TopTop
Begin typing your search above and press return to search.

ദൃശ്യമല്ല പാപനാസം; അത് മറ്റൊരനുഭവമാണ്‌

ദൃശ്യമല്ല പാപനാസം; അത് മറ്റൊരനുഭവമാണ്‌

ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ ഏക റീമേക്ക് എന്നതാണ് മലയാളി പ്രേക്ഷകര്‍ കൂടി കാത്തിരുന്ന സിനിമയായി പാപനാസത്തെ മാറ്റിയത്. മോഹന്‍ലാല്‍ കമല്‍ഹാസന്‍ താരതമ്യത്തിലെ സാധ്യതകളോടെ ആയിരുന്നു പ്രേക്ഷകര്‍ ആ സിനിമയെ വരവേറ്റത്. ഒരുപാട് പ്രേക്ഷകരെ ഒരേപോലെ തൃപ്തിപ്പെടുത്തിയ ചിത്രമായിരുന്നു ദൃശ്യം. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയ ദൃശ്യത്തെ വിവാദങ്ങളൊക്കെ കൂടുതല്‍ ജനകീയമാക്കുകയാണുണ്ടായത്. മോഹന്‍ലാലിന്റെ ജോര്‍ജിനെ അനുകരിക്കാനുള്ള അമേച്വര്‍ ആയ ശ്രമങ്ങള്‍ ആയിരുന്നു തെലുഗു, കന്നഡ റീമേക്കുകള്‍. വികലമായ ഹീറോയിസം കൊണ്ട് മലയാളി പ്രേക്ഷകരെയെങ്കിലും മടുപ്പിച്ചിരുന്നു ആ സിനിമകള്‍.

പാപനാസം ദൃശ്യത്തിന്റെ ഏറ്റവും മികച്ച റീമേക്ക് ആണ്. കമലഹാസന്റെ സ്വയംഭൂലിംഗവും മോഹന്‍ലാലിന്റെ ജോര്‍ജിനോളം പ്രേക്ഷകരെ സ്പര്‍ശിക്കും. കമല്‍ ഹാസന്റെയും മോഹന്‍ലാലിന്റെയും അഭിനയ ശൈലിയിലെ പ്രകടമായ വ്യത്യാസം ചിലരെ എങ്കിലും ആശങ്കപ്പെടുത്തിയിരുന്നു. പക്ഷെ പൂര്‍ണ്ണമായും അദ്ദേഹം സ്വയംഭൂലിംഗം തന്നെയായിരുന്നു സിനിമയില്‍ (ദൃശ്യത്തില്‍ നിന്നും പ്രകടമായ വ്യത്യാസം ഇല്ലാത്തത് കൊണ്ടും വ്യത്യാസങ്ങള്‍ സസ്‌പെന്‍സ് ആയതിനാലും കഥാതന്തു വിവരിക്കുന്നില്ല). മടുപ്പിക്കുന്ന ഹീറോയിസം കലര്‍ത്തിയ ഒറ്റ രംഗം പോലും പാപനാസത്തിലില്ല. മീനയ്ക്ക് പകരം വന്ന ഗൗതമിയെ പതിനഞ്ചു വര്‍ഷത്തെ ഇടവേളയും അസുഖവും ചില രംഗങ്ങളില്‍ ബാധിച്ചിരുന്നു. മീനയുടെ ചടുലതക്ക് പകരം ഒതുക്കമുള്ള തമിള്‍ വീട്ടമ്മയായി അവര്‍. അന്‍സിബ ഹസന്റെ അഞ്ജുവിന് പകരം നിവേദാ തോമസിന്റെ സെല്‍വി കൂടുതല്‍ തമിള്‍ച്ഛായയുള്ള മുഖമായി നിറഞ്ഞു നിന്നു. എസ്തര്‍ അനിലിനും റോഷന്‍ ബഷീറിനും ദൃശ്യത്തിനപ്പുറം ഒന്നും ചെയ്യാനില്ല.ആശ ശരത് മലയാളത്തെക്കാള്‍ നന്നായി അഭിനയിച്ചു കന്നടയിലും തമിഴിലും. 'തമിഴാളം' ഡബ്ബിംഗ് ഒന്ന് രണ്ടിടങ്ങളില്‍ കല്ലു കടിയായി. ആനന്ദ് മഹാദേവന്റെ പ്രഭാകര്‍ സിദ്ദിഖിനോളം പ്രേക്ഷകരെ സ്പര്‍ശിക്കില്ല. ഷാജോണിന്റെ സഹദേവന്‍ നല്‍കുന്ന പുതുമ നന്നായി അഭിനയിച്ചിട്ടും കലാഭവന്‍ മണിയുടെ പെരുമാളിന് നല്‍കാനായില്ല. നിരവധി സിനിമകളില്‍ അദ്ദേഹത്തെ വില്ലനായി കണ്ടത് കൊണ്ടാവാം അത്.

പാപനാസം സ്വംഭൂലിംഗത്തിന്റെ നാടാണ്. പാപത്തെ നശിപ്പിക്കുന്നിടം എന്ന വ്യവസ്ഥാപിത അര്‍ത്ഥത്തില്‍ തന്നെയാണ് സിനിമയ്ക്ക് ആ പേരിട്ടത്. ദൃശ്യം പോലെ തന്നെ സാധാരണ പ്രേക്ഷകരിലേക്കെത്തുന്ന തരത്തില്‍ കഥാഗതിയെ സിനിമ പേര് പല അര്‍ത്ഥങ്ങളില്‍ സ്വാധീനിക്കുന്നുണ്ട്. തിരുനല്‍വേലി തമിള്‍ സ്ലാംഗ് ഭംഗിയായി മലയാളി പ്രേക്ഷകരെ കൂടി പരിഗണിച്ചു തന്നെ ഉപയോഗിച്ചിട്ടുണ്ട്.വലിയൊരു ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുമ്പോഴും ദൃശ്യത്തെ പൂര്‍ണമായും അംഗീകരിക്കാത്ത ഒരു വിഭാഗം ഇവിടെയുണ്ടായിരുന്നു. അക്രമോത്സുകത, സ്ത്രീ വിരുദ്ധത, പുതു മേക്കിംഗിന്റെ അഭാവം തുടങ്ങിയ ആരോപണങ്ങള്‍ ദൃശ്യത്തിനു നേരെ ഉയര്‍ന്നിരുന്നു. കുടുംബഘടനാ-രക്ഷക സങ്കല്‍പ്പങ്ങളെ പോളിച്ചെഴുതിയില്ല എന്നും വിമര്‍ശനം ഉയര്‍ന്നു. പക്ഷെ ആദിമധ്യാന്ത പൊരുത്തമുള്ള ഒരു ത്രില്ലര്‍ എന്ന നിലയില്‍ പൂര്‍ണമായും വിജയിച്ച ഒന്നായിരുന്നു ആ സിനിമ. നാല് പേര്‍ തമ്മിലുള്ള ഇഴയടുപ്പത്തെ വല്ലാതെ സ്പര്‍ശിക്കും വിധം തന്നെ അവതരിപ്പികുകയും ചെയ്തു ദൃശ്യം. പാപനാസവും അവിടെയൊക്കെ തന്നെയാണ് വിജയിക്കുന്നത്. മോഹന്‍ലാലിന്റെയും കമല്‍ ഹാസന്റെയും ഹീറോയിസത്തില്‍ നിന്നു പൂര്‍ണമായും മാറി നടക്കുന്നു എന്നതും ഈ രണ്ടു സിനിമകളെ പോപ്പുലര്‍ ആയിരിക്കുമ്പോള്‍ തന്നെ വഴിമാറി നടത്തുന്നുണ്ട്. ജോര്‍ജ് കുട്ടിയില്‍ അവസാന രംഗങ്ങളില്‍ മിന്നി മറയുന്ന നായക ഭാവം പോലും സ്വയംഭൂലിംഗത്തിനില്ല. പാപനാസം പോലീസ് സ്‌റ്റേഷനില്‍ നിന്നു അവസാനം സ്വയംഭൂലിംഗം തിരിഞ്ഞു നടക്കുന്നത് പോലും വളരെ ചെറിയ മനുഷ്യനായി തന്നെയാണ്.

ദൃശ്യം കണ്ടു മനഃപാഠം ആക്കിയവരെ ശ്വാസം അടക്കി പിടിച്ചു കാണാന്‍ പ്രേരിപ്പിക്കുന്ന ചില രംഗങ്ങള്‍ ഉണ്ട് സിനിമയില്‍. അത് ജീത്തു ജോസഫിന്റെ മിടുക്ക് തന്നെയാണ്. ഒരു ജനകീയ സിനിമയെ മുന്‍വിധികള്‍ ഇല്ലാതെ കാണുന്നവര്‍ക്കു തൃപ്തി നല്‍കുന്ന അനുഭവം തന്നെയായിരിക്കും പാപനാസം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories