TopTop
Begin typing your search above and press return to search.

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം തരില്ലെന്ന് തമിഴ്നാട്; പാലക്കാട് വരള്‍ച്ചയുടെ പിടിയിലേക്ക്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം തരില്ലെന്ന് തമിഴ്നാട്; പാലക്കാട് വരള്‍ച്ചയുടെ പിടിയിലേക്ക്

പറമ്പികുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അവകാശപ്പെട്ട വെള്ളം നല്‍കേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പാലക്കാട് കൊടുംവരള്‍ച്ചയുടെ പിടിയിലേക്ക്. കരാര്‍ പ്രകാരം ജുലൈ ഒന്ന് മുതല്‍ ഇതുവരെ 3.92 ടിഎംസി ജലമാണ് ചിറ്റൂര്‍ പുഴയിലേക്ക് തമിഴ്‌നാട് നല്‍കേണ്ടത്. എന്നാല്‍ ഇതുവരെ 2.36 ടിഎംസി വെള്ളം മാത്രമാണ് ലഭിച്ചത്. തമിഴ്‌നാടിന്റെ നടപടി കാരണം ചിറ്റൂരില്‍ കുടിവെള്ളംപോലുമില്ലാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. വെള്ളമില്ലാത്തതിനാല്‍ രണ്ടാംവിള നെല്‍കൃഷി പ്രദേശത്തെ കര്‍ഷകര്‍ ഉപേക്ഷിച്ചു കഴിഞ്ഞു.

പൊള്ളാച്ചിയില്‍ നടന്ന സംയുക്ത ജലക്രമീകരണ യോഗത്തിനുശേഷമാണ് തമിഴ്‌നാട് തങ്ങളുടെ നിലപാട് കേരള ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയറെ അറിയിച്ചത്. നേരത്തെ, ജയലളിതയുടെ ആശുപത്രി വാസവും തുടര്‍ന്നുണ്ടായ മരണവും അവിടുത്തെ സാഹചര്യവും പറഞ്ഞായിരുന്നു തമിഴ്‌നാട് ഈ വിഷയത്തില്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞുനിന്നത്. മഴയില്ലാത്തതിനാല്‍ ആളിയാറില്‍ അധികം വെള്ളമില്ലെന്നും അതിനാല്‍ കേരളത്തിന് വെള്ളം നല്‍കാനാവില്ലെന്നുമാണ് തമിഴ്‌നാട് പറയുന്നത്. എന്നാല്‍ പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിലെ വെള്ളം ഇപ്പോഴും തമിഴ്‌നാട് തിരുമൂര്‍ത്തി ഡാമിലെത്തിച്ച് രാത്രി തന്നെ മെയിന്‍ കനാലിലൂടെ തമിഴ്‌നാട്ടിലെ കൃഷിക്ക് നല്‍കിക്കൊണ്ടിരിക്കുന്നുമുണ്ട്.

പാലക്കാട് ഇപ്പോള്‍ തന്നെ അതിരൂക്ഷമായ വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ സാഹചര്യത്തില്‍ പുതിയ തീരുമാനം കാര്യങ്ങള്‍ വഷളാക്കിയേക്കും. കഴിഞ്ഞ വരള്‍ച്ചകാലത്ത് ആശ്രേയിച്ചിരുന്ന ജലസ്രോതസുകളില്‍ പലതും ഇപ്പോള്‍ തന്നെ പൂര്‍ണമായും വറ്റിയ നിലയിലാണ്. വരും മാസങ്ങള്‍ എങ്ങനെ നേരിടുമെന്ന ഭീതിയിലാണ് ജില്ലയിലെ കര്‍ഷകരും ജനങ്ങളും. അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തരമായ നടപടി വേണമെന്നാണ് അവരുടെ ആവശ്യം.

എന്നാല്‍ അത്രയെളുപ്പം ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമോ എന്നതും സംശയമാണ്. കാരണം നിയമവഴികളില്‍ കൂടി പ്രശ്നം പരിഹരിക്കാന്‍ നിന്നാല്‍ കാലതാമസമുണ്ടായേക്കാം എന്നതാണു ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2013-ലെ വരള്‍ച്ചാ സമയത്ത് കേരളത്തിന് രണ്ട് ടിഎംസിയോളം വെള്ളം കുറച്ചു നല്‍കിയതിനെതിരെ കേരളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ സുപ്രീംകോടതിയെ സമീപിച്ചത് കേരളത്തിന് തിരിച്ചടിയാകാനാണ് സാധ്യതയെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ ലംഘിച്ചാല്‍ ആദ്യം ആര്‍ബിറ്റേറ്റര്‍മാരെവച്ച് പ്രശ്‌നം തീര്‍പ്പക്കണമെന്നാണ് വ്യവസ്ഥ. ഏറ്റവും അവസാനത്തെ സാഹചര്യത്തില്‍ മാത്രമെ സുപ്രീംകോടതിയെ സമീപിപ്പിക്കാന്‍ പാടുള്ളു എന്നാണ് വ്യവസ്ഥയില്‍ പറയുന്നത്. അതിനാല്‍ സുപ്രീം കോടതിയിലുള്ള കേസ് കഴിഞ്ഞ് കരാര്‍ പുതുക്കല്‍ ചര്‍ച്ച നടത്താമെന്ന നിലപാടായിരിക്കും തമിഴ്‌നാട് എടുക്കാന്‍ സാധ്യത.

അതുകൊണ്ടു തന്നെ രാഷ്ട്രീയ തലത്തിലുള്ള കൂടിയാലോചനകളില്‍ കൂടി മാത്രമേ ഇപ്പോഴത്തെ പ്രശ്നം അടിയന്തിരമായി പരിഹരിക്കാന്‍ കഴിയൂ എന്നാണ് ഈ നിയമവിദഗ്ദ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നത്. തമിഴ് നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സംസ്ഥാനത്തെ കര്‍ഷകരെ പിണക്കിക്കൊണ്ടുള്ള ഒരു നടപടിക്ക് പുതിയ മുഖ്യമന്ത്രി പനീര്‍ശെല്‍വം തയാറായേക്കില്ല. അതുകൊണ്ടു തന്നെ കേരളത്തിന്റെ ഭാഗത്തുനിന്ന്‍ മുഖ്യമന്ത്രി തലത്തിലുള്ള ഇടപെടലുകള്‍ കൊണ്ട് മാത്രമേ പ്രശ്നപരിഹാര സാധ്യതയുള്ളൂ.


Next Story

Related Stories