TopTop
Begin typing your search above and press return to search.

മെഗാസ്റ്റാര്‍ മമ്മൂട്ടി പള്ളുരുത്തിയില്‍ ഡൊമനിക് പ്രസന്റേഷനെ വെള്ളം കുടിപ്പിക്കുമോ?

മെഗാസ്റ്റാര്‍ മമ്മൂട്ടി പള്ളുരുത്തിയില്‍ ഡൊമനിക് പ്രസന്റേഷനെ വെള്ളം കുടിപ്പിക്കുമോ?

ഡി ധനസുമോദ്

ഏറണാകുളം ജില്ലയിലെ പള്ളൂരുത്തി നിയോജക മണ്ഡലത്തില്‍ മൂന്നുവട്ടം വിജയിച്ച ടി പി പീതാംബരന്‍ മാസ്റ്ററെ 1991 ല്‍ മുട്ടുകുത്തിച്ചാണ് ഡൊമനിക് പ്രസന്റേഷന്‍ എന്ന രാഷ്ട്രീയക്കാരന്‍ നിയമസഭയില്‍ എത്തുന്നത്. പിന്നീട് നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും (1996, 2001) എതിര്‍ സ്ഥാനാര്‍ത്ഥി പീതാംബരന്‍ മാസ്റ്റര്‍ തന്നെയായിരുന്നെങ്കിലും വിജയം ഡൊമനിക് പ്രസന്റേഷനു ഒപ്പമായിരുന്നു. ഹാട്രിക് അടിച്ചു നിന്ന ഡൊമനിക്കിനു പരാജയം പ്രസന്റേഷനായി നല്‍കിയത് സിപിഐഎമ്മിലെ സി എം ദിനേശ് മണിയായിരുന്നു. മന്ത്രിയായിരിക്കെ തെരഞ്ഞെടുപ്പില്‍ തോറ്റ പ്രത്യേകതയും ഡൊമനിക്കിന് അങ്ങനെ കിട്ടി. കൊച്ചി നഗരസഭയുടെ മേയര്‍ ആയിരിക്കെ പള്ളൂരുത്തിക്കാര്‍ക്ക് കുടിവെള്ളം എത്തിച്ചു നല്‍കിയതിന്റെ നന്ദി കൂടിയായിരുന്നു ദിനേശ് മണിക്ക് ലഭിച്ച 6258 ന്റെ ഭൂരിപക്ഷം. കൊച്ചിയില്‍ തോറ്റെങ്കിലും അഞ്ചുവര്‍ഷം ഗാലറിയില്‍ ഇരുന്ന് കളി കാണേണ്ട അവസ്ഥ ഡൊമനിക്കിനുണ്ടായില്ല. എറണാകുളം എംഎല്‍എ ആയിരുന്ന കെ വി തോമസ് ലോകസഭയിലേക്ക് മത്സരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിന്നു വിജയിച്ച് ഡൊമനിക് നിയമസഭയിലെത്തി. 2011 ല്‍ എറണാകുളത്ത് ഹൈബി ഈഡന്‍ മത്സരിക്കാനെത്തിയതോടെ ഡൊമനിക് തട്ടകം വീണ്ടും കൊച്ചിയിലേക്ക് മാറ്റി. കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഡി പി എന്നറിയപ്പെടുന്ന ഡൊമനനിക് പ്രസന്റേഷന് ശത്രുക്കളേറെയും സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയായിരുന്നു. 52 ശതമാനം ലത്തീന്‍ വോട്ടര്‍മാരുള്ള കൊച്ചി ബിഷപ്പിനെ കാര്യമായി പരിഗണിക്കാന്‍ ഡി പി പോയിട്ടില്ല. സഭ വോട്ട് ചെയ്തിട്ടല്ല താന്‍ ജയിച്ചതെന്നു പറയാനുള്ള ചങ്കൂറ്റവും മന്ത്രിയായിരിക്കെ കാട്ടി. 2006 ല്‍ തോല്‍വിയുടെ രൂപത്തില്‍ മറുപടി കിട്ടിയെങ്കിലും സ്വന്തം നിലപാടില്‍ കാര്യമായ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ആലപ്പുഴക്കാരനായ ഡൊമനിക് വിദ്യാഭ്യാസാവിശ്യത്തിനാണ് എറണാകുളത്ത് എത്തിയതെങ്കിലും രാഷ്ട്രീയക്കാരനായി മെട്രോനഗരത്തില്‍ തന്നെ കൂടി. എറണാകുളം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിനു സമീപം പേച്ചി അമ്മന്‍ കോവില്‍ റോഡിലാണ് ആദ്യം താമസിച്ചത്. വയലാര്‍ രവി ആഭ്യന്തര മന്ത്രി ആയിരിക്കെ ഡൊമനിക് ആയിരുന്നു വലംകൈ. ഡൊമനിക്, വയലാര്‍ രവി, ഭാര്യ മേഴ്‌സി രവി, എഎസ്പി ആയിരുന്ന ജെയിംസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് അന്ന് ആഭ്യന്തര വകുപ്പ് നിയന്ത്രിച്ചിരുന്നതെന്ന് ശ്രുതി വ്യാപകമായിരുന്നു. കൊച്ചി നഗരസഭയുടെ മേയര്‍ ആകാനായിരുന്നു ഡൊമനിക്കിന് ആദ്യം താത്പര്യം. നഗരസഭയിലേക്ക് മത്സരിച്ച് ഡൊമനിക് വിജയിച്ചെങ്കിലും ഭരണം ഇടതുപക്ഷം കൊണ്ടുപോയി. അങ്ങനെ സോമസുന്ദര പണിക്കര്‍ മേയറും ഡൊമനിക് പ്രതിപക്ഷ നേതാവുമായി. പിന്നീടായിരുന്നു നിയമസഭയിലേക്കുള്ള മത്സരം.കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ ഇനി മത്സരിക്കില്ലെന്നും ഇത്തവണ കൂടി അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് സഭ പിന്തുണ നല്‍കിയതെന്ന് എതിരാളികള്‍ മണ്ഡലത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. ആശിര്‍വാദം ചോദിച്ചു ചെന്നപ്പോള്‍ കൈമുത്താന്‍ ബിഷപ്പ് അനുവാദം നല്‍കിയില്ലെന്നതാണ് അടുത്ത കരക്കമ്പി. സഭ ഇടഞ്ഞതായി കുഞ്ഞാടുകള്‍ക്ക് തോന്നിയാല്‍ തിരിച്ചുകുത്തും എന്ന് ഉറപ്പുള്ളതിനാല്‍ തെരഞ്ഞെടുപ്പ് പ്രചരണം അരമനയില്‍ നിന്നും ആരംഭിച്ച് ഡൊമനിക് മതനേതൃത്വത്തെ വെട്ടിലാക്കി. എറണാകുളത്തെ ലത്തീന്‍ നേതൃത്വം കോണ്‍ഗ്രസ് പാര്‍ട്ടിക്കു നല്‍കിയ പട്ടികയില്‍ ഒരിടത്തും ഡൊമനിക്കിന്റെ പേരുണ്ടായിരുന്നില്ല. ആലപ്പുഴയിലെ സഭ നേതൃത്വത്തിന്റെയും എ കെ ആന്റണിയുടെയും പിന്തുണയോടെയാണ് പട്ടികയില്‍ ഇടം നേടിയെടുത്തത്. മുന്‍ മേയര്‍ ടോമി ചമ്മിണി മുതല്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ വരെ നീളുന്ന സാധ്യത പട്ടിക ഡൊമനിക് വിരുദ്ധ വിഭാഗം കെപിസിസിക്ക് സമര്‍പ്പിച്ചു.

മരടുകാരനായ വി ഡി സതീശന്‍ പറവൂരില്‍ താമസിച്ചാണ് പറവൂര്‍ എംഎല്‍എ ആയത്. അങ്കമാലിക്കാരനായ കെ ബാബു തൃപ്പൂണിത്തുറയും പെരുമ്പാവൂരുകാരനായ ബെന്നി ബഹനാന്‍ തൃക്കാക്കരയും ഇതുപോലെ തെരഞ്ഞെടുത്തു. എന്നാല്‍ പള്ളൂരുത്തി, കൊച്ചി എംഎല്‍എ ആകുമ്പോഴും ഡൊമനിക്കിന്റെ താമസം എറണാകുളം നഗരത്തിലെ കടവന്ത്രയിലാണ്. മണ്ഡലത്തിലെ താമസക്കാരനല്ല എന്നതിനാലും എംഎല്‍എ ഓഫിസ് പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാലും ജനപ്രതിനിധിയെന്ന രീതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ആരോപണം ഡൊമനിക് നേരിടുന്നുണ്ട്. വാര്‍ത്ത അവതാരകന്‍ മുതല്‍ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരോട് തട്ടിക്കയറുന്ന രീതി ഡൊമനിക്കിനെതിരെയുള്ള വിമര്‍ശനമാണ്. ജനപ്രതിനിധികള്‍ക്ക് ഉണ്ടാവേണ്ട വിനയം തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ഇദ്ദേഹം പുറത്തെടുക്കുന്നതെന്നാണ് ആക്ഷേപം.

ഒരു വിഭാഗം ഡൊമനിക്കിനെതിരെ തിരിഞ്ഞതില്‍ നഗരസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയും കാരണമായിരുന്നു. റെസിഡന്‍സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ പല സംഘടനകളും ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ പള്ളുരുത്തിയില്‍ മത്സരിപ്പിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഭൂരിപക്ഷവും തോറ്റൂ. ജനവിരുദ്ധരായ സ്ഥാനാര്‍ത്ഥികളെ കെട്ടിയേല്‍പ്പിച്ചത് ഡൊമനിക്കിന്റെ താത്പര്യപ്രകാരമാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. പേയ്‌മെന്റ് സീറ്റ് എന്ന ആരോപണം ഉയര്‍ന്ന മേയര്‍ സ്ഥാനാര്‍ത്ഥിയുടെ പിന്നിലും ഒരു വിഭാഗം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ഇദ്ദേഹത്തെയാണ്.എതിര്‍പ്പുകള്‍ ഒന്നിനു പിറകെ ഒന്നായി എത്തുമ്പോഴാണ് കോണ്‍ഗ്രസ് നേതാവ് കെ ജെ ലീനസ് വിമതനായി രംഗപ്രവേശം ചെയ്യുന്നത്. ചെല്ലാനം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും ജില്ല പഞ്ചായത്തംഗവുമായ ലീനസ് കൊച്ചിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ സുപരിചിതനാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു മുമ്പ് രൂപതയുടെ കീഴിലുള്ള പള്ളികളുടെ നിര്‍മാണ കോണ്‍ട്രാക്ടര്‍ കൂടിയായിരുന്നു. സഭയുമായുള്ള അടുത്ത ബന്ധമാണ് ലീനസിന്റെ തുറുപ്പ് ചീട്ട്. തോപ്പുംപടി, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നിവിടങ്ങളില്‍ മാത്രം ഒതുങ്ങുന്ന ബന്ധമുള്ള ലീനസിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ആവില്ലെന്നു ഡൊമനിക് അനുകൂലികള്‍ ആശ്വസിക്കുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ പിളരുമ്പോള്‍ ജയം കൊയ്യാമെന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ ജി മാക്‌സി കണക്കു കൂട്ടുന്നു. നഗരസഭ കൗണ്‍സിലര്‍ ആയിരിക്കെ കൊതുകിനെതിരായ മരുന്ന് അടിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണം മാക്‌സിക്ക് തിരിച്ചടിയാകുമെന്നും ഒടുവില്‍ ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും ഡൊമനിക് ജയിക്കുമെന്നും അനുകൂലികള്‍ കരുതുന്നു.

എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ ഡൊമനിക്കിനു വെല്ലുവിളി ഉയര്‍ത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. എംഎല്‍എയെ കൊണ്ട് കഴിയാത്ത കുടിവെള്ളം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്കായി. വിമതനും കുടിവെള്ള പ്രശ്‌നവും കൂടി ഡൊമനിക് പ്രസന്റേഷനെ വഴിമുട്ടിക്കുമോയെന്ന് കണ്ടറിയണം.

(മറ്റ് മണ്ഡലങ്ങളെക്കുറിച്ചുള്ള വിശകലനങ്ങള്‍ ഇവിടെ വായിക്കാം തൃപ്പൂണിത്തുറ, നേമം, ഇടുക്കി, മഞ്ചേശ്വരം, കുന്നത്തുനാട്, ഉദുമ)

( മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)


Next Story

Related Stories