TopTop
Begin typing your search above and press return to search.

വയനാട് ഡി എം ഒയുടെ ആത്മഹത്യ മറവിയിലേക്ക്; നിയമനക്കോഴ തുടരും

വയനാട് ഡി എം ഒയുടെ ആത്മഹത്യ മറവിയിലേക്ക്; നിയമനക്കോഴ തുടരും

എം കെ രാംദാസ്

വയനാട് ഡി എം ഒ ശശിധരന്റെ ആത്മഹത്യാക്കുറിപ്പിലെ ഒരു വാചകത്തിന്റെ പിന്‍ബലത്തില്‍ രക്ഷപ്പെടുകയാണ് സംസ്ഥാന ആരോഗ്യവകുപ്പിലെ ഉന്നതരും രാഷ്ട്രീയക്കാരും. കത്തിലെ വ്യക്തിപരമെന്ന പ്രയോഗം ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തുന്നത് തടയാനുള്ള മാര്‍ഗ്ഗമായാണ് ഇക്കൂട്ടര്‍ ഉപയോഗിക്കുന്നത്. മന്ത്രി ഉള്‍പ്പെടെ ആരോഗ്യവകുപ്പിലെ ഉന്നതരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നുമുണ്ടായ ആത്മഹത്യാക്കുറിപ്പിലെ വ്യക്തിപരമെന്ന പരാമര്‍ശം ഉയര്‍ത്തിക്കാണിച്ച് പ്രതിരോധിക്കുകയാണിവിടെ.

ആരോഗ്യവകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് പേടിസ്വപ്നമാണ്. മന്ത്രി മുതല്‍ താഴെ തട്ടില്‍ ഭരണകക്ഷിയുടെ പഞ്ചായത്തു നേതാവ് വരെ ശുപാര്‍ശയുമായി നിയമന അധികാരിയായ ഡി എം ഒയുടെ സമീപമെത്തുമെന്നതാണ് ഭീതിയുടെ പ്രധാനകാരണം. സര്‍ക്കാരിന് കീഴില്‍ നൂറുകണക്കിന് വകുപ്പുകളും ഏജന്‍സികളുമുണ്ടെങ്കിലും ആരോഗ്യവകുപ്പിലാണു ''നിയമന ചാകര''. ആരോഗ്യവകുപ്പിനുകീഴില്‍ സംസ്ഥാനത്താകെ മൂവായിരത്തോളം സ്ഥാപനങ്ങളുണ്ട്. ഏതാണ്ടിത്ര തന്നെ പി ടി എസുമാര്‍ക്കും അവസരമുണ്ട്.

സബ് സെന്റര്‍ മുതല്‍ ആരോഗ്യവകുപ്പ് മന്ത്രി ഓഫീസുവരെ നീളുന്ന വലിയ ശൃംഖലയാണിത്. ഈ സ്ഥാപനങ്ങളിലെല്ലാം പി ടി എസുമാര്‍ വേണം. സര്‍ക്കാര്‍ ജോലിയില്‍ നിന്നു വിരമിക്കാനുള്ള പ്രായപരിധിയായ 56 ആയതുകൊണ്ട് അഞ്ചു ശതമാനത്തോളം പേര്‍ പ്രതിവര്‍ഷം വിരമിക്കുന്നു. രണ്ടോ മൂന്നോ വര്‍ഷത്തില്‍ സംസ്ഥാനത്താകെ മുന്നൂറിലധികം ഒഴിവുകള്‍ ഉണ്ടാവും. ഇത്രയും ഒഴിവുകളിലേക്കുള്ള നിയമനം കേവലം അഭിമുഖത്തിലൂടെ നടക്കുന്നു. എംപ്ലോയ്‌മെന്റ് ഓഫീസുകള്‍ വഴിയാണ് അടിസ്ഥാന യോഗ്യതയുള്ളവരെ അഭിമുഖത്തിനു ക്ഷണിക്കുന്നത്. മൂന്നുറ് ഒഴിവുകളുണ്ടെങ്കില്‍ മൂവായിരത്തോളം പേരെ ഇന്റര്‍വ്യൂവിന് വിധേയരാക്കും. ഇങ്ങനെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം പേറി അഭിമുഖത്തിനെത്തുന്നവരാണ് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇരകള്‍.

താല്ക്കാലികമായി നിയമിക്കപ്പെടുന്നവര്‍ ആറുമാസത്തിനകം സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരനായി മാറുന്നു എന്നതാണ് ആരോഗ്യവകുപ്പിന്റെ ആകര്‍ഷകത്വം. സ്ഥിരമാവുന്നതോടെ വേഷം കാക്കി വെള്ളയാവും. അതായതു നേഴ്‌സിംഗ് അസിസ്റ്റന്റായി സ്ഥിരനിയമാണ് പ്രമോഷന്‍ വഴി ലഭിക്കുന്നത്. പരീക്ഷയെഴുതി പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി ഓഫീസ് പ്യൂണായി നിയമിതനാവുന്ന വ്യക്തിയേക്കാള്‍ ഉയര്‍ന്ന ശമ്പളവും സ്ഥാനക്കയറ്റവും നേടാന്‍ പി ടി എസുകാര്‍ക്ക് ആരോഗ്യവകുപ്പില്‍ അവസരമുണ്ട്. ആരോഗ്യവകുപ്പിലെ പി ടി എസ് നിയമനം രാഷ്ട്രീയക്കാര്‍ക്ക് നേരത്തെപ്പറഞ്ഞ ചാകര മാത്രമല്ല, നേതാക്കള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരോട് കൂറുകാണിക്കാനുള്ള അവസരം കൂടിയാണ്.

സമൂഹത്തില്‍ ദുര്‍ബലരായ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി ഇത്തരം നിയമനങ്ങളെ ഉപയോഗിക്കുന്നു എന്നതാണ് ഒരു ക്രിയാത്മകവശം. ആശ്രയമില്ലാതെ ഒറ്റപ്പെട്ടുപോവുന്നവര്‍, വിധവകള്‍, സഹായം ആവശ്യമുള്ള സ്ത്രീകള്‍ എന്നിവര്‍ക്ക് ഒരാശ്വാസമായി ഈ സാധ്യത ഉപയോഗിച്ച സാഹചര്യവും ഉണ്ടായിരുന്നു.

എന്നാലിവിടെ സംഭവിക്കുന്നത് മറിച്ചാണ്. നിയമനത്തിനാഗ്രഹിക്കുന്നവര്‍ പാരിതോഷികമായി മുന്‍കാലങ്ങളില്‍ നല്‍കിയിരുന്നത് പതിനായിരം രൂപയാണെങ്കില്‍ ഇന്നത് ലക്ഷം കടന്നിട്ടുണ്ട്. ആവശ്യക്കാരന് ഔചിത്യമില്ലെന്നതുകൊണ്ട് ചിലപ്പോള്‍ നിരക്ക് രണ്ട് ലക്ഷവും കവിയും.

പി ടി എസ് നിയമനം വഴി കൈമാറ്റം ചെയ്യപ്പെടുന്ന പണത്തിന്റെ ഏതാണ്ടൊരു കണക്ക് നോക്കാം. രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കലാണ് നിയമനമെങ്കില്‍ മുന്നൂറ് ഒഴിവുകള്‍. 300 x 2 ലക്ഷം = 600 ലക്ഷം രൂപ. താഴെത്തട്ടിലുള്ള ജനനേതാവ് മുതല്‍ മന്ത്രി വരെയെത്തുന്നു ഇപ്പണത്തിന്റെ വിഹിതം. ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥരിലുമെത്താം.വി.എം. സുധീരന്‍ ആരോഗ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ പി ടി എസ് നിയമനത്തിന് ചില വ്യവസ്ഥകള്‍ കൊണ്ടുവന്നു. പി എസ് സി മാതൃകയില്‍ അഭിമുഖത്തിന് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. മുന്‍ഗണന ആവശ്യമുള്ളവര്‍ക്ക് അധികമാര്‍ക്ക് നല്‍കാനും വ്യവസ്ഥയുണ്ടായി. അപേക്ഷകര്‍ വിധവകളാണെങ്കില്‍ 10 മാര്‍ക്കിന് ഇവര്‍ക്ക് അര്‍ഹതയുണ്ട്. സ്ത്രീകള്‍ക്ക് പൊതുവെയും പി ടി എസ് നിയമന മുന്‍ഗണനയുണ്ട്. ഇത്തരം സംവരണ, മുന്‍ഗണനാക്രമം തെറ്റിച്ച് നിയമനം വേണമെന്ന ശുപാര്‍ശയുമായി പ്രാദേശിക നേതാക്കള്‍ ഡി എം ഒയെ സമീപിക്കും. മന്ത്രി മുതലുള്ളവര്‍ രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്യും. പി.എസ്. സി വഴി എഴുത്തുപരീക്ഷയും അഭിമുഖവുമെല്ലാം കഴിഞ്ഞാണ് മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ പ്യൂണ്‍ നിയമനം നടത്തുന്നത്.

