TopTop
Begin typing your search above and press return to search.

എന്നെ വേട്ടയാടുന്നവര്‍ കാണാതെ പോകുന്ന കാര്യങ്ങള്‍; പി കെ അബ്ദു റബ്ബ്/അഭിമുഖം

എന്നെ വേട്ടയാടുന്നവര്‍ കാണാതെ പോകുന്ന കാര്യങ്ങള്‍; പി കെ അബ്ദു റബ്ബ്/അഭിമുഖം

പി കെ അബ്ദു റബ്ബ് /ഡി ധനസുമോദ്

പാഠപുസ്തക വിതരണം, ജി സുധാകരന്റെ നിലവിളക്ക് പ്രസ്താവന, വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്തെ വിവാദങ്ങള്‍ എന്നിവയെ കുറിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ് മാധ്യമ പ്രവര്‍ത്തകന്‍ ഡി ധനസുമോദുമായി സംസാരിക്കുന്നു.

ധനസുമോദ്: താൻ വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ അധ്യയന വർഷം ആരംഭിക്കുന്നതിനു ആറു മാസം മുൻപേ യോഗം വിളിച്ചു ചേർത്ത് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതുകൊണ്ടാണ് പാഠപുസ്തകം വൈകാതിരുന്നത് എന്നും ഇപ്പോൾ പാഠപുസ്തകം വൈകിയതിനു ഇടതു സർക്കാർ പ്രതിയല്ലെന്നും ചൂണ്ടിക്കാട്ടി എം എ ബേബി താങ്കളെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ വിമര്‍ശനത്തെ കുറിച്ചുള്ള പ്രതികരണം..?

പി കെ അബ്ദു റബ്ബ്: ബഹുമാനപ്പെട്ട ബേബി സാര്‍ പറയുന്നത് നൂറുശതമാനം തെറ്റാണ്. കാരണം ഡിസംബര്‍ മാസത്തില്‍ പാഠപുസ്തകങ്ങള്‍ കൊടുത്ത കൊല്ലങ്ങള്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തിലുണ്ടായിരുന്നു. അതായത് ക്രിസ്തുമസ് പരീക്ഷയ്ക്ക്. വര്‍ഷം മുഴുവന്‍ പുസ്തകങ്ങള്‍ കിട്ടാതെ കുട്ടികള്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിച്ച സമയവും ഉണ്ടായിരുന്നു. അതേ സമയം യു.ഡി.എഫ് ഗവണ്‍മെന്റ് വന്നതിനുശേഷം 2015 ലൊഴികെ എല്ലാ വര്‍ഷവും ജൂലൈക്ക് മുമ്പ് പാഠപുസ്തകം നല്‍കിയിട്ടുണ്ട്. യു.ഡി.എഫ് ഭരിച്ച അഞ്ചു വര്‍ഷത്തിനിടയില്‍ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ മുഴുവന്‍ പരിഷ്‌ക്കരിച്ചു. മൂന്ന് ഘട്ടമായിട്ടാണ് ഇത് ചെയ്തത്. പാഠപുസ്തക പരിഷ്‌ക്കരണം അറിയാമല്ലോ. ഒരുപാട് ആളുകള്‍, ഏജന്‍സികള്‍, കമ്മിറ്റികള്‍ കൂടി ചെയ്യേണ്ട കാര്യങ്ങളാണ്. ആ കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്. പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങള്‍ കൃത്യമായിറക്കാന്‍ കഴിഞ്ഞ ഗവണ്‍മെന്റിന് സാധിച്ചു. 2015 ല്‍ സംഭവിച്ചതെന്താന്നു വച്ചാല്‍ സി ആപ്ട് ആണ് ടെണ്ടര്‍ ചെയ്യേണ്ടത്. അവര്‍ ടെണ്ടര്‍ ചെയ്തില്ല. സിംഗിള്‍ ടെണ്ടറേ വന്നുള്ളു. അത് ക്യാന്‍സല്‍ ചെയ്ത് രണ്ടാമത് ടെണ്ടര്‍ ചെയ്തു. സാധാരണ ടെണ്ടറുകള്‍ക്കിടയില്‍ വരുന്ന കാലതാമസം അറിയാമല്ലോ. രണ്ടാമതും ടെണ്ടര്‍ സമര്‍പ്പിച്ചത് ആദ്യത്തെ കക്ഷി തന്നെ. മണിപ്പാല്‍ ടെക്‌നോളജീസ് എന്ന കമ്പനിയാണ്. രണ്ടാമത്തെ ടെണ്ടറാണ് കൊടുക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് നോട്ട് വന്നു. പക്ഷേ ഞാന്‍ അത് ക്യാബിനറ്റില്‍ വച്ചു. ഇത് ക്യാന്‍സല്‍ ചെയ്തിട്ട് ഉള്ള സംവിധാനങ്ങള്‍ വച്ച് ഗവണ്‍മെന്റ് പ്രസ്സില്‍ കൊടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുപോലെ സി ആപ്റ്റ്, കെ.ബി.പി.എസ് അങ്ങനെ മൂന്നുസ്ഥലത്തും അടിക്കാം. എന്നിട്ടും കാലതാമസം വരുന്നുണ്ടെങ്കില്‍ കുറേ ക്വാണ്ടിറ്റി ഈ മണിപ്പാല്‍ ടെക്‌നോളജീസിനും കൊടുക്കാം. നമ്മള്‍ ഇവിടെ ക്വാട്ട് ചെയ്ത റേറ്റില്‍ മാത്രം. അതാത് ഗവണ്‍മെന്റ് പ്രസ്സ് അടിക്കുന്ന റേറ്റില്‍ മണിപ്പാല്‍ ടെക്‌നോളജീസും അടിക്കണം. അങ്ങനെയാണ് ആ കൊല്ലം താമസിച്ചത്.

ഗവണ്‍മെന്റ് പ്രസ്സ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ സന്ദര്‍ശിച്ചതാണല്ലോ. അവിടെ യാതൊരു സൗകര്യവുമില്ല. ഒരു മോഡേണ്‍ ടെക്‌നോളജിയും അവിടെയില്ല. അവിടെ ഇത് പ്രിന്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ സാങ്കേതികമായി ആവശ്യമുള്ള സാധനങ്ങള്‍ നമ്മളോട് വാങ്ങിക്കൊടുക്കാന്‍ പറഞ്ഞു. അത് ഡല്‍ഹിയില്‍ നിന്നും ബോംബേയില്‍ നിന്നും വരുത്തി. അതിനും കാലതാമസമെടുത്തു. എന്നിട്ട് തന്നെ വളരെ കുറച്ച് പുസ്തകം മാത്രമേ അച്ചടിക്കാന്‍ സാധിച്ചുള്ളു. അടിച്ച പുസ്തകങ്ങള്‍ ബൈന്റ് ചെയ്യാന്‍ കഴിഞ്ഞില്ല. അതൊക്കെ കെ.ബി.പി.എസ് ആണ് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഗസ്റ്റായപ്പോഴേക്ക് വിതരണം ചെയ്യാനായത്.

ഈ പുസ്തക പ്രിന്റിംഗ് മൂന്ന് വകുപ്പറിയണം. സിവില്‍ സപ്ലൈസ്, പ്രിന്റിംഗ് ആന്റ് സ്റ്റേഷനറി വകുപ്പാണ് ഇതിന് പേപ്പര്‍ വാങ്ങിക്കൊടുക്കുന്നത്. പിന്നെ വിദ്യാഭ്യാസം. കൂടാതെ പ്രസ്സിലെ ചില പ്രശ്‌നങ്ങള്‍. അതിന്റെ കുറേ കാലതാമസം വന്നു. കഴിഞ്ഞ വര്‍ഷം ഞാന്‍ മറ്റ് ഏജന്‍സികളെ ഒഴിവാക്കി. കെ.ബി.പി.എസ് നേരിട്ട് പേപ്പര്‍ വാങ്ങിക്കണം. അതിനെ തുടര്‍ന്ന് ആറ് കോടി രൂപ ലാഭിച്ചു. നേരത്തെ ഈ ടെണ്ടറിങ്ങിലും മറ്റുമായിരിക്കും ആറുകോടി നഷ്ടമുണ്ടായിരുന്നത്. തച്ചങ്കരി തന്നെ ഈ കാര്യം എന്നോട് പറഞ്ഞതാണ്.പുസ്തകത്തിന്റെ വിതരണം നമ്മള്‍ വന്നപ്പോള്‍ ചെയ്തുകൊണ്ടിരുന്നത് ഡി ടി ഡി സി എന്ന കൊറിയര്‍ സര്‍വ്വീസാണ്. അങ്ങനെ വിതരണത്തില്‍ കുറേ പ്രശ്ങ്ങളുണ്ടായി. കുറേ കാലതാമസമുണ്ടായി. അടുത്ത കൊല്ലം നമ്മളത് മാറ്റി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ഏല്‍പ്പിച്ചു. ഇടത് ഭരിച്ചപ്പോഴും ഡി ടി ഡി സി ആയിരുന്നു. രണ്ടു കൊല്ലം പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നന്നായിട്ട് ചെയ്തു. പക്ഷേ പിന്നീട് നമ്മുടെ റേറ്റ് അവര്‍ക്ക് പോരാതായി. ഡിസ്ട്രിബ്യൂഷനിലും പ്രശ്‌നങ്ങളുണ്ടായി. അങ്ങനെ പേപ്പര്‍ വാങ്ങുന്നതു മുതല്‍ ഡിസ്ട്രിബ്യൂഷനടക്കം എല്ലാം ചെയ്യേണ്ടിവന്നു. ഓരോ ജില്ലയിലും ഓരോ ഹബ്ബുണ്ട്. ആ ഹബ്ബിലേക്കാണ് നമ്മള്‍ പുസ്തകം എത്തിക്കുന്നത്. സ്‌കൂളിലുള്ള സൊസൈറ്റികള്‍ അവിടെ നിന്ന് വാങ്ങിക്കൊണ്ടു പോകണം. കഴിഞ്ഞവര്‍ഷം അങ്ങനെ ചെയ്തു. ആദ്യമായിട്ടാണ് അത്തരമൊരു പരിഷ്‌ക്കരണം നടപ്പാക്കുന്നത്. .

2015 ല്‍ സപ്ലൈയും പ്രിന്റിംഗും എല്ലാം കെ.ബി.പി.എസ് തന്നെ നടത്തി. അതുവരെ കെ.ബി.പി.എസിന് ഒരു എം.ഡി.ഉണ്ടായിരുന്നില്ല. കെ.ബി.പി.എസില്‍ തച്ചങ്കരി ഒ.കെയായിരുന്നു. ആറു കോടി ലാഭമുണ്ടായത് അയാളുള്ളപ്പോഴാണ്. എന്റെ ഒരാഗ്രഹം ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ പുസ്തകം എത്തണം. ഏപ്രില്‍ 15 ന് പുസ്തകം എത്തിക്കണമെന്ന കട്ട് ഓഫ് ഡേറ്റ് വച്ചിട്ട് മൂവ് ചെയ്യണമെന്ന് പറഞ്ഞു. നേരത്തെ പല ഉദ്യോഗസ്ഥന്‍മാരുണ്ടായിരുന്നു. പലരും പല തീരുമാനങ്ങളെടുക്കും. അങ്ങനെയാണ് കാലതാമസമുണ്ടായത്. ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു, ഒരു പടച്ചോനേ പാടുള്ളു. അങ്ങനെയാണ് തച്ചങ്കരി വന്നത്. എത്ര ശതമാനം പ്രിന്റിംഗ് കഴിഞ്ഞെന്ന് ഓരോ ദിവസവും വൈകിട്ട് എന്റെ ഓഫീസിലേക്ക് മെസേജ് വരണമെന്ന രീതിയിലായിരുന്നു മോണിറ്ററിംഗ്. അച്ചടിച്ചത് അതാത് സ്ഥലത്തേക്ക് അയച്ചു കൊടുത്തു. മെയ്യിലായിരുന്നു ഇലക്ഷനെങ്കിലും ഏപ്രില്‍ ഒന്നിന് നോട്ടിഫിക്കേഷന്‍ വന്നല്ലോ. അതോടെ നമ്മുടെ ശ്രദ്ധ ഇലക്ഷനിലേക്കായി. എന്നാലും തച്ചങ്കരിയോടും എന്റെ ഓഫിസിലും പറഞ്ഞിരുന്നു മെയ് അഞ്ചാം തീയതി 85 ശതമാനം ബുക്കും പ്രിന്റ് ചെയ്ത് സൊസൈറ്റിയില്‍ എത്തിക്കണം. 16 ന് ഇലക്ഷനായി. അതു കഴിഞ്ഞപ്പോള്‍ കെ.ബി.പി.എസ് ഔദ്യോഗിക പത്രക്കുറിപ്പിറക്കി. എല്ലാ പുസ്തകങ്ങളും ഹബ്ബിലെത്തിച്ചുകഴിഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞപ്പോഴുള്ള ആദ്യത്തെ പ്രസ്താവന സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പുസ്തകം വിതരണം ചെയ്യുമെന്നായിരുന്നു. അത് പറയാനുള്ള ധൈര്യമുണ്ടായത് പുസ്തകമെല്ലാം പ്രിന്റ് ചെയ്തുകഴിഞ്ഞുവെന്ന ഉറപ്പുകാരണമാണ്.

ഹബ്ബില്‍ വന്നു കഴിഞ്ഞ പുസ്തകങ്ങള്‍ സ്‌കൂളുകളിലേക്ക് കൊണ്ടുപോകുന്നത് സൊസൈറ്റികളാണ്. അവിടെ ചിലപ്പോള്‍ കുറേ രാഷ്ട്രീയക്കളി നടന്നിട്ടുണ്ടാവും. ചില സ്ഥലത്ത് ബുക്ക് അഡീഷണലായി വാങ്ങിയിട്ടുണ്ടാവും. ചിലയിടത്ത് അതിനനുസരിച്ച് കുറവ് വന്നിട്ടുണ്ടാവും. കൂടുതലുള്ള പുസ്തകങ്ങള്‍ ഐ ടി അറ്റ് സ്കൂളില്‍ വച്ചിരിക്കുന്ന ഫോട്ടോ പത്രത്തില്‍ വന്നത് കണ്ടില്ലേ. പുസ്തകത്തിന്റെ അച്ചടി കഴിഞ്ഞ ഗവണ്‍മെന്റ് ചെയ്തതിന്റെ ഏറ്റവും വലിയ തെളിവാണത്. ഈ ഗവണ്‍മെന്റ് വന്നപ്പോഴുള്ള ഏറ്റവും വലിയ ഇഷ്യൂ 62,000 പുസ്തകം ഇല്ലായെന്നതല്ലേ. ഏതെങ്കിലും റിമോട്ട് ഏരിയയിലൊക്കെ കുറച്ച് പുസ്തകങ്ങള്‍ ഏതെങ്കിലും ലാംഗ്വേജിന്റെ പുസ്തകങ്ങള്‍ കുറവുവന്നിട്ടുണ്ടായിരിക്കാം. സംസ്ഥാനമൊട്ടാകെ കൂട്ടിയിട്ടാണ് ആ കണക്ക്. 62000 കുറവല്ലേയെന്ന് പറഞ്ഞാല്‍ കുറവാണ്. ആ 62,000 ആണ് മന്ത്രി പറഞ്ഞത് നാല് ദിവസംകൊണ്ട് പ്രിന്റ് ചെയ്ത് കൊടുക്കുമെന്ന്. ഒരാഴ്ച കഴിഞ്ഞിട്ടും പ്രിന്‍റ് ചെയ്തു കൊടുത്തിട്ടില്ലായെന്നാണ് എന്റെ അറിവ്.

