UPDATES

വിദേശം

എന്താണ് ഇസ്രായേല്‍-പലസ്തീന്‍ പോരാട്ടം? എന്താണ് സയണിസം?

Avatar

ടീം അഴിമുഖം

മദ്ധ്യധരണ്യാഴിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇസ്രായേല്‍,ലോകത്തിലെ ഏക ജൂത രാജ്യമാണ്. ഇപ്പോള്‍ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള തങ്ങളുടെ ജന്മനാട്ടില്‍ ഭാഗികമായോ അല്ലെങ്കില്‍ പൂര്‍ണമായോ ഒരു പലസ്തീന്‍ രാജ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളിലാണ് അറബ് ജനതയായ പലസ്തീനികള്‍. ആര്‍ക്ക് ഏത് ഭൂമി ലഭിക്കുമെന്നും അതിന്റെ നിയന്ത്രണം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധച്ച തര്‍ക്കമാണ് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങളുടെ അടിസ്ഥാനം. ജൂതന്മാരും അറബികളും ഈ ഭൂമിയിലുള്ള തങ്ങളുടെ അവകാശങ്ങള്‍ക്ക് ഒന്നോ രണ്ടോ ആയിരം വര്‍ഷങ്ങളുടെ ചരിത്രം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. യൂറോപ്പില്‍ നിന്നും പലായനം ചെയ്ത ജൂതന്മാര്‍, അന്ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന അറബ്-മുസ്ലീം ഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് ഒരു ദേശീയ മാതൃരാജ്യം സ്ഥാപിക്കാന്‍ ആഗ്രഹിച്ചു. ഈ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളാണെന്ന് കരുതുന്ന അറബികള്‍ ഈ നീക്കത്തെ ചെറുത്തു. ഓരോ വിഭാഗത്തിനും ഭൂമി ഭാഗം വയ്ക്കാനുള്ള യുഎന്‍ നീക്കം പരാജയപ്പെടുകയും മേഖലയുടെ നിയന്ത്രണത്തിനായി ഇസ്രായേലും ചുറ്റുപാടുമുള്ള അറബി രാജ്യങ്ങളും തമ്മില്‍ നിരവധി യുദ്ധങ്ങള്‍ നടക്കുകയും ചെയ്തു. ഈ യുദ്ധങ്ങളുടെ, പ്രത്യേകിച്ചും 1948ലും 1967ലും നടന്ന രണ്ട് യുദ്ധങ്ങളുടെ ബാക്കിപത്രമാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍. 

പലസ്തീന്‍ ജനതയ്ക്ക് ഭൂരിപക്ഷമുള്ള ഗാസയുടെയും വെസ്റ്റ്ബാങ്കിന്റെയും നിയന്ത്രണം ഇസ്രായേലിന് ലഭിച്ച 1967ലെ യുദ്ധത്തിന് ഇന്നത്തെ സംഘര്‍ഷങ്ങളില്‍ വലിയ പങ്കുണ്ട്: ഇപ്പോള്‍ വെസ്റ്റ് ബാങ്കിന് മേല്‍ പലസ്തീന് നാമമാത്രമായ നിയന്ത്രണം ഉണ്ടെങ്കിലും പ്രദേശം ഇസ്രായേല്‍ അധിനിവേശത്തിന് കീഴിലാണുള്ളത്. പലസ്തീനികള്‍ക്ക് ഭൂമി നിഷേധിക്കുന്ന തരത്തില്‍ ഫലപ്രദമായ ജൂത കുടിയേറ്റത്തിലൂടെയാണ് ഇസ്രായേല്‍ ഈ നിയന്ത്രണം നേടിയെടുത്തത്. ഇസ്രായേല്‍ സേന കൈയേറ്റക്കാര്‍ക്ക് സായുധ സംരക്ഷണം നല്‍കുകയും പലസ്തീന്‍ പ്രസ്ഥാനത്തിന് നേരെ സുരക്ഷാ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് ഇരുവിഭാഗം പലസ്തീന്‍ സംഘങ്ങള്‍ യോജിക്കുകയും 2007ന് ശേഷം ആദ്യമായി സംയുക്ത പലസ്തീന്‍ സര്‍ക്കാര്‍ രൂപീകൃതമാവുകയും ചെയ്തു. തങ്ങളെ തകര്‍ക്കാനുള്ള ഒരു അവസരവും ഹമാസ് പാഴാക്കില്ല എന്ന് വിശ്വസിക്കുന്ന ഇസ്രായേലിനെ ഈ നീക്കം പ്രകോപിപ്പിക്കുകയും അതോടെ സമാധാന സംഭാഷണങ്ങള്‍ക്ക് വിഘ്‌നം വരുകയും ചെയ്തു. 


ഗാസയുടെയും വെസ്റ്റ്ബാങ്കിലെ ഭൂരിപക്ഷം പ്രദേശങ്ങളുടെ നിയന്ത്രണം പലസ്തീന് ലഭിക്കുകയും ബാക്കിയുള്ള പ്രദേശങ്ങള്‍ ഇസ്രായേലിന് നല്‍കുകയും ചെയ്യുന്ന ‘രണ്ട് വ്യത്യസ്ത രാജ്യങ്ങള്‍’ എന്ന പരിഹാര നിര്‍ദേശമാണ് ഇപ്പോള്‍ അടിസ്ഥാനപരമായി നിലനില്‍ക്കുന്നത്. രണ്ട് രാജ്യങ്ങള്‍ എന്ന നിര്‍ദ്ദേശം സിദ്ധാന്തപരമായി പൂര്‍ണമാണെങ്കിലും അത് എങ്ങനെ പ്രായോഗികമായി നടപ്പിലാക്കും എന്ന കാര്യത്തില്‍ ഇരുകക്ഷികളും തമ്മില്‍ ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

എല്ലാ പ്രദേശത്തെയും ഉള്‍പ്പെടുന്ന രീതിയില്‍ ഒരു വലിയ പലസ്തീന് അല്ലെങ്കില്‍ ഒരു വലിയ ഇസ്രായേലിന് നിയന്ത്രണം ലഭിക്കുന്ന ഏകരാജ്യ പരിഹാര നിര്‍ദ്ദേശവും നിലവിലുണ്ട്. ഈ നിര്‍ദ്ദേശം കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കാനേ സഹായിക്കുകയുള്ളൂ എന്ന് മിക്ക നിരീക്ഷകരും കരുതുന്നു. എന്നാല്‍ രാഷ്ട്രീയവും ജനസംഖ്യാനുപാതികവുമായ കാരണങ്ങളാല്‍ ഈ നിര്‍ദ്ദേശം നടപ്പിലാവാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

എന്താണ് സയണിസം?
ഇസ്രായേലിന്റെ ദേശീയ പ്രത്യയശാസ്ത്രമാണ് സയണിസം. ജൂഡായിസം മതമെന്ന പോലെ ദേശീയതയും ആണെന്നും ഫ്രഞ്ചുകാര്‍ക്ക് ഫ്രാന്‍സ് എന്ന പോലെയോ ചൈനക്കാര്‍ക്ക് ചൈന എന്ന പോലെയോ തങ്ങളുടെ പിതൃഭൂമിയായ ഇസ്രായേലില്‍ സ്വന്തം രാജ്യം സ്ഥാപിക്കാനുള്ള അവകാശമുണ്ടെന്നും സയണിസ്റ്റുകള്‍ വിശ്വസിക്കുന്നു. ജൂതന്മാരെ ഇസ്രായേലിലേക്ക് മടക്കി കൊണ്ടുവന്ന ഈ വികാരമാണ് അറബ്-പലസ്തീന്‍ ജനതയുടെ മനസില്‍ ഇസ്രായേല്‍ രാജ്യത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഉണര്‍ത്തുന്നതും. 


ഏകദേശം ബിസി 950ല്‍ നിലവിലുണ്ടായിരുന്നു എന്ന് ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന ദാവീദിന്റെയും സോളമന്റെയും സമ്രാജ്യത്തോടാണ് തങ്ങളുടെ രാജ്യാവകാശത്തെ ജൂതന്മാര്‍ കൂട്ടിയിണക്കുന്നത്. യൂറോപ്പില്‍ ദേശീയ വികാരം വ്യാപകമായ 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ‘സയണിലേക്കുള്ള മടക്കം’ എന്ന് ദീര്‍ഘകാല ജൂത ആവശ്യത്തിനുമേല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ആധുനിക സയണിസം ആരംഭിക്കുന്നത്. മതേതരവാദിയായ ഓസ്ട്രിയന്‍-ജൂത പത്രലേഖകനായിരുന്ന തിയോഡര്‍ ഹേള്‍സാണ് 1896-ഓടെ ജൂത ദേശീയതയെ ഒരു അന്താരാഷ്ട്ര പ്രസ്ഥാനമാക്കി മാറ്റിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