TopTop
Begin typing your search above and press return to search.

അഭയസ്ഥാനമായിരുന്ന അമ്മച്ചി പ്ലാവ്

അഭയസ്ഥാനമായിരുന്ന അമ്മച്ചി പ്ലാവ്

സരിത മോഹന വര്‍മ്മ

സഖാവ് പത്മിനി വര്‍ക്കിയ്ക്ക് സ്മാരകങ്ങളുണ്ടാവുമോ? അതോ യു ഡി എഫ് നേതാവ് 'സി പി ജോണിന്റെ ഭാര്യാമാതാവ് '( 79) അന്തരിച്ചു' എന്ന പത്രത്തലക്കെട്ടിന്റെ നിസാര ചെപ്പേടില്‍ പ്രയത്‌നഭരിതമായ ആയുഷ്‌ക്കാലം അടക്കം ചെയ്യപ്പെടുമോ ?

സഖാവ് പത്മിനി വര്‍ക്കിയുടെ ജീവചരിത്രം ആരെങ്കിലും പുസ്തകമാക്കുമോ? മറ്റൊരു ക്രിസ്തീയസഭാംഗമായ സഖാവ് വര്‍ക്കിച്ചനെ വിവാഹം കഴിച്ച കാലത്ത്, ചില തിരുചര്‍ച്ചകളില്‍ തീരുമാനമായ ആ തെമ്മാടിക്കുഴിയുടെ കഥ ആരെങ്കിലും ഓര്‍ക്കുമോ? വിവാഹം എങ്ങനെയും ബന്ധുക്കളുടെ സമ്മതത്തോടെ നടത്തിക്കിട്ടാന്‍ ശ്രമിച്ച കാലത്ത് ചമച്ച ഒരു കള്ളഗര്‍ഭത്തിന്റെ കുസൃതിക്കഥ ആരെങ്കിലും എഡിറ്റ് ചെയ്തു നീക്കം ചെയ്യുമോ ?

ഒപ്പം താമസിച്ചു പഠിയ്ക്കാന്‍ , ഒപ്പം താമസിച്ചു ചികിത്സ നേടാന്‍ ദൂരദേശങ്ങളില്‍ നിന്ന് സഖാക്കളുടെ ഒരു ഡോണ്‍ നദി നിരന്തരം ഒഴുകി വീട്ടിലേയ്ക്ക്. ആണ്ടു തോറും വീട് മാറാനുള്ള യോഗമുണ്ടായി അതിഥി സമ്പന്നരായ ആ എട്ടംഗ കുടുംബത്തിന്. തങ്ങളുടെ അടുക്കള വാടകയ്ക്ക് കൊടുക്കുന്നത് ഒരു സര്‍വാണിക്കുള്ള കമ്യൂണിറ്റി കിച്ചനാക്കാനാണ് എന്ന് പരാതിപ്പെട്ട് വീടൊഴിയാന്‍ നോട്ടീസ് നല്‍കുന്ന വീടുടമകള്‍ തന്നെ ഒരു സംസ്ഥാനസമ്മേളനത്തിനുള്ള ആളുണ്ടാവുമായിരുന്നു.

ഒരു സഖാവിന്റെ വീട്ടുകാരി മാത്രമായിരുന്നില്ല സഖാവ് പത്മിനി. ഔദ്യോഗിക ചുമതലകളില്‍ ഒരു നീക്കുപോക്കും സ്വയം അനുവദിക്കാത്ത ഓഫീസറായിരുന്നു അവര്‍. ക്ലീഷേ ഭാഷയില്‍ പറഞ്ഞാല്‍, മരുന്നുകമ്പനികള്‍ സ്രാവുകളാണെങ്കില്‍, പിടിച്ചാല്‍ കിട്ടാത്ത ഒന്നാന്തരം വരാലായിരുന്നു ഡ്രഗ് കണ്‍ട്രോളര്‍ ഓഫീസിലെ ഈ ചീഫ് സൂപ്രണ്ട്. ചീഫ് ഡ്രഗ് കണ്‍ട്രോളര്‍ ആയിരുന്ന സഖാവ് വര്‍ക്കിച്ചനെ പോലെ പത്മിനി ഒരിക്കലും വെട്ടിത്തിളങ്ങുന്ന പ്രലോഭനങ്ങളുടെ മുമ്പില്‍ വെട്ടിനിരത്തലുകാരന്‍ ആയില്ല. 'സ്വാധീനിക്കലുകാരെ' കണ്ടാല്‍ പതുക്കെ ചിരിച്ച് ഒഴിഞ്ഞു മാറാറെയുള്ളൂ അവര്‍.

