയുടെ പ്രശ്‌നം ഉണ്ടായതിന് ശേഷം ജോലിയ്ക്ക് വിളിച്ചാല്‍ വരില്ല. പുറത്തു നിന്ന് ആളു വന്നാല്‍ പണി തീരുന്നതിന് മുമ്പ് അയാള്‍ നിര്‍ത്തിപോയിട്ടുണ്ടാവും. ഇത്തരത്തില്‍ സംഘടിതമായ ഒറ്റപ്പെടുത്തലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് റസിഡന്‍സ് അസോസിയേഷന്‍ ആണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. അതിന്റെ ഔദ്യോഗികമായ അജണ്ടയാണോ എന്ന് ഞങ്ങള്‍ക്കറിയില്ല. പക്ഷെ അതിലുള്‍പ്പെട്ടിട്ടുള്ള ചില സവര്‍ണ മാടമ്പി പ്രമാണിമാരാണ് ഇതിന്റെ പിന്നിലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം അവര്‍ മുന്നോട്ട് കൊണ്ടുവരുന്ന മൂല്യങ്ങളെല്ലാം വളരെ സവര്‍ണവും ഫാസിസ്റ്റുമാണ്. 'ഇവള്‍ക്ക് മാത്രമാണോ പൊതു ജീവിതമുള്ളത്? തോന്നിയ സമയത്ത് വരുന്നു, തോന്നിയ സമയത്ത് പോവുന്നു. മകളെ കല്യാണം കഴിച്ചുകൊടുക്കുന്നില്ല, ആണുങ്ങളെ ബഹുമാനിക്കാറില്ല, നാട്ടുകാരെ ബഹുമാനിക്കാനറിയില്ല, നാട്ടുകാര്‍ പറയുന്നതൊന്നും കേള്‍ക്കാതെ, അവരെ ബഹുമാനിക്കാതെ തന്നിഷ്ടം പോലെ ജീവിക്കുന്ന ഒരു പെണ്ണ്'- ഇതാണ് ഇവരുടെ ആരോപണം. ഇതെല്ലാം സവര്‍ണ ഫാസിസ്റ്റ് മൂല്യങ്ങളല്ലെങ്കില്‍ മറ്റെന്താണ് എന്നെനിക്കറിയില്ല.

ഏറ്റവും അവസാന ഘട്ടത്തിലാണ് എന്റെ മകളുടെ നേരെ കല്ലെറിഞ്ഞ് അശ്ലീല ആംഗ്യം കാണിച്ചിട്ട് 'നായയേം കൊല്ലും നായയെ വളര്‍ത്തുന്നവരെയും കൊല്ലും' എന്ന അവരുടെ മുന്നറിയിപ്പിനനുസരിച്ച ഒരു സൂചന അവര്‍ നല്‍കുന്നത്. അത് എന്റെ പൊതു ജീവിതത്തിനുള്ള വിലയാണ്. അതേപോലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമുള്ള താക്കീതാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ നിന്റെ മേല്‍ കല്ലെറിയും എന്ന തരത്തില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന ഒരു അമ്മയുടെ മകള്‍ക്കുള്ള താക്കീത് കൂടിയാണിത്. നായ, മരം ഇതെല്ലാം ഒരു കാരണങ്ങള്‍ മാത്രമായിരുന്നു. എന്തെല്ലാമോ കാരണങ്ങളാല്‍ ഞങ്ങളെ മനസ്സിലാക്കാതെ, അവര്‍ക്ക് അരോചകരായി തീര്‍ന്ന ഞങ്ങളെ ഇവിടെ നിന്ന് പുകച്ച് പുറത്തുചാടിക്കാന്‍ നോക്കുന്നവരായി മാറിക്കൊണ്ടിരിക്കുകയാണവര്‍. ഇതിന്റെ പിന്നില്‍ റസിഡന്റ്‌സ് അസോസിയേഷനും അതിലെ ആണധികാര താത്പര്യങ്ങളും അവരുടെ സവര്‍ണ മൂല്യങ്ങളുമാണെന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം'


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories