TopTop
Begin typing your search above and press return to search.

പാരീസിനു വേണ്ടി കരഞ്ഞവര്‍ ബെയ്റൂട്ടിനെ മറന്നതെന്തേ?

പാരീസിനു വേണ്ടി കരഞ്ഞവര്‍ ബെയ്റൂട്ടിനെ മറന്നതെന്തേ?

ടീം അഴിമുഖം

കണ്ണീരിനും ഒരു വിലയുണ്ടെങ്കില്‍ അത് സമ്പന്നര്‍ക്ക് അനായാസം വാങ്ങാം. പാരീസില്‍ നല്‍കുന്ന സന്ദേശം ഇതാണ്. നമ്മുടെ സംഘടിത വിലാപ പ്രകടനങ്ങളെ വിപണി ശക്തികളും ഭൂമിശാസ്ത്രപപരമായ ഇടങ്ങളും തൊലി നിറം പോലും വളരെയധികം സ്വാധീനിക്കുന്നുണ്ട് എന്നതിന്റെ ഖേദകരമായ ഓര്‍മ്മപ്പടുത്തലാണ് പാരീസിലും ബെയ്‌റൂട്ടിലും ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നടത്തിയ ആക്രമണങ്ങളോട് ആഗോള തലത്തിലുണ്ടായ പ്രതികരണങ്ങളിലെ തികഞ്ഞ വൈരുധ്യം. യുറോപ്പിലോ യുഎസിലോ ഉണ്ടാകുന്ന ഒരു ആക്രമണത്തിന് ലഭിക്കുന്നത്ര ആഗോള സഹതാപം ആഫ്രിക്കയിലെ ഒരു വന്‍ ആക്രമണത്തിന് ലഭിക്കില്ല. പാരീസ് ആക്രമണങ്ങളുടെ ഒരു ദിവസം മുമ്പ് ബെയ്‌റൂട്ടിന്റെ കാര്യത്തിലും സംഭവിച്ചത് ഇതാണ്.

വര്‍ഷങ്ങളായി മാരകമായ ആക്രമണങ്ങളൊന്നും സംഭവിക്കാത്ത ബെയ്‌റൂട്ടിലെ തിരക്കേറിയ ബുര്‍ജ് അല്‍ ബറജ്‌നെ ചന്തയില്‍ രണ്ടു ഐഎസ് തീവ്രവാദികള്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 44 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനം നടത്തിയ രണ്ടു പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 1990ല്‍ ആഭ്യന്തര യുദ്ധം അവസാനിച്ചതിനു ശേഷം ബെയ്‌റൂട്ടിലുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. പാരീസിലും ബെയ്‌റൂട്ടിലും ആക്രമണങ്ങള്‍ നടത്തിയ തീവ്രവാദികള്‍ ഒരേ സംഘത്തില്‍ നിന്നു തന്നെയാണെങ്കിലും പാശ്ചാത്യ മാധ്യമ വിവരണങ്ങളില്‍ വലിയ അന്തരമുണ്ടായിരുന്നു. രാത്രിയാഘോഷങ്ങള്‍ക്കും ഭക്ഷണം കഴിക്കാനും ഫുട്‌ബോള്‍ കാണാനും പുറത്തിറങ്ങിയ പുരോഗനമവാദികളായ ഫ്രഞ്ച് യുവജനങ്ങളെ കൊന്നാടുക്കിയ ആക്രമണമാണ് ഐഎസ് നടത്തിയതെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ വിവരണം.

ബെയ്‌റൂട്ടിലെത്തുമ്പോള്‍ ഇത് നേര്‍വിപരീതമാകുന്നു. ഷിയ ഭൂരിപക്ഷമുള്ള ഒരു ദരിദ്ര പ്രദേശത്തെ 'ഹിസ്ബുല്ല ശക്തി കേന്ദ്ര'ത്തിനു നേര്‍ക്കാണ് ഐഎസ് ആക്രമണമുണ്ടായതെന്ന് ഈ മാധ്യമങ്ങള്‍ പറയുന്നു. മേഖലയിലെ തീവ്രവാദത്തിന്റെ കേന്ദ്രമായാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നതു തന്നെ. സിറിയന്‍ ആഭ്യന്തര യുദ്ധത്തിലെ ഹിസ്ബുല്ലയുടെ പങ്കിനും സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് ഭരണകൂടത്തിനു അവര്‍ നല്‍കുന്ന പിന്തുണയ്ക്കുമുള്ള തന്ത്രപരമായ ചെറിയൊരു ശിക്ഷയായാണ് ബെയ്‌റൂട്ട് ആക്രമണത്തെ ഈ മാധ്യമങ്ങള്‍ ചിത്രീകരിച്ചത്.ബെയ്‌റൂട്ട് നഗരത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ബുര്‍ജ് അല്‍ ബറജ്‌നെയില്‍ മറ്റു പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലെ പോലെ ഹിസ്ബുല്ല സാന്നിധ്യമുണ്ടെന്നും ഇവിടെ വ്യത്യസ്തരായ മതവിശ്വാസികളും രാഷ്ട്രീയ വീക്ഷണവുമുള്ള ലബനാന്‍, പലസ്തീന്‍, സിറിയ എന്നീ രാജ്യക്കാരും ഉള്ള ഒരിടമാണെന്നും ഭൂരിപക്ഷം മാധ്യമങ്ങളും പരമാര്‍ശിച്ചതു പോലുമില്ല. വ്യത്യസ്ത മത വിശ്വാസികളായ സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും പ്രായമായവരുമടക്കമുള്ള സാധാരണക്കാരെ പരമാവധി കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തിരക്കേറിയ ഈ ചന്തയില്‍ ഐഎസ് തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയത്. ഒരു ലബനീസ് അമേരിക്കന്‍ വനിതയും ഇവിടെ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. മിഷിഗണില്‍ നിന്നും ഏതാനും ദിവസത്തേക്കു മാത്രം ബെയ്‌റൂട്ടിലെത്തിയ ഇവര്‍ തന്റെ കുടുബത്തെ തിരിച്ചു യുഎസിലേക്ക് കൂട്ടികൊണ്ടുപോകാന്‍ എത്തിയതായിരുന്നു.

എന്നാല്‍ സ്‌ഫോടനങ്ങള്‍ സംഭവിക്കുമ്പോള്‍ ബുര്‍ജ് അല്‍ ബറജ്‌നെയിലെ ലബനാന്‍കാര്‍ക്കോ സിറയക്കാര്‍ക്കോ പലസ്തീനികള്‍ക്കോ വേണ്ടി ഫേസ്ബുക്കില്‍ ഒരു സേഫ്റ്റി ചെക്ക് ഒപ്ഷനും ഉണ്ടായിരുന്നില്ല. മാനവികതയ്ക്കു നേര്‍ക്കുള്ള ആക്രമണമായി ഒരു ലോക നേതാവും ഈ സ്‌ഫോടനങ്ങളെ അപലപിച്ചില്ല. കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി അവരെ പിന്തുണയ്ക്കുന്ന ഐക്യദാര്‍ഢ്യ പ്രകടനങ്ങളും എവിടേയും കണ്ടില്ല. ന്യൂയോര്‍ക്ക് സിറ്റിയിലെ എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിലേക്ക് ദേവദാരു മരം (ലെബനന്‍ പതാകയിലെ ചിഹ്നം) പ്രൊജക്ട് ചെയ്തില്ല എന്നു പറയേണ്ടതില്ലല്ലോ.

പാരീസില്‍ ആക്രമണമുണ്ടായപ്പോള്‍ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്നും ഈ ഫ്രഞ്ച് നഗരത്തിനുള്ള പിന്തുണയുടെ ഒഴുക്കായിരുന്നു. എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിംഗും സിഡ്‌നിയിലെ ഓപെറ ഹൗസും ഫ്രഞ്ച് പതാകയുടെ നിറത്തില്‍ കുളിച്ചു നിന്നു. ഉടന്‍ തന്നെ പ്രൊഫൈല്‍ ചിത്രം ഫ്രഞ്ച് പതാകയുടെ നിറത്തില്‍ ഫില്‍റ്റര്‍ ചെയ്ത് ഫ്രഞ്ച് ജനതയ്ക്കുള്ള പിന്തുണയറിക്കാനുള്ള ഒപ്ഷന്‍ ഫേസ്ബുക്കും അവതരിപ്പിച്ചു. പാരീസിലുള്ളവര്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്ന് സുഹൃത്തുക്കളേയും ബന്ധുക്കളേയും അറിയിക്കാനുള്ള സേഫ്റ്റി ചെക്ക് ഫീച്ചറും ഫേസ്ബുക്ക് നല്‍കി. ഇതു പാരീസിനോ ഫ്രഞ്ച് ജനതയ്ക്ക് നേര്‍ക്കുണ്ടായ ഒരു ആക്രമണം മാത്രമല്ല, മാനവികതയ്ക്കും നാം പങ്കിടുന്ന ആഗോളമൂല്യങ്ങള്‍ക്കു നേര്‍ക്കു കൂടിയുണ്ടായ ആക്രമണമാണെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും പ്രതികരിച്ചു.സ്വന്തം പിന്നാമ്പുറത്ത് സംഭവിക്കുന്ന ഒരു ചെറിയ ദുരന്തം ലോകത്തിന്റെ മറ്റൊരു ഭാഗത്ത് നടക്കുന്ന വലിയ ദുരന്തത്തേക്കാള്‍ ഒരാളിലെ സങ്കടം പുറത്തു കൊണ്ടുവരുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും വൈകാരികമായി മനസ്സിലാക്കാവുന്നതുമാണ്. എന്നാല്‍ പാരീസിന്റേയും ബെയ്‌റൂട്ടിന്റേയും കാര്യത്തില്‍ ഒരു കൂട്ടര്‍ പൊതുവിലാപത്തിന് അര്‍ഹരാകുമ്പോള്‍ മറ്റൊരു വിഭാഗം അതിന് അര്‍ഹരാകുന്നില്ല.

ലോകത്തിന്റെ ഒരു ഭാഗത്തു നടക്കുന്ന ആക്രമണങ്ങള്‍ക്ക് കാര്യമായ വാര്‍ത്താ മൂല്യം നല്‍കാതിരിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് നടക്കുന്ന ആക്രമണങ്ങളോട് വ്യാപകമായ സംഘടിത സഹതാപം ഉണ്ടാകുന്നത് എന്തു കൊണ്ടാണ്? മധ്യപൂര്‍വ്വേഷ്യയില്‍ ബോംബാക്രമണങ്ങളും അതിക്രമങ്ങളും പതിവായത് കൊണ്ടും യൂറോപ്പില്‍ അങ്ങനെ അല്ലാത്തത് കൊണ്ടുമാണോ?

പാരീസിന്റേയും ബെയ്‌റൂട്ടിന്റേയും മാത്രം കാര്യമല്ല ഇത്. സിറിയയിലും ഇറാഖിലും ദിവസവും നടക്കുന്ന ബോംബാക്രമണങ്ങളും അടിക്കടിയുള്ള കൂട്ടക്കൊലകളും ഏറെയും മാധ്യമങ്ങളുടെ റഡാറില്‍ പതിയാറില്ല. തങ്ങളുടെ രാജ്യങ്ങളിലെ ഐഎസ് അതിക്രമങ്ങള്‍ സഹിക്കവയ്യാതെ നാടുവിട്ടോടുന്ന സിറിയക്കാര്‍ക്കും ഇറാഖികള്‍ക്കും മുമ്പില്‍ അതിര്‍ത്തികള്‍ കൊട്ടിയടക്കപ്പെടുമ്പോഴും ഇതാണ് സംഭവിക്കുന്നത്. അനധികൃതമായി അതിര്‍ത്തി കടന്ന് അഭയം തേടാമെന്ന പ്രതീക്ഷയില്‍ അപകടം പതിയിരിക്കുന്ന സമുദ്രം താണ്ടിയും കാല്‍നടയായും യൂറോപ്പിലെത്തുകയല്ലാതെ ഇവര്‍ക്ക് മറ്റു മാര്‍ഗങ്ങളില്ലാതാകുന്നു. ജനനമെന്ന യാദൃശ്ചികത കൊണ്ടു മാത്രം ഒരാളുടെ കൈവശം വരുന്ന പാസ്‌പോര്‍ട്ട് ഒരു വിഭാഗത്തെ കൂടതല്‍ സുരക്ഷയും അനുകമ്പയും അര്‍ഹിക്കുന്നവരും മറ്റുള്ളവരെ ഇതിന് അര്‍ഹരല്ലാത്തവരുമാക്കുന്നുവെന്ന വസ്തുതയാണ് ഇവിടെ വെളിച്ചത്താകുന്നത്. പാരീസ് മാത്രമല്ല, ഈ ദുരന്തങ്ങളെല്ലാം തന്നെ മാനവികതയ്‌ക്കെതിരായ ആക്രമണങ്ങളാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories