TopTop
Begin typing your search above and press return to search.

മാനസിക പ്രശ്നമുള്ളവര്‍, വീടില്ലാത്തവര്‍... പറവൂരില്‍ ദുരന്തം അവസാനിക്കുന്നില്ല; എവിടെ സര്‍ക്കാര്‍?

മാനസിക പ്രശ്നമുള്ളവര്‍, വീടില്ലാത്തവര്‍... പറവൂരില്‍ ദുരന്തം അവസാനിക്കുന്നില്ല; എവിടെ സര്‍ക്കാര്‍?

വി ഉണ്ണികൃഷ്ണന്‍

ഓരോ ദുരന്തങ്ങള്‍ കഴിഞ്ഞു കുറേക്കാലം കഴിയുമ്പോള്‍ അതിനിരയായവരെ എല്ലാവരും മറക്കുമെങ്കിലും പൊന്നി എന്ന 13-കാരി നമ്മുടെ ഓര്‍മ്മകളില്‍ നിന്നും അത്ര എളുപ്പത്തില്‍ മായാന്‍ സാധ്യതയില്ല. കരയുന്ന അവളുടെ ചിത്രം പത്രവാര്‍ത്തകളിലും ചാനലുകളുടെ ലൈവ് കവറേജുകളിലും നേരിട്ടും ലോകം കണ്ടിരുന്നു. കമ്പത്തിനു മുന്‍പുള്ള ദിവസം വരെ അയലത്തെ ചേച്ചിയും ചേട്ടനും മാമനും ഒക്കെ ആയിരുന്നവര്‍ കണ്ണിനുമുന്നില്‍ ചിതറിത്തെറിക്കുന്നതും അവരെ തീ വിഴുങ്ങുന്നതും നേരിട്ടു കാണേണ്ടി വന്ന ആഘാതത്തില്‍ തകര്‍ന്ന മാനസികനിലയില്‍ നിന്നും അവള്‍ ഇപ്പോഴും തിരികെയെത്തിയിട്ടില്ല. വീട്ടിലേക്ക് പോകാന്‍ പേടിയാണ്, തിരികെ പോവണ്ട എന്നാണ് പൊന്നി അമ്മയോടു പറയുന്നത്.

അവരുടെ ദുരിതങ്ങള്‍ അതുകൊണ്ടും അവസാനിക്കുന്നില്ല. വെടിക്കെട്ട് ദുരന്തത്തിന് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം പെയ്ത മഴയില്‍ പൊന്നിയുടെയും ജയശ്രീയുടെയും വീട് ചോര്‍ന്നൊലിച്ചു. കമ്പത്തിന്‍റെ ആഘാതത്തില്‍ തകര്‍ന്ന വീടിനുള്ളിലുണ്ടായിരുന്ന വസ്തുക്കള്‍ നശിപ്പിക്കുന്നതില്‍ കാലം തെറ്റി പെയ്ത മഴയും തന്‍റെ പങ്കു നിര്‍വ്വഹിച്ചു.

"മാനസികനില തെറ്റിയ ഒരു കുട്ടിയേയും കൂട്ടി ആ തകര്‍ന്ന വീട്ടില്‍ ഞാനെങ്ങനെ ജീവിക്കും. സര്‍ക്കാര്‍ വക നഷ്ടപരിഹാരം കിട്ടുമെന്നു കരുതി കാത്തിരുന്നാല്‍ ഉടനെയെങ്ങും ഞങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ താമസിക്കാന്‍ പറ്റില്ല. സ്വന്തമെന്നു പറയാന്‍ ആകെയുള്ളത് എന്‍റെ മോളും വീടുമാണ്‌’- ജയശ്രീ കണ്ണീരോടെ പറയുന്നു.

ചുവപ്പുനാടയുടെ കുരുക്ക് അഴിയുന്നതു വരെ കാത്തിരിക്കാന്‍ സാവകാശമില്ലാത്തതിനാല്‍ പണം കടം വാങ്ങി ജയശ്രീ തന്‍റെ വീടിന്‍റെ അറ്റകുറ്റപ്പണികള്‍ താല്‍ക്കാലികമായി നിര്‍വ്വഹിച്ചു.മേല്‍പ്പറഞ്ഞത് ജയശ്രീയുടെ മാത്രം അവസ്ഥയല്ല. ക്ഷേത്രത്തിനു ചുറ്റുമുള്ള മിക്ക വീടുകളുടെയും അവസ്ഥ സമാനമാണ്. സര്‍ക്കാര്‍ വക ധനസഹായം കിട്ടുമെന്ന ഉറപ്പില്‍ ചിലര്‍ പണം കടം വാങ്ങി പണി നടത്തുന്നു. അതിനു പോലും കഴിയാത്തവര്‍ സര്‍ക്കാര്‍ കനിയുന്നതിനു കാക്കുന്നു.

എന്നാല്‍ സര്‍ക്കാര്‍ വക നഷ്ടപരിഹാരം ലഭിക്കുമെന്നത്‌ സംഭവിക്കുമെന്നതില്‍ തനിക്ക് പ്രതീക്ഷയില്ലെന്നാണ് ക്ഷേത്രത്തിനു സമീപത്ത് ചില്ലറ വ്യാപാരം നടത്തുന്ന മുരുകന്‍റെ അഭിപ്രായം.

"പലരും വന്ന് കണക്കെടുക്കുന്നു എന്നല്ലാതെ വേറൊന്നും സംഭവിക്കുന്നില്ല. സ്ഫോടനത്തില്‍ എന്‍റെ കടയുടെ നാലു ഭാഗത്തും പൊട്ടലുകള്‍ വീണു. മേല്‍ക്കൂര പലഭാഗത്തും തകര്‍ന്നു. ഇതൊക്കെ തല്‍ക്കാലത്തേക്ക് ഒന്ന് ശരിയാക്കാന്‍ കുറഞ്ഞത് 50,000 രൂപ വേണ്ടി വരും. ദിവസവും കടയില്‍ നിന്നും കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ് എന്‍റെ കുടുംബം കഴിഞ്ഞു പോകുന്നത്. അവരുടെ പഠിപ്പിനു തന്നെ കിട്ടുന്നത് തികയാറില്ല"- മുരുകന്‍ തന്‍റെ വിഷമം പങ്കുവച്ചു.

ക്ഷേത്രമൈതാനത്തു താമസിക്കുന്ന പ്രതാപന്‍റെ വീടിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. കമ്പത്തിന്‍റെ ആഘാതത്തില്‍ തകര്‍ന്ന വീടിന്‍റെ ഭാഗം ഇന്നലെയാണ് പുതുതായി സിമന്‍റ് തേച്ച് വൃത്തിയാക്കിയത്. സുരേന്ദ്രന്‍, ശശി, തുളസി എന്നിവരും സമാനമായ അഭിപ്രായക്കാരാണ്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കു പറ്റിയവര്‍ക്കും ധനസഹായം ലഭ്യമാക്കിയെന്ന് കൊല്ലം തഹസില്‍ദാരുടെ ഓഫീസ് വ്യക്തമാക്കുന്നു. ഒരാള്‍ക്ക് 10000 രൂപ വച്ച് 65 കുടുംബങ്ങള്‍ക്കായി 6,50,000 രൂപയും പരിക്കു പറ്റിയ 275 പേര്‍ക്കും 5000 രൂപ വീതം ആകെ 13,75,000 രൂപയും ഇതുവരെ നല്‍കിയിട്ടുണ്ട് എന്ന് സൂചിപ്പിച്ച ഓഫീസ് വീടുകള്‍ക്ക് പറ്റിയ നാശനഷ്ടങ്ങളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാവുമെന്നും റവന്യൂ വകുപ്പും പിഡബ്ല്യൂഡിയും കണക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നും ഉടന്‍ തന്നെ തീര്‍പ്പുണ്ടാവും എന്നും പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതു വരെ എവിടെ താമസിക്കണം എന്നാണ് ദുരന്തത്തിന് ഇരയായ നാട്ടുകാരുടെ ചോദ്യം.ഇവര്‍ നേരിടുന്ന മറ്റൊരു ഗുരുതരമായ മറ്റൊരു വിഷയം സംഭവം മൂലമുണ്ടായ മാനസിക ആഘാതമാണ് എന്ന് കലക്കോട് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സാനി എം സോമന്‍ പറയുന്നു. സംഭവത്തിനടുത്ത ദിവസങ്ങളിലായി ഇത്തരം 88 കേസുകളാണ് തങ്ങള്‍ കൈകാര്യം ചെയ്തത് എന്ന് അദ്ദേഹം വ്യക്തമാക്കി.