അധികമുള്ള പുസ്തകങ്ങള്‍ തിരികെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞ് നിര്‍ദ്ദേശം കൊടുത്തിരുന്നു. ജൂണ്‍ ഒന്നിന് മുമ്പ് കുട്ടികള്‍ക്ക് പുസ്തകം എത്തിക്കാന്‍ വേണ്ടി ഗവണ്‍മെന്റ് സംവിധാനത്തിന് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും കഴിഞ്ഞ ഗവണ്‍മെന്റ് ചെയ്തു. പറഞ്ഞ വാക്ക് പാലിച്ചു. കെ. ബി. പി. എസും തച്ചങ്കരിയുമൊക്കെ അതിന് അനുകൂലമായി ചെയ്തു. അവര്‍ തന്നെ ജൂണ്‍ 15 ന് മുഴുവന്‍ പുസ്തകങ്ങളുമിറക്കിയെന്ന് റിലീസ് ഇറക്കി. ജൂണ്‍ 15 ന് ഇറക്കിയ പുസ്തകങ്ങള്‍ ആഗസ്റ്റ് ആയപ്പോള്‍ എങ്ങനെ ഷോര്‍ട്ടേജ് വന്നു. സൊസൈറ്റികള്‍ ഏറ്റെടുക്കാത്തതോ, ചില ജില്ലകളില്‍ കൂടുതല്‍ ബുക്കുകള്‍ ഇരിക്കുന്നതോ ആവാം പ്രശ്‌നങ്ങള്‍. ജില്ലാ ലെവലില്‍ വീഡിയോ കോണ്‍ഫറന്‍സോ മറ്റോ നടത്തി ഡി. പി. ഐ ചെയ്യേണ്ടതാണ്. അത് ചെയ്തിട്ടുണ്ടാവില്ല.ധന: പുതിയ വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥിനെ കുറിച്ച് എന്താണ് അഭിപ്രായം?

അബ്ദു റബ്ബ്: എന്റെ അടുത്ത സുഹൃത്താണ്. നന്നായി കാര്യങ്ങൾ അറിയാവുന്ന ആളാണ്. വളരെ നല്ല മനുഷ്യനാണ്. ശാസ്ത്ര സാഹിത്യ പരിഷത്തുകാരൻ ആണെന്നതു മാത്രമാണ് ആകെ ഉള്ള കുഴപ്പം.

ധന: തച്ചങ്കരിയെ കുറിച്ച്...

അബ്ദു റബ്ബ്: അദ്ദേഹത്തെ കുറിച്ച് പല ആക്ഷേപങ്ങള്‍ ഇപ്പോൾ ഉണ്ടെങ്കിലും എന്റെ വകുപ്പിൽ ജോലി ചെയ്തപ്പോൾ നന്നായി പ്രവർത്തിച്ചു എന്നാണ് അനുഭവം. പാഠപുസ്തകം അച്ചടിച്ച ശേഷം ഉണ്ടാകുന്ന വേസ്റ്റ് കൊണ്ട് നോട്ടുബുക്ക് ഉണ്ടാക്കാനും എന്റെ പടം ഒക്കെ വച്ച് പരസ്യവും വച്ച് ചെറിയ തുകയ്ക്ക് വിൽക്കാം എന്നും തച്ചങ്കരി ഐഡിയ മുന്നോട്ടു വച്ചു. അങ്ങനെ എന്റെ തലപ്പടം കണ്ടു സന്തോഷിക്കുന്ന ആളല്ല ഞാൻ. അടുത്ത വിവാദത്തിനു അതുമതി. സിനിമാ നടന്മാരെ പോലെ എന്റെ ഫോട്ടോ ആരും കാണണ്ട. അതുകൊണ്ട് തന്നെ നോട്ടുബുക്ക് പരിപാടി വേണ്ടെന്നു വച്ചു. ഏറ്റെടുത്ത പരിപാടി വേഗം ചെയ്യാൻ പറഞ്ഞു. നോട്ടുബുക്ക് കൊടുക്കാത്തത് എന്താണെന്ന് ആരും ചോദിക്കില്ലല്ലോ.

ധന: മന്ത്രിസ്ഥാനത്തു നിന്ന് മാറിട്ടും മാധ്യമ വാർത്തയിൽ ഇപ്പോഴും താങ്കള്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ? പല കാർട്ടൂണുകളും ഇപ്പോഴും വരുന്നു?

അബ്ദു റബ്ബ്: മാധ്യമ വാർത്ത നിരന്തരം വരാറുണ്ട്. ഏറെയും കുറ്റപ്പെടുത്തിയും അവാസ്തവവും ആണ്. പത്രസമ്മേളനം വിളിച്ചു ഞാൻ തിരുത്താറില്ല. പച്ച ബ്ലൗസ് വിവാദത്തിന്റെ കഥ അറിയില്ലേ? മന്ത്രി ആയിരിക്കുമ്പോൾ ഞാൻ അറിയാത്ത പല കാര്യങ്ങളും ആണ് പ്രചരിച്ചത്. വർഗീയ വാദി ആണെന്നായിരുന്നു ശക്തമായ പ്രചാരണം. എന്നെ അടുത്തറിയാവുന്ന ആളുകൾ അത് വിശ്വസിക്കില്ല. കാരണം എന്നെ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം എനിക്കങ്ങനെ ആളുകളെ ജാതിയും മതവും ഒക്കെ തിരിച്ചു കാണാൻ കഴിയില്ലെന്ന്. ദീർഘമായ അഭിമുഖങ്ങൾ നടത്തിയപ്പോൾ പല ചാനലുകൾക്കും എന്നെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായി എന്നാണ് ഞാൻ കരുതുന്നത്. എന്നിട്ടും എന്നെ വിടാത്ത മാധ്യമങ്ങളും ഉണ്ട് . ഉദാഹരണത്തിന് എന്റെ വീടിനോട് ചേർന്നുള്ള റോഡു കഴിഞ്ഞു ഒരു സ്‌കൂൾ ഉണ്ട്. റോഡിനോട് ചേർന്ന് നിൽക്കുന്ന കെട്ടിടത്തിന്റെ ജനാല 22 വർഷം മുൻപ് സ്‌കൂൾ അധികൃതർ പൂട്ടിയതാണ്. ഇപ്പോൾ ഇറങ്ങിയിരിക്കുന്ന പുതിയ വാർത്ത ഞാൻ മന്ത്രി ആയിരുന്നപ്പോൾ ജനാല അടപ്പിച്ചതാണത്രേ. എന്തിനാണ് ഈ നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ വാർത്ത എന്ന പേരിൽ പുറത്തു വിടുന്നത്? സ്‌കൂൾ അധികൃതർ നിഷേധിച്ചിട്ടും വാർത്ത സൃഷ്ടിക്കുന്നവർ ഇതൊന്നും പിൻവലിക്കുന്നില്ല. മാധ്യമങ്ങളോട് ഞാൻ യുദ്ധത്തിന് പോകുന്നില്ല. വാർത്തകൾ എന്ന പേരിൽ അസത്യം പ്രചരിപ്പിക്കുമ്പോൾ നഷ്ടമാകുന്നത് അവരുടെ വിശ്വാസ്യത തന്നെ ആണ്. എം എൽ എ, മന്ത്രി ആയിട്ടൊന്നുമല്ല പഞ്ചായത്ത് പ്രസിഡന്‍റ് ആയി ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ ആളാണ് ഞാന്‍. പറയുന്നവർ പറയട്ടെ ഇതൊന്നും മൈൻഡ് ചെയ്യാൻ ഞാൻ പോകാറില്ല.

ധന: വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ വിജയം ആയിരുന്നു എന്ന് കരുതുന്നുണ്ടോ?

അബ്ദു റബ്ബ്: കഴിഞ്ഞ വര്‍ഷം ഒരു ദിവസം പോലും പഠിപ്പു മുടക്ക് സമരം ഉണ്ടായിട്ടില്ല. കരിങ്കൊടി കാണിക്കാറുണ്ടായിരുന്നു. അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വിശ്വാസത്തിലെടുത്താണ് മീറ്റിംഗുകളും തീരുമാനങ്ങളും കൈക്കൊണ്ടത്. അദ്ധ്യാപക പാക്കേജ് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളിടക്കം. ഏകപക്ഷീയമായി തീരുമാനം എടുത്തു നടപ്പിലാക്കുമ്പോൾ അല്ല കൂട്ടായി എല്ലാവരെയും കൂടി ഉൾപ്പെടുത്തി തീരുമാനം എടുത്തു നടപ്പിലാക്കുമ്പോൾ ആണ് ഭരണം വിജയിക്കുന്നത്. പാഠപുസ്തക പരിഷ്കരണം വൻ വിജയമായിരുന്നു. ഞാൻ മന്ത്രി ആകുന്നതിനു മുൻപ് നടന്ന വിദ്യാഭ്യാസ പരിഷ്കാരത്തിൽ മതമില്ലാത്ത ജീവനും ഗാന്ധിജിയുടെ ചിത്രത്തിന് പകരം തവളയുടെ ചിത്രം നൽകിയതുമെല്ലാം ജനം ഓർക്കുന്നുണ്ട്.

