TopTop

മുത്തശ്ശനും മുത്തശ്ശിക്കും പേരക്കുട്ടിയെ കാണാന്‍ കോടതി വിധി; തല കുനിക്കുക നാം

മുത്തശ്ശനും മുത്തശ്ശിക്കും പേരക്കുട്ടിയെ കാണാന്‍ കോടതി വിധി; തല കുനിക്കുക നാം

കുട്ടിക്കാലം നാളേയ്‌ക്കു വേണ്ടിയുള്ള ഇന്നത്തെ കളരിയാണ്‌. ചുവടു തെറ്റാത്ത അഭ്യാസങ്ങളും അക്ഷരം മുറിയാത്ത വാക്‌ പയറ്റുകളും നിറഞ്ഞ ഒരു കളരി. ഈ കളരിയില്‍ ചുവടു പിഴയ്‌ക്കാത്ത പഠനം മാത്രം പോര, മുത്തച്‌ഛനും മുത്തശ്ശിയും മുത്തശ്ശിക്കഥകളും കൂടി കുട്ടികള്‍ക്കു വേണമെന്ന്‌ കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. അക്ഷരമുറ്റത്തേക്ക്‌ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വിരല്‍ത്തുമ്പു പിടിച്ച്‌ കുഞ്ഞുങ്ങള്‍ നടക്കാന്‍ പഠിക്കട്ടെ, ഒരു ചുവടു പോലും പിഴയ്‌ക്കാതെ, കണ്ണിമ ചിമ്മാതെ അവരെ നേര്‍വഴിക്കു നടത്താന്‍ അപ്പൂപ്പനും അമ്മൂമ്മയ്‌ക്കും കഴിയും. സ്‌നേഹം കൊണ്ട്‌ അവര്‍ തീര്‍ക്കുന്ന ലോകത്ത്‌ വളരുന്ന ഒരു കുട്ടിയും പാഴായിപ്പോകില്ല, പകരം വീടിന്‌, അവരുടെ നാടിന്‌, പെരുമ നിറഞ്ഞ നമ്മുടെ രാജ്യത്തിന്‌ അഭിമാനിക്കാവുന്ന നാളെയുടെ പൗരന്മാരായി അവര്‍ മാറുമെന്നും ഹൈക്കോടതി പറയുന്നു.

ഇതൊരു നന്മയുടെ കഥപറച്ചിലല്ല, ഒരു കേസിലെ വിധിയാണ്‌. തൃശൂര്‍ മുകുന്ദപുരം സ്വദേശികളായ ഭാര്യയും ഭര്‍ത്താവും പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ അവകാശത്തിനു വേണ്ടി കുടുംബക്കോടതിയില്‍ നല്‍കിയ കേസില്‍ നിന്നാണ്‌ സംഭവത്തിന്റെ തുടക്കം. കുടുംബക്കോടതിയിലെ കേസിനിടെ പരാതിക്കാരനായ ഭര്‍ത്താവ്‌ ഒരു വാഹനാപകടത്തില്‍ മരിച്ചു. തുടര്‍ന്ന്‌ ഹര്‍ജിക്കാരന്റെ അച്‌ഛനും അമ്മയും കേസില്‍ കക്ഷി ചേര്‍ന്നു. എന്നാല്‍ കുഞ്ഞിന്റെ സ്വാഭാവിക രക്ഷാകര്‍ത്താവ്‌ എന്ന പരിഗണനയില്‍ കുഞ്ഞിനെ അമ്മയ്‌ക്കൊപ്പം വിട്ടു. ഒപ്പം ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക്‌ കുഞ്ഞിനെ സന്ദര്‍ശിക്കാനും ഉത്സവാഘോഷ വേളകളില്‍ ഒപ്പം നിറുത്താനും കോടതി അനുവദിക്കുകയും ചെയ്‌തു. ഇതിനെ ചോദ്യം ചെയ്‌ത്‌ കുഞ്ഞിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഇപ്പോള്‍ മൂന്നു വയസുള്ള പെണ്‍കുട്ടിക്ക്‌ അമ്മയുടെ സാമീപ്യം അനിവാര്യമാണെന്നത്‌ ഹൈക്കോടതിയും ശരിവെച്ചു. എന്നാല്‍ അപ്പൂപ്പനും അമ്മൂമ്മയ്‌ക്കും പേരക്കുട്ടിയെ ലാളിക്കാനും അവര്‍ക്കൊപ്പം കഴിയാനുമുള്ള അവകാശത്തെ ഒരു പോറലുപോലും ഏല്‍ക്കാതെ സംരക്ഷിക്കാനും ജസ്റ്റിസ്‌ സി.കെ. അബ്‌ദുള്‍ റഹീം, ജസ്റ്റിസ്‌ ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ പ്രത്യേകം ശ്രദ്ധിച്ചു.

കുട്ടികളായിരിക്കുന്ന കാലത്ത്‌ മുത്തച്‌ഛനില്‍ നിന്നും മുത്തശ്ശിയില്‍ നിന്നും മുത്തശ്ശിക്കഥകളില്‍ നിന്നും നമുക്ക്‌ ഒരുപാടു കാര്യങ്ങള്‍ പഠിക്കാനുണ്ട്‌. ചിന്തയും കാഴ്‌ചപ്പാടും വിപുലമാക്കുന്നതിനും വിശാലമായ അര്‍ത്ഥത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനും കുട്ടികളെ പ്രാപ്‌തരാക്കുന്നത്‌ ഇത്തരം കുട്ടിക്കാലമാണെന്ന്‌ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഓണം, ക്രിസ്‌മസ്‌ തുടങ്ങിയ അവധിക്കാലങ്ങളിലും മധ്യവേനലവധിക്കാലങ്ങളിലും മുത്തച്‌ഛന്റെയും മുത്തശ്ശിയുടെയുമൊക്കെ വീടുകളിലേക്ക്‌ അവധിയാഘോഷിക്കാന്‍ പോകുന്ന കുട്ടികള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്‌. ഒപ്പം പാരമ്പര്യവും. ജീവിതത്തിന്റെ സായാഹ്‌നം പേരക്കുട്ടികള്‍ക്കൊപ്പം കഴിയുകയെന്നത്‌ മുത്തച്‌ഛന്റെയും മുത്തശ്ശിയുടെയും അനിവാര്യതയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.മധ്യവേനലവധിക്കാലങ്ങള്‍ അഭ്യാസക്കളരികളിലും ക്‌ളാസ്‌ മുറികളിലും തളച്ചിടപ്പെട്ട കുട്ടിക്കാലങ്ങളാണ്‌ നമുക്ക്‌ ചുറ്റും ഇന്നുള്ളത്‌. കല, സാഹിത്യം തുടങ്ങിയ പഠനങ്ങളും അവധിക്കാലത്തേക്ക്‌ മാറ്റിവെക്കപ്പെട്ടതോടെ അവധിക്കാലങ്ങള്‍ കുട്ടികള്‍ക്ക്‌ പതിവുദിനചര്യകള്‍ ഉള്‍പ്പെട്ട, മാറ്റമേതുമില്ലാത്ത കാലമായി മാറിക്കഴിഞ്ഞു. അവധിക്കാല വിരുന്നു യാത്രകളും നാട്ടിന്‍പുറങ്ങളിലെ ജീവിതകാലവുമൊക്കെ ആസ്വദിച്ചിരുന്ന പഴയ തലമുറയെ മാറ്റി നിറുത്തിയാല്‍ ഇന്നത്തെ കുട്ടി നമുക്കിടയില്‍ ജീവിക്കുന്നത്‌ എങ്ങനെയാണ്‌?

ചതുരശ്രയടിയളന്ന കെട്ടിടങ്ങള്‍ക്കുള്ളിലും പാര്‍ക്കുകളിലും വീതിച്ചു തീര്‍ത്ത കുട്ടിക്കാലങ്ങളെ ഇത്തവണ കടുത്ത വേനല്‍ ഒരു പരിധി വരെ രക്ഷിച്ചു. ചൂടു കൂടിയതോടെ അവധിക്കാല ക്‌ളാസുകള്‍ സര്‍ക്കാര്‍ നിരോധിച്ചത്‌ കുട്ടികളെ മറ്റു സങ്കേതങ്ങളിലേക്ക്‌ കൊണ്ടുപോകാന്‍ രക്ഷിതാക്കളെ നിര്‍ബന്‌ധിതരാക്കി. ഇതിനു നന്ദി പറയേണ്ടത്‌ പൊരിവേനല്‍ക്കാലത്തോടാണ്‌. പുഴയിലും തോട്ടിലും നീന്തിത്തുടിച്ചും പാടത്തും തൊടിയിലും ഓടിക്കളിച്ചും കുട്ടിക്കാലങ്ങള്‍ സാര്‍ത്‌ഥകമാവുന്നതിനെക്കുറിച്ചാണ്‌ ഹൈക്കോടതി വിധിയില്‍ ഓര്‍മ്മപ്പെടുത്തിയത്‌. മാമ്പഴക്കാലങ്ങളും കടന്ന്‌ മഴത്തോടു പൊളിച്ചെത്തുന്ന ജൂണിലേക്ക്‌ വീണ്ടും പുസ്‌തകത്തിന്റെ പുത്തന്‍മണം മായാതെ കുടചൂടിയെത്തുന്ന കുട്ടിക്കാലത്തെയാണ്‌ ഓര്‍ത്തുപോകുന്നത്‌. എത്രയെത്ര കുട്ടിക്കഥകള്‍, വലിയ ചെവിയും നാക്കും കൂര്‍ത്ത പല്ലുകളും നഖങ്ങളുമുള്ള ഉഗ്രരൂപികളൊക്കെ നശിപ്പിക്കപ്പെടുകയും ഭൂമിയില്‍ എല്ലാവരുടെയും സുഹൃത്തും നന്മയുടെ പ്രതിരൂപവുമായ നല്ല മനുഷ്യര്‍ ജയിക്കുകയും ചെയ്യുന്ന കഥകള്‍ കുട്ടികളിലേക്ക്‌ പകര്‍ന്നു നല്‍കുന്നത്‌ നന്മകള്‍ കൂടിയാണ്‌. അനീതിയോടും അക്രമങ്ങളോടും പടപൊരുതാന്‍ ഉറച്ച മനസുണ്ടാക്കാന്‍ ഈ കഥകള്‍ക്ക്‌ എക്കാലവും കഴിയും. വെറും നേരം കൊല്ലിക്കഥകളല്ല, ഇതൊന്നും.

എന്നിട്ടും മുത്തച്‌ഛനും മുത്തശ്ശിക്കും പേരക്കുട്ടിയെ കാണാന്‍ ഹൈക്കോടതി വിധി വേണ്ടി വരുന്ന ഒരു കാലത്താണ്‌ നാം ജീവിക്കുന്നത്‌. തല കുനിക്കുകയല്ലാതെ എന്തു ചെയ്യും?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories