UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാടന്‍ ചരിത്രകാരന്മാരും തെറിച്ച പെണ്‍മക്കളും

Avatar

സജ്ന

മട്ടാഞ്ചേരിയിലെ ബാക്ക് യാര്‍ഡ് സിവിലൈസേഷന്‍ ഗാലറിയില്‍ ‘നാടന്‍ ചരിത്രകാരന്മാരും തെറിച്ച പെണ്‍മക്കളും’ എന്ന പേരില്‍ ചിത്ര പ്രദര്‍ശനം നടക്കുന്നതായി ഫെയ്സ്ബുക്ക് വഴിയാണ് അറിഞ്ഞത്. ചരിത്രവും പെണ്‍മക്കളും പ്രതിസന്ധി നേരിടുന്ന വര്‍ത്തമാനകാലത്ത് വ്യത്യസ്തമായൊരു പേരുമായി ഒരു ചിത്രപ്രദര്‍ശനം.

എറണാകുളം ബോട്ടു ജെട്ടിയില്‍ നിന്ന് ഏഴു രൂപ കൊടുത്താല്‍ മട്ടാഞ്ചേരി ജെട്ടി. അവിടെ നിന്ന് ബസാര്‍ റോഡു വഴി, ബിസി ഗാലറി. പടികള്‍ കയറി ചെല്ലുമ്പോള്‍, Beware of Cats… എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചൊരാള്‍ നിങ്ങളെ സ്വാഗതം ചെയ്യാനുണ്ടാകും.

അതങ്ങനെയാണ്, മട്ടാഞ്ചേരിയില്‍ അങ്ങാടി കുരുവികളെയും ആടുകളെയും പ്രാവുകളെയും പൂച്ചകളെയും നോക്കിനടക്കണം.

സിജി ആര്‍. കൃഷ്ണന്റെ ചിത്രങ്ങള്‍ നിങ്ങളെ മട്ടാഞ്ചേരിയുടെ ഉള്‍ക്കാഴ്ചകളിലേക്ക് നയിക്കും. മറ്റൊരു തരത്തില്‍ അവ കേരളീയ പരിസരങ്ങളെ തന്നെയാണ് വെളിപ്പെടുത്തുന്നതും. ‘sleep’  എന്ന ചിത്രത്തിലെ പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ ഉറക്കത്തിന് താരാട്ടുപാടുന്നത് അണ്ണാനും കിളികളും പൂച്ചകളുമാണ്. ‘Half’  ആകട്ടെ പാതിയോളം ചിലന്തി വലകെട്ടിയ, ഉറുമ്പുകള്‍ സഞ്ചാരപഥം തേടുന്ന മുഖമാണ്. ‘Swing’  ലെത്തുമ്പോള്‍ നേര്‍ക്കാഴ്ച മറ്റൊരു ഉള്‍ക്കാഴ്ചയായിമാറുന്നു. പിടക്കോഴിയുടെ കാലില്‍ ഊഞ്ഞാലാടുന്ന പെണ്‍കുട്ടി, കാലികമായ അസ്വാസ്ഥ്യത്തില്‍ സുരക്ഷിതത്വത്തെ കുറിച്ചുള്ള അന്വേഷണം കൂടിയാകുന്നു.

ആമി ആത്മജയുടെ ‘Beautiful Moms and Ugly Daughters’, ‘Pictorial’, എന്നീ അക്രലിക്ക് ചിത്രങ്ങള്‍ ചിത്രകഥാഖ്യാനത്തിന്റെ പുതിയ സാധ്യതകളിലേക്കുള്ള അന്വേഷണമാണ്. ഒറ്റ നോട്ടത്തില്‍ പരസ്പരബന്ധം സാധ്യമാക്കാത്ത നിരവധി ചിഹ്നങ്ങളും എഴുത്തുകളും കൊണ്ട് മറ്റുചിത്രങ്ങളില്‍ നിന്നും വേറിട്ടൊരു രീതിശാസ്ത്രം ഈ ചിത്രങ്ങള്‍ മുന്നോട്ടുവെക്കുന്നു. പാരമ്പര്യാഖ്യാന രീതിയെ പിന്‍പറ്റുമ്പോള്‍ തന്നെ, ആഖ്യാനത്തെ മറികടക്കാനുള്ള അന്വേഷണം കൂടിയാകുന്നു ഈ ചിത്രങ്ങള്‍.

ജിപിന്‍ വര്‍ഗീസിന്റെ ചിത്രങ്ങള്‍ പ്രകൃതിയോടും കൃഷിപാഠത്തോടും ഏറെയടുത്തു നില്‍ക്കുന്നു. ‘A work about seeds’  എന്ന ചിത്രം മൂന്നു തലമുറകള്‍ ഭൂമിയില്‍ വിത്തിടാന്‍ തയ്യാറെടുക്കുന്നതാണ്.  ‘Time wounds all heals’  എന്ന ചിത്രമാകട്ടെ കാഴ്ചയുടെ രണ്ടുതരം അനുശീലങ്ങളെ സാധ്യമാക്കുന്നു. ദൂരക്കാഴ്ചയില്‍ പതുങ്ങിയിരിക്കുന്ന ഒരു ജീവിയെ തോന്നിപ്പിക്കുമെങ്കില്‍,കാഴ്ചക്കിടയിലെ ദൂരമില്ലാതാകുന്നതോടെ മലയും പുഴയും പുഴയില്‍ മൂക്കോളം മുങ്ങിയ മനുഷ്യരും, പിന്നെ അനേക സസ്യ-ജീവി വര്‍ഗ്ഗങ്ങളും ഇടംപിടിക്കുന്നു. പേപ്പറിലെ ഈ ജലഛായ രചനകള്‍ അവയുടെ വലിപ്പം കൊണ്ട് ചിത്രവിന്യാസത്തെ സമതുലമാക്കുന്നുണ്ട്.

കെ.കെ.മുഹമ്മദിന്റെ ‘The Body’ യാണ് പ്രധാനപ്പെട്ട മറ്റെരു ചിത്രം. പൗരാണീകതയുടെ പശ്ചാത്തലത്തില്‍ കൈകളില്ലാത്ത ഒരാള്‍ കിടന്നുകൊണ്ട് വില്ലുകുലക്കാന്‍ ശ്രമിക്കുകയാണ്. ആളുടെ കാല്പാദങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഇടത്/വലത് വേര്‍തിരുവുകള്‍ ഇവിടെ അപ്രസക്തമാകുന്നു. ഏതവസ്ഥയിലും ലക്ഷ്യഭേദ്യത്തിനായി ശ്രമിക്കുന്ന മനുഷ്യന്റെ പരിഛേദം കൂടിയാണ് ചിത്രം. ബറോഡയിലെ ചിത്രകലാ അദ്ധ്യാപകന്‍ കൂടിയാണ് കെ.കെ.മുഹമ്മദ്.

സനല്‍ സി.എസിന്റെ പേരില്ലാത്ത ചിത്രം, ഒറ്റ നോട്ടത്തില്‍ ഫുട്ബോള്‍ കളിക്കാരെ ഓര്‍മ്മിപ്പിക്കും. ശില്പചാരുത ചിത്രത്തിന് പ്രത്യേക മിഴിവേകുന്നു. പ്രദര്‍ശനത്തിനുള്ള മറ്റ് ചിത്രങ്ങളില്‍ നിന്ന് നിറങ്ങളുടെ തെരഞ്ഞെടുപ്പും ആഖ്യാനത്തിലെ പ്രത്യേകതയും കൊണ്ട് ഈ ചിത്രം വ്യത്യസ്തമാകുന്നു. ഷാന്റോ ആന്റണിയുടെ ‘Fools garden’  സീരീസുകളില്‍ വിവിധ മീഡിയത്തിലായി ചെയ്ത ഏഴോളം ചിത്രങ്ങളാണുള്ളത്. മനുഷ്യാവശിഷ്ടം പോലും തന്റെ ഭക്ഷണമെന്നു ധരിച്ച് പതിയിരിക്കുന്ന പൂച്ച വര്‍ത്തമാനകാലത്തില്‍ എന്തിലും വിപണിമൂല്യം കാണുന്ന വാണിജ്യപാഠം തന്നെയാണ്.

ഗ്യാലറിയിലേക്ക് കയറുമ്പോള്‍ തന്നെ നിങ്ങളുടെ കാഴ്ച്ച ആദ്യം മുടക്കുന്നത് സബിന്‍ മുടപ്പതിന്റെ ചിത്രത്തിലായിരിക്കും. ‘Re-plantation of the virtue of a Village’,  എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു കൂട്ടം ആളുകള്‍ ഒരു വന്‍മരം നദീ തീരത്തുകൂടി ചുമന്നുകൊണ്ടു പോകുന്നതാണ്. ലിംഗവ്യത്യാസങ്ങളില്ലാത്ത സംഘബോധവും, പ്രകൃതി സംരക്ഷണത്തിന്റെ  ധാര്‍മ്മികതയെയും ചിത്രം ഉയര്‍ത്തികാട്ടുന്നു. ടീ വാഷ്ഡ് പേപ്പറില്‍ പെന്‍സിലുപയോഗിച്ചുള്ള ചിത്രം, ഏറെ സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്. അംബീഷ് കുമാറിന്റെ, പേപ്പറില്‍ മഷിയുപയോഗിച്ച് വരച്ച ആറ് രേഖാചിത്രങ്ങള്‍ സങ്കീര്‍ണ രചനയുടെ ആദ്യപാഠങ്ങളാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഏകാത്മകത്വം സാധ്യമാക്കുന്ന രചനകള്‍, വൈയക്തികാനുഭവ പരിസരങ്ങളെ പുനരാവിഷ്‌കരിക്കുന്നു.

ശോശാ ജോസഫിന്റെ ‘Prayer’ എന്ന ചിത്രം കേരളീയ ക്രിസ്തീയ കുടുംബങ്ങളിലെ ബൈബിള്‍ പ്രാര്‍ഥനയാണ്. പ്രാര്‍ഥനയില്‍ മുഴുകിയവരുടെ മുഖത്തെ ദൈന്യത പ്രര്‍ത്ഥനയുടെ തീവ്രത കൂട്ടുന്നു. കൊന്തകളും, കുരുത്തോലകളും ഗൃഹാതുരമായ ഓര്‍മ്മയുടെ വീണ്ടെടുപ്പുകൂടിയാകുന്നു. കൂട്ടമായി പറന്നുപോകുന്ന വവ്വാലുകളാണ് പ്രദീപ് കുമാര്‍ കെ.പിയുടെ ചിത്രങ്ങള്‍. കാഴ്ചയുടെ ഏകതാനതയെ ചോദ്യം ചെയ്യുന്ന ചിത്രം, സംഘബോധം, വേഗത എന്നിവയെ പ്രതിനിധീകരിക്കുന്നു. ശ്രീദേവിയുടെ പേരിടാത്ത ദരിദയുടെ ചിത്രം മറ്റ് ചിത്രങ്ങളില്‍ നിന്ന് അല്പം ഉയര്‍ത്തി പ്രദര്‍ശിപ്പിച്ചത്, ശബ്ദത്തിനും വാക്കിനുമപ്പുറത്ത് ഓരോ കാഴ്ചയും പുതിയ പാഠാന്തരങ്ങളാണെന്നും അവയ്ക്ക് നിയതമായ ഒരു അര്‍ത്ഥം സാധ്യമല്ലെന്നും അപനിര്‍മ്മിച്ച ദരീദിയന്‍ കാഴ്ചയ്ക്കാണോയെന്ന സംശയം ബാക്കിയാക്കും.

Backyard Civilization Collective – എന്ന ഗ്രൂപ്പാണ് ബിസി ഗ്യാലറി നടത്തുന്നത്. 2012 ല്‍ ഫോര്‍ട്ട് കൊച്ചി ജെട്ടിയിലെ ദ്രവീഡിയാ ആര്‍ട്ട് ഗാലറിയുടെ കൂറ്റന്‍ ചുമരില്‍ ഗ്രാഫിറ്റി ചെയ്തു കൊണ്ടാണ് BC Collective അനൗദ്യോഗികമായി ഈ രംഗത്തെത്തുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തോളമെടുത്ത്, തദ്ദേശവാസികളുടെ നിസ്വാര്‍ഥ സഹകരണത്തോടെയാണ് ‘Debtors prison’ എന്നു പേരിട്ടിരിക്കുന്ന ഗ്രാഫിറ്റി ചെയ്ത്. ബിസി ഗാലറിയുടെ ആദ്യത്തെ ചിത്ര പ്രദര്‍ശനമായ ‘ Ordinary historians and wayward daughters ‘, സമകാലിക ചിത്രകലാ പ്രവണതകളോടും ആസ്വാദനത്തിലെ പ്രതിസന്ധികളോടും മൗലീകമായ അന്വേഷണം നടത്തുന്ന ചിത്രകാരന്മാരുടെ പ്രാധിനിത്യം സാധ്യമാക്കാനാണ് പ്രദര്‍ശനത്തിലൂടെ ശ്രമിക്കുന്നതെന്നും ബിസിസിയുടെ പ്രസിഡന്റ് ലൈജു യേഷ് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