ധന: ഇപ്പോൾ മന്ത്രി ജി സുധാകരൻ നിലവിളക്കു കൊളുത്തുന്നതിനു എതിരായല്ലോ, മന്ത്രി ആയിരുന്നപ്പോൾ താങ്കളും നിലവിളക്ക് കൊളുത്തുന്നതിനു എതിരായിരുന്നു?

അബ്ദു റബ്ബ്: മതവിശ്വാസത്തിന്റെ പേരിൽ ആണ് മന്ത്രി സുധാകരൻ ഇപ്പോൾ നിലവിളക്കു ഉപേക്ഷിക്കണം എന്ന് പറയുന്നത്. എന്റെ നിലപാട് ഒരിക്കലും ഏതെങ്കിലും മതവുമായി കൂട്ടിച്ചേർന്നായിരുന്നില്ല. എന്റെ മുൻഗാമികൾ കാട്ടിത്തന്ന പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. സി എച്ചും നിലവിളക്കു കൊളുത്തിയിരുന്നില്ല. ഈ മാതൃക മാത്രമാണ് ഞാൻ പിന്തുടർന്നത്.

ധന: പിണറായി സർക്കാർ നൂറു ദിവസത്തിന്റെ നിറവിൽ ആണല്ലോ.. ഇതുവരെയുള്ള ഭരണത്തെക്കുറിച്ച് എന്താണഭിപ്രായം?

അബ്ദു റബ്ബ്: നൂറു ദിവസമായ പിണറായി സര്‍ക്കാര്‍ വാസ്തവത്തില്‍ നൂറു ദിവസം മുമ്പ് എവിടെയാണ് നിന്നത് അവിടെ തന്നെയാണ്. മൂന്നു മാസത്തെ നേട്ടങ്ങള്‍ കുറിച്ചിട്ടാല്‍ അതൊരു വൈറ്റ് പേപ്പറായിരിക്കും. കാരണം ഒന്നും നടന്നിട്ടില്ല. കഴിഞ്ഞ ജനുവരി മുതല്‍ ഗവണ്‍മെന്റെടുത്ത തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ ഒരു സബ് കമ്മിറ്റി വച്ചു. ഈയിടെ ബാലന്റെ ഒരു സ്റ്റേറ്റ്‌മെന്റ് കണ്ടു സ്‌കൂളൊക്കെ കോളേജാക്കി. എവിടെയാണ് സ്‌കൂള്‍ കോളേജാക്കിയത്? ഭാഷാധ്യാപകരെ പ്രമോഷന്‍ ചെയ്ത് ഹെഡ്മാസ്റ്റര്‍മാരാക്കാനുള്ള ഒരു തീരുമാനം നമ്മളെടുത്തു. അതിനെ പിന്‍വലിക്കാന്‍ ഇവര്‍ തീരുമാനമെടുക്കുന്നു. അറബിയും ഹിന്ദിയും സംസ്‌കൃതവും മലയാളവും പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഇത് സഹായകമാണ്. പഠിച്ചത് ഭാഷയായിപ്പോയെങ്കിലും ഇത് അധ്യാപകര്‍ക്ക് കിട്ടുന്ന ഒരവകാശമാണ്. പി. എസ്. സി അംഗീകരിച്ച കോഴ്‌സ് പാസ്സായവര്‍ക്ക് ബി. എഡ് പാസായില്ലായെന്ന് പറഞ്ഞ് പ്രമോഷന്‍ കൊടുക്കാതിരിക്കുന്നത് അപലപനീയമാണ്. അത് രണ്ടുതരം അധ്യാപകരെ സൃഷ്ടിക്കുന്നുണ്ട്.ധന: ഒമ്പതും പത്തും ഒരുമിച്ച് പരിഷ്‌ക്കരിച്ചത്. പ്രശ്‌നമായെന്നു കേട്ടു?

അബ്ദു റബ്ബ്: അതില്‍ തെറ്റില്ല. മുഴുവന്‍ പരിഷ്‌ക്കരിച്ച ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. മതമില്ലാത്ത ജീവന്‍, അധ്യാപകന്റെ കൈവെട്ടല്‍ എന്തൊക്കെ പ്രശ്‌നമുണ്ടായി. ഇവിടെ സാംസ്‌കാരിക നായകന്മാരും മറ്റുമൊക്കെയുണ്ടല്ലോ. ഒരു പാഠപുസ്തകത്തിലും ഒരു പ്രശ്‌നവും കണ്ടുപിടിക്കാന്‍ സാധിച്ചില്ല. മതപരമായോ മറ്റോ ഒരു പ്രശ്‌നവുമുണ്ടായില്ല. ഏതോ ഒരാളിന്റെ ഫോട്ടോയിലെ പേരുമാറിപ്പോയി എന്ന പ്രശ്‌നം മാത്രമേയുള്ളു. അത് പരിഹരിക്കപ്പെട്ടു. പണ്ടൊക്കെ ബ്ലാക്ക് ആന്റ് വൈറ്റായിരുന്നു. പേപ്പര്‍ മോശമായിരുന്നു. നമ്മള്‍ ക്വാളിറ്റി പേപ്പര്‍ കൊണ്ടുവന്നു. രണ്ടുഭാഗത്തും കളര്‍ അടിച്ചു. പുസ്തകത്തിന്റെ കെട്ടും മട്ടും ചിത്രങ്ങളടക്കം മാറി.

ധന: തുടർച്ചയായ വിവാദങ്ങള്‍. സ്വന്തം പാര്‍ട്ടിയുടെ ഭാഗത്തുനിന്നും എതിർപ്പ്. സീറ്റില്ല എന്ന രീതിയില്‍ പ്രചരണം. ഭൂരിപക്ഷം കുറഞ്ഞു. ഇതെല്ലാം എങ്ങനെ കാണുന്നു?

അബ്ദു റബ്ബ്: എന്റെ അറിവില്‍ പാര്‍ട്ടിയില്‍ നിന്നും അങ്ങനെയുണ്ടായിട്ടില്ല. നാല് പഞ്ചായത്തും രണ്ട് മുന്‍സിപ്പാലിറ്റിയും ചേര്‍ന്നതാണ് തിരൂരങ്ങാടി മണ്ഡലം. ആദ്യം മത്സരിച്ച രണ്ടുതവണയും ഞാന്‍ താനൂരിലാണ് മത്സരിച്ചത്. പിന്നീട് മഞ്ചേരിയില്‍. കഴിഞ്ഞ തവണയാണ് തിരൂരങ്ങാടിയില്‍ മത്സരിച്ചത്. സി. പി. ഐയ്ക്കാണ് ആ സീറ്റ്. അന്ന് സി. പി. ഐയുടെ സ്ഥാനാര്‍ത്ഥി അഡ്വ. സമദായിരുന്നു. ഇത്തവണ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ എതിരാളികൾ പറഞ്ഞുണ്ടാക്കി. വർഗീയ വാദി ആണെന്നത് ഉൾപ്പെടെ. പട്ടണത്തിൽ വോട്ട് കുറഞ്ഞെങ്കിലും ഗ്രാമ പ്രദേശം എണ്ണിത്തുടങ്ങുമ്പോൾ തിരിച്ചു കയറും എന്ന് ഉറപ്പായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ഇത്രയും ഭൂരിപക്ഷം കുറയും എന്ന് കരുതിയില്ല. മുന്നണിയിൽ ലീഗിന്റെ വോട്ട് മാത്രമാണല്ലോ കിട്ടിയത്. എല്ലാ കള്ളക്കഥകളും തള്ളിക്കളഞ്ഞു ജനം വീണ്ടും തെരെഞ്ഞെടുത്തു. കള്ളം പറഞ്ഞു അധിക നാൾ പിടിച്ചു നിൽക്കാൻ ആർക്കും കഴിയില്ല. അതുകൊണ്ട് എന്റെ വിജയം സത്യത്തിന്റെ വിജയം കൂടിയാണ്.

(മാധ്യമ പ്രവര്‍ത്തകനാണ് ഡി. ധനസുമോദ്)


Next Story

Related Stories