TopTop
Begin typing your search above and press return to search.

പാമോയില്‍ കേസിനു പിന്നിലെ അസംതൃപ്തനായ ആ അഹങ്കാരിയാരാണ്?

പാമോയില്‍ കേസിനു പിന്നിലെ അസംതൃപ്തനായ ആ അഹങ്കാരിയാരാണ്?

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ശല്യക്കാരനായ ഒരു വ്യവഹാരിയാണോ? രാഷ്ട്രീയ എതിരാളികളെ കുരുക്കാന്‍ ഇല്ലാക്കഥകള്‍ മെനഞ്ഞെടുക്കുകയാണോ വി.എസ്? പാമോയില്‍ അഴിമതി കേസില്‍ അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പരിഗണിച്ച സുപ്രീം കോടതി അത്തരത്തില്‍ ഒരു കുറ്റപ്പെടുത്തല്‍ നടത്തിയതായി പലരും വ്യാഖ്യാനിക്കുന്നു. പാമോയില്‍ ഇറക്കുമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി വിചാരണചെയ്യണം എന്നതാണ് പ്രതിപക്ഷനേതാവിന്റെ ആവശ്യം. ആ ആവശ്യത്തില്‍ എന്തെങ്കിലും ന്യായമുണ്ടോ?

ഇരുപത്തിമൂന്ന് വര്‍ഷം മുമ്പ് സംസ്ഥാനത്ത് ഉത്ഭവിച്ച ഒരു വിവാദ സംഭവമാണ് പാമോയില്‍ ഇറക്കുമതിക്കേസ്. വെളിച്ചെണ്ണയെക്കാള്‍ വിലകുറഞ്ഞ ഭക്ഷ്യ എണ്ണയെന്ന നിലയില്‍ മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്ത് പൊതുവിതരണ ശൃംഖലയിലൂടെ ജനങ്ങള്‍ക്ക് നല്‍കാന്‍ കരുണാകരന്‍ സര്‍ക്കാര്‍ 1991ല്‍ തീരുമാനിച്ചു. ഇന്ത്യയുടെ വിദേശനാണയശേഖരം കമ്മിയായിരുന്നതിനാല്‍ ഡോളറിനു പകരം രൂപ അടിസ്ഥാനമാക്കി വേണം ഇടപാടു നടത്തേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിക്ക് അനുമതി നല്‍കുമ്പോള്‍ നിഷ്‌ക്കര്‍ഷിച്ചിരുന്നു. തമിഴ്‌നാട്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രത്തില്‍ നിന്ന് ഇത്തരത്തില്‍ പാമോയില്‍ ഇറക്കുമതിക്ക് അനുമതി നേടി. കേരളത്തില്‍ വാങ്ങിയ പാമോയില്‍ പൊതു ഖജനാവിന് 2.33 കോടി രൂപയോളം നഷ്ടമുണ്ടാക്കിയതായി അക്കൗണ്ടന്റ് ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ കണ്ടെത്തി. അന്നും നിയമസഭയില്‍ പ്രതിപക്ഷനേതാവായിരുന്ന അച്യുതാനന്ദന്‍ ഗുരുതരമായ ഒരു അഴിമതി ആരോപണമായി ഇക്കാര്യം ഉന്നയിച്ചു. ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫയുടെയോ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെയോ വിശദീകരണങ്ങള്‍ ആഡിറ്റ് റിപ്പോര്‍ട്ടിലെ കണക്കുകളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ കേരളകൗമുദി പത്രം പുറത്തുകൊണ്ടുവന്നു. അങ്ങനെ പാമോയില്‍ ഇറക്കുമതി അഴിമതി കരുണാകരന്‍ സര്‍ക്കാരിനെ സമൂലം പ്രതിക്കൂട്ടിലാക്കി. ഇറക്കുമതിക്ക് നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരും അവരെ അതിന് പ്രേരിപ്പിച്ച മന്ത്രിമാരും സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രിയുമെല്ലാം കുറ്റക്കാരാണെന്ന് ജനങ്ങള്‍ കണ്ടു. മന്ത്രിസഭായോഗ തീരുമാനപ്രകാരമായിരുന്നു കേരളത്തില്‍ പാമോയില്‍ ഇറക്കുമതി ചെയ്തത്. അതിനുള്ള ശുപാര്‍ശ തയ്യാറാക്കി ഒപ്പിട്ട ചീഫ് സെക്രട്ടറി മുതല്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എം.ഡി. വരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു. പത്മകുമാര്‍ ആയിരുന്നു അന്ന് ചീഫ് സെക്രട്ടറി. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജിതോംസണ്‍ ആയിരുന്നു അന്ന് സപ്ലൈകോ എം.ഡി. അന്നത്തെ ധനകാര്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. കരുണാകരന്‍ മുതല്‍ മുസ്തഫ വരെ പാമോയില്‍ കേസില്‍ പ്രതികളായിട്ടും ഇടക്കാലത്ത് വച്ച് കോണ്‍ഗ്രസ് ഗ്രൂപ്പ് യുദ്ധം മുത്ത് ധനമന്ത്രിസ്ഥാനം രാജിവച്ച ഉമ്മന്‍ചാണ്ടി പ്രതിപ്പട്ടികയില്‍ വന്നില്ല. തിരുത്തല്‍വാദപ്രസ്ഥാനം രൂപീകരിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ കരുണാകരനെതിരെ വീറോടെ യുദ്ധം ചെയ്യുന്ന ഘട്ടത്തില്‍ അവര്‍ക്ക് പിന്‍ബലമേകിക്കൊണ്ടാണ് ഉമ്മന്‍ചാണ്ടി അന്നത്തെ കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്. ഐ.എസ്.ആര്‍.ഒ. ചാരക്കേസിന് ഒപ്പം തന്നെ പാമോയില്‍ അഴിമതിക്കേസും കരുണാകരന്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രചരണായുധമായിരുന്നു. ഉമ്മന്‍ചാണ്ടി ധനമന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ ആടി ഉലയുന്ന കരുണാകരന്‍ സര്‍ക്കാരിന് കടുത്ത പ്രഹരമേറ്റു. പാമോയില്‍ ഇറക്കുമതിക്ക് ധനകാര്യവകുപ്പിന്റെ അനുവാദം നല്‍കിയതിലൂടെ ആ അഴിമതിക്കേസില്‍ ധനമന്ത്രിക്കുള്ള ഉത്തരവാദിത്വത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവായ അച്യുതാനന്ദന്‍ പോലും കാര്യമാക്കിയില്ല. കരുണാകരനെ പരസ്യമായി എതിര്‍ക്കുന്ന ഉമ്മന്‍ചാണ്ടി യോഗ്യനായി എല്ലാവരും കരുതി.

നീണ്ടു നീണ്ടുപോയ അന്വേഷണവും മാറി മറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളും പാമോയില്‍ കേസ് വിസ്മൃതിയില്‍ തള്ളുമെന്നാണ് ഏവരും കരുതിയത്. ഗ്രാഫൈറ്റ് കേസിലും ഇടമലയാര്‍ കേസിലും തുടര്‍നടപടികളിലൂടെ ആര്‍. ബാലകൃഷ്ണപിള്ളയെ കുരുക്കി തടവുശിക്ഷ വാങ്ങിക്കൊടുത്തതില്‍ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ നിയമപോരാട്ടം കേരളത്തിന് അറിവുള്ളതാണ്. കോടതി വ്യവഹാരം വി.എസ്സിന്റെ രാഷ്ട്രീയ യുദ്ധത്തില്‍ നിര്‍ണ്ണായകമായ ഒരു വശമാണെന്നിരിക്കെ കുഞ്ഞാലിക്കുട്ടിക്കെതിരായി ഉയര്‍ന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസും പാമോയില്‍ കേസും അദ്ദേഹം ഉപേക്ഷിച്ചില്ല. നിയമനിര്‍മ്മാണവേദിയായ നിയമസഭപോലെ തന്നെ നിയമവ്യാഖ്യാന വേദിയായ കോടതിയും അച്യുതാനന്ദന്റെ രാഷ്ട്രീയ കുരുക്ഷേത്രമാണ്. കല്ലട സുകുമാരനെപ്പോലെ നിസ്വാര്‍ത്ഥരും നിര്‍മ്മമരുമായ അഭിഭാഷകര്‍ വി.എസ്സിനെ സഹായിക്കാന്‍ നിശബ്ദരായി ഒപ്പമുണ്ട്. എങ്കിലും പാമോയില്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയെ വേട്ടയാടാന്‍ പ്രതിപക്ഷ നേതാവിന്റെ പക്കല്‍ ആയുധമൊന്നും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സ് നേതാവ് ടി.എച്ച്. മുസ്തഫ ഈയിടെ ഒരു ബ്രഹ്മാസ്ത്രം വി.എസ്സിന്റെ കൈയില്‍ കൊണ്ടുകൊടുത്തു. മുസ്തഫപോലും അറിയാതെ.പാമോയില്‍ ഇറക്കുമതി നേരായ മാര്‍ഗ്ഗത്തില്‍ നടന്ന ഇടപാടായിരുന്നെന്നും അതില്‍ അഴിമതിയോ പൊതു നഷ്ടമോ ഇല്ലെന്നുമായിരുന്നു കരുണാകരന്‍ മരിക്കുന്നതുവരെ പറഞ്ഞു പോന്നത്. ഖജനാവിന് നഷ്ടമുണ്ടായില്ലെന്ന് മാത്രമല്ല, പാമോയില്‍ ഇറക്കുമതി ചെയ്തതിനാല്‍ 12 കോടി രൂപ ലാഭമുണ്ടായതായും അന്നത്തെ മന്ത്രി മുസ്തഫ അവകാശപ്പെടുന്നു. പിന്നെ സി ആന്‍ഡ് എ.ജി റിപ്പോര്‍ട്ടില്‍ എങ്ങനെ നഷ്ടക്കണക്കു വന്നു? ജയിംസ് ജോസഫ് ആയിരുന്നു തിരുവനന്തപുരത്ത് അന്നത്തെ അക്കൗണ്ടന്റ് ജനറല്‍. ഇടതുപക്ഷ രാഷ്ട്രീയരംഗത്ത് ശക്തമായ സ്വാധീനസാന്നിധ്യമായിരുന്ന ബേബി ജോണിന്റെ ജാമാതാവാണ് ജയിംസ് ജോസഫ്. ആഡിറ്റ് റിപ്പോര്‍ട്ട് പത്രങ്ങളിലേക്ക് ചോര്‍ന്ന് പോയത് യാദൃച്ഛികമായിരുന്നില്ല. കരുണാകരന്‍ സര്‍ക്കാരിന്റെ പതനം പ്രതിപക്ഷത്തും ഭരണപക്ഷത്തും ഉള്ളവര്‍ ഒരുപോലെ ആഗ്രഹിച്ചു. ഉമ്മന്‍ചാണ്ടി യു.ഡി.എഫ് സര്‍ക്കാരിനെ വീഴ്ത്താന്‍ സംഘം ചേര്‍ന്ന കോണ്‍ഗ്രസ് പടയുടെ നേതാവായി. പാമോയില്‍ കേസ്സില്‍ ഒരിടത്തും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്ന പരാമര്‍ശം ഉണ്ടായില്ല. പക്ഷേ കേസ് ശക്തമായി നിലനിന്നു. പാമോയില്‍ ഇറക്കുമതിയില്‍ ഭക്ഷ്യമന്ത്രിക്കുള്ള പങ്ക് അന്നത്തെ ധനമന്ത്രിക്കും ഉണ്ടെന്ന മുസ്തഫയുടെ യുക്തി ബോധം അദ്ദേഹത്തെ ഒരു സ്വകാര്യ ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിച്ചു. ഉമ്മന്‍ചാണ്ടിയെ പാമോയില്‍ കേസില്‍ നിന്ന് ഒഴിവാക്കിയ ന്യായയുക്തികള്‍ തനിക്കും ബാധകമായതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്ന് തന്റെ പേരു നീക്കണമെന്ന് മുസ്തഫ വാദിച്ചു. കരുണാകരന്‍ മന്ത്രിസഭയുടെ കൂട്ടായ തീരുമാനപ്രകാരമായിരുന്നു പാമോയില്‍ ഇറക്കുമതി. അതിന് സാമ്പത്തികാനുമതി നല്‍കിയത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ്. വ്യവസ്ഥാപിതമായി നടന്ന ആ ഇടപാടില്‍ പിന്നെ താന്‍ മാത്രമെങ്ങനെ മന്ത്രിയെന്ന നിലയില്‍ പ്രതിയാകും എന്ന ചോദ്യം കോടതി പരിശോധിക്കുമ്പോള്‍ വി.എസ്. അപകടം മണത്തു. പാമോയില്‍ കേസ്സ് പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. പ്രോസിക്യൂഷന്‍ ദുര്‍ബലമായി. പ്രതിയും വാദിയും ഒരാള്‍ തന്നെയാകുന്ന വിചിത്രമായ നിയമസാഹചര്യത്തില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് ഒരു ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ എതിര്‍വാദങ്ങള്‍ അംഗീകരിച്ച കോടതി വി.എസ്സിന്റെ ആവശ്യം തള്ളിക്കളഞ്ഞു. അദ്ദേഹം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ആ അപ്പീല്‍ ഹര്‍ജിയുടെ പരിഗണനാവേളയിലാണ് രാഷ്ട്രീയ ലാക്കോടെ കോടതി വ്യവഹാരങ്ങളെ ആയുധമാക്കുന്ന അച്യുതാനന്ദന്റെ പ്രവര്‍ത്തനശൈലി വിമര്‍ശിക്കപ്പെട്ടത്. അത് സുപ്രീം കോടതിയുടെ തെറ്റായ ധാരണമൂലമാണെന്നും തനിക്കെതിരായ ആ പരാമര്‍ശങ്ങള്‍ കേരളത്തില്‍ നടക്കുന്ന പാമോയില്‍ കേസ് വിചാരണയെ ബാധിക്കരുതെന്നും വി.എസ്. അഭ്യര്‍ത്ഥിച്ചു. ഉമ്മന്‍ചാണ്ടിയെന്നല്ല, ആരെ വേണമെങ്കിലും കേസില്‍ പ്രതിചേര്‍ക്കാനുള്ള തെളിവ് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാമെന്ന നിര്‍ദ്ദേശത്തോടെ വി.എസ്സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഈ കേസില്‍ വി.എസ്. ജയിച്ചില്ല. എന്നാല്‍ അദ്ദേഹം തോറ്റതും ഇല്ല.

പാമോയില്‍ കേസ്സില്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഹൈക്കോടതിയില്‍ നിന്നോ വിചാരണ ചെയ്യേണ്ട വിജിലന്‍സ് കോടതിയില്‍ നിന്നോ ഉത്തരമുണ്ടായേക്കാം. വിജിലന്‍സിന്റെ കുറ്റപത്രത്തില്‍ ഉമ്മന്‍ചാണ്ടി പ്രതിയല്ല. മുഖ്യമന്ത്രിയെ പ്രതിയാക്കാന്‍ പ്രതിപക്ഷ നേതാവ് കോടതിയില്‍ തെളിവുമായി എത്തുമ്പോള്‍ സുപ്രീം കോടതി അദ്ദേഹത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ സ്വാധീനിക്കപ്പെടരുതെന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. 23 വര്‍ഷങ്ങളായി തുടരുന്ന പാമോയില്‍ കുംഭകോണം വലിയ വാര്‍ത്തയാക്കിയ കേരളകൗമുദിയുടെ ചീഫ് എഡിറ്റര്‍ എം.എസ്. മണി രണ്ടുവര്‍ഷം മുമ്പ് ഖേദം പ്രകടിപ്പിച്ചു. കരുണാകരന്‍ സര്‍ക്കാരിനെതിരെ ഇങ്ങനൊരു അഴിമതിക്കേസ് ഉയര്‍ത്തിക്കൊണ്ടുവന്നതിന് വലിയ അടിസ്ഥാനമില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. വനംകൊള്ളയ്‌ക്കെതിരെ 1974ല്‍ വലിയൊരു പോരാട്ടം നയിക്കുകയും കരുണാകരന്‍ ഉള്‍പ്പെട്ട ഭരണാധികാരികളെ 'കാട്ടുകള്ളന്മാര്‍' എന്ന് വിളിച്ച് പുസ്തകം എഴുതുകയും ചെയ്ത പത്രാധിപരാണ് എം.എസ്. മണി. പാമോയില്‍ ഇടപാടില്‍ താന്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് അദ്ദേഹം ഖേദിച്ചത്.കരുണാകരന്‍ സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയ ഐ.എസ്.ആര്‍.ഒ. ചാരക്കേസ് പോലെ വിവാദമായ പാമോയില്‍ ഇടപാടിനെക്കുറിച്ചുള്ള അഴിമതി വാര്‍ത്തകളും കെട്ടുകഥയായിരുന്നോ? ആഡിറ്റ് റിപ്പോര്‍ട്ടിന്റെ മറപിടിച്ച് ഒട്ടേറെ വിവാദങ്ങളും ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. 233 ലക്ഷം രൂപയുടെ ക്രമക്കേടുണ്ടായി എന്നാണ് പാമോയില്‍ കേസ്. 60 കോടി രൂപയുടെ അഴിമതിയായിരുന്നു അതിന് മുമ്പുണ്ടായ ബോഫോഴ്‌സ് കേസ്. ടൂ ജി സ്‌പെക്ട്രം ഇടപാടും കല്‍ക്കരി കുംഭകോണവും ലക്ഷംകോടി രൂപയുടേതാണ്. കേരളത്തില്‍ തന്നെ എസ്.എന്‍. സിലാവലിന്‍ അഴിമതി 374 കോടിയുടേതായിരുന്നത്രേ. കാലം മാറുമ്പോള്‍ അഴിമതിയുടെ വ്യാപ്തിയും സ്വഭാവവും അടിമുടി മാറുന്നു. അഴിമതി വാര്‍ത്തകള്‍ക്ക് പിന്നില്‍ പത്രപ്രവര്‍ത്തകരുടെ വസ്തുതാന്വേഷണങ്ങള്‍ക്ക് അപ്പുറം ഒരു തല്‍പ്പരകക്ഷി ഒളിച്ചിരിപ്പുണ്ടെന്നാണ് അനുഭവം. ചെറിയ കെറുവുകള്‍, അസൂയ, സ്ഥാനമോഹഭംഗം തുടങ്ങിയ മനുഷ്യ സ്വഭാവങ്ങള്‍ ഒളിപ്പിച്ചുവച്ചുകൊണ്ട് വാര്‍ത്താവിവരങ്ങളുമായി പത്രലേഖകരെ സമീപിക്കുന്നവര്‍ നാട്ടില്‍ എത്രയോ ഉണ്ട്. അവര്‍ പറയുന്നതൊക്കെ പുറമെ സത്യമായി തോന്നും. ചിലപ്പോള്‍ സത്യമാണെന്ന് തന്നെ വരാം. എങ്കിലും അതിനു പിന്നില്‍ ഒരു കുത്സിത ലക്ഷ്യമുണ്ടാകാം. വാര്‍ത്താ ശേഖരണ വ്യഗ്രതയാല്‍ ആര്‍ത്തി പൂണ്ടിരിക്കുന്ന ലേഖകര്‍ അത്തരം സ്ഥാപിത താല്‍പ്പര്യക്കാരുടെ കെണിയില്‍ വേഗം വീഴുന്നു. ആധുനിക പത്രപ്രവര്‍ത്തന ചരിത്രത്തിലെ വലിയ വാര്‍ത്താ സ്‌കൂപ്പ് ആയ വാട്ടര്‍ഗേറ്റ്-പെന്റഗണ്‍ ടേപ്പ് വിവാദത്തിന് പിന്നില്‍പ്പോലും അസംതൃപ്തനായ ഒരു തല്‍പ്പരകക്ഷി ഉണ്ടായിരുന്നു. 'ഡീപ്പ് ത്രോട്ട്' എന്ന ആ രഹസ്യ ഉറവിടത്തെ ആശ്രയിച്ചാണ് ബോബ് വുഡ്‌വേര്‍ഡും കാള്‍ബന്‍സ്റ്റീനും അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സനെ എഴുതി വീഴ്ത്തിയത്. ഫെഡറല്‍ പൊലീസില്‍ ഉന്നത സ്ഥാനം കൊതിച്ച ഒരു ഓഫീസര്‍ ആയിരുന്നു ഡീപ്പ് ത്രോട്ട്. നിക്‌സണ്‍ ഭരണകൂടം അദ്ദേഹത്തെ തഴഞ്ഞ് മറ്റൊരാള്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കി. വാട്ടര്‍ ഗേറ്റ് വിവാദത്തിലൂടെ ആ പൊലീസുകാരന്‍ കാത്തിരുന്ന് നിക്‌സനോട് പകരം വീട്ടി. പാമോയില്‍ കേസിനു പിന്നിലും അസംതൃപ്തനായ ഒരു അഹങ്കാരി പതിയിരുപ്പുണ്ട്. ഇല്ലെങ്കില്‍ ഉണ്ടായിരുന്നു. അത് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍ അല്ലെന്ന് തീര്‍ച്ച. എങ്കില്‍ പിന്നെ അതാരാണ്?


Next Story

Related Stories