"അപകടം നടന്ന സമയം മുതല്‍ സംഭവസ്ഥലത്ത് മെഡിക്കല്‍ എയ്ഡ് പോസ്റ്റ്‌ തുറന്നിരുന്നു. അവിടെത്തന്നെ ഒപി സൗകര്യവും ലഭ്യമാക്കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ നടത്തിയ സര്‍വ്വേയിലൂടെയാണ് ഇവരുടെ വിവരങ്ങള്‍ ഞങ്ങള്‍ക്ക് ശേഖരിക്കാനായത്. ആ ലിസ്റ്റ് പ്രകാരമാണ് മുന്നോട്ടുള്ള ചികിത്സ തീരുമാനിച്ചത്. ഇവര്‍ക്ക് പോസ്റ്റ്‌ ട്രൂമാറ്റിക്ക് സ്ട്രസ്സ് ഡിസോര്‍ഡര്‍, ഗ്രീഫ് റിയാക്ഷന്‍ എന്നീ മാനസിക പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. പടിപടിയായുള്ള ചികിത്സമാത്രമാണ് പ്രതിവിധി. അതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ഞങ്ങള്‍"- ഡോക്ടര്‍ പ്രദേശവാസികളുടെ മാനസികനിലയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചു.

മറ്റൊന്ന് കുടിവെള്ളത്തിന്റെ ദൌര്‍ലഭ്യതയാണ്. ക്ഷേത്ര മൈതാനത്തിനു പിന്നില്‍ താമസിക്കുന്ന ബേബിയുടെ വീട്ടിലെ കിണര്‍ ഇന്നലെ കോരി വറ്റിച്ചു. സമാനമായ കാഴ്ച മറ്റു വീടുകളും കാണാം. സ്ഥലത്തെ എല്ലാ കിണറുകളിലെപ്പോലെ തന്നെ ഉപയോഗ യോഗ്യമല്ലാത്ത ജലമാണ് ബേബിയുടെ വീട്ടിലെ കിണറിലും. വെടിക്കെട്ടിനുപയോഗിച്ച സാമഗ്രികളും പൊട്ടിച്ചിതറിയ കമ്പപ്പുരയുടെ അവശിഷ്ടങ്ങളും ചിതറിപ്പോയ ശരീരഭാഗങ്ങളും അവിടത്തെ ഓരോ കിണറുകളിലുമുണ്ടായിരുന്നു.

കോര്‍പ്പറേഷനും മറ്റു സന്നദ്ധസംഘടനകളും ദിവസവും കുടിവെള്ളം സപ്ലൈ ചെയ്യുന്നുണ്ട്. എന്നാല്‍ എണ്ണിച്ചുട്ട അപ്പം പോലെ ലഭിക്കുന്ന വെള്ളം നിത്യോപയോഗത്തിനു തികയുന്നില്ല എന്ന് ഇവര്‍ പറയുന്നു.

ദിവസവും 5000 ലിറ്റര്‍ വെള്ളം വില്ലേജ് ഓഫീസ് വഴിയും മറ്റു സംഘടനകളുടേതായും വിതരണം ചെയ്യുന്നുണ്ട് എന്ന് വില്ലേജ് ഓഫീസര്‍ ജ്യോതിഷ് വ്യക്തമാക്കുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ വഴിയുടെ പോരായ്മയുള്ളതിനാലാണ് കുടിവെള്ളം എത്തുന്നതില്‍ പ്രശ്നമുണ്ടാകുന്നത്. അവിടങ്ങളില്‍ 20 ലിറ്റര്‍ കാനുകളിലും കുപ്പികളിലും വെള്ളം എത്തിക്കുന്നുണ്ടെന്നും ജ്യോതിഷ് കൂട്ടിച്ചേര്‍ത്തു.

മാനസിക പ്രശ്നങ്ങള്‍, കുടിവെള്ള പ്രശ്നം, താമസസ്ഥലത്തിനു നേരിട്ട കേടുപാടുകള്‍ എന്നിവയില്‍ അല്‍പ്പം മാറ്റമുള്ളത് കുടിവെള്ളത്തിനു മാത്രമാണ്. മറ്റുള്ളവ ഇന്നും എങ്ങുമെത്താതെ തന്നെ നില്‍ക്കുന്നു. സര്‍ക്കാര്‍ തീരുമാനം മുറപോലെ എന്ന സ്ഥിരം പരിപാടി തുടരുകയാണെങ്കില്‍ തങ്ങള്‍ എന്തുചെയ്യും എന്നുള്ള ചോദ്യമാണ് ഇവരുടെ മനസ്സില്‍ ഇപ്പോള്‍ ഉയരുന്നത്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)


Next Story

Related Stories