TopTop
Begin typing your search above and press return to search.

ഈ അമ്മയുടെ വാക്ക് കേട്ടിരുന്നെങ്കില്‍ 109 പേര്‍ മരിക്കില്ലായിരുന്നു

ഈ അമ്മയുടെ വാക്ക് കേട്ടിരുന്നെങ്കില്‍ 109 പേര്‍ മരിക്കില്ലായിരുന്നു

വി ഉണ്ണികൃഷ്ണന്‍

കൊല്ലം പറവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിനു വലതു ഭാഗത്ത് ഉള്ള ( ഉണ്ടായിരുന്ന) ഗുരുമന്ദിരത്തിനോടു ചേര്‍ന്ന 'പങ്കജം' എന്ന വീട് ഇപ്പോള്‍ പുറത്തു നിന്നുള്ളവര്‍ക്ക് ഒരു കാഴ്ചവസ്തുവാണ്. ഗേറ്റിന്റെ ഗ്രില്ലിനിടയില്‍ കൂടി അകത്തെ നാശനഷ്ടങ്ങള്‍ കാണാന്‍ വേണ്ടി ആളുകള്‍ തിക്കിത്തിരക്കുകയാണ്. അവര്‍ക്കു ലക്ഷ്യം ഒരു ഫോട്ടോ മാത്രം. എന്നാല്‍ ആ വീടിന്റെ പൂമുഖത്തിന്റെ വലത്തേ അറ്റത്ത് ഹൃദയം തകര്‍ന്ന് ഒരു വയോധിക ഇരിപ്പുണ്ട്. 80 വയസ്സുകാരിയും മൂന്നു തവണ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയയുമായ പങ്കജാക്ഷി. പൊട്ടിയടര്‍ന്ന സീലിംഗിന്റെയും ഭിത്തിയുടെയും അവശിഷ്ടങ്ങള്‍ മാറ്റുന്നതിനായി ജോലിക്കാരനെ ചട്ടം കെട്ടിക്കൊണ്ട് അവരുടെ മരുമകന്‍ പ്രകാശും. കൂടെ അവരുടെ മകളും. സ്വന്തം മണ്ണില്‍ വച്ച വീട്ടില്‍ ഇതുവരെ സ്വസ്ഥതയോടെ കഴിയാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടില്ല.

40 വര്‍ഷത്തിനു മേലെയായി ലണ്ടനില്‍ സ്ഥിര താമസക്കാരിയായ പങ്കജാക്ഷിയും മക്കളും മരുമക്കളും കൂടി പുറ്റിംഗല്‍ ക്ഷേത്രത്തിലെ ഉത്സവ സമയത്ത് നാട്ടിലെത്തും. സോഷ്യല്‍ സര്‍വ്വീസ് മേഖലയില്‍ ജോലിക്കായി ലണ്ടനിലെത്തിയ അവര്‍ കുടുംബത്തോടൊപ്പം അവിടെത്തന്നെ താമസിക്കുകയാണ്. രണ്ടു പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്‍മാരും ലണ്ടനില്‍ തന്നെ ജോലി ചെയ്യുന്നു. എന്തൊക്കെ തിരക്കുകള്‍ വന്നാലും മലയാള മാസം മീനം 21 മുതല്‍ 27 വരെ പങ്കജാക്ഷി ദേവിയെ കാണാന്‍ തിരിച്ചു വരും.

ഓരോ തവണയും കമ്പം നടക്കുമ്പോള്‍ സ്വന്തം വീടുപേക്ഷിച്ച് ബന്ധുവീട്ടില്‍ അഭയം പ്രാപിക്കേണ്ട അവസ്ഥയാണ് ഇവരുടേത്. കമ്പത്തിനു ഞെരിപ്പുകള്‍ പൊട്ടി കമ്പം പ്രേമികള്‍ക്ക് ഹരം പകരുമ്പോള്‍ ഇവിടെ പങ്കജാക്ഷിയുടെ വീടിന്‍റ്റെ ഓരോ ഭാഗങ്ങളായി തകരാന്‍ തുടങ്ങും.

വീടു വച്ചതു മുതല്‍ എല്ലാ വര്‍ഷവും ഇവര്‍ക്ക് ഇത് തന്നെ ചെയ്യേണ്ടി വരുന്നു. ഓരോ വര്‍ഷത്തെയും കമ്പം കഴിയുമ്പോള്‍ ഉടന്‍ തന്നെ ഇവര്‍ക്ക് വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ആളെ വിളിക്കേണ്ടി വരും. ഇത്തവണ പുറ്റിംഗല്‍ ദേവീ ക്ഷേത്രത്തിലെ കമ്പപ്പുരയുടെ ബീമാണ് ഇവരുടെ വീടിനു മുകളില്‍ വന്നു പതിച്ചത്.

വീടിനുണ്ടാകുന്ന കേടുപാടുകള്‍ റിപ്പയര്‍ ചെയ്തു മടുത്തപ്പോഴാണു കമ്പത്തിനെതിരേ പരാതി നല്‍കാന്‍ ഈ കുടുംബം തീരുമാനിച്ചത്. ആദ്യം അപകടകരമായ രീതിയില്‍ കമ്പം നടത്തരുതെന്ന് ആവശ്യപ്പെട്ടും തന്റെ വീടിന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയും പങ്കജാക്ഷി ക്ഷേത്രക്കമ്മിറ്റിക്കാരെ സമീപിച്ചിരുന്നു. ആദ്യം നഷ്ടപരിഹാരം നല്‍കാമെന്നും മാറ്റം വരുത്താമെന്നും പറഞ്ഞെങ്കിലും ഫലം തഥൈവ. 'നിങ്ങളോട് ആരു പറഞ്ഞു കമ്പം നടത്തുന്നതിനടുത്ത് വീടു വയ്ക്കാന്‍, പറ്റിലെങ്കില്‍ താമസം മാറി പോയ്ക്കോണം' ഇതായിരുന്നു പിന്നീടുള്ള പ്രതികരണം. മുന്പ് 50 വെള്ളിടിയായിരുന്നു എങ്കില്‍ പരാതിക്കു ശേഷം അത് 200 ആയി മാറും, അതും വീടിനു മുന്‍പില്‍ ഇട്ടു തന്നെ അവര്‍ പൊട്ടിക്കും എന്ന് പങ്കജാക്ഷിയുടെ മരുമകന്റെ അനുജന്‍ രാജു പറയുന്നു. കമ്മിറ്റിക്കാരെ ഭയന്ന് മറ്റാരും പരാതി നല്‍കാനും തയ്യാറായില്ല.

ക്ഷേത്രക്കമ്മറ്റിക്കാരെ സമീപിച്ചു ഫലമില്ലാത്തതിനെത്തുടര്‍ന്ന് ഈ മാസം രണ്ടിന് മത്സരക്കമ്പത്തിനെതിരെ പങ്കജാക്ഷി ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കി. ജില്ലാ കളക്റ്റര്‍ പരാതി തഹസില്‍ദാര്‍ക്കു ഫോര്‍വേഡ് ചെയ്തു. തഹസില്‍ദാരുടെ നിര്‍ദേശം അനുസരിച്ചു മൂന്നാം തീയതി വില്ലെജ് ഒഫീസര്‍ വീട്ടിലെത്തി പങ്കജാക്ഷിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. വില്ലേജ് ഓഫീസറ് കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ കമ്പം നടത്താന്‍ അനുമതി നല്‍കാതിരുന്നത്. അതിനു പുല്ലുവില നല്‍കിയാണ്‌ ക്ഷേത്രക്കമ്മറ്റി കമ്പം നടത്തിയത്.
കമ്പം നടത്തുന്നതിനു സ്റ്റേ വാങ്ങി എന്ന് ആരോപിച്ചുകൊണ്ട് ചില പ്രദേശവാസികള്‍ ഇവര്‍ക്കെതിരെ നീങ്ങി. എന്നാല്‍ ഈ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ് എന്ന് പങ്കജാക്ഷിയും പ്രകാശും പറയുന്നു.

‘കമ്പം വേണ്ടെന്നു വെയ്ക്കണമെന്നു ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. പങ്കജാക്ഷി പറയുന്നു. സ്ഫോടനശേഷിയും ശബ്ദവും കുറയ്ക്കണം എന്നു മാത്രമാണ്. എന്നാല്‍ കമ്പം സ്റ്റേ ചെയ്തെന്ന വാര്‍ത്ത‍ പടര്‍ന്നതോടെ പ്രദേശവാസികള്‍ കൂവലും അസഭ്യവര്‍ഷവുമായി വീടിനു മുന്‍ പിലെത്തി. പരാതി പിന്‍വലിച്ചില്ലെങ്കില്‍ എല്ലാവരെയും കൊന്ന് ആറ്റില്‍ ഏറിയും എന്ന് ഭീഷണിയും വന്നു. കലക്ടര്‍ നല്‍കിയ ഉത്തരവ് പ്രകാരം കമ്പം നടക്കില്ല എന്നുതന്നെയാണ് വിചാരിച്ചിരുന്നത്. എന്നാല്‍ മൂന്നു മണിയോടെ പ്രദര്‍ശന കമ്പം സംബന്ധിച്ച അറിയിപ്പുണ്ടായി. പ്രശ്നങ്ങള്‍ ഏറെയുണ്ടായിട്ടും കമ്പം നടത്താന്‍ സഹായിച്ചതിന് പ്രദേശവാസി സുധീര്‍ ചെല്ലപ്പന്‍ പിള്ളയ്ക്കും പീതാംബരക്കുറുപ്പിനും കമ്മിറ്റി നന്ദി അറിയിക്കുകയും ചെയ്തു.’ പങ്കജാക്ഷി ഓര്‍മ്മിക്കുന്നു.

ഉത്സവത്തിനെത്തുന്നവര്‍ക്ക് കുടിവെള്ളം ലഭിക്കാനായി ഒരു ടാപ്പ് പ്രകാശ്‌ വീടിനു പുറത്തു സ്ഥാപിച്ചിരുന്നു. 'കമ്പം മുടക്കിയിട്ട് കുടിവെള്ളം നല്‍കി ആളാകാന്‍ ശ്രമിക്കുന്നോടാ' എന്ന് ആക്രോശിച്ചുകൊണ്ടാണ് ചിലര്‍ പ്രകാശിനു നേരെ ആക്രമണത്തിനു തുനിഞ്ഞത്. ഈ കൂട്ടക്കുരുതിയ്ക്കു ശേഷം മാധ്യമങ്ങള്‍ ഇവരുമായി സംസാരിക്കുന്ന സമയം പോലും പ്രദേശവാസികള്‍ ഇവര്‍ക്കെതിരെ ആക്രമണത്തിനു തുനിഞ്ഞിരുന്നു. എന്നാല്‍ ആരും അതത്ര ശ്രദ്ധിക്കുകയുണ്ടായില്ല.
കമ്പത്തിന്റെ ആരംഭസമയത്തു തന്നെ മൂന്നു പേര്‍ക്ക് പരിക്കുണ്ടായതായി പ്രകാശ് പറയുന്നു. അവരെ ആംബുലന്‍സില്‍ കൊണ്ടുപോകുന്ന സമയം തന്നെ അടുത്ത കമ്പത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു എന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു. ബന്ധുഗൃഹത്തില്‍ പോയശേഷം തിരികെയെത്തിയപ്പോള്‍ ഇവര്‍ കാണുന്നത് ചിതറിത്തെറിച്ച മനുഷ്യശരീരങ്ങളും തകര്‍ന്നു തരിപ്പണമായ കമ്പപ്പുരയും മറ്റുമാണ്, കൂടാതെ ബീം വന്നു വീണു തകര്‍ന്ന വീടും.

ഇപ്പോള്‍ നടന്ന അപകടം കൊണ്ടൊന്നും ഇവര്‍ കമ്പം നടത്തുന്നത് നിര്‍ത്തില്ല എന്ന ആശങ്കയാണ് പങ്കജാക്ഷി പങ്കുവെയ്ക്കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അപകടമില്ലാത്ത രീതിയില്‍ കമ്പം നടത്തുന്നതിന് ഇവര്‍ക്കെതിര്‍പ്പില്ല. നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് പങ്കജാക്ഷിയുടേയും കുടുംബത്തിന്‍റെയും തീരുമാനം.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)


Next Story

Related Stories