TopTop
Begin typing your search above and press return to search.

ഇടതുപക്ഷത്തിനുമേല്‍ മാണിയെന്ന കരി പുരളരുത്- പന്ന്യന്‍ രവീന്ദ്രന്‍/അഭിമുഖം

ഇടതുപക്ഷത്തിനുമേല്‍ മാണിയെന്ന കരി പുരളരുത്- പന്ന്യന്‍ രവീന്ദ്രന്‍/അഭിമുഖം

പന്ന്യന്‍ രവീന്ദ്രന്‍ / രാകേഷ് സനല്‍

അടുത്ത സുഹൃത്തും പാര്‍ട്ടി സഖാവുമായ ചെക്കന്‍ എം എന്‍ സ്മാരകത്തിലെ പന്ന്യന്‍ രവീന്ദ്രന്റെ മുറിയിലേക്ക് കയറിവന്നത് കൈയിലൊരു സമ്മാനവുമായിട്ടായിരുന്നു. ഒരു വാച്ച്. മകന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്നത്. പന്ന്യന് ഇതു സമ്മാനിക്കണമെന്നത് ചെക്കന്റെ വീട്ടുകാരുടെയെല്ലാം ആഗ്രഹമായിരുന്നു. ഗോള്‍ഡന്‍ സ്ട്രാപ്പിലുള്ള വിലകൂടിയ ആ വാച്ച് സ്വീകരിക്കാതിരിക്കാന്‍ പന്ന്യന്‍ ചില ഒഴിവുകഴിവുകളൊക്കെ പറഞ്ഞു നോക്കിയെങ്കിലും ചെക്കന് ഒരേ നിര്‍ബന്ധം. ഒടുവില്‍ സുഹൃത്തിനു വഴങ്ങി കൈത്തണ്ടയില്‍ അന്നുവരെ കൂടെയുണ്ടായിരുന്ന വാച്ച് (അത് സോവിയറ്റ് യൂണിയനില്‍ നിന്നുള്ള ഒന്നായിരുന്നു) അഴിച്ചു, പകരം ഗള്‍ഫില്‍ നിന്നും എത്തിയ ഗോള്‍ഡന്‍ വാച്ച് കെട്ടി.

പിന്നെ ഇരുവരും താഴെയെത്തി പാര്‍ട്ടി മന്ദിരത്തിന് അടുത്തുള്ള കുഴിക്കടയിലേക്ക് (ഒരു ചെറിയ ഹോട്ടല്‍, പന്ന്യന്റെ സ്ഥിരം കേന്ദ്രം) പോകാനായിറങ്ങി. വെളിയിലേക്ക് കടക്കുന്ന നേരത്താണ് എതിരെ വെളിയം ഭാര്‍ഗവന്‍ വരുന്നത്. എങ്ങോട്ടാ രവീ, ചായ കുടിക്കാനായിരിക്കും? ആശാന്റെ കുശലാന്വേഷണം. അധികം താമസിച്ചില്ല അടുത്ത ചോദ്യവും വന്നു, വെളിയത്തിന്റെ തനതു ശൈലിയില്‍; കൈയില്‍ സ്വര്‍ണവാച്ചൊക്കെയാണല്ലോ...?

മുന്നോട്ടു നീങ്ങിയ പന്ന്യന്‍ പെട്ടെന്ന് നിന്നു. ആശാന്‍ അതിനകം നടന്നു നീങ്ങിയിരുന്നു. കുറച്ചു നേരത്തെ നിശബ്ദതയ്ക്കുശേഷം പന്ന്യന്‍ ചെക്കന്റെ മുഖത്തേക്കു നോക്കി, താനിവിടെ നില്‍ക്ക്. ഞാനിപ്പോള്‍ വരാം. വേഗം പിന്‍തിരിഞ്ഞു നടന്നു തന്റെ മുറിയിലെത്തിയ പന്ന്യന്‍ കൈയില്‍ കെട്ടിയിരുന്ന വാച്ച് അഴിച്ചെടുത്തു പകരം പഴയ വാച്ച് കെട്ടി. ചായക്കടയിലേക്ക് നടക്കുന്നതിനിടയില്‍ പന്ന്യന്‍ പറഞ്ഞു, ചെക്കന്‍ കൊണ്ടുവന്ന വാച്ച് തിരികെ തരുന്നില, പക്ഷേ അതു ഞാന്‍ കൈയിലും കെട്ടില്ല. ആശാന്റെ ചോദ്യം താനും കേട്ടതല്ലേ... ഒരു കമ്യൂണിസ്റ്റുകാരന്‍ മറ്റുള്ളവരാല്‍ നിരന്തരം നിരീക്ഷപ്പെടുന്നുണ്ട്. കേവലം ഒരു വാച്ചിന്റെ കാര്യത്തില്‍ പോലും അവന്‍ ചോദ്യം ചെയ്യപ്പെടും...

ഒരു സാമ്പ്രദായിക കമ്യൂണിസ്റ്റ് എന്ന് പ്രായോഗികമതികളായവര്‍ പരിഹസിക്കുമ്പോള്‍ പോലും പന്ന്യന്‍ രവീന്ദ്രന്‍ എന്ന മനുഷ്യനെ ജനങ്ങള്‍ ഇഷ്ടപ്പെടാന്‍ കാരണവും ജീവിത്തിലും പ്രവര്‍ത്തിയിലും പുലര്‍ത്തുന്ന സത്യസന്ധതയാണ്, ഒരു കമ്യൂണിസ്റ്റുകാരന്റെ സത്യസന്ധത.

പന്ന്യന്‍ പ്രസംഗിക്കുന്നതു കേള്‍ക്കാന്‍ നല്ല രസമാണ്. ചോദ്യോത്തരങ്ങള്‍ നിറഞ്ഞ ശൈലി. കടന്നാക്രമണമില്ല. ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ശബ്ദവുമല്ല. എന്നാലും എത്രപേര്‍ തനിക്കു മുന്നിലിരിക്കുന്നോ അത്രയും പേരോടും നേരിട്ടെന്നപോലെയുള്ള സംവാദമാണ് പന്ന്യന്റെ പ്രസംഗം. ഏതാണ്ട് അതേ ശൈലിയാണ് അഭിമുഖ സംഭാഷണങ്ങളിലും സിപിഐ പാര്‍ട്ടി ദേശീയ സെക്രട്ടേറിയേറ്റ് അംഗമായ പന്ന്യന്‍ രവീന്ദ്രനില്‍ കാണുന്നത്. അങ്ങോട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയല്ല, പകരം ചില ചോദ്യങ്ങള്‍ ഇങ്ങോട്ടും ചോദിക്കും, അതിനുള്ള ഉത്തരവും പിന്നാലെയുണ്ടാകും.

രാകേഷ്: ഒരുപക്ഷേ ഇതിനു മുമ്പ് പറഞ്ഞിട്ടുള്ളതാകാം, എങ്കിലും ചോദിക്കട്ടെ ഈ പ്രസംഗ ശൈലി, ഇതെങ്ങനെയാണ് രൂപപ്പെടുത്തിയത്?

പന്ന്യന്‍: എ കെ ജിയുടെ പ്രസംഗങ്ങളാണ് അതിന്റെ മാതൃക. അദ്ദേഹം പ്രസംഗിച്ചിരുന്നത് കാര്യങ്ങള്‍ ഇത്തരത്തില്‍ ചോദ്യോത്തരരൂപത്തില്‍ വിശദീകരിച്ചായിരുന്നു. എല്ലാത്തിനെയും കുറിച്ച് അറിവുള്ളവരല്ല നമുക്കു മുന്നിലിരിക്കുന്നത്. സാധാരണക്കാരാകാം. അവരോട് വിഷയങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കണം. അങ്ങനെ ചെയ്യുമ്പോള്‍ പറയുന്നതെന്തോ അതില്‍ നമുക്കും കൃത്യമായ ധാരണയും ഉണ്ടായിരിക്കണം. ഒരിക്കല്‍ ഞങ്ങളുടെ നാട്ടില്‍ വന്ന് ഒരു നേതാവ് പ്രസംഗിച്ചു. ഇന്ത്യയുടെ പൊതുകടമാണ് വിഷയം. നൂറു രൂപ നോട്ടാണ് അന്ന് ഏറ്റവും വലുത്. നേതാവ് ചോദിക്കുകയാണ്; ഇന്ത്യയുടെ കടം എത്രയുണ്ടെന്നു് നിങ്ങള്‍ക്കറിയാമോ? ഇല്ലേ, അതൊരു പീറ്റത്തെങ്ങോളമാണോ? ഏതാണ്ട് അഞ്ചു പീറ്റത്തെങ്ങോളമാണോ? അല്ല, അത് മദ്രാസിലെ എല്‍ഐസി ബില്‍ഡിംഗിനോളം വരും, 25 നില കെട്ടിടത്തോളം ഉയരത്തിലാണ് ഇന്ത്യയുടെ കടം... നേതാവിന്റെ ഉപമ ഞങ്ങളെയെല്ലാം ശരിക്കും ഞെട്ടിച്ചു. എന്നാല്‍ പിന്നീടൊരു ദിവസം ഒരു ഹോട്ടലില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ചായ കുടിക്കാന്‍ കയറിയപ്പോള്‍, ചുമരില്‍ തൂങ്ങി കിടക്കുന്ന കലണ്ടറില്‍ മദ്രാസിലെ എല്‍ഐസി ബില്‍ഡിംഗ്. എണ്ണി നോക്കി, 25 ഇല്ല, 12 നിലകള്‍ മാത്രം. ആപ്പോള്‍ നേതാവ് പറഞ്ഞതോ? ഇത്തരം തെറ്റുകള്‍ പോലും നമ്മുടെ പ്രസംഗത്തില്‍ കടന്നു വരരുതെന്ന് നിര്‍ബന്ധമുള്ളയാളാണ് ഞാന്‍ പറയാനുള്ളത്, കൃത്യമായ ധാരണയോടെ പറഞ്ഞു മനസിലാക്കി കൊടുക്കുക.

രാ: ഇങ്ങനെയൊക്കെയുള്ള പന്ന്യന്‍ രവീന്ദ്രന്‍ രാഷ്ട്രീയാരോപണങ്ങളോട് പ്രതികരിച്ചു കണ്ടിരിക്കുന്നത്, വളരെ മിതത്വത്തോടെയാണ്. ചിലപ്പോള്‍ മൗനം പാലിക്കും. ചരല്‍ക്കുന്നില്‍ കെ എം മാണി പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ചു. അതിനോടുള്ള പ്രതികരണത്തിലും പകത്വ പാലിച്ചു. സമകാലീന രാഷ്ട്രീയസാഹചര്യത്തില്‍ ഇത്തരം നിലപാടുകള്‍ മതിയാകുമോ?

പ: രാവണന്‍ സീതയെ കട്ടുകൊണ്ടുവന്നു അശോകവനിയില്‍ പാര്‍പ്പിച്ചു. ചുറ്റും രാക്ഷസരായ ചാരന്മാരെ നിര്‍ത്തി. എന്നിട്ടും ഹനുമാന്‍ സീതദേവിയെ കണ്ടു. രാമന്റെ മുദ്രാമോതിരം കാണിച്ചു. അതിനുശേഷം സീതയോടായി ഹനുമാന്‍ പറഞ്ഞത് ദേവിയെ ഞാനെന്റെ തോളില്‍ എടുത്ത് രാമസന്നിധിയില്‍ എത്തിക്കാമെന്നാണ്. പക്ഷേ സീത സമ്മതിച്ചില്ല. രാവണന്‍ എന്നെ കട്ടുകൊണ്ടു വരികയായിരുന്നു. അങ്ങയുടെ തോളിലേറി വന്നാല്‍ അതും ഒരുതരത്തില്‍ മോഷണം തന്നെയല്ലേ?

ഒരാള്‍ പറയുന്ന മോശത്തരത്തിന് അതേ ഭാഷയില്‍ തന്നെ മറുപടി പറഞ്ഞാല്‍ ആ രണ്ടുപേരുടെയും മനോനില ഒരുപോലെയെന്നാണ് അര്‍ത്ഥം. മാണിക്കു മാണിയുടെ ഭാഷയില്‍ മറുപടി പറഞ്ഞാല്‍ പിന്നെ പന്ന്യന്‍ രവീന്ദ്രനും കെ എം മാണിയും തമ്മില്‍ എന്തു വ്യത്യാസം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്‍ എന്നെക്കുറിച്ചു പറഞ്ഞത് തെരുവുപ്രാസംഗികന്‍ എന്നായിരുന്നു. പിണറായി അതൊരു മോശം പ്രയോഗമാണെന്നു കരുതിയാണ് പ്രയോഗിച്ചത്. ഞാനെന്താ ചെയ്തത്? പിണറായിയെ എതിര്‍ക്കാന്‍ പോയോ? തിരിച്ചു ഭത്സിക്കാന്‍ ശ്രമിച്ചോ? ഇല്ല, സഖാവ് കൃഷ്ണപിള്ളയും എകെജിയുമൊക്കെ തെരുവില്‍ പ്രസംഗിച്ചു തന്നെ കെട്ടിപ്പൊക്കിയ പ്രസ്ഥാനമല്ലേ കമ്യൂണിസ്റ്റ് പാര്‍ട്ടി. തെരുവിലും അടിത്തട്ടിലുമൊക്കെയുള്ള ആളുകളോടല്ലേ നമ്മള്‍ സംസാരിക്കേണ്ടത്. ഞാനും തെരുവു പ്രാസംഗികന്‍ തന്നെയാണ്. അതെനിക്കൊരു വിശേഷണമാണ്.

രാഷ്ട്രീയം എന്നതൊരു ആശയമാണ്. രണ്ട് ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണ് രണ്ടു രാഷ്ട്രീയപാര്‍ട്ടികളായി നില്‍ക്കുന്നത്. എന്റെ ആശയങ്ങളെ ഞാന്‍ സമര്‍ത്ഥിക്കേണ്ടത് നിങ്ങളെ മര്‍ദ്ദിച്ചോ മോശം പറഞ്ഞോ അല്ല. ക്ഷമയും സഹനവുമാണ് ഞാന്‍ പിന്തുടരുന്നത്. എന്റെ അമ്മയാണ് അത്തരത്തില്‍ എന്നെ രൂപപ്പെടുത്തിയത്. ചിരിക്കരുത്, മുഖത്ത് എപ്പോഴും ഗൗരവം വേണം എന്നൊക്കെയുള്ള തെറ്റിദ്ധാരണകളിലൂടെയല്ല ഒരു കമ്യൂണിസ്റ്റിനെ രൂപപ്പെടുത്തേണ്ടത്.രാ: കെ എം മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും പ്രഖ്യാപിത ശത്രുവാണ് പന്ന്യന്‍ രവീന്ദ്രന്‍?

പ: ഞാനെന്റെ ആശയങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന കമ്യൂണിസ്റ്റുകാരനാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ മാണി എല്‍ഡിഎഫിലേക്ക് വരുമെന്നും മുഖ്യമന്ത്രിയാകുമെന്നുമൊക്കെ ശ്രുതി പരന്നിരുന്നു. കോട്ടയം പ്രസ് ക്ലബില്‍വച്ച് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ എന്റെ അഭിപ്രായം ആരാഞ്ഞു. കേരളത്തിനെ തകര്‍ക്കുന്ന സാമ്പത്തിക കുറ്റം ചെയ്ത ഒരു ഭരണാധികാരിയാണു മാണി. അങ്ങനെയൊരാള്‍ ഇടതുപക്ഷത്ത് വരുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതേത്തുടര്‍ന്ന് പാലയില്‍ എനിക്കെതിരെ യോഗം വിളിച്ചു പ്രസംഗിക്കുകയും അധിക്ഷേപിക്കുകയുമൊക്കയുണ്ടായി. എന്റെ പാര്‍ട്ടി പറഞ്ഞത് ഇതിനു മറുപടിയായി നമുക്കൊരു യോഗം വിളിക്കാമെന്നായിരുന്നു. എന്തിന്? ആ തീരുമാനത്തെ എതിര്‍ത്തുകൊണ്ടു ഞാന്‍ ചോദിച്ചത് അങ്ങനെയായിരുന്നു.

രാ:കെ എം മാണി എല്‍ഡിഎഫിലേക്ക് വരുമോ?

പ: ചിന്തിക്കേണ്ടൊരു വിഷയം പോലുമല്ലായത്.

രാ: ബാര്‍ കേസ് കോണ്‍ഗ്രസസിന്റെ ഗൂഢാലോചനയാണെന്നു മാണി പറയുകയും കോടതിയില്‍ നിന്നു രക്ഷപ്പെടുകയും ചെയ്താല്‍ എല്‍ഡിഎഫിന് മാണിയെ സ്വീകരിക്കുന്നതില്‍ എതിര്‍പ്പെന്തിനാണ്?

: മാണി ബാര്‍കോഴയില്‍ മാത്രം പ്രതിയായ ഒരാളല്ല. മറ്റു പല തെറ്റുകളും ചെയ്തയാളാണ്. ഇടതുപക്ഷത്തിന് ഒരു മാന്യതയുണ്ട്. ആ മാന്യതയ്ക്കുമേല്‍ മാണിയെന്ന കരിപുരളേണ്ടതുണ്ടോ?

രാ: കേരള കോണ്‍ഗ്രസ് എം, മുസ്ലിം ലീഗ് എന്നീ കക്ഷികളെ എതിര്‍ക്കുന്നകാര്യത്തില്‍ സിപിഎമ്മിന് ഇത്ര പിടിവാശിയില്ല?

പ: ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്തായിരുന്നു? ജനം ഒറ്റക്കെട്ടായി നിന്ന് ഒരു ഭരണകൂടത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. ജനം ഇടതുപക്ഷത്തെ വിശ്വസിച്ചതെന്തുകൊണ്ടാണ്? അഴിമതിക്കെതിരെയും വര്‍ഗീയതയ്‌ക്കെതിരെയും ശക്തമായ നിലപാട് ഇടതുപക്ഷം എടുത്തതുകൊണ്ടാണ്. സംഘപരിവാറിനെതെരെ നെഞ്ചുവിരിച്ചു നിന്നു വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞതും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കൊള്ളയ്‌ക്കെതിരെ ശക്തമായ നിലപാടുകള്‍ പറഞ്ഞതും ഈ രണ്ടു വിഷയത്തിലും ഇടതുപക്ഷം ശരിപക്ഷമായതുകൊണ്ടാണ്. അഴിമതിക്കും വര്‍ഗീയതയ്ക്കും എന്നും എതിരായിരിക്കും ഇടതുപക്ഷം. മുമ്പ് ആര്‍എസ്പി, ജെഡിയു എന്നീ പാര്‍ട്ടികള്‍ തിരിച്ചുവന്നാല്‍ സ്വാഗതം ചെയ്യാമെന്ന നിലപാട് ഉണ്ടായിരുന്നു. അവര്‍ ഒത്തിരിക്കാലം കൂടെയുണ്ടായിരുന്നവരാണ്. ഇപ്പോള്‍ അവരുടെ തിരിച്ചുവരവുപോലും ചര്‍ച്ചയിലില്ല.

കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാകണം, എന്നാല്‍ അടിസ്ഥാന ആശയങ്ങളില്‍ നിന്നും വ്യതിചലിക്കരുത്.

രാ:ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐ മികച്ച വിജയമാണ് നേടിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍പ്പോലും ഏറെ പ്രശംസ പാര്‍ട്ടിക്കു കിട്ടി. എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം ചില അപസ്വരങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായി.

പ: എംഎല്‍എ, മന്ത്രി പദവികളൊക്കെ ഒരാള്‍ക്ക് പാര്‍ട്ടി നല്‍കുന്ന സൗകര്യങ്ങളാണ്. ആരുമത് അധികാരമായി കാണരുത്. ഒരു തവണ എംഎല്‍എ ആയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അങ്ങനെ തന്നെ തുടരണമെന്നൊക്കെ ചിലര്‍ക്കുണ്ട്. വേറെ ചിലര്‍ പറയുന്നത് പരിചയസമ്പന്നരായവര്‍ വേണമെന്നാണ്. എങ്ങനെയാണ് ഒരാള്‍ പരിചയസമ്പന്നനാകുന്നത്? ജയിച്ചുവരാതെ ഒരാള്‍ക്ക് എംഎല്‍എ ആയി പരിചയസമ്പന്നത കിട്ടില്ലല്ലോ? അയാളെ പാര്‍ട്ടി മന്ത്രിയാക്കുമ്പോഴല്ലേ മന്ത്രിയെന്ന നിലയില്‍ പരിചയസമ്പന്നന്‍ ആകുന്നത്. എല്ലാവര്‍ക്കും ചാന്‍സ് കിട്ടണമെന്നാണ് പാര്‍ട്ടി വിചാരിക്കുന്നത്. പ്രസ്ഥാനത്തിനുവേണ്ടി വിറകുവെട്ടിയും വെള്ളം കോരിയും അധ്വാനിച്ച ഒത്തിരിപ്പേരുണ്ട്. അവര്‍ക്കൊക്കെ അവസരം കിട്ടണം. അല്ലാതെ, ഇന്നലെ വന്നൊരു സിനിമാക്കാരനു സീറ്റ് നല്‍കുകയല്ല വേണ്ടത്.

സ്ഥാനങ്ങള്‍ എന്നും ഉണ്ടാകുമെന്ന് ആരും കരുതരുത്. ഞാനിപ്പോള്‍ പാര്‍ട്ടി ദേശീയ സെക്രട്ടേറിയേറ്റ് അംഗമാണ്. അടുത്ത തവണ ഞാനവിടെ ഉണ്ടാകില്ലായിരിക്കും. ഞാന്‍ മാറിയാലല്ലേ മറ്റൊരാള്‍ക്ക് വരാന്‍ കഴിയൂ, മറ്റൊരാള്‍ മാറിയിട്ടാണല്ലോ എനിക്ക് സ്ഥാനം കിട്ടിയത്. ഇത്തരത്തിലാണ് ചിന്തിക്കേണ്ടത്.

രാ: ബിജിമോള്‍ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അതൊരു വൈകാരിക പ്രകടനമായി കണ്ടാല്‍ മതിയോ?

പ: അങ്ങനെ മതി.

രാ: ഒരു കമ്യൂണിസ്റ്റ് ഇത്തരത്തില്‍ വികാരവിക്ഷോഭങ്ങള്‍ നടത്തുന്നത് ശരിയാണോ?

പ: വിശദീകരണം ചോദിച്ചിട്ടുണ്ടല്ലോ.

രാ: നടന്‍ ശ്രീനിവാസന്‍ അടുത്ത സുഹൃത്തായിരിക്കണം. ഈയടുത്തായി ശ്രീനിവാസന്‍ നടത്തിയ പ്രതികരണവും അതിനോടുള്ള കോടിയേരിയുടെ മറുപടിയുമൊക്കെ ശ്രദ്ധിച്ചിട്ടുമുണ്ടാവണം.

: ശ്രീനിയെന്റെ നല്ല സുഹൃത്താണ്. അയാള്‍ക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുഖത്തുനോക്കിയും പറയും. അദ്ദേഹത്തിന്റെ ഉള്ളില്‍ കണ്ണൂരിലെ പഴയകാല കമ്യൂണിസ്റ്റ് ആണ് ഉള്ളത്. അറബിക്കഥ എന്ന സിനിമയില്‍ വേണമെങ്കില്‍ ചൈനയില്‍ പോകാം, ദുബായിലേക്കില്ല എന്നു പറയുന്ന കഥാപാത്രം തന്നെയാണ് അദ്ദേഹവും. പിന്നീട് ശ്രീനിയുടെ മേഖല സിനിമയായി. എന്നാലും അദ്ദേഹത്തെപോലൊരാളുടെ വാക്കുകള്‍ കേള്‍ക്കുക തന്നെവേണം. സ്വീകരിക്കേണ്ടത് സ്വീകരിക്കണം. ആക്ഷേപിക്കേണ്ടതില്ല.

രാ: രാഷ്ട്രീയ പാര്‍ട്ടികളുടെ അക്രമണസ്വഭാവം മാറേണ്ടതില്ലേ?

പ: അക്രമരാഷ്ട്രീയത്തെ ഒരുതരത്തിലും അംഗീകരിക്കുന്നയാളല്ല ഞാന്‍. ടി പി ചന്ദ്രശേഖരന്‍ കൊലപ്പെട്ടശേഷം ആ വീട്ടില്‍ പോയതും അതുകൊണ്ടാണ്. ആക്രമണം നടത്തുന്നത് പ്രാദേശിക പ്രവര്‍ത്തകരാണെന്നും നേതൃത്വങ്ങള്‍ക്ക് പങ്കില്ലെന്നു പറയുന്നതും ശരിയല്ല. ഒരിക്കല്‍ തെറ്റു ചെയ്താല്‍ പിന്നീടത് ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടേണ്ടത് നേതൃത്വമാണ്. അവര്‍ക്കതിനു കഴിയുന്നില്ലെങ്കില്‍ അവരും കുറ്റക്കാരാണ്.അടിയന്തരാവസ്ഥകാലം. കണ്ണൂര്‍ ടൗണില്‍ നില്‍ക്കുകയായിരുന്ന പന്ന്യന്‍ രവീന്ദ്രന്റെ മുന്നിലുടെ ഒരു പൊലീസ് ജീപ്പ് പോകുന്നു. പൊലീസിനെ കണ്ടാല്‍ ജനം ഓടിയൊളിക്കുന്ന കാലമായിട്ടും പന്ന്യന്‍ നിന്നിടത്തു നിന്നും അനങ്ങിയില്ല. മുന്നോട്ടുപോയ ജീപ്പ് പെട്ടെന്നു പിന്നിലേക്ക് വന്നു പന്ന്യന്റെ മുന്നിലായി ബ്രേക്ക് ചവിട്ടി. ജീപ്പില്‍ നിന്നും പുലിക്കോടന്‍ നാരയണന്‍ പുറത്തിറങ്ങി. മുടിവളര്‍ന്നു തുടങ്ങിയിരിക്കുന്ന പന്ന്യന്റെ തലയിലേക്കു നോക്കി ഗൗരവത്തോടെ പറഞ്ഞു; ഞാനിതു കാണാഞ്ഞിട്ടല്ല, ഒഴിവാക്കുന്നതാണ്. പന്ന്യന്റെ മറുപടി വൈകിയില്ല; എന്റെ മുടി വെട്ടുകയാണെങ്കില്‍ അതൊരു പൊലീസുകാരനെ കൊണ്ടായിരിക്കണം എന്നാണ് ആഗ്രഹം. ആ തീരുമാനം പിന്നീട് പന്ന്യന്‍ രവീന്ദ്രന്‍ എന്ന രാഷ്ട്രീയക്കാരന്റെ അടയാളമായി മാറുകയായിരുന്നു.

രാ: അന്നങ്ങനെയൊരു തീരുമാനം പറയുമ്പോള്‍ അതു തന്റെ ജീവിത്തില്‍ ഇത്തരമൊരു അടയാളമായി മാറുമെന്ന് കരുതിയിരുന്നോ?

പ: അതൊരു വിണ്‍വാക്കല്ലായിരുന്നു. പ്രതിഷേധമായിരുന്നു. ജനങ്ങളുടെ അവകാശത്തെ ഹനിക്കുന്ന അധികാരത്തിനെതിരെയുള്ള പ്രതിഷേധം. എന്റെ നിലപാടുകള്‍ എന്റെ ശരികളാണ്. ആ നിലപാടുകള്‍ ഒരു പ്രസ്ഥാനത്തിന്റെ പിന്തുണയോടെയുള്ളതാണ്. ഞാന്‍ ആദ്യമായി പാര്‍ട്ടിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്ന സമയം. പുറത്തെവിടെയോ പോയി തിരിച്ചെത്തുമ്പോള്‍ ഇ ഗോപാലകൃഷ്ണ മേനോനാണ് പറയുന്നത്, രവിയെ അസിസ്റ്റന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നു. പക്ഷേ കമ്മിറ്റിയില്‍ ഒരാവശ്യം ഉണ്ടായി, രവി മുടി മുറിക്കണം! ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. സഖാവ് വീണ്ടും തുടര്‍ന്നു; താന്‍ പക്ഷേ മുടി മുറിക്കേണ്ടെന്നാണ് എന്റെ അഭിപ്രായം. കാരണം ഇതു തന്നെ ഐഡന്ററ്റിയാണ്. പിന്നെ തനിക്ക് തെറ്റായതൊന്നും ചെയ്യാനും തോന്നില്ല. തനിക്കിപ്പോള്‍ ഒരു കള്ളുഷാപ്പില്‍ കേറണമെന്നു തോന്നിയാല്‍പോലും ഈ മുടികണ്ട് ആളുകള്‍ മനസിലാക്കും അത് പന്ന്യന്‍ രവീന്ദ്രന്‍ ആണെന്ന്.

സഖാവ് ആ പറഞ്ഞത് തമാശയായിരുന്നെങ്കിലും അതിലൊരുപാട് കാര്യങ്ങള്‍ അടങ്ങിയിരുന്നു. ഒരു കമ്യൂണിസ്റ്റുകാരന്‍ ഓരോ നിമിഷവും മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവന്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ പോലും, അത് അറിഞ്ഞോ അറിയാതെയോ ഉള്ളതായിക്കോട്ടെ ജനം കണ്ടുപിടിക്കും. അതനുസരിച്ച് വിധിക്കും. ജനങ്ങളെ മറയ്ക്കാന്‍ കമ്യൂണിസ്റ്റുകാരന് കഴിഞ്ഞില്ല, അതിനു കഴിയുന്നവന്‍ കമ്യൂണിസ്റ്റുമല്ല. എല്ലാവരും ഈ പാഠം മനസിലാക്കിയിരിക്കണം.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)


Next Story

Related Stories