ജോലിസ്ഥലത്തെ ഉച്ചയിടവേളകളില്‍, ഉണ്ണാന്‍ വിട്ടു പോയാലും, കാലാകാലങ്ങളില്‍ ആശുപത്രിയില്‍ കിടക്കുന്ന ഏതോ ഒരു സഖാവിനും കൂട്ടിരിപ്പുകാരനുമുള്ള ചൂടുകഞ്ഞി, ഒരടി പൊക്കമുള്ള തൂക്കുപാത്രത്തില്‍ കോരി നിറച്ച് വീട്ടില്‍ നിന്ന് എത്തിക്കാനുള്ള ഒരു പാച്ചില്‍ വിട്ടു പോവാറില്ല. കിതച്ചു മടങ്ങി വന്നു ഓഫീസ് കസേരയില്‍ ഇരിക്കുമ്പോള്‍ ഉത്തമസഭാവിശ്വാസിയായ ഒരു സഹപ്രവര്‍ത്തക, തെല്ല് അവിശ്വാസത്തോടെ ചോദിക്കും 'പത്മിനിക്ക് കാല്‍മുട്ടോളം വരുന്ന ഈ തലമുടിയൊക്കെ പരിചരി്ക്കാന്‍ എവിടെ നിന്ന് സമയം കിട്ടുന്നു?' എനിക്ക് ഞായറാഴ്ച കുര്‍ബാനയ്ക്ക് പോവണ്ടല്ലോ, കുട്ടികളെ ബൈബിള്‍ പഠനത്തിനു കൊണ്ട് പോവണ്ടല്ലോ' എന്ന കമ്യൂണിസ്റ്റ് തമാശ നിത്യേനയെന്നോണം തിരിച്ചു വീശാന്‍ അവര്‍ക്ക് അവസരം കിട്ടി കൊണ്ടിരുന്നു .

പരിചരണമില്ലാതെ തലമുടി മാത്രമല്ല കുട്ടികളും വളര്‍ന്നു. ട്യൂഷനും ഗൈഡും പോയിട്ട്, സ്വസ്ഥമായിരുന്നു പഠിക്കാനുള്ള അന്തരീക്ഷം പോലും ഉണ്ടായിരുന്നില്ല ആ കൊച്ചുവീട്ടില്‍. എങ്കിലും അവിടെ നിന്ന് ഡോക്ടര്‍മാരും ഓഫീസര്‍മാരും പഠിച്ചിറങ്ങി.

സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചാല്‍, അല്ലെങ്കില്‍, മക്കള്‍ വളര്‍ന്ന് നല്ല നിലയിലായിക്കഴിഞ്ഞാല്‍, അല്ലെങ്കില്‍ പങ്കാളി എന്ന പിന്തുണ നഷ്ടമായാല്‍, 'ഇനി ചാരുകസേരയും ടിവി സീരിയലും' എന്ന പതിവ് പാത റിട്ടയര്‍ ചെയ്ത പത്മിനി സഖാവിന് സമ്മതമായിരുന്നില്ല.

എല്‍ എം എസിന് അരികിലുള്ള വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന്റെയും ദേവകീ വാര്യര്‍ സ്മാരക ലൈബ്രറിയുടെയും ചുക്കാന്‍ തിരി്ക്കുനത് തന്നെ വേണ്ടത്ര തലവേദന നല്‍കാനുള്ള വകയുണ്ടായിരുന്നു.

ആവശ്യമെന്ന് തോന്നുന്ന സാമൂഹ്യ സൗകര്യങ്ങള്‍ക്കായി വേണ്ടപ്പെട്ടവരില്‍ നിന്നു പണം പിരിക്കാന്‍ സഖാവ് പത്മിനിയ്ക്ക് വിശേഷപ്പെട്ട വൈഭവം തന്നെയുണ്ടായിരുന്നു എന്ന് കൂട്ടുകാര്‍ കണ്ടുപിടിച്ചു. കാന്‍സര്‍ രോഗികളെ പരിചരിക്കാനുള്ള സഹായ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, പല വിഷയങ്ങളാല്‍ വഴിയാധാരമാവുന്ന സ്ത്രീകള്‍ക്ക് ഷോര്‍ട്ട് സ്‌റ്റേ ഹോം തീര്‍ക്കുക തുടങ്ങി നീണ്ട ലിസ്റ്റ്മായി രാവിലെ വീട്ടില്‍ നിന്നിറങ്ങി നടന്നാല്‍ ഈ 79 കാരി മടങ്ങുന്നത് പണ്ട് ഓഫീസില്‍ നിന്നു വീട്ടിലെത്തിയിരുന്നതിലും വൈകിയാണ്.മാക്‌സിം ഗോര്‍ക്കിയുടെ 'മദര്‍ ' എന്ന നോവലിലെ അമ്മയോടൊക്കെ സഖാവ് പത്മിനിയെ ഉപമിച്ചു കണ്ടു. ഗോര്‍ക്കിയുടെ പാവേലിന്റെ അമ്മയായ പെലാഗ്യ ഏറെക്കുറെ നിരക്ഷരയായിരുന്നു. ഒരു നൂറ്റാണ്ടിനപ്പുറത്ത് മറ്റൊരു ജനപദത്തില്‍ ജീവിതം ചെലവഴിച്ച പത്മിനിയമ്മച്ചിയാകട്ടെ, ഉന്നതവിദ്യാഭ്യാസത്തിന്റെ ആനുകൂല്യത്തോടെ, ഉറച്ച ഉത്തമബോധ്യത്തോടെ, സുഖസൗകര്യങ്ങളില്‍ നിന്നു പുതിയൊരു ആദര്‍ശത്തിന്റെ വെയിലിലേയ്ക്ക് ഇറങ്ങിനടന്ന ഒരാളാണ്.

ഫിക്ഷനില്‍ ഗോര്‍ക്കി വരച്ചതിലും കടുത്ത നിറങ്ങളില്‍ ജീവിതം വരച്ചിട്ട കര്‍മ്മനായികയായിരുന്നു അവര്‍. ആകെയുള്ള സാമ്യം അവസാനദിവസം വരെ സ്വയം നിര്‍ദ്ദേശിച്ച ജോലികളില്‍ വ്യാപൃതയായിരുന്നു ഇരുവരും എന്ന് മാത്രമാണ്.

ഈ വേര്‍പാട് എല്ലാവര്‍ക്കും അപ്രതീക്ഷിത പ്രഹരമായത്തിന് അത് കൂടിയാണ് കാരണം. മിനിഞ്ഞാന്ന് അമ്മച്ചിയുടെ ഒപ്പം ഏതോ സാമൂഹചടങ്ങില്‍ ഉണ്ടവരുണ്ട്. ഇന്നലെ ഫോണ്‍ ചെയ്ത്, ഇന്ന് ഷോര്‍ട്ട് സ്‌റ്റേ ഹോമിന്റെ ഫണ്ടിങ്ങില്‍ തീര്‍പ്പാക്കാനായി കാണാം എന്ന് അമ്മച്ചിയുടെ ഉറപ്പു കിട്ടിയവരുണ്ട്. അതിനിടയ്ക്കാണ്, മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ആ ഹൃദയം പണി മുടക്കിയത്.

ഒരു കാലത്ത്, യുണിവേഴ്‌സിറ്റി കോളജിനു മുമ്പില്‍ നിന്ന് ലാത്തിയേറ്റ് ചതഞ്ഞു സ്റ്റാച്യു വഴി പടിഞ്ഞാറോട്ട് ഓടി എത്തുന്ന എസ് എഫ് ഐ ക്കുട്ടികള്‍ക്ക് അഭയസ്ഥാനമായിരുന്നു അന്ന് പാറ്റൂരിലുള്ള ഈ അമ്മച്ചിപ്ലാവ് .

വീടുകള്‍ മാറി. വീട്ടിലുള്ള രാഷ്ട്രീയക്കാര്‍ മാറി. അങ്ങിനെ അര നൂറ്റാണ്ടു മുമ്പോട്ട് പോയി. എന്നിട്ടും അവസാനനാള്‍ വരെ, ഹൃദയമുള്ള കല്പതരു പോലെ, അമ്മച്ചി എല്ലാവരെയും സത്കരിച്ചു കൊണ്ടിരുന്നു.

കനപ്പെട്ട ആ ജീവചരിത്രം എഴുതിക്കാന്‍ ഏതെങ്കിലും പാര്‍ട്ടിപോഷകസംഘടനകള്‍ മുന്‍കൈ എടുക്കുമോ? അവര്‍ എവിടെയെങ്കിലും ജാഥ നയിച്ചിട്ടുള്ളതായോ അധികാരനിയമസംഹിതപ്രകാരമുള്ള ഏതെങ്കിലും പ്രധാനപ്പെട്ട പാര്‍ട്ടി കമ്മിറ്റിയില്‍ അംഗമായിട്ടുള്ളതായും അറിവില്ല.

സഖാവിന്റെ ഭാര്യ എന്നൊരു സ്മാരകം ഉണ്ടാവുമോ? ഒരടിയോളം പൊക്കമുള്ള ആ പഴയ കഞ്ഞിപ്പാത്രം ഓര്‍മ്മയുള്ളവര്‍ക്ക്, വേണ്ടി വരില്ല അങ്ങിനെയൊരു സ്മാരകം.

അമ്മച്ചീ, നിങ്ങള്‍ നോവറിയാതെ പടിയിറങ്ങി പോയി. വീട്ടില്‍, സ്വര്‍ണ്ണനിറമുള്ള തടിച്ചുരുണ്ട ഒരു പൂച്ച, വാലുയര്‍ത്തി നിലവിളിച്ചു കൊണ്ട് കട്ടില്‍ക്കാലുകള്‍ക്ക് ചുറ്റും വെപ്രാളം പിടിച്ചു നടക്കുന്നത് കണ്ടു.

സ്‌നേഹിച്ചും വാത്സല്യം അനുഭവിച്ചും മതിയായിരുന്നില്ല ഞങ്ങള്‍ക്കും. വിമുഖതയോടെ വിട. സ്‌നേഹാഭിവാദ്യങ്ങള്‍!

(എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ലേഖിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണിത്)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories