TopTop
Begin typing your search above and press return to search.

ഇന്ത ആള്‍ ശബരിമല അയ്യപ്പഭക്തര്‍ മട്ടുമല്ലൈ, സാക്ഷാല്‍ സീതാഭക്തഹനുമാനും താന്‍

ഇന്ത ആള്‍ ശബരിമല അയ്യപ്പഭക്തര്‍ മട്ടുമല്ലൈ, സാക്ഷാല്‍ സീതാഭക്തഹനുമാനും താന്‍

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ സ്തീകളുടെ സീറ്റില്‍ യാത്ര ചെയ്യുന്ന യാത്രക്കാരന്റെ അവസ്ഥയാണ് ഒപി എന്ന ഒ പനീര്‍ശെല്‍വത്തിന്റേത്. തല്‍ക്കാലം ഇരിക്കാമെന്നല്ലാതെ സ്ഥിരമായി ഇരിക്കാന്‍ പറ്റില്ല. പെണ്‍യാത്രക്കാര്‍ വന്നാല്‍ എഴുന്നേറ്റുകൊടുക്കണം. ഇത്രയും നാള്‍ മുഖ്യമന്ത്രി പുരട്ശ്ചിത്തലൈവി ജയലളിതക്കുവേണ്ടിയാണ് സീറ്റ് ഒഴിഞ്ഞതെങ്കില്‍ ഇക്കുറി അവരുടെ കാര്യസ്ഥ ചിന്നമ്മ വി കെ ശശികലക്ക് വേണ്ടിയാണ് സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ടിലെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ഒപിക്ക് എഴുന്നേല്‍ക്കേണ്ടി വന്നത്. ഒരു വര്‍ഷം പോലും കസേരയിലിരിക്കാതെ മൂന്നു തവണ രാജിവച്ച ചരിത്രം ഒപിക്കല്ലാതെ മറ്റാര്‍ക്കും തമിഴകത്ത് അവകാശപ്പെടാനില്ല. തന്റെ രക്ഷിതാവായ ജയലളിതയുടെ മുന്നില്‍ സാഷ്ടാംഗം നമസ്‌ക്കരിക്കാനും പാദരേണുക്കള്‍ തൊട്ടു ശിരസ്സില്‍ വയ്ക്കാനും ഒട്ടും മടിക്കാത്ത ഒപിയെ എത്ര വിലപിടിപ്പുള്ള സ്ഥാനവും ഏല്‍പ്പിക്കാന്‍ ജയലളിതക്ക് മടിയില്ലായിരുന്നു.

സീതാഭക്തഹനുമാന്റെ ഉത്സാഹത്തോടെ സിംഹാസനം കാത്തുസൂക്ഷിക്കുന്നതില്‍ ഒപി കാണിക്കുന്ന നിഷ്ഠ കണ്ട് തലൈവിതന്നെ അന്തംവിട്ടു നിന്നിട്ടുണ്ട്. ഇപ്പോള്‍ അവരുടെ അരുമത്തങ്കച്ചിയായ ശശികലയെ നിയമസഭാ നേതാവായി സാമാജികര്‍ തെരഞ്ഞെടുത്തപ്പോള്‍ പിന്നെ ഒരു സെക്കന്റ് കാത്തുനില്‍ക്കാതെയാണ് ഒപി രാജിക്കത്ത് എഴുതി ഗവര്‍ണറുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞത്. രാജിയെപ്പറ്റി രണ്ടാമതൊന്നു ഒപി ചിന്തിച്ചിരുന്നെങ്കില്‍ തമിഴകത്ത് ഭരണസ്തംഭനം ഉറപ്പാകുമായിരുന്നു. പക്ഷേ അതൊന്നും സംഭവിക്കാന്‍ അദ്ദേഹം അനുവദിക്കില്ല. അതാണ് ഒപിയുടെ വിനീതവിധേയത്വം.

തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരില്‍ ചായക്കട നടത്തിയിരുന്ന പനീര്‍ശെല്‍വം നിയമസഭയിലെത്തിയെന്ന വിവരം നാട്ടുകാര്‍ക്കറിയാം. പക്ഷേ ആ വിനീതവിധേയന്റെ അന്തസ്സും മതിപ്പും പ്രകടമായത് 2001 സെപ്തംബര്‍ 21 നു വൈകുന്നേരത്തിയിരുന്നു. അന്നായിരുന്നു ഒപിയെ തലൈവി തന്റെ കസേരയില്‍ പിടിച്ചിരുത്തിയത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന ജയാമ്മക്ക് മറ്റാരേയും ആ സീറ്റില്‍ പിടിച്ചിരുത്താന്‍ വിശ്വാസമില്ലായിരുന്നു. അങ്ങനെ ആദ്യതവണ ഒപി പകരക്കാരനായി. ഭരണത്തിലുള്ളവര്‍ ആരും തന്നെ അതത്ര കാര്യമാക്കിയില്ല. ഒപി വെറുമൊരു ബൊമ്മയാണെന്നും അതിന്റെ ചാവി ജയാമ്മയുടെ കൈയ്യിലാണെന്നും ഭരണസിരാകേന്ദ്രത്തിലെ പരിഷകള്‍ക്ക് അറിയാമായിരുന്നു. 2002 മാര്‍ച്ചില്‍ അമ്മക്ക് വേണ്ടി പടിയിറങ്ങി. ടാന്‍സി കേസിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്നായിരുന്നു തലൈവി കസേരയിലേക്ക് മടങ്ങിയെത്തിയത്.

2014 സെപ്തംബറില്‍ ജയലളിതയേയും ശശികല ഉള്‍പ്പെടെയുള്ള കൂട്ടാളികളേയും സ്‌പെഷ്യല്‍ കോടതി അകത്താക്കിയപ്പോള്‍ ഒപി വീണ്ടും താല്‍ക്കാലിക മുഖ്യമന്ത്രിയായി. കരഞ്ഞുവിളിച്ചുകൊണ്ട് അദ്ദേഹം അമ്മയുടെ കസേരയില്‍ കയറുന്നത് ജനം ടിവിയില്‍ കണ്ട് അന്തംവിട്ടതു ചരിത്രം. മുഖ്യമന്ത്രിക്കസ്സേരയുടെ അരുകിലിരുന്നു ഭരിച്ച് തന്റെ വിശ്വാസം അദ്ദേഹം അരക്കിട്ടുറപ്പിച്ചു. അഗ്നിശുദ്ധി കഴിഞ്ഞ് കോടതിയുടെ ഹോമകുണ്ഡങ്ങളില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ പുറത്തുവന്ന തലൈവിയെ കാല്‍കഴുകി വണങ്ങിയാണ് പനീര്‍ശെല്‍വം സെന്റ്‌ജോര്‍ജ്ജ് ഫോര്‍ട്ടിലെ സിംഹാസനത്തിലേക്ക് മനസ്സുപിടിച്ചു കയറ്റിയിരുത്തിയത്. ആ കാഴ്ചകള്‍ കണ്ട് ജനം മൂക്കത്തുവിരല്‍ വച്ചു പറഞ്ഞുപോയി: ഇന്ത ആള്‍ ശബരിമല അയ്യപ്പഭക്തര്‍ മട്ടുമല്ലൈ, സാക്ഷാല്‍ സീതാഭക്തഹനുമാനും താന്‍. 2015 മേയ് മാസത്തില്‍ അദ്ദേഹം വീണ്ടും പടിയിറങ്ങി- സ്വന്തം അമ്മക്കുവേണ്ടി.

അമ്മയുടെ മരണമാണ് ഒപിയെ വീണ്ടും സിംഹാസനത്തിലേക്ക് ആനയിക്കുന്നത്. 2015 ഡിസംബര്‍ ആറാം തിയതി പാതിരാത്രിയിലാണ് മൂന്നാമത്തെ തവണ ആ ഭാഗ്യം ഒപിയെ കടാക്ഷിച്ചത്. ഇക്കുറി അധികകാലം ആ സീറ്റിലിരിക്കാന്‍ ഒപിക്ക് കഴിയുമെന്ന് ചിലരെങ്കിലും കരുതിക്കാണും. വര്‍ദ്ധ കൊടുങ്കാറ്റിനേയും ജെല്ലിക്കെട്ടിനേയുമൊക്കെ കാര്യക്ഷമമായി അദ്ദേഹം കൈകാര്യം ചെയ്തപ്പോള്‍ പ്രതിപക്ഷത്തിനുപോലും മതിപ്പായി. വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവന്ന ഒരു മുഖ്യമന്ത്രിയെ ജനം കണ്ടു. എങ്ങനെ ഭരണം നടത്തണമെന്ന് അദ്ദേഹം മനസ്സിലാക്കി വരികയായിരുന്നു. പക്ഷേ ശശികലയെന്ന ചിന്നമ്മ ഒപിയുടെ പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞു.

1951 ജനുവരി 14 നു പെരിയകുളത്ത് കര്‍ഷകകുടുംബത്തില്‍ ജനിച്ച ഒ പനീര്‍ശെല്‍വം ബിരുദ പഠനത്തിനു ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്. പെരിയകുളം മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായിരുന്നു ഒപി താമസിയാതെ നിയമസഭയിലെത്തി. എന്തായാലും പെരിയമ്മ ആയാലും ചിന്നമ്മ ആയാലും തന്നെ കൈവിടില്ലെന്ന ചിന്തയാണ് ഒപിക്കുള്ളത്. ഇനിയെല്ലാം ചിന്നമ്മ കസേരയില്‍ കയറിയിരുന്ന ശേഷം കാണാമെന്ന ചിന്തയിലാണ് ഒപി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories