TopTop
Begin typing your search above and press return to search.

കുട്ടികളുടെ പഠനമാണു വലുത്; അമ്മമാര്‍ സീരിയലിനോടു വിടപറഞ്ഞു

കുട്ടികളുടെ പഠനമാണു വലുത്; അമ്മമാര്‍ സീരിയലിനോടു വിടപറഞ്ഞു

കെ ആര്‍ ധന്യ

ചന്ദനമഴയിലെ വര്‍ഷ, പരസ്പരത്തിലെ ദീപ്തി ഐ.പി.എസ്., എന്ന് സ്വന്തം ജാനിയിലെ ജാനിക്കുട്ടി, മൂന്നുമണിയിലെ കുട്ടിമണി....ഇവരെയൊന്നും പിരിയാന്‍ മനസ്സുണ്ടായിട്ടല്ല. കുറച്ചേറെ വിഷമമുണ്ട്. പക്ഷെ പിരിയാന്‍ തീരുമാനിച്ചു. ദിവസവും ഏഴ് മണി മുതല്‍ 10 മണി വരെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന സീരിയലുകളോടുള്ള അതൃപ്തികൊണ്ടല്ല. പകരം സ്വന്തം കുഞ്ഞുങ്ങളോടുള്ള സ്‌നേഹത്തില്‍ നിന്നാണ് തീരുമാനം. കുഞ്ഞുങ്ങള്‍ക്ക് അസ്വസ്ഥതയില്ലാത്ത പഠനാന്തരീക്ഷം വീട്ടിലുണ്ടാക്കാന്‍ ഒടുവില്‍ ഒരു കൂട്ടം അമ്മമാരെടുത്ത തീരുമാനമാണിത്.

ആലപ്പുഴ കലവൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അമ്മമാരാണ് ഈ തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പി.ടി.എ. യോഗത്തില്‍ 10 സി ക്ലാസ്സിലെ അമ്മമാരാണ് തീരുമാനമെടുത്തത്. ഇത് മറ്റ് ക്ലാസ്സുകളിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്‌കൂള്‍ അധികൃതരും പി.ടി.എ. അംഗങ്ങളും. കുട്ടികള്‍ക്കായി വീടൊരുക്കി പഠനം ഏകാഗ്രമാക്കുകയാണ് ലക്ഷ്യം. സീരിയലുകളുടെ സ്വാധീനത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കണമെന്ന തിരിച്ചറിവാണ് തീരുമാനത്തിലേക്ക് എത്തിച്ചത്. സീരിയലുകള്‍ അടക്കിവാഴുന്ന ഏഴു മുതല്‍ 10 മണിവരെയുള്ള സമയത്ത് ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കില്ല.

സ്‌കൂള്‍ നില്‍ക്കുന്നത് മണ്ണഞ്ചേരി പഞ്ചായത്തിലാണെങ്കിലും ഇവിടെ പഠിക്കുന്നതില്‍ ഭൂരിഭാഗം കുട്ടികളും മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍ മാരാരിക്കുളം തെക്ക പഞ്ചായത്തിന്റെ 'സ്ത്രീ സൗഹൃദ ഗ്രാമം' പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്നുണ്ട്. സ്‌കൂളൊരുക്കല്‍, വീടൊരുക്കല്‍, നാടൊരുക്കല്‍ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായതും അസ്വസ്ഥതയില്ലാത്തതുമായ അന്തരീക്ഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളൊരുക്കലിനായി തയ്യാറാക്കിയ 'സ്‌കൂളുകള്‍ക്കൊരു സുരക്ഷാവലയമൊരുക്കല്‍' എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ മന:ശാസ്ത്ര വിഭാഗം ഡോക്ടര്‍ ആര്‍.ജയപ്രകാശ് അമ്മമാര്‍ക്കായി ക്ലാസ് എടുത്തിരുന്നു. ഇതാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്.

സീരിയലുകള്‍ കുട്ടികളിലുണ്ടാക്കുന്ന സാമൂഹിക,മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു ഡോ.ജയപ്രകാശിന്റെ സംഭാഷണം. ഏഴ് മണി മുതല്‍ 10 മണി വരെയുള്ള സീരിയല്‍ കാഴ്ച കുട്ടികളുടെ പഠനസമയത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അത് ഒഴിവാക്കാന്‍ തയ്യാറുള്ളവര്‍ കൈകളയര്‍ത്താനും അദ്ദേഹം ക്ലാസ്സിനിടയില്‍ ആവശ്യപ്പെട്ടു. അന്ന് പങ്കെടുത്തത്ില്‍ 350 അമ്മമാര്‍ സമ്മതമറിയിച്ച് കൈകളുയര്‍ത്തി. തുടര്‍ന്ന് പി.ടി.എ. യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി. എന്നാല്‍ പലകാരണങ്ങള്‍ കൊണ്ടും തീരുമാനം പ്രയോഗത്തിലെത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്കോ അമ്മമാര്‍ക്കോ ആയില്ല.കാലക്രമേണ ഈ തീരുമാനത്തെ കുറിച്ച് ഏവരും മറന്നു. എന്നാല്‍ ഡോ.ജയപ്രകാശിന്റെ ക്ലാസ്സില്‍ കൈകളുയര്‍ത്തി സീരിയല്‍ ഉപേക്ഷിക്കാന്‍ സമ്മതമറിയിച്ച് നില്‍ക്കുന്ന അമ്മമാരുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് പഴയ തീരുമാനം പൊടിതട്ടിയെടുക്കാന്‍ പി.ടി.എ.യും സ്‌കൂള്‍ അധികൃതരും തീരുമാനിച്ചു. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാവും എന്ന സംശയത്തിലിരിക്കുമ്പോഴാണ് 10 സിയിലെ അമ്മമാര്‍ തങ്ങളുടെ തീരുമാനമറിയിച്ച് രംഗത്തെത്തിയത്. രണ്ടാം ഘട്ടമായ വീടൊരുക്കല്‍ പ്രകിയ ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ച് ചേര്‍ത്ത് യോഗത്തിലാണ് തീരുമാനം.

' രണ്ട് കാരണങ്ങള്‍ കൊണ്ടാണ് സീരിയല്‍ ഉപേക്ഷിക്കാന്‍ അമ്മമാരെ നിര്‍ബന്ധിക്കുന്നത്. ഒന്ന് അതിന്റെ ഉള്ളടക്കം കുട്ടികളില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി പഠനങ്ങളുണ്ട്. രണ്ട് ഇത് പഠിക്കുന്ന സമയത്ത് അസ്വസ്ഥതയുണ്ടാക്കുന്നു. അതല്ലാതെ സീരിയലിനോടുള്ള എതിര്‍പ്പ് കൊണ്ടല്ല. അത് ഒരു കലാരൂപമെന്ന നിലയില്‍ അംഗീകരിക്കുന്നുണ്ട്. പക്ഷെ അതിലെ ഇതിവൃത്തങ്ങള്‍ കുട്ടികള്‍ക്ക് ദോഷം ചെയ്യുന്നതാണെന്നതില്‍ സംശയമില്ല'. പി.ടി.എ. പ്രസിഡന്റ് മോഹന്‍ദാസ് തീരുമാനത്തോട് പ്രതികരിച്ചു. ' 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ചൂഷണങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് സ്ത്രീ സൗഹൃദ ഗ്രാമം എന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിന് കീഴിലുള്ള എട്ട് പൊതുവിദ്യാലയങ്ങള്‍, 51 അംഗനവാടികള്‍, 11 ബാലകൈരളി നഴ്‌സറി സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷാവലയം തീര്‍ക്കും. ഇതിന്റെ അടുത്തപടിയാണ് വീട്ടിലെ അന്തരീക്ഷം മെച്ചപ്പെടുത്തല്‍. അറുപത് ശതമാനവും ചൂഷണമനുഭവിക്കേണ്ടി വരുന്നത് കുടുംബത്തില്‍ നിന്ന് തന്നെയാണ്. അതൊഴിവാക്കാനാണ് വീടൊരുക്കല്‍ പദ്ധതി. ഈ രണ്ട് പ്രവര്‍ത്തനങ്ങളും ഒന്നിച്ച് കൊണ്ട് പോയാലേ രക്ഷിതാക്കളുടെ തീരുമാനം ലക്ഷ്യപ്രാപ്തിയിലെത്തിക്കാനാവൂ' അദ്ദേഹം തുടര്‍ന്നു.

' കുട്ടികള്‍ പഠിക്കട്ടെ. ഞങ്ങള്‍ വെറുതെ നേരമ്പോക്കിന് കാണുന്നതാണ്. അതുവഴി കുട്ടികളുടെ ഭാവി നശിക്കാന്‍ പാടില്ലല്ലോ.' 10.സി. ക്ലാസ്സിലെ കൃഷ്ണ നന്ദയുടെ അമ്മയും വീട്ടമ്മയുമായ ശ്യാമ പറയുന്നു.

അമ്മമാര്‍ തീരുമാനം നടപ്പിലാക്കുന്നുണ്ടോയെന്ന് വിലയിരുത്താന്‍ രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന ഒരു നിരീക്ഷണ സമിതിയുമുണ്ട്. ഈ സമിതിയംഗങ്ങള്‍ എല്ലാ ഞായറാഴ്ചകളിലും സ്‌കൂളിലെ കുട്ടികളുടെ വീടുകള്‍ കയറിയിറങ്ങി പഠന വിവിരങ്ങളന്വേഷിക്കും. സംസ്ഥാനത്ത് മികവിന്റെ സ്‌കൂളുകളിലായി തിരഞ്ഞെടുത്ത നാല് സ്‌കൂളുകളില്‍ ഒന്നാണ് കലവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിനെ ഇന്റര്‍നാഷണല്‍ മികവിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികളുമായി സ്‌കൂള്‍ അധികാരികള്‍ മുമ്പോട്ട് പോവുകയാണ്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചതും ഈ സ്‌കൂള്‍ തന്നെ. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കിന്റെ നേരിട്ടുള്ള ഇടപെടലുകളും പിന്തുണയും തങ്ങള്‍ക്ക് സഹായകരമാവുന്നുണ്ടെന്ന് പി.ടി.എ.പ്രസിഡന്റ് മോഹന്‍ദാസ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories