TopTop
Begin typing your search above and press return to search.

താലിബാനിസം ഒരു മനോഭാവമാണ്

താലിബാനിസം ഒരു മനോഭാവമാണ്

ബച്ചു മാഹി


'താലിബാനിസം' എന്നത് ഒരു മനോഭാവം കൂടിയാണ്; ആര് സൃഷ്ടിച്ചു / പരിപാലിച്ചുപോരുന്നു എന്നീ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സമസ്യകൾക്ക് അപ്പുറം. മുസ്സോളിനിയുടെ സേനയുടെ പേര് 'ഫാസിസം' എന്ന പൊതുസംജ്ഞ സൃഷ്ടിച്ചത് പോലെ. തങ്ങൾക്ക് പഥ്യം അല്ലാത്ത എന്തിനോടുമുള്ള അസഹിഷ്ണുതയും അതില്‍നിന്നുള്ള ഹിംസയും 'താലിബാനിസ'ത്തിൻറെ മുഖമുദ്രയാണ്. മുഖ്യമായ സവിശേഷത സ്ത്രീവിരുദ്ധതയാണ്. സ്ത്രീകളെ വീടിന് പുറത്ത് / പൊതുസ്ഥലത്ത് എവിടെ കണ്ടാലും അത് വയലന്റ് ആകും. അഫ്ഗാനിൽ ആണേലും പാക്കിസ്ഥാനിൽ ആണേലും അതിൻറെ (ഹിന്ദുത്വ ഫെയിം) ഇന്ത്യൻ വേർഷൻ ആണേലും വലിയ വ്യത്യാസമൊന്നുമില്ല. ആ സ്ത്രീവിരുദ്ധതയുടെ അവിടങ്ങളിലെ പതിപ്പുകൾ ആയിരുന്നു മുഖം മറക്കാതെ വെളിയിൽ ഇറങ്ങിയ സ്ത്രീകളെ അഫ്ഗാനിൽ ആക്രമിച്ചതെങ്കിൽ, പള്ളിക്കൂടത്തിൽ പോകുന്ന മലാല എന്ന പന്ത്രണ്ടുകാരിയെ വെടിവെച്ചതെങ്കിൽ, ഇവിടത്തെ പതിപ്പുകൾ ഈയിടെ ചുംബനസമരമെന്ന പ്രതിഷേധത്തിൽ പങ്കാളിത്തം കൊണ്ട സ്ത്രീകള്‍ക്ക് നേരെ കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും അക്രമാസക്തമായത് നാം കണ്ടു. മറ്റുചിലർ ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയെ അനാശാസ്യത്തിന് അറസ്റ്റ് ചെയ്തു എന്ന് വ്യാജവാർത്ത‍ വരെ ഉണ്ടാക്കി.അതിൻറെ സൈലന്റ് പതിപ്പുകൾ ഓണ്‍ലൈനിലും ഓഫ് ലൈനിലും സ്ത്രീകൾ ഫോട്ടോ ഇടാമോ, ഫെയ്സ്ബുക്കിൽ പോസ്റ്റ്‌ ഇടാമോ, വാട്ട്സ്ആപ്പിൽ പാട്ട് പാടി അപ്ലോഡ് ചെയ്യാമോ, സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാമോ, ഭർതാ-പിതാ-സഹോദര അകമ്പടി ഇല്ലാതെ സഞ്ചരിക്കാമോ തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകൾക്ക് നിർദ്ദേശം നൽകിക്കൊണ്ടിരിക്കുന്നു. അന്യപുരുഷൻമാരോടൊപ്പം ഇരിക്കാമോ, നടക്കാമോ, മിണ്ടാമോ എന്നീ കാര്യങ്ങളിലും എല്ലാ മതവിഭാഗത്തിലുമുള്ള / മതമില്ലാത്ത സദാചാര താലിബാനികൾക്കും ഉറച്ച തിട്ടൂരം നൽകാനുണ്ട്. കഴിഞ്ഞ ദിവസത്തെ വാർത്തയിൽ കെ.എസ്.ആർ.ടി.സി. കണ്ടക്ടരുടെ രൂപത്തിലവതരിച്ച താലിബാനിയെപ്പറ്റി വായിച്ചു. ആർത്തവത്തിന്റെ പേരില്‍ സ്ത്രീയെ ബസ്സിൽ നിന്നിറക്കിവിട്ട് പരിശുദ്ധി സൂക്ഷിക്കാൻ സഹായിച്ച വിശാലഹൃദയത്വമുള്ള താലിബാനിയെ കണ്ടു. ബസ്സ്‌ തൻറെ സ്വകാര്യ സ്വത്ത് അല്ലെന്നും തനിക്ക് അതിന് അധികാരമില്ലെന്നും മറന്നുപോയ അങ്ങേരെ ഇത് വരേയ്ക്കും ആ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതായി അറിവില്ല.രണ്ടുദിവസമായി, ലിറ്ററലി, വല്ലാത്ത ഒരു ശ്വാസം മുട്ടലിലാണ്. ദേശമോ വർഗ്ഗമോ വിശ്വാസമോ എന്തായാലും ഉള്ളിൽ ആർദ്രതയുടെ അംശമുള്ള ഏതൊരു മനുഷ്യനും സമാനമായ അവസ്ഥയിലൂടെയാകണം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ആ അവസ്ഥയിലും, മൂകതയും ആർത്തനാദവും ഇഴചേർന്നു നില്ക്കുന്ന ശ്മശാനഭൂവിൽ കടലയും പൊരിയും വിൽക്കാൻ ആർത്തിയോടെ പാഞ്ഞടുക്കുന്ന ചിലരെ കണ്ടപ്പോൾ വല്ലാത്ത വിമ്മിട്ടം തോന്നി. മരണത്തിൻറെ വ്യാപാരികൾ ആയ ഫാസിസ്റ്റ് സംഘം മുതലെടുപ്പുമായി എത്തുന്നത് മനസിലാക്കാം. എന്നാൽ, ഭൌതികവാദി-മതേതര-ദൈവമുക്തർ, മനുഷ്യനെ മാത്രമേ കാണുന്നുള്ളൂ എന്നു മേനി നടിക്കുന്നവർ, "ചൂടുള്ള മതവിരുദ്ധ കടല, വാങ്ങിയാലും, കൊറിച്ചാലും!" എന്ന് ഉച്ചത്തിൽ വിളിച്ച് നടക്കുന്നത് കണ്ടപ്പോൾ, വലിയവായിൽ വിളിച്ച് കൂവിയിരുന്ന മാനുഷികത എവിടെപ്പോയി എന്ന് ചോദിയ്ക്കാൻ അപ്പോൾ ത്രാണി ഉണ്ടായിരുന്നില്ല. തീർച്ചയായും, മതത്തെ / മതങ്ങളെ നിരാകരിക്കാൻ ആർക്കും എല്ലാ അവകാശവുമുണ്ട്. അനിവാര്യമാകുമ്പോൾ മതവിമർശനം നടത്തുന്നതും തീർത്തും സംഗതം തന്നെ. എനിക്കുമുണ്ട് പ്രശ്നങ്ങൾ, ചിലപ്പോൾ മതവുമായി, ചിലപ്പോൾ വ്യക്തികളുടെ സ്വാതന്ത്ര്യത്തിനും ചോയിസിനും മീതെ ഇടപെടൽ നടത്തുന്ന മതഹൈരാർക്കിയുമായി. എന്നാൽ ആ വിയോജിപ്പ്‌ ഒന്നും തന്നെ, ബസിടിച്ച് കുട്ടികൾക്ക് പരിക്ക് പറ്റിയപ്പോൾ, "ഉടൻ മുഖ്യമന്തി രാജിവെക്കണം" എന്ന് ഏതോ കൂതറ പടത്തിൽ വിളിച്ചു കൂവുന്ന രാഷ്ട്രീയക്കാരൻ കഥാപാത്രത്തെ പോലെ, 'ഒക്കേം മതത്തിൻറെ പ്രശ്നമാണ്' എന്ന് സിംപ്ലിഫൈ ചെയ്യാൻ, കാടടച്ച വെടിയിലൂടെ നേരിട്ടും പരോക്ഷമായും ഇതിൽ ഭാഗഭാക്കായ, വിശേഷിപ്പിക്കാൻ ഇനിയും പദം കണ്ടെത്തേണ്ട കുറ്റവാളികളെ രക്ഷപ്പെടുത്താൻ പര്യാപ്തമല്ല.


മതമെന്നത്, സർവ്വാധികാരിയായ ഒരു 'ഖലീഫ' / അല്ലെങ്കിൽ രണ്ടോ മൂന്നോ അത്തരം ആളുകൾ അരുളിച്ചെയ്യുന്ന എന്തും അനുസരിക്കൽ ആണെന്നും, തഹ്രീക്കെ താലിബാൻറെയോ ഐഎസിന്‍റെയോ കമാണ്ടറാണ് ആഗോള മതഹെഡ് എന്നും ദ്യോതിപ്പിക്കുന്ന തരത്തിൽ ഇസ്ലാമോഫോബിയയുടെ വക്താക്കൾ പ്രചരിപ്പിക്കുന്നത് മനസിലാക്കാം. മതമെന്നത് ഒരു ഹോമോജെനസ് എന്റിറ്റി അല്ലെന്നും ഏതൊരു മതമാകട്ടെ, ഭൗതികമോ ആത്മീയമോ ആയ ആശയമാകട്ടെ, അതിൽ നിന്നും ഹിംസയുടെ പ്രതിനിധാക്കൾ ആയ സംഘങ്ങൾ ഉടലെടുക്കുക കേവലസാധ്യം മാത്രമാണെന്നും 'സ്വതന്ത്രചിന്തകർ'ക്ക് അറിയാത്തതാണോ? ഭീകരതകൾക്ക് പിന്നിലെ വിവിധങ്ങളായ അജണ്ടകൾ തൽക്കാലം വിസ്മരിക്കാം. വിഡ്ഢികളെ അതിൽ ഭാഗഭാക്കാക്കുന്നത് 'ഓഫറുകൾ'ക്കൊപ്പം മതവികാരവും, വിശ്വാസവും ഉപയോഗപ്പെടുത്തിയാണ് എന്നതും സമ്മതിക്കാം. അപ്പോഴും ചോദിക്കട്ടെ, ഈ അരുംകൊലകൾക്ക് ഇരയാകുന്നതും മതവിശ്വാസികൾ തന്നെയല്ലേ? മതമില്ലാത്ത ഒരു ദേശത്ത് ഇത്തരമൊരു കൊടും ക്രൗര്യം അരങ്ങേറിയിരുന്നെങ്കിൽ ആരെ കുറ്റപ്പെടുത്തുമായിരുന്നു?വാദത്തിന്, മതം മാത്രമാണ് ഏക കുറ്റവാളി എന്ന് തീർപ്പിൽ എത്തുക. കുറ്റവാളിയെ എങ്ങനെ ശിക്ഷിക്കും? 'മതം' എന്നത് പിടിച്ച് വെട്ടിക്കൊല്ലാവുന്ന, മുന്നിൽ നിർത്താവുന്ന വല്ല വ്യക്തിയുമാണോ? മതത്തെ നമ്മൾ അനുഭവിക്കുന്നത് അതിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവരിലൂടെയാണ്. അവരാകട്ടെ ഏകാഭിപ്രായക്കാരായ ഒറ്റക്കൂട്ടവുമല്ല. പടർത്തിവിടുന്നത് 'മതഫോബിയ' മാത്രമാകും. അപ്പോള്‍ ഇരകളെത്തന്നെ ക്രൂശിക്കുക എന്നതാകും ഫലം.
ഇതൊക്കെയും മതത്തിൻറെ പ്രശ്നമാണ് / മതമില്ലാതായാൽ മാത്രമേ ഇതൊക്കെ തീരൂ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോകുക എളുപ്പവും റിസ്ക്‌ ഇല്ലാത്തതുമാണ്. അങ്ങനെയൊന്ന് തൻറെ ജന്മത്തും ഒരു പത്ത് തലമുറ കഴിഞ്ഞാലും സംഭവിക്കാത്ത ഉട്ടോപ്യ ആണെന്ന് പറയുന്നവർക്കും അറിയാം. അപ്പോൾ മതം ഉള്ളിടത്തോളം ഹിംസകൾ ഒക്കെയും നിലനിന്നോട്ടെ എന്നാണാവോ അവർ അർത്ഥമാക്കുന്നത്?! വ്യക്തികൾക്ക് മേൽ പ്രത്യക്ഷമോ പരോക്ഷമോ ആയ ഹിംസ തീർക്കുന്ന, അർഹമായ അവകാശങ്ങളെ നിരാകരിക്കുന്ന എല്ലാത്തരം താലിബാനിസത്തിന് എതിരെയും, ഓണ്‍ലൈനിലും ഓഫ് ലൈനിലും അവകാശപക്ഷത്ത് നിലയുറപ്പിക്കാൻ തയ്യാറുണ്ടോ എന്നതാണ് കാതലായ ചോദ്യം; മതകീയൻ ഹോ നിർമതൻ ഹോ, ഹിന്ദു ഹോ മുസൽമാൻ ഹോ, ഈശ്വരീയൻ ഹോ നിരീശ്വരീയൻ ഹോ, ഭക്ത് ഹോ ഭക്തവിരോധി ഹോ...(അഫ്ഗാനിലെ താലിബാനും, മലാലയെ വെടി വെച്ച / ഇപ്പോൾ നൂറിലേറെ കുഞ്ഞുങ്ങളെ അരുംകൊല ചെയ്ത പാക് താലിബാനും ജയ്ഹോ പാടുന്ന, അവരെ സാമ്രാജ്യത്വ വിരുദ്ധപോരാളികൾ ആയി വാഴ്ത്തിപ്പാടുന്ന രാഷ്ട്രീയ ഇസ്ലാമികൾ എന്നൊരു സവിശേഷ വർഗ്ഗം കേരളക്കരയിലും ഉണ്ട് എന്നറിയാം. അവർക്ക് താലിബാനിസം എന്നൊക്കെ കേൾക്കുമ്പോൾ ചിലപ്പോൾ ക്ഷോഭത്താൽ വയറിളക്കം വരാൻ ഇടയുണ്ട്. സിസ്റ്റം / ഡിവൈസ് പൂട്ടിവെച്ച് 'കംഫർട്ട് റൂം' തിരയുക എന്നൊരു അഭ്യർത്ഥനയെ അവരോടുള്ളൂ).(മാഹി സ്വദേശിയായ ബച്ചു വിദേശത്തു ജോലി ചെയ്യുന്നു; ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലും മറ്റു പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്)അഴിമുഖം പ്രസിദ്ധീകരിച്ച ബച്ചുവിന്റെ മറ്റു ലേഖനങ്ങള്‍


ഉള്ളില്‍ കുരുങ്ങിയമര്‍ന്ന നിലവിളികള്‍


തീവ്രദേശീയത അപരരെ തേടുമ്പോള്‍*Views are personalNext Story

Related Stories