UPDATES

വിദേശം

ട്രംപ് മോദിയുടെ ആരാണ്? പാരിസ് ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റവും ചില ഭയാനക സമാനതകളും

ഇത് കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് മാത്രമല്ല, നേതൃത്വപാടവത്തെ കുറിച്ചും ജനാധിപത്യ വിശ്വാസ്യതയെ കുറിച്ചും കൂടി ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്

യുദ്ധം തകര്‍ത്ത സിറിയയ്ക്കും നിക്വരാഗ്വയ്ക്കുമൊപ്പം പാരിസ് കാലാവസ്ഥ കരാറില്‍ നിന്നും പിന്മാറുന്ന മൂന്നാമത്തെ രാജ്യമായി വ്യാഴാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്‌സ് മാറി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാടകീയ തീരുമാനം ഭാവി തലമുറകളില്‍ പ്രതിഫലിക്കും. എന്നാല്‍ ഇന്ത്യയില്‍ നിന്നും നോക്കുമ്പോള്‍ ഇത് കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച് മാത്രമല്ല, നേതൃത്വപാടവത്തെ കുറിച്ചും ജനാധിപത്യ വിശ്വാസ്യതയെ കുറിച്ചും കൂടി ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.

ട്രംപിന്റെ മണ്ടന്‍ തീരുമാനവും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച മഹത്തായത് എന്ന് വിശേഷിപ്പിക്കപ്പെട്ട പല തീരുമാനങ്ങളും തമ്മില്‍ ഭയാനകമായ സമാനതകളുണ്ട്. അതേ സമയം ജനാധിപത്യ സ്ഥാനപനങ്ങള്‍ ഇരു നേതാക്കളോടും പ്രതികരിക്കുന്നതില്‍ ശ്രദ്ധേയമായ വൈരുദ്ധ്യവും നിലനില്‍ക്കുന്നുണ്ട്.
ബീഫ് നിരോധനത്തിന്റെയും ദളിതര്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെയും കശ്മീരില്‍ കലാപം കത്തിപ്പടരുന്നതിന്റെയും സാമ്പത്തികരംഗത്ത് മാന്ദ്യം പ്രകടമാകുന്നതിന്റെയും സാഹചര്യത്തില്‍ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും പരിശോധിക്കുന്നത് നന്നായിരിക്കും.

ഏതെങ്കിലും ശാസ്ത്രീയ ഉപദേശങ്ങളുടെ പിന്‍ബലത്തിലല്ല ട്രംപ് തീരുമാനമെടുത്തത്. ശാസ്ത്രീയ വിഷയങ്ങളില്‍ ട്രംപിനെ ഉപദേശിക്കാന്‍ വൈറ്റ് ഹൗസില്‍ യഥാര്‍ത്ഥത്തില്‍ ആരും തന്നെയില്ല. പകരം, കരാറില്‍ നിന്നും പിന്‍മാറുന്നതിനെ അനുകൂലിക്കുന്ന സ്റ്റീവ് ബാനോണ്‍, വൈറ്റ് ഹൗസ് കൗണ്‍സല്‍ ഡോണ്‍ മക്ഗാഹന്‍, കാലാവസ്ഥ വ്യതിയാനത്തെ നിഷേധിക്കുന്ന ഇപിഎയുടെ തലവന്‍ സ്‌കോട്ട് പ്രൂയിറ്റ് എന്നിവരാണ് അദ്ദേഹത്തിന്റെ ദേശീയത പ്രത്യശാസ്ത്രത്തെയും ഫോസില്‍ ഇന്ധന വ്യാവസായിക കൂറിനെയും സ്വാധീനിക്കുന്നത് എന്ന് വേണം അനുമാനിക്കാന്‍.

വൈറ്റ് ഹൗസിന്റെ ശാസ്ത്ര, സാങ്കേതികവിദ്യ ഓഫിസിന്റെ ചുമതല ട്രംപ് ആരെയും ഏല്‍പ്പിച്ചിട്ടില്ല. ഈ പദവിയിലിരിക്കുന്ന വ്യക്തിയായിരുന്നു പരമ്പരാഗതമായി പ്രസിഡന്റിന്റെ മുഖ്യ സയന്‍സ് ഓഫിസറായി പ്രവര്‍ത്തിച്ചിരുന്നത്.

പ്രസിഡന്റിനെ ഉപദേശിക്കുന്ന സയന്‍സ്, സാങ്കേതികവിദ്യ നേതാക്കളുടെ പൗര സംഘമായ പ്രസിഡന്റിന്റെ ശാസ്ത്ര, സാങ്കേതികവിദ്യ ഉപദേശക കൗണ്‍സിലിലെ തസ്തികകളില്‍ നിയമനം നടത്തിട്ടില്ല. മാത്രമല്ല, നിയമനം നടക്കാനുള്ള സാധ്യതയുമില്ല.

ശാസ്ത്രീയ നൈപുണ്യങ്ങളെ കുറിച്ച് പ്രസിഡന്റിന് വിവരങ്ങള്‍ നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ രണ്ട് ഗ്രൂപ്പുകളും. നേരത്തെ, ഈ ഗ്രൂപ്പുകള്‍ ബയോമെഡിക്കല്‍ ഗവേഷണം, സൈബര്‍ സുരക്ഷ, പകര്‍ച്ചവ്യാധികളുടെ ആവിര്‍ഭാവം ആണവ നയം തുടങ്ങി കാലവസ്ഥ വ്യതിയാനം വരെയുള്ള വിഷയങ്ങളില്‍ പ്രസിഡന്റിന് ഉപദേശങ്ങള്‍ നല്‍കിയിരുന്നു.

ഇതിന് പകരം ട്രംപ് ഒരു വ്യവസായ ഉപദേശക കൗണ്‍സിലിന് രൂപം നല്‍കി. അവരാണ് പ്രസിഡന്റിന്റെ കണ്ണും കാതുമായി വര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഇതിനെ ഒന്ന് താരതമ്യം ചെയ്തു നോക്കുക. പുരാണങ്ങള്‍ ശാസ്ത്രമാണെന്നും അന്ധവിശ്വാസങ്ങള്‍ യുക്തിസഹമായ യാഥാര്‍ത്ഥ്യങ്ങളാണെന്നും വിശ്വസിക്കുന്നവര്‍ ഒരു സര്‍ക്കാരിനെ നയിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോള്‍, അവരുടെ ഉപദേശങ്ങള്‍ എപ്പോഴെങ്കിലും മുഖവിലയ്ക്ക് എടുക്കുകയാണെങ്കില്‍ സ്വഭാവികമായും അത് വിനാശം വിളിച്ചുവരുത്തും. കന്നുകാലി കച്ചവടവുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഇറങ്ങിയ വിജ്ഞാപനം ഒരു ഉത്തമ ഉദാഹരണമാണ്. നോട്ട് നിരോധനവും കശ്മീര്‍ നയങ്ങളും സമാനമായ ഉദാഹരണങ്ങളാണ്.

നരേന്ദ്ര മോദി സര്‍ക്കാരിനെ കുറിച്ച് ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ ഇവയാണ്: കന്നുകാലി കച്ചവടവുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിന്റെ കാര്യത്തില്‍ ആരാണ് സര്‍ക്കാരിന് ഉപദേശം നല്‍കിയത്? വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് ഏതെങ്കിലും ശാസ്ത്രജ്ഞരുടെയോ സാമ്പത്തിക വിദഗ്ധരുടെയോ കാര്‍ഷികവിദഗ്ധരുടെയോ മറ്റേതെങ്കിലും വിദഗ്ധരുടെയോ ഉപദേശം അവര്‍ തേടിയിരുന്നോ?

നോട്ടുനിരോധനവുമായി ബന്ധപ്പെട്ടും സര്‍ക്കാരിനെ കുറിച്ച് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് മുമ്പ് മോദി സര്‍ക്കാര്‍ ആരുടെയെങ്കിലും ഉപദേശം തേടിയതിന് വിശ്വസനീയമായ ഒരു തെളിവും ലഭ്യമല്ല. വ്യക്തതയില്ലാത്ത, അര്‍ദ്ധവിദ്യാഭ്യാസം മാത്രമുള്ള ബാബ രാംദേവിനെ പോലുള്ള ചില ശബ്ദങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. പക്ഷെ വിദഗ്ധരൊന്നും ഇല്ലായിരുന്നു.

ഇപ്പോള്‍ നോട്ട് നിരോധനം സാമ്പത്തികമേഖലയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നു.

കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, മാര്‍ച്ചില്‍ അവസാനിച്ച് മൂന്ന് മാസം ഉള്‍പ്പെടുന്ന തുടര്‍ച്ചയായ മൂന്ന് പാദങ്ങളിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദീഭവിച്ചു. നിര്‍മ്മാണവും സാമ്പത്തിക സേവനവും ഉള്‍പ്പെടയുള്ള നിര്‍ണായക മേഖലകളില്‍ നോട്ടുനിരോധനം ഏല്‍പ്പിച്ച ആഘാതം പ്രതിഫലിപ്പിക്കുന്നതാണ് ഈ കണക്കുകള്‍.
സര്‍ക്കാര്‍ ബുധാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തിലെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച മൂന്നാം പാദത്തിലെ ഏഴ് ശതമാനത്തില്‍ നിന്നും നാലാം പാദത്തില്‍ 6.1 ശതമാനമായി ഇടിഞ്ഞിരിക്കുന്നു.

ഈ കണക്കുകള്‍ക്ക് അപ്പുറം നോട്ട് പിന്‍വലിക്കാനുള്ള മണ്ടന്‍ തീരുമാനം സൃഷ്ടിച്ച നാടകീയമായ മറ്റ് ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്.

സമ്പദ്ഘടനയുടെ വിതരണ ഭാഗത്തു നിന്നുകൊണ്ട് കൂട്ടിച്ചേര്‍ക്കപ്പെട്ട മൊത്തം മൂല്യത്തിന്റെ (ജിവിഎ-ഗ്രോസ് വാല്യൂ ആഡഡ്) കണക്കുകള്‍ നമുക്കൊന്ന് പരിശോധിക്കാം. സര്‍ക്കാര്‍ ചിലവഴിക്കല്‍ ഏറ്റവും കൂടുതലുള്ള പൊതുഭരണം, പ്രതിരോധവും അനുബന്ധസേവനങ്ങളും എന്നീ ഘടകങ്ങളെ ജിവിഎയില്‍ നിന്നും മാറ്റിനിര്‍ത്തിയാല്‍, നാലാം പാദത്തില്‍ വളര്‍ച്ച വെറും 4.1 ശതമാനമായി ഇടിഞ്ഞിരിക്കുന്നു എന്ന് കാണാം. സാമ്പത്തികരംഗത്തെ മോദി തച്ചുടച്ച സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചത് ഒരു അനുഗ്രഹമായി.
സര്‍ക്കാര്‍ ചിലവുകള്‍ക്ക് പുറമെ, മോദിക്ക് പ്രത്യേക പങ്കൊന്നുമില്ലാത്ത കാര്‍ഷിക മേഖലയെ കൂടി എടുത്ത് മാറ്റിയാല്‍ ഇന്ത്യന്‍ സാമ്പത്തികരംഗത്തിന്റെ വളര്‍ച്ച വെറും 3.8 ശതമാനം മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ കണക്കുകള്‍ എന്തായിരുന്നു? ശ്രദ്ധയമായ 10.7 ശതമാനമായിരുന്നു ആ കാലയളവിലെ ഇന്ത്യയുടെ വളര്‍ച്ച നിരക്ക്. ഒരു സാധാരണ അര്‍ദ്ധരാത്രി മുതല്‍ നോട്ടുകള്‍ പിന്‍വലിക്കാനുള്ള വീരോചിത തീരുമാനത്തിന്റെ യഥാര്‍ത്ഥ സംഭാവനയാണിത്. ജിവിഎ വളര്‍ച്ച നാടകീയമായ രീതിയില്‍ 10.7 ശതമാനത്തില്‍ നിന്നും 3.8 ശതമാനമായി ഇടിഞ്ഞു.

അതിന്റെ നേതാക്കളുടെ നാടകീയവും ചിന്താരഹിതവുമായ തീരുമാനങ്ങള്‍ സമൂഹങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍, ചില നിയന്ത്രണങ്ങളും സന്ദുലനങ്ങളും ഉയര്‍ന്നുവരും. മുഖ്യധാര മാധ്യമങ്ങളാണ് ഇതില്‍ ആദ്യത്തേത്. യുഎസ് മുഖ്യധാര മാധ്യമങ്ങള്‍ ഇതിനകം തന്നെ വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും തങ്ങളുടെ പ്രസിഡന്റിനെ വിചാരണയ്ക്ക് വിധേയനാക്കുന്ന പ്രക്രിയ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്തു.

പക്ഷെ ഇന്ത്യയില്‍ മുഖ്യധാര മാധ്യമങ്ങള്‍ അവരുടെ കടമ ഉപേക്ഷിച്ച് കഴിഞ്ഞു. മോദി ഭരണകൂടത്തിന്റെ വളര്‍ത്തുപട്ടി മാത്രമായി അവര്‍ അധഃപതിച്ചിരിക്കുന്നു.

പ്രതിപക്ഷം എവിടെയാണ്? കോടതികള്‍? പൗരസമൂഹം? ഇവ ഓരോന്നും പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം എത്ര ദുര്‍ബലമാണെന്ന് നിങ്ങള്‍ക്ക് മനസിലാവും. ഇത് പ്രത്യയശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട ഒരു ചോദ്യമല്ല, മറിച്ച് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ആവശ്യകതയാണ്. അതില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ വിളിച്ചുണര്‍ത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സമയം നമ്മുടെ കൈയില്‍ നിന്നും വഴുതിപ്പോകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