TopTop
Begin typing your search above and press return to search.

ഞങ്ങള്‍ക്ക് പടച്ചോനേ വേണ്ടെങ്കിലോ?

ഞങ്ങള്‍ക്ക് പടച്ചോനേ വേണ്ടെങ്കിലോ?

പ്രമോദ് പുഴങ്കര

'പടച്ചോന്റെ ചിത്രപ്രദര്‍ശനം' എന്ന തലക്കെട്ട് പുസ്തകത്തിനിട്ടതാണ് പി. ജിംഷാര്‍ എന്ന എഴുത്തുകാരന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണം. കേരളത്തില്‍ മതമൌലികവാദികളും വര്‍ഗീയവാദികളും എഴുത്തുകാരുടെ കഴുത്തിന് പിടിക്കുന്നത് ഇതാദ്യമല്ല. 'ക്രിസ്തുവിന്റെ ആറാം തിരുമുറിവി'നെതിരെ ക്രിസ്തുവ്യവസായ സഭാ പ്രമുഖരും 'ഭഗവാന്‍ കാലുമാറുന്നു' നാടകത്തിനെതിരെ ആര്‍ എസ് എസുകാരുമൊക്കെ ഉറഞ്ഞുതുള്ളിയത് നമുക്കോര്‍മ്മയുണ്ട്. ആറാം തിരുമുറിവിന്റെ കാര്യത്തിലാണെങ്കില്‍ വലതും ഇടതും മുന്നണികള്‍ ക്രിസ്ത്യാനി സഭാ വ്യവസായികളെ പ്രീണിപ്പിക്കാന്‍ മത്സരിക്കുകയായിരുന്നു. (അതും ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള വലിയ വാചകമടിക്കൊക്കെ ശേഷം) ഒരാള്‍ എന്തെഴുതണം, എന്തു കഴിക്കണം, എന്തു വരയ്ക്കണം എന്നു നിശ്ചയിക്കേണ്ടത് ആ വ്യക്തിയാണ്. മുഹമ്മദ് എന്ന, പ്രവാചകനെന്ന് കുറേപ്പേര്‍ വിളിക്കുന്ന ഒരു കക്ഷിയെ വരക്കാന്‍ പാടില്ല എന്നു പറഞ്ഞു ലോകത്ത് പലയിടത്തും ഇസ്ളാമിക തീവ്രവാദികള്‍ ആക്രമണം നടത്തുന്നു. പശുവിറച്ചി തിന്നരുത് എന്ന സംഘിയുടെ അതേ യുക്തിശൃംഖലയില്‍ വരും ഇതും. പശുവിനെ ഞങ്ങള്‍ മാതൃതുല്യയായി പൂജിക്കുന്നു, അതുകൊണ്ടു വേറെയാരും അതിനെ കൊല്ലരുത് എന്നു സംഘി. മുഹമ്മദ് ഞങ്ങളുടെ പ്രവാചകനാണ്, അതുകൊണ്ടു അയാളെ ആരും വരയ്ക്കരുത്, അതിനു വേണ്ട ന്യായം ഞങ്ങള്‍ക്കു പക്കലുണ്ട് എന്ന് ഇസ്ളാമിക മതമൌലികവാദികള്‍. പശുവിറച്ചി തിന്നുന്നത് ജനാധിപത്യവും (പശുവിറച്ചി = മുസ്ലീം എന്നല്ല) മുഹമ്മദിനെക്കുറിച്ച് മിണ്ടുന്നതും വരയ്ക്കുന്നതും സവര്‍ണ ഹിന്ദു ഫാസിസമാക്കുന്നതുമാണ് മതവ്യവസായത്തിന്റെ കളി. രണ്ടിനുമുള്ള സ്വാതന്ത്ര്യം എന്നൊന്നുണ്ട് എന്നാണ് 'മതേതരര്‍' എന്ന് രണ്ടു കൂട്ടരും ആക്ഷേപിക്കുന്ന മതേതരരുടെ നിലപാട്. ലജ്ജാഭാരമില്ലാത്ത മതേതരന്മാരും അതും കഴിഞ്ഞ് ദൈവമെന്ന തട്ടിപ്പില്‍ വിശ്വാസമില്ലാത്തവരും ഇനിയും കൂടട്ടെ. (അതിനു ദൈവം അനുഗ്രഹിക്കട്ടെ, ല്ലേ!)

ഇനി കേരളത്തിലെ ഇസ്ളാമിക വര്‍ഗീയവാദത്തെ നോക്കാം. അത് ചില സംഘടനകളുടെ ബലത്തില്‍ മാത്രമല്ല വളരുന്നത്. ഒരു മത വര്‍ഗീയതക്കും അതിന്റെ വിശ്വാസ സമൂഹത്തില്‍ നിന്നും അന്നവും വെള്ളവും കിട്ടാതെ വളരാനാകില്ല. ഉദാഹരണത്തിന് ഹിന്ദു വര്‍ഗീയത; കേരളത്തിലെ ഹിന്ദു വര്‍ഗീയവാദത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ജൈവപരിസരം ഇവിടുത്തെ ഹിന്ദു മതത്തില്‍പ്പെട്ട ആളുകളെ കൂടുതല്‍ കൂടുതല്‍ മതാത്മകമായ ജീവിതാന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. ഉത്സാവാഘോഷങ്ങള്‍ ഗംഭീരമാക്കിയും, ജാതി സംഘടനകളെ പൊതുമണ്ഡലത്തില്‍ സജീവമാക്കിയും (അതിപ്പോള്‍ പൊതുപ്രശ്നങ്ങള്‍ ഏറ്റെടുത്തുമാകും), മനുഷ്യരുടെ ജീവിതത്തിലെ മിക്ക വിഷയങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ഇടപ്പെട്ടും (വിവാഹം, മരണം) കുടുംബയോഗങ്ങള്‍ സജീവമാക്കിയുമൊക്കെയാണ്അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നത്. അങ്ങനെയാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ ഹിന്ദു മതബോധം ഇവിടെ ശക്തമായത്. അതിനര്‍ത്ഥം അത് മുമ്പില്ല എന്നല്ല. മറിച്ച് ആ മതബോധത്തെ മറികടക്കുന്ന ഒരു രാഷ്ട്രീയ, വര്‍ഗബോധത്തിലേക്കുള്ള എല്ലാ സാധ്യതകളെയും അത് നിര്‍ദയമായ പകയോടെ പിന്നിലാക്കി എന്നാണ്. ഈ മതാത്മകതയില്‍ 'നമ്മള്‍ ഹിന്ദുക്കള്‍' എന്ന വൈകാരിക തട്ടിപ്പിനും നായാടി മുതല്‍ നമ്പൂരി വരെ എന്ന വര്‍ണവ്യവസ്ഥക്കും എളുപ്പം പിടിച്ചുകയറാം. വായനശാലയിലേക്ക് പോകുന്നതിനു പകരം കുടുംബയോഗത്തിന് പോകുന്ന ഒരാളെ അവിടെനിന്നും വിശാലഹിന്ദുക്കളുടെ യോഗത്തിലേക്ക് കൊണ്ടുപോകാന്‍ വളരെ എളുപ്പമാണ്. അതുകൊണ്ട് നാട്ടിലെ മാറാല കേറിയ കുട്ടിച്ചാത്തന്‍മാരെല്ലാം ഇഷ്ടവരദായകന്‍മാരായ ചാത്തന്‍ സ്വാമിമാരായി രൂപം മാറിയപ്പോള്‍, സകല ഭഗവതിമാര്‍ക്കും സ്നേഹത്തിന്റെയും സംഹാരത്തിന്റെയും പുരാവൃത്തങ്ങള്‍ എഴുതിക്കൊടുക്കുന്ന കേന്ദ്രങ്ങളുണ്ടായപ്പോള്‍, എന്നാലും വോട്ട് നമുക്കല്ലേ എന്ന് ചൊറിയും കുത്തിപറഞ്ഞിരുന്ന വികസനനായകന്‍മാര്‍ ആര്‍ എസ് എസിനെ തോല്‍പ്പിക്കാന്‍ ശ്രീകൃഷ്ണ ജയന്തി നമ്മളാഘോഷിച്ചാല്‍ പോരേ എന്ന് അതീവഗൌരവത്തില്‍ വിശദീകരിക്കുമ്പോള്‍, വര്‍ഗീയതയുടെ മുപ്പൂവിറക്കുന്ന പാടം കക്ഷിരാഷ്ട്രീയത്തിന്‍റെയല്ല, മതാധിക്യത്തിന്റെയാണ് എന്ന് മറക്കുന്നു. വിളവെടുപ്പുകാരെ മാറുന്നുള്ളൂ; വിള ഒന്നു തന്നെയാണ്.

ഇതൊക്കെ തന്നെയാണ് കേരളത്തിലെ മുസ്ലീം മതമൌലികവാദത്തിന്റെ പിടിമുറക്കത്തിന്റെ കഥയും. കേരളത്തിലെ മുസ്ലീങ്ങളില്‍ പല കാരണങ്ങളാലും യാഥാസ്ഥിതികത്വത്തിന് വളരാന്‍ എളുപ്പമായിരുന്നു. പൊതുബോധമെന്നാല്‍ ഹിന്ദു സവര്‍ണബോധമെന്ന ന്യൂനീകരണം ഇതിനെ സഹായിക്കുകയും ചെയ്തു. ലോകത്തിലെമ്പാടും എന്ന പോലെ കേരളത്തിലെ മുസ്ലീം സമൂഹത്തിലും പ്രാദേശികമായ രൂപഭാവങ്ങളോടെ കഴിഞ്ഞുപോന്ന ഇസ്ലാമിനെ ഏകശില ഇസ്ലാമാക്കാനുള്ള ശ്രമം വേരുറപ്പിച്ചു. ഈ ശ്രമം മുസ്ലീങ്ങളെ വര്‍ഗീയസംഘടനയില്‍ ചേര്‍ക്കുകയല്ല, മറിച്ച് അവരുടെ ജീവിതങ്ങളെ പതിവിലും കൂടുതല്‍ മതാത്മകമാക്കുകയാണ് ചെയ്തത്. ഗള്‍ഫ് കുടിയേറ്റത്തിന്‍റെ ഭാഗം കൂടിയായ സാമ്പത്തിക മുന്നേറ്റം വലിയ പള്ളികളായും സമൃദ്ധമായ ഖജാനകളുള്ള സംഘടനകളായും ആദ്യം രംഗത്തുവന്നു. പിന്നീടത് അന്നുവരെ തീര്‍ത്തൂം അപൂര്‍വമായിരുന്ന പര്‍ദ, മഫ്ത, ഹിജാബ് എന്നൊക്കെയുള്ള സ്ത്രീകളെ പരമാവധി തുണികൊണ്ട് പൊതിയുക എന്ന നികൃഷ്ടമായ ഏര്‍പ്പാടിലേക്ക് അമ്പരപ്പിക്കുന്ന വേഗതയില്‍ ഓടിക്കയറി. ഇതെല്ലാം മുസ്ലീം ജനസമൂഹത്തിന്റെ സ്വാഭാവികമായ ജീവിതരീതികളാണെന്നും പര്‍ദ്ദയിട്ട് നടക്കുന്നത് (കറുത്ത കയ്യുറകള്‍ വരെയിട്ട് ലോകത്തെ ഒരു ചെറിയ വലയിലൂടെ നോക്കിക്കാണുന്ന മുസ്ലീം സ്ത്രീകളെ എന്റെ ഗ്രാമത്തില്‍ വരെ കാണുന്നു. 20 കൊല്ലം മുമ്പ് ചിന്തിക്കാന്‍ കഴിയാത്ത ഒന്ന്) മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്നും വരെ വ്യാഖ്യാനമുണ്ടായി. അതൊരു തരം സ്വാതന്ത്ര്യമാണെന്ന് സ്ത്രീകളെ വരെ തോന്നിപ്പിച്ചു എന്നത് അത്ര അത്ഭുതമുണ്ടാക്കുന്ന കാര്യമല്ല. ഏതുതരം ചൂഷണവും ഒരു സ്വാഭാവിക സ്വാതന്ത്ര്യമോ അവസ്ഥയോ ആണെന്ന് ബോധമുണ്ടാക്കുന്നത് പഴക്കമുള്ള ഒരടവാണ്. അക്കാര്യമൊന്നും മറ്റ് മതക്കാര്‍ പറയണ്ട, അതൊക്കെപ്പറയാനുള്ള 'ഏജന്‍സി' മുസ്ലീം സ്ത്രീകള്‍ക്കുണ്ട് എന്നും ഖുര്‍ആന്‍ പുരോഗമനപരമായ ലൈംഗികാനന്ദത്തിനുള്ള സാധ്യതകള്‍ നല്‍കുന്ന സ്ത്രീപുരുഷ കരാര്‍ ഉള്ളതാണെന്നുമൊക്കെ തട്ടിമൂളിക്കുന്ന ബുദ്ധിജീവികള്‍ ഇസ്ലാമോഫോബിയക്കെതിരെയും യൂറോ-യു.എസ് ലോകവീക്ഷണത്തിലെ ഭീകരതാ വ്യാഖ്യാനങ്ങള്‍ക്കെതിരെയുമുള്ള പുരോഗമനപരമായ എതിര്‍പ്പിനെ, തന്ത്രപൂര്‍വം തികച്ചും സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഇസ്ളാമിക മതമൌലികവാദത്തെ ശക്തിപ്പെടുത്താനും, അതുവഴി തങ്ങളുടെ വ്യാഖ്യാന ഫാക്ടറികളുടെ ഉത്പന്നങ്ങള്‍ക്ക് നല്ല വിപണി കണ്ടെത്താനും ഉപയോഗിക്കുന്ന 'കാറ്റുനോക്കി തൂറ്റുന്ന' ഏര്‍പ്പാടിനും കേരളം ഈ നാളുകളില്‍ സാക്ഷ്യം വഹിച്ചു.

അത് മാത്രമായിരുന്നില്ല ഇക്കാലയളവില്‍ കേരളത്തിലെ മുസ്ലീം സമൂഹത്തില്‍ സംഭവിച്ചത്. വലിയതോതില്‍ മുസ്ലീം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്തേക്ക്, ഉന്നതവിദ്യാഭ്യാസമടക്കം, കടന്നുവരുന്ന പുരോഗമനപരമായ മാറ്റവുമുണ്ടായി. ഈ മാറ്റത്തെ തീര്‍ത്തൂം സ്ത്രീവിരുദ്ധമായ നിലപാടുകളുള്ള മതയാഥാസ്ഥിതികത്വത്തിന് തടയാനാവുമായിരുന്നില്ല. പക്ഷേ അവരതിനെ ഉപയോഗിച്ചത് വേറെ രീതിയിലാണ്. സ്വന്തമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും (ക്രിസ്ത്യന്‍സഭ ഇത് ചെയ്തിട്ടുണ്ട്, പക്ഷേ അതിന്റെ സ്വഭാവം മറ്റൊന്നായതിന് ചില ചരിത്ര കാരണങ്ങളുണ്ട്) അവയുടെ ഏകപക്ഷീയമായ നടത്തിപ്പിന് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണം നല്‍കിയ അനുകൂല പരിതസ്ഥിതിയും വെച്ചായിരുന്നു. അങ്ങനെ വീട്ടിലിരിക്കുന്ന മുസ്ലീം സ്ത്രീയെ മാത്രമല്ല, ബയോ കെമിസ്ട്രിയില്‍ ബിരുദാനന്ദര ബിരുദത്തിന് പഠിക്കുന്ന മുസ്ലീം സ്ത്രീയെയും പര്‍ദയില്‍ ഒതുക്കാന്‍ അവര്‍ക്ക് ഒരു പരിധിവരെ കഴിഞ്ഞു. മതപൌരോഹിത്യത്തിന്റെ പിടിയില്‍ നിന്നും കുതറിമാറേണ്ട ഒരു സമൂഹത്തെ, മതബദ്ധമായ ജീവിതം ഒരുതരം സ്വാതന്ത്ര്യമാണ്, സ്വത്വ പ്രഖ്യാപനമാണ് എന്ന് വിശ്വസിപ്പിക്കുന്നതിലും അവര്‍ വിജയിച്ചു. ഇത് വര്‍ഗീയവാദമല്ല. എന്നാല്‍ ഇതാണ് വര്‍ഗീയവാദത്തിന്റെ, മതമൌലികവാദത്തിന്റെ വിത്തിറക്കുന്ന പാടം. ഇവിടെയേ ആ കൃഷി നടക്കൂ. ഈ പാടം വേണ്ടത്ര ഒരുക്കാനാകാത്തതുകൊണ്ടാണ് ആര്‍ എസ് എസിന് ബദല്‍ മദനിയുടെ ഐ എസ് എസ് എന്ന രാഷ്ട്രീയം കേരളത്തില്‍ വേണ്ടത്ര ഏശാതെ പോയത്. എന്നാല്‍ മദനിയേക്കാളും എത്രയോ രൂക്ഷമായ രീതിയില്‍ മതമൌലികവാദവും സ്പര്‍ദ്ധയും വളര്‍ത്തുന്ന ഇസ്ളാമിക സംഘടനകള്‍ വളരെ സ്വീകാര്യമായ രാഷ്ട്രീയ നിലപാടുകളുള്ളവരാകുന്നത് നാം കണ്ടു. ഇതിന്റെ കാരണം കേരളത്തിലെ മുസ്ലീം സമൂഹത്തില്‍ ഈ മതാത്മക ജീവിതത്തെ സ്വാഭാവികമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതിനാലാണ്.

അടുത്തിടെയാണ് വാക്സിന്‍ വിരുദ്ധനായ ഒരാളെ മാതൃഭൂമി ചാനലില്‍ അവതാരകയും ആരോഗ്യമന്ത്രിയും കൂടി 'പഞ്ഞിക്കിട്ടതില്‍' നവ-സാമൂഹ്യമാധ്യമങ്ങള്‍ ആഹ്ലാദിച്ചത്. നല്ലതുതന്നെ. പക്ഷേ ഇതേ ശാസ്ത്രബോധം മുടന്തും വരട്ട് ചൊറിയും മുതല്‍ അര്‍ബുദം വരെ മാറ്റും എന്നു പറഞ്ഞു നടത്തുന്ന ക്രിസ്ത്യന്‍ ധ്യാനകേന്ദ്രങ്ങളെയും മന്ത്രിച്ചൂതുന്ന ദിവ്യന്‍മാര്‍ക്കെതിരെയും കാണിക്കാന്‍ ധൈര്യമുണ്ടാകുമോ? ഇല്ല. പക്ഷേ ആ ധൈര്യമില്ലായ്മയാണ് വാക്സിന്‍ വിരുദ്ധത പോലുള്ള പ്രചാരണങ്ങളെ വളര്‍ത്തുന്നത് എന്നാണ് വാസ്തവം. അമൃതാനന്ദമയി എന്നറിയപ്പെടുന്ന സുധാമണിയുടെ ആശ്രമത്തിലെ സകല തട്ടിപ്പുകള്‍ക്കും കൊലപാതകങ്ങള്‍ക്കും നേരെ കണ്ണടയ്ക്കുകയും അവരുടെ ജന്മദിനാഘോഷങ്ങളില്‍ കെ ആര്‍ മീരയെപ്പോലെ വിപണിവിജയം നേടിയ എഴുത്തുകാര്‍ അത്ഭുതപരതന്ത്രരായി എഴുതുകയും ചെയ്യുന്ന, അവരുടെ പൊന്നാട വാങ്ങാനും അവരെ അതൊന്നണിയിക്കാനും അവരുടെ 'ഭാവം' കാണാനും ഓ രാജഗോപാല്‍ മാത്രമല്ല എ കെ ബാലനും പോകുന്ന കേരളമാണ് ഈ വര്‍ഗീയവാദികളുടെ വളക്കൂറുള്ള മണ്ണ്. അതുകൊണ്ടാണ് സംഘപരിവാറിലെ മുന്‍കാല സൈദ്ധാന്തികന്‍മാര്‍ക്ക് കഴിയാതെ പോയ സാമൂഹ്യ, രാഷ്ട്രീയവിപണി കണ്ടെത്താന്‍ കുമ്മനത്തിന് കഴിയുന്നത്. സ്വയം പ്രഖ്യാപിത സഭാതലവനായ യോഹന്നാന്‍ കൈരളി ടി വിയുടെ സഹപ്രായോജകനായി മാറുമ്പോള്‍ ഏത് പുരോഗമനബോധമാണ് കാശിക്ക് പോകാത്തത്!

ഇത് കേരളത്തിന്റെ പുരോഗമനപരമായ യാത്രകളെയും അന്വേഷണങ്ങളെയും പിടിച്ചുനിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ്. പത്തു വോട്ട് കിട്ടിയാല്‍ എന്തു വൃത്തികേടിനും തങ്ങള്‍ കൈപൊക്കി കൂട്ടുനില്ക്കും എന്നു ഒരുളുപ്പുമില്ലാതെ പറയുന്ന ഇടതു, വലതു രാഷ്ട്രീയകക്ഷികളും കൂടിയാകുമ്പോള്‍ ജോസഫ് മാഷുടെ കൈവെട്ടാന്‍ മാത്രമല്ല കേരളത്തിന്റെ പുരോഗമന, മതേതര ബോധത്തിന്റെ കഴുത്തുവെട്ടാനും ഈ വൈതാളികര്‍ക്ക് മടിയുണ്ടാകില്ല. നാരായണ ഗുരുവും അയ്യങ്കാളിയും പൊയ്കയിലപ്പച്ചനും വി ടി ഭട്ടതിരിപ്പാടും വക്കം മൌലവിയും മക്തി തങ്ങളും എബ്രഹാം മല്‍പ്പാനും ഒക്കെയടങ്ങുന്ന നവോത്ഥാന മൂല്യബോധത്തിന്റെ കേരളത്തെയാണ് ഈ മതാത്മകമായ, മതബദ്ധമായ ജീവിതങ്ങളെക്കൊണ്ട് വെല്ലുവിളിക്കുന്നത്. ആ വെല്ലുവിളിയാണ് രോമപ്പള്ളിയുണ്ടാക്കി തട്ടിപ്പ് നടത്തുകയും പെണ്ണുങ്ങള്‍ വീട്ടിലിരിക്കണമെന്ന് പറയുകയും ചെയ്യുന്ന കാന്തപുരത്തിനെ കെ ടി ജലീലിന്റെ നേതൃത്വത്തില്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ വരിനിന്നു കാണുമ്പോള്‍ വിജയിക്കുന്നത്. ഈ ജലീലൊക്കെയാണ് വക്കം മൌലവിയെയൊക്കെ അനുസ്മരിച്ചു പ്രഭാഷണം നടത്തുന്നത്.

കേരളത്തിലെ വര്‍ഗീയവാദികളും ആത്മീയവ്യവസായികളും ഈ വെല്ലുവിളി നടപ്പാക്കാന്‍ സ്വീകരിച്ച തന്ത്രം വളരെ സുഭദ്രമാണ്. ആധുനികതയുടെ എല്ലാ ഭൌതികധാരകളെയും അവര്‍ ഉപയോഗിക്കും. അതിന്റെ ജ്ഞാന മാതൃകകളുടെ പ്രസരണം ഏറ്റെടുക്കും. അതോടെ തങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് സകല ആധുനികതയുടെയും ജീവിതമെന്ന് അവര്‍ നിശ്ചയിക്കും. അങ്ങനെയാണ് ബാബ രാംദേവും സുധാമണിയും മുതല്‍ യോഹന്നാനും കാന്തപുരവും വരെയുള്ള സകല തട്ടിപ്പുകാരും പ്രവര്‍ത്തിക്കുന്നത്. ഈ മതവ്യവസായത്തില്‍ നല്ല ആത്മീയതയും ചീത്ത ആത്മീയതയും എന്നൊരു വകഭേദമുണ്ട് എന്ന പ്രചാരണവും അവര്‍ വഴിയാണ്. അതായത് ചാത്തന്‍ മഠം തട്ടിപ്പ്, സുധാമണി മഠം ശ്രേഷ്ഠം. പോട്ടയിലെ ധ്യാനകേന്ദ്രം നല്ല ആത്മീയത, സന്തോഷ് മാധവന്‍ ചീത്ത ആത്മീയത. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള കണ്ണുപൊത്തിക്കളി.

അങ്ങനെയാണ് സുധാമണി മെഡിക്കല്‍ കോളേജും എഞ്ചിനീയറിംഗ് കോളേജും നടത്തുകയും എല്ലാ ശാസ്ത്രവിഷയങ്ങളും പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ നടത്തി കാശുണ്ടാക്കുകയും ഒടുവില്‍ മന:സമാധാനം വേണമെങ്കില്‍ എന്നെ കെട്ടിപ്പിടിക്കണമെന്ന് പറയുകയും ചെയ്യുമ്പോള്‍ അതിലൊരു അത്ഭുതവും തോന്നാത്ത മണകുണാഞ്ചന്‍മാരായി മലയാളികള്‍ മാറുന്നത്. ക്രിസ്ത്യന്‍ സഭകളൊക്കെ ഈ തട്ടിപ്പ് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തുടങ്ങി വിജയിച്ചവരാണ്.

ഇത്രയേറെ മതാത്മകമായ ജീവിതരീതികളിലൂടെ കടന്നുപോകുന്ന ഒരു സമൂഹത്തില്‍, എല്ലാ ആധുനിക വിദ്യാഭ്യാസാധാരകളും മതത്തിന്റെ മാമോദീസ മുങ്ങി മാത്രം ലഭ്യമാകുന്ന ഒരു സമൂഹത്തില്‍ മതനിഷേധം ഒരു പാപക്രിയയായി മാറുന്നതില്‍ എന്തത്ഭുതം!

ജീവിതത്തില്‍ നിന്നും പുറത്താക്കപ്പെടുന്ന മതമൌലികവാദം അന്നവും വെള്ളവുമില്ലാതെ ദുര്‍ബലമായിപ്പോകും (നശിക്കുമോ എന്നത് പിന്നെ ചര്‍ച്ച ചെയ്യാം). എന്നാല്‍ ദൈനംദിന ജീവിതത്തിന്റെ അടുക്കളപ്പുറത്ത് നട്ടുനനച്ചുവളര്‍ത്തുന്ന മതബോധത്തിന്റെ ചെഞ്ചീരച്ചെടികള്‍ ഉള്ളിടത്തോളം കാലം ജിംഷാര്‍ മാത്രമല്ല, നാമെല്ലാവരും മതനിഷേധത്തിന്റെ പാപത്തിന് എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം. അതിനൊരു സംഘടനയുടെയും ആവശ്യമില്ല. അതിലും വലിയ ഒരു ഭീകരതയുമില്ല.

(കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories