TopTop
Begin typing your search above and press return to search.

ഇവിടെയുമുണ്ട് അമ്മമാര്‍; കച്ചവടക്കാരാണെങ്കിലും ബാങ്ക് അക്കൗണ്ടുമില്ല, ഇപ്പോള്‍ കച്ചവടവുമില്ല

ഇവിടെയുമുണ്ട് അമ്മമാര്‍; കച്ചവടക്കാരാണെങ്കിലും ബാങ്ക് അക്കൗണ്ടുമില്ല, ഇപ്പോള്‍ കച്ചവടവുമില്ല

കൃഷ്ണ ഗോവിന്ദ്‌

'എനിക്ക് ബാങ്ക് അക്കൌണ്ടില്ല. കയ്യില്‍ അതിനുമാത്രം കാശുമില്ല' തിരുവനന്തപുരം പാളയം കണ്ണിമാറ മാര്‍ക്കറ്റില്‍ വര്‍ഷങ്ങളായി പച്ചക്കറി വ്യാപാരം നടത്തുന്ന സരസ്വതിയുടെ വാക്കുകളാണിത്.

നോട്ട് നിരോധനവും നോട്ട് മാറ്റലും നോട്ട് ക്ഷാമവും എങ്ങനെ ജീവിതത്തെ ബാധിച്ചു എന്നറിയാന്‍ നടത്തിയ അന്വേഷണത്തിനിടയാണ് സരസ്വതിയെ കണ്ടുമുട്ടിയത്. സരസ്വതിയുടെ തൊട്ടടുത്ത് തന്നെ സായി എന്ന കച്ചവടക്കാരിയും ഇരിപ്പുണ്ട്. കച്ചവടം എന്ന് കേള്‍ക്കുമ്പോള്‍ വലിയ വ്യാപാരമാണെന്ന് ഒന്നും തെറ്റിദ്ധരിക്കരുത്. ഒരാള്‍ ചാല മാര്‍ക്കറ്റില്‍ നിന്ന് കടമായി പച്ചക്കറികള്‍ കൊണ്ടുവന്ന് കച്ചവടം നടത്തുന്നു. മറ്റേ ആള്‍ പാളയം മാര്‍ക്കറ്റിലെ മറ്റ് പല കച്ചവടക്കാരില്‍ നിന്ന് ഓരോ സാധനങ്ങള്‍ കടമായി മേടിച്ച് കച്ചവടം നടത്തുന്നു.

സരസ്വതിയമ്മ 45 വര്‍ഷമായി പാളയം മാര്‍ക്കറ്റില്‍ ചെറുകിട പച്ചക്കറി വ്യാപാരം നടത്തുന്നു. പ്രായം ചോദിച്ചപ്പോള്‍ അറിയില്ല എന്നാണുത്തരം. അറുപതുവയസിനുമുകളില്‍ പ്രായം കാണുമെന്നാണ് കരുതുന്നത്. അവരുടെ ഏറ്റവും വലിയ സ്വപ്‌നം സ്വന്തമായിട്ട് ഒരു 'കൂര' വേണമെന്നാണ്. പിന്നെ മകള്‍ക്ക് ഒരു ജോലിയും. ധാരാളം പരാതികളുടെയും പരിഭവങ്ങളുടെയും കഥ പറഞ്ഞ സരസ്വതിയമ്മ, ഞെട്ടിച്ചത്, ഇതൊക്കെ ഇത്രയെയുള്ളൂ എന്ന ഭാവത്തില്‍ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചതാണ്.നോട്ട് വിഷയം ചോദിച്ചപ്പോള്‍ പറയുന്നത്- (വിഷയത്തെക്കുറിച്ച് കേട്ടറിവ് മാത്രമെ സരസ്വതിയമ്മക്കുള്ളൂ) 'കഷ്ടപ്പാടാണ് മക്കളെ. നല്ല കാശുള്ളവര്‍ക്ക് എന്തു പ്രശ്‌നം. പ്രശ്‌നങ്ങളൊക്കെ നമ്മളെപ്പോലെയുള്ള പാവങ്ങള്‍ക്കും ഇടയിലുള്ളവര്‍ക്കുമല്ലെ. ഇവരുടെ മക്കളും മറ്റും നിരാശയിലാണ്. ഞാന്‍ ചാലയില്‍ നിന്നാണ് പച്ചക്കറികള്‍ എടുക്കുന്നത്. കടമായിട്ടാണ് എടുക്കുന്നത്. പിറ്റേന്ന് കൊടുക്കും. വീണ്ടും കടമായിട്ട് എടുക്കും. ഇവിടെ എത്തിക്കാന്‍ വണ്ടിക്കൂലിയും ചുമട്ടു കൂലിയും കൊടുക്കണം. രൂപ പത്തഞ്ഞൂറാകും അതിന്. ഇതെല്ലാം കഴിഞ്ഞ് കച്ചവടം നടന്നാല്‍ കിട്ടുന്നത് വലിയ മെച്ചമൊന്നുമില്ലാത്ത തുകയാണ്. ഇപ്പോ ആണെങ്കില്‍ കച്ചവടവും ഇല്ല. എനിക്ക് ബാങ്കിലോ ഒരിടത്തും അക്കൗണ്ടില്ല. രേഖകളും ഇല്ല. മൊത്തത്തില്‍ കഷ്ടപ്പാടായി മക്കളെ. കുറച്ചു ബുദ്ധിമുട്ട് തന്നെ. എന്നാലും നാടിന് നല്ലതിനു വേണ്ടിയല്ലെ മക്കളെ, എല്ലാം ശരിയാവും.'

നോട്ട് നിരോധനം ഒരാഴ്ച പിന്നിടുമ്പോള്‍; ജനത്തിന് ചിലത് പറയാനുണ്ട്

സ്വന്തം മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ചിട്ട് അവര്‍ക്ക് ഒരു ജോലി കിട്ടാത്തതിന്റെ പരിഭവം ആ അമ്മ പറയുന്നു. അധികം പഠിപ്പിക്കാന്‍ ഒന്നും പറ്റിയില്ല. എന്നാലും പ്ലസ് ടു വരെ പഠിപ്പിച്ചു. എപ്ലോയിമെന്റെ് എക്‌സ്‌ചേഞ്ചില്‍ പേരു കൊടുത്തിട്ടും സര്‍ക്കാര്‍ ഒരു താല്‍ക്കാലിക ജോലിക്കും വിളിക്കുന്നില്ല എന്നാണ് സരസ്വതിയമ്മ പറയുന്നത്. സര്‍ക്കാര്‍ ജോലി വേണമെന്നാണ് സരസ്വതിയമ്മയുടെ പക്ഷം. മകന്‍ തന്റെ കൂടെ കച്ചവടത്തില്‍ ഇടയ്ക്ക് സഹായിക്കാന്‍ വരാറുണ്ടെന്നും ഇവര്‍ പറയുന്നു. വീടും വയ്ക്കണം, മകളുടെ കല്യാണം നടത്തണം ഇതിനൊക്കെ കഷ്ടപ്പാടുണ്ട്. എല്ലാം ശരിയാവും മക്കളെ... ശരിയാവുമെന്ന് ആശ്വസിപ്പിച്ചിട്ട് ആ അമ്മ കടയിലേക്ക് തിരിഞ്ഞു.

സായി എന്ന വൃദ്ധയോട് എത്ര വര്‍ഷമായി ഇവിടെ കച്ചവടം നടത്തുകയാണെന്ന് ചോദിച്ചാല്‍ കുറെ വര്‍ഷമായി എന്നു പറയും. പ്രായം ചോദിച്ചാലും അറിയില്ല. കുറഞ്ഞത് എണ്‍പത് വയസ് എങ്കിലും കാണും അവര്‍ക്ക് പ്രായം. ബന്ധുക്കളെ ആരെങ്കിലുമുള്ളതായി അവര്‍ പറഞ്ഞില്ല. മക്കളില്ലെന്ന് പറഞ്ഞു. ആ അമ്മയുടെ വാക്കുകളിലൂടെ;'വേറെ ജോലി ഒന്നുമില്ല, വരുമാനവും ഇല്ല. ഈ കച്ചവടം മാത്രമെ ഉള്ളൂ. ഇപ്പം സര്‍ക്കാര്‍ വെറുതെ പൈസ കൊടുക്കുമല്ലോ (പെന്‍ഷന്‍) അതും വാങ്ങിക്കാനും പോകുന്നില്ല. അതു വേണ്ട. മക്കളില്ല. പ്രായമായി. ബുദ്ധിമുട്ടാണ്. ഇവിടുത്തെ മറ്റ് കടക്കാരില്‍ നിന്ന് ഒാരോ ഓരോ സാധങ്ങള്‍ വിലക്കുറച്ചു മേടിക്കും. അത് വിറ്റാല്‍ കാപ്പി കുടിക്കാനുള്ളത് കിട്ടും. വേറെ വരുമാനം ഒന്നുമില്ല. ഇന്നിപ്പോള്‍ അന്‍പത് രൂപയുടെ കച്ചവടം നടന്നിട്ടില്ല. രൂപയ്‌ക്കെന്തോ സംഭവിച്ചു എന്ന് മറ്റ് കടക്കാരു പറഞ്ഞു. സാധനം മേടിക്കാന്‍ ബുദ്ധിമുട്ടായി. കച്ചവടത്തിന് ആരും വരുന്നില്ല. ഇതല്ലാതെ വെറെ ഒന്നും എനിക്കറിയില്ല.'

നാടകം കളിക്കുമ്പോള്‍ സ്വന്തം അമ്മയെയെങ്കിലും ഒഴിവാക്കാവുന്നതാണ്

ഈ അമ്മ കുറെ സംസാരിച്ചുവെങ്കിലും പലതും അവ്യക്തമായിരുന്നു. മനസിലായത് ഇത്രയും കാര്യങ്ങളാണ്- അവര്‍ക്ക് കച്ചവടം നടത്താന്‍ മാത്രമെ അറിയുകയുള്ളൂ. സര്‍ക്കാരു തരുന്ന കാശ് മേടിക്കാന്‍ പോവില്ല. ബാങ്കില്‍ ആക്കൗണ്ടില്ല. ഒരു തിരിച്ചറിയല്‍ രേഖയും കൈവശമില്ല. താന്‍ പാവപ്പെട്ടവളാണ്. ഏതായാലും ആരുടെയും മുന്നില്‍ കൈ നീട്ടാന്‍ പോകില്ലെന്നൊരു വാശി അവര്‍ക്കുണ്ട്. അത് പറയുമ്പോള്‍ കൂടുതല്‍ തെളിച്ചത്തോടെയാണ് ആ അമ്മ സംസാരിക്കുന്നത്.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് കൃഷ്ണ)


Next Story

Related Stories