TopTop
Begin typing your search above and press return to search.

എന്താണ് സാര്‍ പെയ്ഡ് ന്യൂസ്? കോട്ടയം കളക്ടറോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിക്കുന്നു

എന്താണ് സാര്‍ പെയ്ഡ് ന്യൂസ്? കോട്ടയം കളക്ടറോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിക്കുന്നു

രാകേഷ് സനല്‍

2009 ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ പണം നല്‍കി വാര്‍ത്ത വരുത്തിയതിന്‌ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ അശോക് ചവാനോട് വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. 2008 ലെ മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കാബിനറ്റ് മന്ത്രിയായിരുന്ന നരോത്തം മിശ്രയും മാധ്യമങ്ങളില്‍ പണം നല്‍കി പരസ്യങ്ങള്‍ വരുത്തിയതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നേരിട്ടു. 2011 ല്‍ ഉത്തര്‍ പ്രദേശ് നിയമസഭയിലെ രാഷ്ട്രീയ പരിവര്‍ത്തന്‍ ദള്‍ അംഗം ഉമ്‌ലേഷ് യാദവിന് തന്റെ എംഎല്‍എ സ്ഥാനം നഷ്ടമാവുകയും മൂന്നു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് നേരിട്ടതും മാധ്യമങ്ങളില്‍ പരസ്യം വരുത്താനും അനുകൂല വാര്‍ത്തകള്‍ നല്‍കുന്നതിനുമായി അനധികൃതമായി പണം ചെലവിട്ടതിനായിരുന്നു.

രാഷ്ട്രീയക്കാര്‍ പണം നല്‍കി മാധ്യമങ്ങളില്‍ വാര്‍ത്തകളും പരസ്യവും നല്‍കുന്നതിന് ഇന്ത്യയില്‍ ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. മാധ്യമലോകത്തിന്റെ ഇരുണ്ട മുഖമാണ് പെയ്ഡ് ന്യൂസ്. പണം നല്‍കുന്ന രാഷ്ട്രീയക്കാരും സ്വീകരിക്കുന്ന മാധ്യമങ്ങളും/ മാധ്യമപ്രവര്‍ത്തകരും ഇവിടെ ഒരുപോലെ കുറ്റക്കാരാണ്.

തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥി തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍, വിശകലനങ്ങള്‍ എന്നിവ പണമോ മറ്റു പാരിതോഷികങ്ങളോ നല്‍കുക വഴി ഏതെങ്കിലും മാധ്യമങ്ങളില്‍(പ്രിന്റ്, ഇലക്‌ട്രോണിക്‌) പ്രചരിപ്പിക്കുന്നത് പെയ്ഡ് ന്യൂസ് ആയാണ് കാണേണ്ടത്. എന്തുകൊണ്ടെന്നാല്‍;

പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാന്‍ ഇടവരും.
കൃത്യമായ അഭിപ്രായരൂപീകരണത്തിന് പൊതുജനത്തിന് കഴിയാതെ വരും.

പൊതുജനത്തിനുമേല്‍ അനുചിതമായ ഇടപെടലിന് വഴിയൊരുങ്ങും.

സത്യം അറിയാനുള്ള അവകാശം ജനത്തിന് നിഷേധിക്കപ്പെടും.

തെരഞ്ഞടുപ്പ് ചെലവിന്റെ പരിധിയിലും കവിഞ്ഞ് പണം മുടക്കാന്‍ കാരണമാകും.

ജനാധിപത്യമര്യാദകള്‍ ലംഘിച്ചുള്ള മത്സരങ്ങള്‍ക്ക് വഴിയൊരുങ്ങും.

മാധ്യമങ്ങളില്‍ പണംനല്‍കിയുള്ള വാര്‍ത്തകള്‍ വ്യാപകമാകുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും മീഡിയ ഗ്രൂപ്പുകളും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയും ഉണ്ടായി. ഈ വിഷയം പാര്‍ലമെന്റിലും ചര്‍ച്ചയായി. 2010 ഒക്ടോബര്‍ നാലിനും 2011 മാര്‍ച്ച് ഒമ്പതിനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംയുക്തമായി തെരഞ്ഞെടുപ്പ് കമ്മിഷനുമായി നടത്തിയ ചര്‍ച്ചകളില്‍ പെയ്ഡ് ന്യൂസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനമായി. 1951 ലെ ആര്‍ പി ആക്ട് (അമെന്ഡ്മെന്‍റ്) പ്രകാരം പെയ്ഡ് ന്യൂസുകള്‍ ഇലക്ടറല്‍ ഒഫന്‍സ് ആണ്. ഒരു സ്ഥാനാര്‍ത്ഥിയെ മുന്‍വിധിയോടു കൂടി അയാളുടെ താല്‍പര്യപ്രകാരം മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്നത് ഇലക്ടറല്‍ ഒഫന്‍സ് പ്രകാരം (under chapter-III of part- VII of r p act, 1951) രണ്ടുവര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി.ഇത്രയും കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കേണ്ടി വന്നത് കഴിഞ്ഞ ദിവസം കേരള കൗമുദി കോട്ടയം ലേഖകന്‍ വി.ജയകുമാറിന് ജില്ല വരണാധികാരി കൂടിയായ കോട്ടയം കളക്ടര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ആണ്. 2016 ഏപ്രില്‍ മൂന്നിന് കൗമുദിയില്‍ പ്രസിദ്ധീകരിച്ച 'പുതുപ്പള്ളിയില്‍ ചരിത്രം എഴുതാന്‍ ജെയ്ക്' എന്ന വാര്‍ത്ത പെയ്ഡ് ന്യൂസിന്റെ സ്വഭാവമുള്ളതിനാല്‍ ആയത് സംബന്ധിച്ച് 48 മണിക്കൂറിനകം വിശദീകരണം നല്‍കേണ്ടതാണെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

കളക്ടര്‍ കണ്ടെത്തിയ പെയ്ഡ് ന്യൂസ് സ്വഭാവം എന്താണ് ഈ വാര്‍ത്തയില്‍ ഉള്ളത്? പെയ്ഡ് ന്യൂസുകളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുള്ള വിശദീകരണങ്ങളില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തുന്നത് പെയ്ഡ് ന്യൂസ് ഗണത്തില്‍ പെടുമെന്ന് പറയുന്നില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതും എതിര്‍സ്ഥാനാര്‍ത്ഥിയെ മോശമായി ചിത്രീകരിക്കുന്നതും കുറ്റമാണ്. ഇവിടെ ജെയ്ക്ക് സി തോമസ് എന്ന എസ് എഫ് ഐ നേതാവിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ എന്തെങ്കിലും വാര്‍ത്തയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.

ഈ വാര്‍ത്തയില്‍ ലേഖകന്‍ ജെയ്ക് എന്ന സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പരിചയം എന്ന നിലയ്ക്ക് എല്ലാ പത്രങ്ങളും (ചാനലുകളും) ഇത്തരം ചെറു കുറിപ്പുകള്‍ നല്‍കാറുള്ളതുമാണ്. ഇതില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ചും പരമാര്‍ശിക്കുകയും ആരെ കുറിച്ചാണോ എഴുതുന്നത് അവരുടെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളെ കുറിച്ചും പറയാറുമുണ്ട്. എന്നാല്‍ ഇവ ഏതെങ്കിലും തരത്തില്‍ സമ്മതിദായകരെ സ്വാധീനിക്കാന്‍ വഴിയുള്ളതാണെന്നു കരുതുക മണ്ടത്തരമാണ്. ജെയ്ക് മത്സരിക്കുന്നത് പുതുപ്പള്ളി മണ്ഡലത്തിലാണ്. അവിടെ എതിര്‍സ്ഥാനാര്‍ത്ഥി പത്തു തവണയിലേറെയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. സ്വഭാവികമായും അപ്പുറത്ത് ഉമ്മന്‍ ചാണ്ടി ആയതുകൊണ്ടു മാത്രമാണ് ജയ്ക് (ആ സ്ഥാനത്ത് ആരായാലും) ഒരു വാര്‍ത്തയാകുന്നത്. ഒരു റിപ്പോര്‍ട്ടറുടെ കണ്ണിലൂടെ ഈ കാര്യങ്ങള്‍ നോക്കി കണ്ടാല്‍ ജെയ്ക് ഒരു വാര്‍ത്ത ഘടകം മാത്രമാണ്. ഉമ്മന്‍ ചാണ്ടിയെപോലുള്ള ഒരാള്‍ക്കെതിരെ മത്സരിക്കാന്‍ ചെറുപ്പക്കാരനായ ഒരാള്‍ രംഗത്തു വരുമ്പോള്‍ അയാള്‍ ആരാണെന്ന് അറിയാനുള്ള വായനക്കാരന്റെ (ജനത്തിന്റെ) ആകാംക്ഷയാണ് വി. ജയകുമാര്‍ എന്ന ലേഖകന്‍ നോക്കിക്കണ്ടത്.ഇലക്ഷന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കാനായി സംസ്ഥാന-ജില്ലാതലങ്ങളില്‍ രൂപീകൃതമായിട്ടുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (MCMC) ആണ് ജയകുമാറിന്റെ വാര്‍ത്തയ്ക്ക് പെയ്ഡ് ന്യൂസ് സ്വഭാവം ഉണ്ടെന്നു കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് വരണാധികാരിയായ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ ജാഗ്രതയോടു കൂടി പിന്തുടരുന്ന മോണിറ്ററിംഗ് കമ്മിറ്റിക്കും ജില്ല വരണാധികാരിക്കും അവരുടെ പ്രവര്‍ത്തനങ്ങളിലെ ചടുലതയില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷേ വിജയകുമാര്‍ പറയുന്നതുപോലെ ഈ കാരണം കാണിക്കല്‍ നോട്ടീസ് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്നതാണെന്ന വിമര്‍ശനത്തില്‍ ഒട്ടും കാര്യമില്ലെന്നു എങ്ങനെ പറയാന്‍ കഴിയും? നിങ്ങളുടെ സംശയ പ്രകാരം ജെയ്ക് കൗമുദിക്കോ അവരുടെ ലേഖകന്‍ ജയകുമാറിനോ പണമോ പാരിതോഷികമോ നല്‍കിയായിരിക്കണം വാര്‍ത്ത എഴുതിപ്പിച്ചിരിക്കുന്നത്. മുന്‍കാല കേസുകള്‍ പരിശോധിക്കുമ്പോള്‍, ഇതില്‍ ജയ്ക് എന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ക്കു മുന്നില്‍ തെറ്റിദ്ധാരണജനകമായി അവതരിപ്പിച്ചിട്ടില്ല എന്ന് വ്യക്തമാണ്. ജയ്ക്കിനെ കുറിച്ച് ജയകുമാര്‍ എഴുതിയ കാര്യങ്ങള്‍ ഇതിനു മുമ്പും ഇവിടുത്തെ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വന്നവയാണ്. പിന്നെ ഏതു സംശയത്തിനാണ് ഇവിടെ പ്രസക്തി. പെയ്ഡ് ന്യൂസുകള്‍ക്ക് പണം മുടക്കുന്നതിന് തെളിവുകള്‍ ലഭിക്കാറില്ല എന്നിടത്ത് വാര്‍ത്ത തന്നെ തെളിവാക്കുകയാണ് കമ്മിഷന്‍ ചെയ്യുന്നത്. ആ സമയത്ത് കൃത്യമായ വാദങ്ങള്‍ വാര്‍ത്തയ്ക്കുമേല്‍ ഉണ്ടാവുകയും വേണം. സംശയങ്ങള്‍ക്ക് സ്ഥാനമില്ല. സംശയങ്ങളെയുള്ളൂവെങ്കില്‍ യഥാര്‍ത്ഥത്തില്‍ തെറ്റുകാരനാണെങ്കില്‍ പോലും ഒരാള്‍ക്ക് രക്ഷപ്പെടാന്‍ വളരെ എളുപ്പമാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ മുന്നണികളൊന്നും തന്നെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല എന്നിരിക്കെ ഒരു സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തുന്നത് ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുന്നതെങ്ങനെ? തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുണ്ട് എന്നാണ് ന്യായമെങ്കില്‍ ഇത്തരം വാര്‍ത്തകള്‍ (സ്ഥാനാര്‍ത്ഥി പരിചയം) എല്ലാ മാധ്യമങ്ങളിലും വരുന്നുണ്ട്. അവയൊന്നും മോണിറ്ററിംഗ് കമ്മിറ്റി കണാതെയാണോ ഈ വാര്‍ത്തയ്ക്കുമേല്‍ മാത്രം നടപടി സ്വീകരിക്കുന്നത്.

ഇത്തരമൊരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതിനു മുമ്പ് കളക്ടര്‍ ഓര്‍ക്കേണ്ടിയിരുന്ന ചില കാര്യങ്ങള്‍ ഉണ്ട്;

ജെയ്ക് സി മാത്യു ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി ആയിട്ടില്ല. പാര്‍ട്ടി അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുവെന്നുമാത്രം. നോമിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ മാത്രമാണ് ജെയ്ക് സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കപ്പെടുന്നത്. പാര്‍ട്ടി മറിച്ചൊരു തീരുമാനം എടുത്താല്‍ പുതുപ്പളിയില്‍ ജെയ്ക്കിനു പകരം മറ്റൊരു സ്ഥാനാര്‍ത്ഥി വരാം. അങ്ങനെ വന്നാല്‍ ഈ വാര്‍ത്ത എങ്ങനെയാണ് പെയ്ഡ് ന്യൂസ് ആകുന്നത്? നോമിനേഷന്‍ വരണാധികാരി സ്വീകരിക്കുന്നതുവരെ ജെയ്ക് ഒരു വിദ്യാര്‍ത്ഥി നേതാവ് മാത്രമാണെന്നിരിക്കെ(അപ്പുറത്ത് ഉമ്മന്‍ ചാണ്ടിയും നോമിനേഷന്‍ നല്‍കിയിട്ടില്ലെന്നോര്‍ക്കണം) അയാളെക്കുറിച്ച് എഴുതാന്‍ ജയകുമാര്‍ എന്ന ലേഖകന് അവകാശമില്ലേ?

ഇതു തീര്‍ച്ചയായും മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. എന്തെഴുതണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന ഭരണകൂട ഭീഷണിയുടെ അത്ര ചെറുതല്ലാത്ത ഒരു പ്രയോഗമാണ് ഇവിടെ കണ്ടത്. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തത് എഴുതിയാല്‍ കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ്. പത്തുമുപ്പത്തിമൂന്നു വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ ആറോളം തെരഞ്ഞെടുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൊരാളാണ് ഞാന്‍. ഇതാദ്യമായാണ് ഒരു കാരണം കാണിക്കല്‍ നോട്ടീസ് എനിക്ക് കിട്ടുന്നത്; വി ജയകുമാര്‍ പറയുന്നു.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഒരു തരത്തിലും കുറ്റകരമാകുന്നതല്ല ജെയ്ക് സി തോമസിനെ കുറിച്ച് ജയകുമാര്‍ എഴുതിയിരിക്കുന്നത്. അതേസമയം ആരെങ്കിലും തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ ഇത് അവസരമായി ഉപയോഗിച്ചതാകാമെന്നും ജയകുമാര്‍ സംശയിക്കുന്നുണ്ട്.ഈയടുത്ത് നടന്ന ഒരു ഭൂമിദാന കേസില്‍ തന്റെ പത്രം നിരന്തരമായി നടത്തിയ ഇടപെടല്‍ ജില്ല ഭരണകൂടത്തിലെ പലരുടെയും ശത്രുത തനിക്കു നേടി തന്നതായി ജയകുമാര്‍ തന്നെ പറയുന്നുണ്ട്. അതിന്റെ പ്രത്യാഘാതമായിട്ടും ഈ കാരണം കാണിക്കല്‍ നോട്ടീസ് കാണാമെന്നും ജയകുമാര്‍ പറയുന്നു.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്ന വിധത്തില്‍ സ്റ്റോറി ക്രെഡിറ്റ് ലൈനോടെയും വാര്‍ത്തയുടെ അതേ ടൈപ്പ് ഫേസിലും നല്‍കിയിരിക്കുന്ന ഈ വാര്‍ത്ത പെയ്ഡ് ന്യൂസ്/ പരസ്യം എന്ന ഉദ്ദേശത്തോടെയല്ല കേരള കൗമുദി നല്‍കിയിരിക്കുന്നതെന്ന് സാമന്യയുക്തിയില്‍ ചിന്തിക്കുന്നവര്‍ക്ക് വ്യക്തമാകും. എന്നിരിക്കിലും ഏതെങ്കിലും ബാഹ്യസമ്മര്‍ദ്ദത്തോടെയോ വ്യക്തിതാത്പര്യത്തോടെയോ ആണ് ഒരു മാധ്യമപ്രവര്‍ത്തകന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നതെങ്കില്‍ അത് മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ അവഹേളിക്കുന്നതും ജനാധിപത്യനെറികേടും ആണ്.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)


Next Story

Related Stories