TopTop
Begin typing your search above and press return to search.

ഇസ്രായേലിനെതിരെ ഇനി നിയമത്തിന്റെ വഴി; രേഖകള്‍ യുഎന്നില്‍ സമര്‍പ്പിച്ച് പലസ്തീന്‍

ഇസ്രായേലിനെതിരെ ഇനി നിയമത്തിന്റെ വഴി; രേഖകള്‍ യുഎന്നില്‍ സമര്‍പ്പിച്ച് പലസ്തീന്‍

കരോള്‍ മോറെല്ലോ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പലസ്തീന്‍ ആവശ്യമായ രേഖകള്‍ ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിച്ചു. യുദ്ധ കുറ്റാരോപണങ്ങളുടെ പേരില്‍ ഇസ്രായേലിനെതിരെ സാങ്കേതികമായി നിയമനടപടികള്‍ സ്വീകരിക്കാന്‍ പലസ്തീന് ഇതുവഴി സാധിക്കും.

പലസ്തീനിലെ യുഎന്‍ പ്രതിനിധിസംഘം തലവന്‍ റിയാദ് മന്‍സൂറാണ് നിരവധി ഉടമ്പടികളില്‍ ഒപ്പിടാനുള്ള പലസ്തീന്‍ തീരുമാനവുമായി ബന്ധപ്പെട്ട കടലാസുകള്‍ കൈമാറിയത്. പലസ്തീന്‍ അതിര്‍ത്തിയില്‍ നടക്കുന്നതെന്ന് ആരോപിക്കപ്പെടുന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് നിയമാനുമതി ലഭിക്കുന്നതാണ് ഇതില്‍ ഒരു കരാര്‍. പുതുവര്‍ഷത്തിന്റെ തലേന്ന് വൈകിട്ട് പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മെഹമൂദ് അബ്ബാസ് കരാറുകളില്‍ ഒപ്പു വച്ചു. എന്നാല്‍ ഈ നീക്കം ഇസ്രായേലിനേയും വാഷിംഗ്ടണിനെയും ഒരു പോലെ കോപാകുലരാക്കിയിട്ടുണ്ട്.

'ഇത് വളരെ നിര്‍ണ്ണായക ചുവടുവയ്പ്പാണ്,' എന്ന് മന്‍സൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'അധികാരം കൈവശപ്പെടുത്തിയിരിക്കുന്ന ഇസ്രായേല്‍ കൊല്ലുന്ന എല്ലാ ഇരകള്‍ക്കും നീതി തേടുന്നതിന് വേണ്ടി ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന ഒരു സാധ്യതയായിരുന്നു ഇത്.'16 അന്താരാഷ്ട്ര ഉടമ്പടികളുമായി ബന്ധപ്പെട്ട രേഖകള്‍ പാലസ്ത്രീന്‍ സമര്‍പ്പിച്ചതായി യുഎന്‍ സ്ഥിരീകരിച്ചു. 'അടുത്ത അനുയോജ്യ നടപടി എന്തായിരിക്കണം എന്ന് തീരുമാനിക്കാന്‍ ഉതകുന്ന തരത്തില്‍' രേഖകള്‍ പരിശോധിച്ച് വരികയാണെന്ന് യുഎന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

രേഖകള്‍ സാധുവാക്കപ്പെടുകയും ഇത്തരം ഉടമ്പടികളില്‍ ഒപ്പിടാന്‍ സാധിക്കുന്ന രീതിയില്‍ പാലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കപ്പെടുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയും ചെയ്യുന്നിടത്തോളം ഒപ്പിട്ട രേഖകള്‍ക്ക് നിയമസാധുത ഉണ്ടായിരിക്കില്ല. എന്നാല്‍ ഇപ്പോള്‍ തന്നെ പ്രശ്‌നാധിഷ്ടിതമായ ഒരു സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കാന്‍ ഇപ്പോഴത്തെ നീക്കം വഴിവച്ചേക്കും. പലസ്തീനിനുള്ള മനുഷ്യത്വപരമായ സഹായങ്ങള്‍ അപകടത്തിലായേക്കും എന്ന് കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധ കുറ്റാന്വേഷണത്തെ സംബന്ധിച്ചിടത്തോളം ഇസ്രായേലിനേക്കാള്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടത് പാലസ്തീനായിരിക്കുമെന്ന് പ്രധാനമന്ത്രി ബഞ്ചമിന്‍ നേത്യാനൂഹ് പറയുകയും ചെയ്തിട്ടുണ്ട്.

പലസ്തീന്‍ അതോറിറ്റിയുടെ നേതാക്കള്‍ക്കെതിരെ യുഎസ് കോടതികളില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുകയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥന്‍ തയ്യാറായില്ലെങ്കിലും, പലസ്തീന്‍കാരെ കോടതി കയറ്റുന്നതും കാത്തിരിക്കുകയാണ് തങ്ങളെന്ന് ചാവേര്‍ ബോംബുകളില്‍ പരിക്കേല്‍ക്കപ്പെടുകയോ ബന്ധുക്കളെ നഷ്ടപ്പെടുകയോ ചെയ്ത ചില ഇസ്രായേലികള്‍ പറഞ്ഞു.

ഇതിനിടയില്‍ വെസ്റ്റ് ബാങ്കിലെങ്ങും രോഷം പടരുകയാണ്. ജറുസലേമിലെ യുഎസ് കോണ്‍സുലേറ്റിലേക്ക് പോവുകയായിരുന്ന നയതന്ത്ര ഉദ്യോഗസ്ഥ സംഘത്തെ ഒരു സംഘം ആക്രമിച്ചു.നയതന്ത്ര ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ഒരു വാഹനത്തെ ഒരു സംഘം സായുധരായ ആളുകള്‍ തടഞ്ഞുനിറുത്തുകയും കല്ലുകള്‍ വലിച്ചെറിയുകയും ചെയ്തതായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അടുത്തകാലത്ത് ജൂത കുടിയേറ്റക്കാര്‍ 5000 ഒലീവ് തൈകള്‍ നശിപ്പിച്ചു എന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അന്വേഷിക്കാന്‍ ഒരു പലസ്തീന്‍ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു നയതന്ത്ര ഉദ്യോഗസ്ഥര്‍.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും, നയതന്ത്ര ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം റദ്ദാക്കി. സംഭവം നടന്ന സമയത്ത് റെക്കോഡ് ചെയ്ത വീഡിയോ ഇസ്രായേല്‍ അധികൃതര്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചിട്ടുണ്ട്.


Next Story

Related Stories