TopTop
Begin typing your search above and press return to search.

കാറ്റുമൂളും കാറ്റുപാറയില്‍

കാറ്റുമൂളും കാറ്റുപാറയില്‍

മഹാഭാരതവും രാമായണവും ഈ നാടിന്റെ ഇതിഹാസങ്ങളായി നിലനില്‍ക്കുന്നത് കേവലം കാവ്യഭാവനയുടെ ഔന്നത്യം കൊണ്ടുമാത്രമല്ല, ആസേതുഹിമാചലം ഈ ഇതിഹാസങ്ങള്‍ സാന്ദര്‍ഭികമായി ഒരു ജനതയുടെ ജീവിതപശ്ചാത്തലത്തില്‍ ഇന്നും കടന്നുവരുന്നു എന്നതുകൊണ്ടു കൂടിയാണ്. കേരളത്തിലുമുണ്ട് മഹാഭാരതവുമായും രാമായണവുമായും ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനേകം സ്ഥലങ്ങള്‍. രാമക്കല്‍‌മേടും ചടയമംഗലവും പാഞ്ചാലിമേടുമൊക്കെ ഉദാഹരണങ്ങള്‍.

HAI (Hiking Association of India) സംഘാടനത്തില്‍ ഞങ്ങള്‍ പാഞ്ചാലിമേടെത്തിയപ്പൊഴേക്കും ഇടുക്കിയുടെ മലനിരകളില്‍ കോടമഞ്ഞൊഴുകിത്തുടങ്ങിയിരുന്നു. കോടമഞ്ഞ് ഇടുക്കിക്ക് അലങ്കാരമാണെങ്കിലും മറ്റു കാഴ്ചകളെ അത് മറച്ചുകളയും എന്നൊരു പ്രശ്നവുമുണ്ട്. പാഞ്ചാലിമേട് ഒരു ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ പേരെടുത്തു തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ അവിടെ കാണാന്‍ കഴിയും. പ്രധാനമായും രണ്ട് കുന്നുകള്‍ ചേര്‍ന്നതാണു പാഞ്ചാലിമേട്. ഒരു കുന്നില്‍ ഒരു ക്ഷേത്രവും മറ്റൊരു കുന്നില്‍ കുരിശുമല തീര്‍ത്ഥാടനവും, അതിന്റെ ഭാഗമായ പതിനാലു കുരിശുകളും.

പാഞ്ചാലിമേടിന്റെ മൂന്നു വശവും മനോഹരമായ വ്യൂപോയിന്റുകളാല്‍ സമൃദ്ധമാണ്. കനത്ത കോടയും വീശിയടിക്കുന്ന കാറ്റും ഇടുക്കിയുടെ ഏതൊരു മലനിരകളുടേയും പൊതുസ്വഭാവമാണെന്ന് തോന്നുന്നു. മഞ്ഞൊഴിഞ്ഞ് പോയ ഇടവേളകളെല്ലാം അതിമനോഹരമായ ദൃശ്യസൗന്ദര്യമാണു ബാക്കിവച്ചത്. ശാരീരിക ബുദ്ധിമുട്ടിനാല്‍ ട്രെക്കിങ്ങ് സാധിക്കാത്തവര്‍ക്ക് വന്നുകാണാന്‍ പറ്റിയ സ്ഥലമാണു പാഞ്ചാലിമേട്. പൊന്നമ്പലമേട്ടിലെ മകരവിളക്കിന്റെ ദര്‍ശനം കാണാന്‍ സാധിക്കാവുന്ന ഒരു സ്ഥലവുമാണിത്. അന്നേദിവസവും അതുപോലെ ദുഖ:വെള്ളിയോടനുബന്ധിച്ച കുരിശുമല തീര്‍ത്ഥാടനദിനവും ഇവിടം ജനനിബിഡമാവും.

പാഞ്ചാലിമേട് മുഴുവന്‍ ചുറ്റിക്കറങ്ങി, താഴ്വാരങ്ങളുടെ മനോഹാരിതയും ആസ്വദിച്ച് കുറച്ച് സമയം അവിടെ ചിലവഴിച്ചു. പിന്നെ പാഞ്ചാലിക്കുളത്തിലേക്ക്. വനവാസക്കാലത്ത് പാഞ്ചാലി ഉപയോഗിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കുളമാണിത്. ഒരു ചെറിയ ചിറകെട്ടി വെള്ളം കെട്ടി നിര്‍ത്തിയിട്ടുണ്ട്. ചുറ്റുമുള്ള പൊന്തകളിലും വഴികളിലുമെല്ലാം ഒഴിഞ്ഞതും ഉടഞ്ഞതുമായ മദ്യക്കുപ്പികള്‍ വലിച്ചെറിയപ്പെട്ടു കിടപ്പുണ്ട്. അല്ലെങ്കിലും മദ്യമില്ലാതെ മലയാളിയുടെ ആസ്വാദനം എങ്ങനെ പൂര്‍‌ണമാവാന്‍!

പാഞ്ചാലിമേടിനെ ചുറ്റി, എതിരെയുള്ള താഴ്വാരങ്ങളുടെ മനോഹരദൃശ്യം കാണുന്നതരത്തിലുള്ള വഴിയിലൂടെ ഞങ്ങള്‍ കാറ്റുപാറയിലേക്കുള്ള ട്രെക്കിങ്ങ് ആരംഭിച്ചു. നല്ല കാലാവസ്ഥ, മികച്ച ടീം ഇവ ഇത്തരം യാത്രകളുടെ ഭാഗ്യമാണ്. കാറ്റുപാറയ്ക്കടുത്ത് താമസിച്ചിരുന്ന സിയാദ് ആണു ഞങ്ങളുടെ ഗൈഡ്. ഒരു മിടുക്കനായ ബിരുദവിദ്യാര്‍ത്ഥി. ഞങ്ങള്‍ക്ക് വഴികാട്ടി, വിവരങ്ങള്‍ പങ്കുവച്ച് സിയാദ് മുന്നില്‍ നടന്നു. ഇടയില്‍ മലയിടുക്കില്‍ നിന്ന് ഊര്‍ന്ന് വരുന്ന ശുദ്ധജലം ശേഖരിക്കാനായി അല്‍പ്പസമയം ചിലവഴിച്ചു.

"ഇവിടെ നിന്നാണു ഗുഹയിലേക്കുള്ള വഴി ആരംഭിക്കുന്നത്"- സിയാദിന്റെ വാക്ക് കേട്ട് വഴി നോക്കിയ ഞങ്ങള്‍ക്ക് മുന്നില്‍ മൂന്നടി പൊക്കത്തില്‍ കാട്ടുപുല്ലുകളും പാറക്കല്ലുകളും നിറഞ്ഞ ഒരു പറമ്പാണു ദൃശ്യമായത്. അതിലൂടെ അവസാനത്തെ ആള്‍ കടന്ന് പോയിട്ട് ഒരു രണ്ട് വര്‍ഷമെങ്കിലും ആയിക്കാണണം. കയ്യിലുള്ള വടികളും കത്തിയുമൊക്കെയായി വഴി തെളിച്ചുകൊണ്ട് സിയാദും കൂട്ടരും മുന്നില്‍നടന്നു. അല്‍പ്പം സാഹസികമെന്ന് നിസ്സംശയം പറയാവുന്ന ആ വഴിയുടെ അവസാനം ഒരു മലഞ്ചെരിവ്.

മനോഹരമായ ഒരു താഴ്വാരത്തിനു അഭിമുഖമായി പ്രകൃതി രൂപംകൊടുത്ത ഒരു ഗുഹ. കുറച്ച് സമയം അവിടെയുള്ള പാറക്കല്ലില്‍ വിശ്രമിച്ച് ഓരോരുത്തരായി ഗുഹയിലേക്കിറങ്ങി. പ്രവേശനകവാടവും പുറത്തേക്കിറങ്ങാനുള്ള ഭാഗവും ഇടുങ്ങിയതാണെങ്കിലും ഉള്ളില്‍ അത്യാവശ്യം വലുപ്പമുണ്ട്.

അവിടെ നിന്നും ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ കാറ്റുപാറയിലേക്ക്. മലമുകളില്‍ നിന്നും താഴ്വാരത്തിലേക്ക് വെള്ളംകൊണ്ട് പോകുന്ന പൈപ്പില്‍ ചിലയിടത്ത് ലീക്കുണ്ട്. അതില്‍ മുഖവും കൈയ്യും കഴുകിയതോടെ എല്ലാവര്‍ക്കും വിശപ്പിനെക്കുറിച്ച് ഓര്‍മ്മ വന്നു. ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റുകള്‍ വണ്ടിയില്‍ വച്ച് മറന്നത് കൊണ്ട്, ഭക്ഷണവിതരണത്തെച്ചൊല്ലി ഒരു ആശങ്ക നിലനിന്നിരുന്നു. അപ്പൊഴാണു ഒരു കാട്ടുവാഴക്കൂട്ടം കൂട്ടത്തിലൊരുവന്‍ ചൂണ്ടിക്കാട്ടിയത്, അതില്‍ നിന്ന് വലിയ രണ്ടില മുറിച്ച് നേരെ കാറ്റുപാറയിലേക്ക്.

ഇതുവരെ കണ്ട ദൃശ്യങ്ങള്‍ വെറും പരസ്യം മാത്രമായിരുന്നു എന്ന് നമ്മെ ബോധ്യമാക്കും വിധം അതി സുന്ദരമായ ദൃശ്യം. പരന്നുകിടക്കുന്ന താഴ്വാരങ്ങള്‍, കാഴ്ചയുടെ അതിരുകളില്‍ ജലച്ഛായം പോലെ മലനിരകള്‍... പച്ചപ്പിന്റെ വിവിധ ഷേഡുകളില്‍ വിദൂരങ്ങളില്‍ കാട് ആ ജലച്ഛായത്തിനു പുറംചട്ട തീര്‍ക്കുന്നു. ഇതുവരെയുള്ള യാത്രയുടെ എല്ലാ ക്ഷീണവും ഈ കാഴ്ചയോടെ മാറി.

പിന്നെ ഭക്ഷണത്തിനുള്ള പുറപ്പാട്. വാഴയില ആ പാറപ്പുറത്ത് നിരത്തി, എല്ലാവരും ഒരുമിച്ച് ഒരുച്ചഭക്ഷണം. പിന്നെ കാറ്റേറ്റ്, ആ താഴ്വാരങ്ങളിലേക്ക് ശ്രദ്ധയെ നയിച്ച്, ആ പാറപ്പുറത്ത് വിശ്രമം. പിന്നെ താഴോട്ട്. പിന്നീട് കൃഷിയിടങ്ങളാണ്. കൊക്കോയും കാപ്പിയുമാണു പ്രധാന കൃഷി. ആ ചെറിയ വഴിയിലൂടെ കുത്തനെ താഴോട്ട്.

മതമ്പ എന്ന ഒരു കുഞ്ഞുഗ്രാമത്തിലേക്കാണ് ആ വഴി ചെന്നവസാനിക്കുന്നത്. അവിടെ ഞങ്ങളേയും കാത്ത് വണ്ടി കിടപ്പുണ്ടാവും. മതമ്പയുടെ അരികിലൂടെ ഒഴുകുന്ന ഒരു കുഞ്ഞരുവിയിലേക്കാണ് ഞങ്ങളെത്തിച്ചേര്‍ന്നത്. അതോടെ എല്ലാവരും ആ അരുവിയിലേക്ക്. തീരെ ആഴമില്ലാതെ, എന്നാല്‍ അതിശക്തമായ ഒഴുക്കുള്ള ഒരു കുഞ്ഞരുവി. നിറയെ ഉരുളന്‍ കല്ലുകളുള്ള ആ അരുവിയില്‍ കുറെ സമയം. കഴുകിയെടുത്തത് ശരീരത്തിനെയല്ല, കെട്ടിമാറാപ്പായി ചുമന്ന് നടന്നിരുന്ന ബോറന്‍ ചിന്തകളെയാണെന്ന് മാത്രം.


Next Story

Related Stories