TopTop
Begin typing your search above and press return to search.

1933 ജനുവരി 28: ചൗധരി റഹ്മത്ത് അലി പാകിസ്ഥാന്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചു

1933 ജനുവരി 28: ചൗധരി റഹ്മത്ത് അലി പാകിസ്ഥാന്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചു

ഇപ്പോള്‍ അല്ലെങ്കില്‍ ഒരിക്കലുമില്ല: ഞങ്ങള്‍ ജീവിക്കണോ അതോ എന്നെന്നേക്കുമായി നശിക്കണോ? 1933 ജനുവരി 28ന് ചൗധരി റഹ്മത്ത് അലി എഴുതി പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയില്‍ ഇപ്രകാരം ചോദിക്കുന്നു. അതിലാണ് പാകിസ്ഥാന്‍ (ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ 'ഐ' എന്ന അക്ഷരമില്ലാതെ) എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. തുടര്‍ന്ന് 1933ല്‍ നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കപ്പെട്ടു. വിഖ്യാതമായ ഈ വാചകങ്ങളിലൂടെയാണ് ലഘുലേഖ ആരംഭിക്കുന്നത്:

'ഇന്ത്യയുടെ ചരിത്രത്തിലെ ഈ നിര്‍ണായക നിമിഷത്തില്‍, ആ ഭൂമികയ്ക്കായി ഒരു ഫെഡറല്‍ നിയമവ്യവസ്ഥ ഉണ്ടാക്കാന്‍ ഇന്ത്യയിലെയും ബ്രിട്ടണിലെയും രാഷ്ട്രതന്ത്രജ്ഞര്‍ ശ്രമിക്കുമ്പോള്‍, ഞങ്ങളുടെ പൊതു സംസ്‌കൃതിയുടെ പേരില്‍, പാകിസ്ഥാന്‍ എന്ന ഞങ്ങളുടെ മുപ്പത് ദശലക്ഷം വരുന്ന സാഹോദര്യത്തിനായി ഞങ്ങള്‍ വാദിക്കുന്നു. ഇന്ത്യയിലെ വടക്കന്‍ പ്രവിശ്യകളാണ് ഇതുകൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്: പഞ്ചാബ് (പി), വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യ (എ), കാശ്മീര്‍ (കെ), സിന്ധ് (എസ്), ബലുച്ചിസ്ഥാന്‍ (സ്ഥാന്‍) എന്നിവയാണവ.'

തുടര്‍ന്നിറങ്ങിയ ഒരു പുസ്തകത്തില്‍ പദോല്‍പത്തിയെ കുറിച്ച് അലി കൂടുതല്‍ വര്‍ണ്ണിക്കുന്നുണ്ട്: 'പാകിസ്ഥാന്‍ എന്നത് പേര്‍ഷ്യന്‍, ഉറുദു ഭാഷകളിലുള്ള ഒരു പദമാണ്. എല്ലാ തെക്കനേഷ്യന്‍ മാതൃരാജ്യങ്ങളില്‍ നിന്നും രൂപം കൊണ്ട ഒന്നാണത്; അതായത് പഞ്ചാബ്, അഫ്ഗാനിയ, കാശ്മീര്‍, സിന്ധ്, ബലൂച്ചിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന്. പാക്കുകളുടെ മണ്ണ് എന്നാണ് അതിന്റെ അര്‍ത്ഥം-ആത്മീയമായി ശുദ്ധിയും വൃത്തിയുമുള്ള ഒന്ന്.'

പാകിസ്ഥാന്‍ എന്ന രാജ്യം സ്ഥാപിക്കണമെന്ന് വാദിച്ചവരില്‍ പൂര്‍വസൂരി എന്ന് വിശേഷിപ്പിക്കാവുന്ന ചൗധരി റഹ്മത്ത് അലി (1895 നവംബര്‍ 16-1951 ഫെബ്രുവരി മൂന്ന്) ഒരു പഞ്ചാബി ദേശീയവാദിയായിരു്ന്നു. ഇന്ത്യന്‍ പഞ്ചാബിലെ ഹോഷിയപൂര്‍ ജില്ലയിലെ ബാലാചൗര്‍ പട്ടണത്തില്‍ ഗോര്‍സി ഗോത്രത്തിലുള്ള ഒരു പഞ്ചാബി ഗുജ്ജാര്‍ കുടുംബത്തിലാണ് അലി പിറന്നത്. 1918ല്‍ ലാഹോറിലെ ഇസ്ലാമിയ മദ്രസയില്‍ നിന്നും ബിരുദം നേടിയ അലി, പഞ്ചാബ് സര്‍വകലാശാലയില്‍ നിയമപഠനത്തിന് പോകുന്നതിന് മുമ്പ് കുറച്ചുകാലം ലാഹോറിലെ എയ്ച്ചിസണ്‍ കോളേജില്‍ അദ്ധ്യാപകനായി പണിയെടുത്തിരുന്നു. 1930ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോവുകയും 1931ല്‍ ഇമ്മാനുവല്‍ കോളേജില്‍ ചേരുകയും ചെയ്തു. 1933ല്‍, പാകിസ്ഥാന്‍ എന്ന വാക്ക് രൂപപ്പെടുത്തിക്കൊണ്ട് ഇപ്പോള്‍ അല്ലെങ്കില്‍ ഒരിക്കലുമില്ല എന്ന ലഘുലേഖ അദ്ദേഹം പ്രസിദ്ധീകരിച്ചു. കൂടാതെ അതേ വര്‍ഷം തന്നെ അദ്ദേഹം ഇംഗ്ലണ്ടില്‍ പാകിസ്ഥാന്‍ ദേശീയ പ്രസ്ഥാനത്തിന് രൂപം കൊടുത്തു. 1933ല്‍ തന്നെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ബിഎ ബിരുദം നേടിയ അദ്ദേഹം 1940ല്‍ എംഎ ബിരുദവും കൈക്കലാക്കി. 1943ല്‍ ലണ്ടനിലെ മിഡില്‍ ടെമ്പിളില്‍ നിന്നും അദ്ദേഹത്തിന് അഭിഭാഷകവൃത്തിക്കുള്ള ക്ഷണം ലഭിച്ചു.

റഹ്മത്ത് അലി (ഇരിക്കുന്നവരില്‍ ഇടത് നിന്ന് ഒന്നാമത്)

ദക്ഷിണേഷ്യയെ കുറിച്ചുള്ള വിവിധങ്ങളായ കാഴ്ചപ്പാടുകള്‍ അടങ്ങുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അദ്ദേഹം 1947 വരെ തുടര്‍ന്നു. ജീവനക്ഷമവും സ്വതന്ത്രവുമായ ഒരു സമൂഹമായി ഇന്ത്യയിലെ മുസ്ലീങ്ങള്‍ വളരുന്നതിന് അവര്‍ രാഷ്ട്രീയമായി പരിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ഇസ്ലാമിക ചരിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം, ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ കാലഘട്ടത്തില്‍ ഇസ്ലാമിക ചരിത്രത്തിലെന്നപോലെ ഇന്ത്യന്‍ മുസ്ലീങ്ങളും സംഘടിച്ചാലേ അവര്‍കക്ക് അതിജീവിക്കാനാവൂ എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. അങ്ങനെ നോക്കുമ്പോള്‍, മുഹമ്മദ് ഇഖ്ബാലിനെ പോലുള്ളവരോടൊപ്പം അലിയുടെ എഴുത്തകളാണ് പാകിസ്ഥാന്‍ രൂപീകരണത്തിന് രാസത്വരകമായി പ്രവര്‍ത്തിച്ചതെന്ന് പറയാം. ബംഗാളിലെ മുസ്ലീം മാതൃദേശത്തിന് 'ബംഗിസ്ഥാന്‍' എന്നും ഡക്കാനിലെ മുസ്ലീം പിതൃരാജ്യത്തിന് 'ഒസ്മാനിസ്ഥാന്‍' എന്നും അദ്ദേഹം നാമകരണം ചെയ്തു. വിവിധ മതങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ ഏഷ്യയ്ക്ക് ദിനിയ എന്ന പേരും അദ്ദേഹം നിര്‍ദ്ദേശിച്ചു.

1947ല്‍ പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ട ശേഷം, കാശ്മീര്‍ പ്രശ്‌നത്തില്‍ അതിനു വേണ്ടിയും ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ അവകാശത്തിന് വേണ്ടിയും അദ്ദേഹം ഐക്യരാഷ്ട്ര സഭയില്‍ വാദങ്ങള്‍ ഉന്നയിച്ചു. കൂട്ടക്കൊലപാതകങ്ങള്‍ക്കും കൂട്ടപലായനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഇന്ത്യ-പാക് വിഭജനം അദ്ദേഹത്തെ മോഹവിമുക്തനാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ പ്രദേശങ്ങള്‍ വിഭജിച്ചതില്‍ അദ്ദേഹം അസംതൃപ്തനായിരുന്നു. അതാണ് കുഴപ്പങ്ങളുടെ മൂലകാരണമെന്ന് അദ്ദേഹം വിശ്വസിച്ചു. പാകിസ്ഥാന്‍ സൃഷ്ടിക്കപ്പെട്ട ശേഷം, ആ രാജ്യത്ത് തുടര്‍ന്ന് ജീവിക്കാമെന്ന മോഹത്തോടെ അദ്ദേഹം 1948ല്‍ അവിടെയെത്തി. പക്ഷെ രാജ്യം വിട്ടുപോകാന്‍ അദ്ദേഹത്തോട് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടപ്പെട്ടു. വെറും കൈയോടെയാണ് 1948 ഒക്ടോബറില്‍ അലി ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. 1951 ഫെബ്രുവരി മൂന്നിന് അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതീകശരീരം കേംബ്രിഡ്ജിലെ ന്യൂമാര്‍ക്കറ്റ് റോഡ് ശ്മശാനത്തില്‍ ഫെബ്രുവരി 20ന് അടക്കം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ ശവമടക്കിന്റെ ഉത്തരവാദിത്വം വഹിക്കാന്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍, കേംബ്രിഡിജിലെ അദ്ദേഹത്തിന്റെ അദ്ധ്യാപകനാണ് 1951 ഫെബ്രുവരി 20ന് നടന്ന ശവസംസ്‌കാരത്തിന്റെ ചുമതലകള്‍ നിര്‍വഹിച്ചത്.

റഹ്മത്ത് അലിയുടെ ശവകുടീരം


Next Story

Related Stories