TopTop
Begin typing your search above and press return to search.

ടിന്‍റു ലൂക്ക മെഡല്‍ നേടി എന്നത് ശരി തന്നെ; പക്ഷേ പി ടി ഉഷയ്ക്കും ചിലത് പറയാനുണ്ട്

ടിന്‍റു ലൂക്ക മെഡല്‍ നേടി എന്നത് ശരി തന്നെ; പക്ഷേ പി ടി ഉഷയ്ക്കും ചിലത് പറയാനുണ്ട്

കെ.പി.എസ് കല്ലേരി

സ്വീകരണങ്ങളും പൊന്നാടകളുമല്ല, സഹായമാണ് വേണ്ടതെന്ന് ഒളിംപ്യന്‍ പി.ടി.ഉഷ പറഞ്ഞപ്പോള്‍ അന്ധാളിപ്പാണ് തോന്നിയത്. ഉഷയെന്ന പയ്യോളി എക്‌സ്പ്രസ് ഉഷാ സ്‌കൂളില്‍ നിന്നും തൊടുത്തുവിട്ട ടിന്റു ലൂക്ക ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ റിലേയില്‍ സ്വര്‍ണവും 800മീറ്ററില്‍ വെള്ളിയും നേടിയതിനു ശേഷം സ്വന്തം മണ്ണായ കോഴിക്കോട്ട് നടന്ന സ്വീകരണ സമ്മേളനത്തില്‍ ഇങ്ങനെ പ്രതികരിക്കുമ്പോള്‍ എങ്ങിനെ ആശ്ചര്യപ്പെടാതിരിക്കും. ഒരു പക്ഷെ അതുകൊണ്ടുമാത്രമാണ് സ്വീകരണ സമ്മേളനത്തിന് ശേഷം ഉഷയെ കാണാന്‍ തീരുമാനിച്ചത്. വലിയ വലിയ സ്‌പോണ്‍സര്‍മാരും പിന്നെ സര്‍ക്കാരുമെല്ലാം അകമഴിഞ്ഞു സഹായിക്കുന്ന ഉഷാ സ്‌കൂള്‍ ആര്‍ഭാഢത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു അതുവരേയുള്ള ധാരണ. എന്നാല്‍ പി ടി ഉഷ പറയുന്നത് കേള്‍ക്കൂ...

എന്തുപറ്റി ഉഷ സ്കൂളിന്....?

നിങ്ങളറിയോ, ഉഷാസ്‌കൂളിന്റെ നടത്തിപ്പ് അങ്ങേയറ്റം പ്രതിസന്ധിയിലാണ്. പലവട്ടം പൂട്ടിപ്പോകുന്ന അവസ്ഥയിലെത്തി. ഇങ്ങനെ ഒരു സ്‌കൂള്‍ തുടങ്ങുമ്പോള്‍ ഒളിംമ്പിക്‌സില്‍ എനിക്ക് നഷ്ടപ്പെട്ടുപോയ സ്വര്‍ണം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം എന്ന് ഞാന്‍ പറഞ്ഞിരുന്നു. അതുതന്നെയാണ് ഇപ്പൊഴും ലക്ഷ്യം. പക്ഷെ എന്നെപ്പോലൊരാളെക്കൊണ്ട് കൂട്ടിയാല്‍ കൂടുന്നതാണോ ഇതുപോലൊരു സ്‌കൂള്‍. രണ്ടുവര്‍ഷം കൊണ്ടുതന്നെ ടിന്റു ലൂക്കയിലൂടെ ഉഷാ സ്കൂളും കേരളവും ലോകമറിഞ്ഞു. അതുപോലെ ദേശീയ നിലവാരത്തിലേക്ക് നിരവധി കുട്ടികള്‍ ഇവിടെ വളര്‍ന്നുവരുന്നുണ്ട്. പക്ഷെ എങ്ങിനെയാണ് ഞാന്‍ ഈ കുട്ടികളെയെല്ലാം അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം നല്‍കി വളര്‍ത്തേണ്ടത്? ഇപ്പോള്‍ തന്നെ, എത്രപേരുടെ കാലുപിടിച്ചാണ് ഇങ്ങനെയെങ്കിലും സ്‌കൂള്‍ നടത്തുന്നതെന്ന് നിങ്ങല്‍ക്കറിയാമോ?. കുട്ടികള്‍ക്ക് പരിശീലനവും നല്‍കണം പണവും പിരിക്കണം. ആര്‍ക്കുവേണ്ടിയാണ് ഞാനിത്രയും പാടു പെടുന്നത്...?

ഇഷ്ടം പോലെ സ്‌പോണ്‍സര്‍മാരുണ്ടെന്നാണല്ലോ കേട്ടത്...?
അതാണ് ഞങ്ങളും ഇപ്പോല്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം. ഉഷയുടെ പേരിലുള്ള സ്‌കൂള്‍ എന്നുപറഞ്ഞ് പലരും വലിയ പ്രചരണങ്ങളാണ് നടത്തുന്നത്. സ്‌പോണ്‍സര്‍മാരുണ്ട്. സത്യമാണ്. പക്ഷെ എത്രകാലം അത് തുടരാന്‍ കഴിയും. ഞങ്ങളുടെ കുട്ടികള്‍ക്കായി ദേശീയ നിലവാരത്തില്‍ തന്നെയുള്ള ഹോസ്റ്റല്‍ സ്‌പോണ്‍സര്‍മാരുടെ കനിവോടെ ഉണ്ടാക്കിയിട്ടുണ്ട്. കുട്ടികള്‍ അവിടെയാണ് താമസിക്കുന്നത്. പക്ഷെ ഉണ്ടാക്കിയ ശേഷം ഇത്രയും കാലമായിട്ടും അതൊന്ന് പെയിന്റടിക്കാന്‍ കഴിഞ്ഞിട്ടില്ല.ഇത്രയും നേട്ടങ്ങളുണ്ടാക്കിയിട്ടും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലേ...?
ടിന്റു ലൂക്കയും മറ്റ് കുട്ടികളുമെല്ലാമുണ്ടാക്കുന്ന നേട്ടങ്ങള്‍ ഉഷയ്ക്ക് പേരുണ്ടാക്കാനാണോ? ഉഷാ സ്‌കൂളിന് വേണ്ടിയാണോ..? നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടിയല്ലേ. അപ്പോള്‍ സഹായിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലേ. ഏഷ്യാഡില്‍ റിലേയില്‍ സ്വര്‍ണവും 800മീറ്ററില്‍ വെള്ളിയും നേടിയ ടിന്റു ലൂക്ക ഉഷാ സ്‌കൂളിന്റെ മാത്രം സമ്പത്താണോ? കഴിഞ്ഞ നാലു മാസമായി ഉഷാ സ്‌കൂളിന്റെ വിവിധ ആവശ്യങ്ങളുമായി സര്‍ക്കാരിനെ സമീപിക്കുന്നു. ഒന്നും നടന്നില്ലെന്ന് മാത്രമല്ല ഒന്നും കേള്‍ക്കാന്‍ പോലും ആരും തയ്യാറല്ല.

കുറച്ചു കാലമായി മെഡല്‍ പട്ടികയില്‍ കേരളം പിറകിലാണ്. അത്തരമൊരു ദയനീയ സാഹചര്യത്തിലാണ് ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ടിന്റു സ്വര്‍ണവും വെള്ളിയും നേടിയത്. രാജ്യത്ത് ഒരു സംസ്ഥാനത്തിനും അഭിമാനിക്കാന്‍ വകയില്ലാത്ത അത്തരമൊരു നേട്ടം കേരളത്തിന് ആവേശം പകരുമ്പോഴും അതിനു പിറകിലെ ഉഷാ സ്‌കൂളിനെ സര്‍ക്കാര്‍ മറന്നുപോകുന്നത് സങ്കടകരമാണ്. നിങ്ങളറിയോ ഏഷ്യാഡിന് പോകാന്‍ കേരള സര്‍ക്കാര്‍ നല്‍കിയത് കായികതാരങ്ങളുടെ ഭക്ഷണ ചിലവിനത്തിലേക്കായി വെറും 450രൂപയാണ്. കായിക മേഖലയെ ഉദ്ധരിക്കാന്‍ ഒരുപാടൊക്കെ ചെയ്യുമെന്ന് പ്രസംഗിച്ചത് കൊണ്ടുകാര്യമില്ല. കാര്യങ്ങള്‍ അറിഞ്ഞ് ചെയ്യാന്‍ കഴിയണം.

എന്താണിപ്പോള്‍ ഉഷാ സ്‌കൂള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം...?
ടിന്റു ലൂക്കയുടെ ഏഷ്യാഡ് വരെ ഞങ്ങളെത്തിയത് വളരെ കഷ്ടപ്പെട്ടിട്ടാണ്. ടിന്റുവിനെപ്പോലെ, അല്ലെങ്കില്‍ അതിനേക്കാളും ഉയരത്തില്‍ വളര്‍ന്നുവരേണ്ട ഒരുപാട് കുട്ടികള്‍ ഇവിടെ പിച്ചവെക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ കുറച്ചുപേരെക്കൊണ്ടുമാത്രം രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടിയുള്ള ഈ പോരാട്ടത്തിന് ചുക്കാന്‍ പിടിക്കാനാവുമോ..? ഉഷാ സ്‌കൂളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം വിഷമത്തിലാണ് ഞങ്ങള്‍. കുട്ടികളെ പരിശീലിപ്പിക്കതിനൊപ്പം തന്നെ പലരുടേയും പിന്നാലെ സഹായം തേടി അലയേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഫിറ്റ്‌നസിനുള്ള മികവുറ്റ ജിം ഉണ്ടാകണമെങ്കില്‍ അതിനും വലിയ തോതിലുള്ള സഹായം വേണം. രാജ്യാന്തര നിലവാരത്തിലേക്ക് വളര്‍ന്നുവരുന്ന ഈ കായികതാരങ്ങളെ രാജ്യത്തിന് അഭിമാനാര്‍ഹമാവുന്ന തരത്തില്‍ വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ സര്‍ക്കാരിന്റേയും സദ്ധസംഘടനകളുടേയും സഹായം കൂടിയേ തീരുകയുള്ളൂ.ടിന്റുവിന്റെ ഏഷ്യന്‍ ഗെയിംസ് പ്രകടനം...?
അഭിമാനവും അതുപോലെ നിരാശയും. സത്യം പറഞ്ഞാല്‍ ടിന്റുവിന് ഇപ്പോള്‍ ഞങ്ങള്‍ കൊടുക്കുന്ന സൗകര്യം അന്ന് എനിക്ക് കിട്ടിയിരുന്നെങ്കില്‍ ലോകകപ്പിലടക്കം ഒരുപാട് സ്വര്‍ണങ്ങള്‍ ഞാന്‍ രാജ്യത്തിലേക്ക് കൊണ്ടുവരുമായിരുന്നു. ടിന്റു ഏഷ്യാഡില്‍ നേടിയ സ്വര്‍ണത്തിന്റേയും വെള്ളിയുടേയും പിറകില്‍ എന്റേയും ഉഷാ സ്‌കൂളിലെ കുട്ടികളുടേയും ഒരുപാട് വിയര്‍പ്പുണ്ട്. സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ ടിന്റുവിന് കിട്ടുന്നത്രയും പരിഗണന ആര്‍ക്കുമില്ല. എന്നിട്ടും പല മത്സരങ്ങളിലും ടിന്റു പിറകിലായിപ്പോകുന്നതില്‍ വല്ലാത്ത നിരാശയുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

രാഷ്ട്രീയക്കാരെ, നിങ്ങള്‍ക്കെന്താ ഇവിടെ കാര്യം?
സച്ചിന് ഭാരതരത്ന: ഉഷയ്ക്കും ധ്യാന്‍ചന്ദിനും എന്തു നല്കും?
ഒരു സര്‍ക്കാര്‍ സ്കൂളിന്റെ (ജി വി രാജയെ തോല്‍പ്പിച്ച) കഥ
ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരമാണോ അഞ്ജു?
ഇങ്ങനെ നാണം കെടുന്നതിലും നല്ലത് കായികമേഖല തന്നെ അടച്ചുപൂട്ടുകയാണ്

ഞാനൊക്കെ മത്സരിക്കുമ്പോള്‍ ആരും ശ്രദ്ധിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഇല്ലായിരുന്നു. 88ല്‍ വലിയൊരു പരിക്ക് വന്നപ്പോള്‍ ഒരാളും തിരിഞ്ഞു നോക്കാനുണ്ടായില്ല. എല്ലാ ഭാഗത്തുനിന്നും കുറ്റപ്പെടുത്തലുകള്‍ മാത്രം. ഇപ്പോള്‍ ടിന്റുവിന് ഞാനും ഉഷാ സ്‌കൂളും നല്‍കുന്ന പരിഗണനയും നോക്കുമ്പോള്‍ ഇത്രയൊന്നും നേട്ടങ്ങള്‍ അവള്‍ ഉണ്ടാക്കിയാല്‍ പോരാ.

എന്താണ് ടിന്റുവിന്റെ പ്രശ്നം...?
അവളുടെ പ്രശ്‌നം പരിചയക്കുറവാണ്. ലോകകപ്പും ഒളിംമ്പിക്‌സും കോമണ്‍വെല്‍ത്തും ഏഷ്യാഡുമടക്കമുള്ള വലിയ വലിയ മത്സരങ്ങളിലാണ് ടിന്റു പങ്കെടുക്കുന്നത്. ചെറിയ മത്സരങ്ങള്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്യുമ്പോഴുള്ള അനുഭവ സമ്പത്ത് ടിന്റുവിനില്ലാത്തതാണ് വലിയ പ്രശ്ം. ഇഞ്ചിയോണില്‍ അവള്‍ ഇറങ്ങുതിന് മുമ്പ് 15 ദിവസം ചിട്ടയായ പരിശീലനങ്ങളാണ് ഞങ്ങള്‍ നല്‍കിയത്. ഇക്കാലമത്രയും ടിന്റുവിനുണ്ടായ പിഴവുകളെല്ലാം അക്കമിട്ട് നിരത്തി. ഒരോ സെക്കന്റിലും വരുത്തേണ്ട മാറ്റങ്ങളും പറഞ്ഞു കൊടുത്തു. എിന്നും ആദ്യ 200 മീറ്ററില്‍ 58 സെക്കന്‍റ് വേണമെന്ന്‍ പറഞ്ഞിട്ടും അത് 57 സെക്കന്റിലേക്ക് കുറഞ്ഞു. അതു കഴിഞ്ഞപ്പോള്‍ പിന്നെ എല്ലാം ശരിയായിരുന്നു. എന്നാല്‍ ആ ഒരു സെക്കന്റ് വേഗതക്കുറവുണ്ടായിരുന്നില്ലെങ്കില്‍ ഫിനിഷിംങ് പോയിന്റില്‍ ടിന്റുവിനെ മറികടക്കാന്‍ ഗോള്‍ഡ് വിന്നര്‍ക്ക് കഴിയുമായിരുന്നില്ല. എന്നാലും ടിന്റു നടത്തിയത് ഉജ്ജ്വല പ്രകടനം തന്നെ. വരുന്ന ഏഷ്യാഡും ഒളിംമ്പിക്‌സിലുമെല്ലാം ഇത് ടിന്റുവിന് മികച്ച പാഠമാകും.

Next Story

Related Stories