TopTop
Begin typing your search above and press return to search.

എനിക്ക് നീതി കിട്ടാന്‍ ഞാന്‍ മരിക്കണോ? തൃപ്പൂണിത്തുറയിലെ പി ഡി പി സ്ഥാനാര്‍ത്ഥി ട്രാഫിക് വാര്‍ഡന്‍ പദ്മിനി ചോദിക്കുന്നു

എനിക്ക് നീതി കിട്ടാന്‍ ഞാന്‍ മരിക്കണോ? തൃപ്പൂണിത്തുറയിലെ പി ഡി പി സ്ഥാനാര്‍ത്ഥി ട്രാഫിക് വാര്‍ഡന്‍ പദ്മിനി ചോദിക്കുന്നു

അഴിമുഖം പ്രതിനിധി

'ഞാന്‍ മത്സരിക്കുന്നത് ജയിക്കാനോ എംഎല്‍എ ആകാനോ അല്ല. എന്റേതൊഴിച്ച് മറ്റൊരാളുടെ വോട്ടുപോലും കിട്ടില്ലായിരിക്കാം. എങ്കിലും അതെന്നെ ഒരുതരത്തിലും വിഷമിപ്പിക്കില്ല. കാരണം ഇതൊരു പ്രതിഷേധമാണ്. ഒരു ദളിത് സ്ത്രീയായ എനിക്ക് നേരിടേണ്ടി വന്ന ദുരിതങ്ങള്‍ക്കു കാരണക്കാരായവരോട് , അവര്‍ക്ക് സഹായം ചെയ്തു കൊടുത്തവരോടുള്ള പ്രതിഷേധം.'

തൃപ്പൂണിത്തുറയില്‍ പി ഡി പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ട്രാഫിക് വാര്‍ഡന്‍ പദ്മിനിയുടെ വാക്കുകളാണ്.

വിജയിക്കാനല്ലെങ്കില്‍ എന്തിന് പദ്മിനി മത്സരിക്കണം? ഈ ചോദ്യത്തിനുള്ള ഉത്തരം പദ്മിനിയുടെ ജീവിതമാണ്. ഇടപ്പള്ളി ടോളിനു സമീപമുള്ള ബ്രൈറ്റ്‌
സെക്യൂരിറ്റി സര്‍വീസിന്റെ കീഴില്‍ ട്രാഫിക് വാര്‍ഡനായി ജോലി നോക്കിവന്നിരുന്ന പദ്മിനിക്ക് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് എറണാകുളം കതൃക്കടവ് ഭാഗത്തു ഡ്യൂട്ടിക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിനോഷ് എന്ന കാര്‍ യാത്രികനില്‍ നിന്നു മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതിന്റെ വാര്‍ത്തയും കേസും ഇതിനു മുമ്പും ചര്‍ച്ച ചെയിതിട്ടുള്ളതാണ്. ആ കേസ് പദ്മിനിപോലും അറിയാതെ കോടതിയില്‍ ഒത്തുതീര്‍പ്പിലെത്തിയതും വാര്‍ത്തയായിരുന്നു. പ്രതി വിദേശത്തേക്ക് കടക്കുകയും ചെയ്തു. ഈ കേസിന്റെ പേരില്‍ പദ്മിനിക്ക് പ്രതിസ്ഥാനത്തുള്ളവരില്‍ നിന്നും ജോലി ചെയ്ത കമ്പനിയില്‍ നിന്നും ഏല്‍ക്കേണ്ടിവന്നത് ക്രൂരമായ മാനസിക പീഡനങ്ങളും ഭീഷണികളുമായിരുന്നു. ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ഭ്രാന്തിയെന്നു മുദ്രകുത്തുകയും ഉണ്ടായി.

ന്യായം എന്റെ ഭാഗത്തായിരുന്നു, ഞാനാണ് ആക്രമിക്കപ്പെട്ടത്. അതിന് വ്യക്തമായ തെളിവുണ്ട്. പക്ഷേ ഞാനൊരു സ്ത്രീയായി പോയി അതും ദളിത് സ്ത്രീ. എന്റെ എതിരാളികളാകട്ടെ പണക്കാരും അധികാരസ്ഥാനങ്ങളില്‍ ബന്ധമുള്ളവരും. അതുകൊണ്ട് ന്യായം എനിക്കു കിട്ടിയില്ല. ഞാന്‍ തോല്‍പ്പിക്കപ്പെട്ടു. മനോരോഗിയെന്നു മുദ്രകുത്തപ്പെട്ടു, ആത്മഹത്യയില്‍ അഭയം തേടാന്‍വരെ ഒരുഘട്ടത്തില്‍ എനിക്ക് ചിന്തിക്കേണ്ടി വന്നു. ഇതൊക്കെ ഈ കേരളത്തില്‍ നടന്നതാണ്. പക്ഷേ എനിക്കൊപ്പം എത്രപേര്‍ നിന്നു? എന്റെ ചികിത്സാചെലവുകള്‍ മുഖ്യമന്ത്രിയുടെ ചികിത്സാനിധിയില്‍ നിന്നും വാങ്ങിത്താരാമെന്നു വാഗ്ദാനം ചെയ്തത് മഹിള കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയാണ്. എന്റെ വീട്ടില്‍വച്ച്. ഇന്നേവരെ ഒരു പാരസെറ്റാമോള്‍ പോലും ആരും വാങ്ങിതന്നില്ല. ഇവിടെ എത്രയോ ദളിത് സത്രീകള്‍ ഇതുപോലെ നീതി കിട്ടാതെ അലയുന്നുണ്ട്. അവരുടെ കണ്ണീരും കഷ്ടപ്പാടും ഒരു സംഘടനകളും കാണുന്നില്ല. അതുകൊണ്ടാണ് ഇവിടെ ജിഷമാര്‍ ആവര്‍ത്തിക്കപ്പെടുന്നത്.

മൃഗങ്ങളെ നാണിപ്പിക്കും വിധം അതിക്രൂരമായാണ് ആ പെണ്‍കുട്ടിയെ ഏതോ ഒരുത്തന്‍ വേട്ടയാടി കൊന്നത്. ആ ശരീരം ആദ്യം കാണേണ്ടി വന്ന പെറ്റമ്മയുടെ കണ്ണീര് ഇപ്പോഴും തോര്‍ന്നിട്ടില്ല, തോരുകയുമില്ല. ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ തീരാവേദനയാല്‍ നീറിനീറി മരിക്കേണ്ടിവരികയുമാണ്. ആ പെണ്‍കുട്ടി അനുഭവിച്ച വേദനയും അവളുടെ അമ്മ അനുഭവിച്ച വേദനയും ഒരുപോലെ എന്നെ പൊതിയുന്നുണ്ട്. ആ വേദനയോടെ തന്നെ ചോദിക്കുകയാണ്; ഒരു പെണ്ണിനു വേണ്ടി സംസാരിക്കാനും പ്രകടനം നടത്താനും അവള്‍ കൊല്ലപ്പേടേണ്ടതുണ്ടോ? ജീവിച്ചിരിക്കുമ്പോള്‍ നല്‍കാത്ത സംരക്ഷണം മരിച്ചു കഴിയുമ്പോള്‍ കൊടുക്കുന്ന പിന്തുണയെക്കാള്‍ വലുതാണെന്നു സമൂഹം തിരിച്ചറിയണം. ജിഷയെപോലുള്ളവര്‍ മരിക്കാതിരിക്കാനായിരുന്നു പോരാടേണ്ടിയിരുന്നത്.ദളിത്/സ്ത്രീ പീഡനങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാന്‍. ഒരു പെണ്ണെന്ന നിലയിലും ദളിതയെന്ന നിലയിലും ഞാന്‍ അനുഭവിക്കേണ്ടി വന്ന കഷ്ടതകള്‍ ഏറെയാണ്. പക്ഷേ അതിനുത്തരവാദികള്‍ ഇപ്പോഴും ഒരുതരത്തിലും ശിക്ഷപ്പെട്ടിട്ടില്ല. ഇവിടെ നീതി നിഷേധിക്കപ്പെടുന്ന എനിക്കൊപ്പം എന്തുകൊണ്ട് സമൂഹം നില്‍ക്കുന്നില്ല? എന്റെ ചോദ്യമിതാണ്; നിങ്ങള്‍ എനിക്കൊപ്പം നില്‍ക്കണമെങ്കില്‍ ഞാന്‍ കൊല്ലപ്പെടണോ? ഒരാളെ ജീവിക്കാന്‍ അല്ലേ സഹായിക്കേണ്ടത്, എനിക്കും എന്നെപ്പോലുള്ള നിരവധി സ്ത്രീകള്‍ക്കും ഇവിടെ ജീവിക്കണം. ഒറ്റയ്ക്ക് പൊരുതിയാല്‍ തോറ്റുപോകുന്നിടത്ത് എന്നെപ്പോലുള്ളവരെ പിന്തുണയക്കാന്‍ ആരെങ്കിലുമൊക്കെയുണ്ടെങ്കില്‍ ഇവിടെ പദ്മിനിയോ ജിഷയോ ഒന്നും ഉണ്ടാകില്ല.

എന്നെ ആക്രമിച്ച വിനോഷ് എന്ന വ്യക്തിയെ സംരക്ഷിച്ചു നിര്‍ത്തിയത് മന്ത്രി കെ ബാബുവാണ്. അതിലൂടെ അദ്ദേഹം നിഷേധിച്ചത് എനിക്ക് കിട്ടേണ്ട സ്വാഭാവിക നീതിയാണ്. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് സാധാരണക്കാരന് നീതി നിഷേധിക്കുക എന്നത്. ഇവിടെ ഞാനൊരു സ്ത്രീയാണെന്ന പരിഗണനപോലും കാണിച്ചില്ല. ഇത്തരത്തില്‍ നീതി നിഷേധിക്കപ്പെടുകയും തങ്ങള്‍ നേരിട്ട ദുരിതങ്ങളുടെ കയ്പ്പുനീര്‍ കുടിച്ച് ജീവിക്കേണ്ടിയും വരുന്ന നിരവധി സ്ത്രീകള്‍ ഇവിടെയുണ്ട്. ആ സത്രീകള്‍ക്കും ഇവിടെയുള്ള എല്ലാവര്‍ക്കും ഒരു പ്രോത്സാഹനമെന്ന നിലയാലാണ് എന്റെ മത്സരം. ആരാണോ നമുക്ക് എതിരായി പ്രവര്‍ത്തിക്കുന്നത് അവരെ എതിര്‍ക്കാന്‍ ധൈര്യം കാണിക്കണം. എന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഈ സത്യങ്ങള്‍ വിശദീകരിക്കാനാണ്. ഇന്നു ഞാന്‍ ഒറ്റയ്ക്കായിരിക്കാം, പക്ഷേ നാളെ എന്റെ വഴിയിലൂടെ നടക്കാന്‍ കൂടുതല്‍ പേര്‍ വരുമെന്ന് ഉറപ്പുണ്ട്. അങ്ങനെ സംഭവിക്കുമ്പോഴാണ് ഞാന്‍ വിജയിക്കുന്നത്.

(തയ്യാറാക്കിയത്: രാകേഷ് സനല്‍ )


Next Story

Related Stories