മുഴുവന്‍ ക്രമക്കേടുകള്‍ക്കും വഴിതുറന്നുകൊണ്ടാണ് ആരോഗ്യവകുപ്പിലെ സ്വീപ്പര്‍ നിയമനം നടക്കുന്നത്. താല്‍ക്കാലിക സ്വീപ്പര്‍ നിയമനം നിരന്തരം വിവാദമായിട്ടും പോസ്റ്റിങ് പി എസ് സി വഴിയാക്കാന്‍ ശ്രമമുണ്ടായില്ല. സുധീരനു മുമ്പോ ശേഷമോ നിരവധി തവണ അധികാരമേറി വകുപ്പ് ഭരിച്ചിട്ടും സി പി ഐ എമ്മിനും ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ല. മൂന്നോ നാലോ തട്ടില്‍ ഏജന്റുമാരെ നിയമിച്ച് നിയമനത്തിന് പണം വാങ്ങുന്നവര്‍ ധാരാളമുണ്ട്. കെ.കെ. രാമചന്ദ്രന്‍ മന്ത്രിയായിരിക്കെ സ്വീപ്പര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തു വെട്ടിലായതും ഇവിടെ ഓര്‍ക്കണം. ഇത്രയേറെ ആരോപണവും വിവാദവും ക്ഷണിച്ചുവരുത്തിയിട്ടും ആരോഗ്യവകുപ്പിലെ പി ടി എസ് നിയമനം സംബന്ധിച്ച് നയം രൂപീകരിക്കാന്‍ പ്രകടിപ്പിക്കുന്ന വിമുഖതയുടെ കാരണം എങ്ങനെയെങ്കിലും നാലു കാശുണ്ടാക്കുക എന്ന ചിന്തയല്ലാതെ മറ്റൊന്നുമല്ല.

മറ്റു മേഖലകളില്‍ നിന്നും വ്യത്യസ്തമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പൊതുവെ നേരിടുന്ന പ്രശ്‌നങ്ങള്‍. സുരക്ഷിതവും സൗഹൃദപരവുമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ട് മാത്രം സര്‍ക്കാര്‍ മേഖലയില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാര്‍ യഥേഷ്ടമുണ്ട്. പൊറുതിമുട്ടി, ജോലിയില്‍ നിന്നും ദീര്‍ഘാവധിയെടുക്കുകയോ രാജിവയ്ക്കുകയോ ചെയ്യുന്നവരും ധാരാളം. ത്യാഗം സഹിച്ചും ഈ രംഗത്തു പിടിച്ചുനില്‍ക്കുന്നവര്‍ക്ക് ഇതിനു പുറമെ പ്രാദോശിക രാഷ്ട്രീയനേതാക്കളില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദ്ദമനുഭവിക്കേണ്ടിവരും. ഭരണപരമായ ചുമതലയുള്ള ഡോക്ടര്‍മാര്‍ക്കാണീ ദുര്യോഗം. അധികാരവികേന്ദ്രീകരണം നടപ്പിലായതോടെ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തുകളുടെ അധികാരപരിധിയില്‍ ഉള്‍പ്പെടും. താലൂക്കാശുപത്രികളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ജില്ലാ ആശുപത്രി ജില്ലാ പഞ്ചായത്തു ഭരണസമിതിക്ക് കീഴിലാണ് പ്രവര്‍ത്തനം. ഈ സ്ഥാപനങ്ങളിലെ തലവന്‍ സ്വാഭാവികമായും ഡോക്ടര്‍മാരാവും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നതോടെ ചികിത്സയെന്ന പ്രധാന ദൗത്യം തഴയപ്പെടുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടറില്ലെന്ന പരാതിയുടെ ഒരു കാരണം മേല്‍പ്പറഞ്ഞ സാഹചര്യവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്ന സ്ഥാനം ഈ പ്രൊഫഷനിലുള്ള ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നില്ല. തിരക്കുപിടിച്ച പ്രാക്ടീസുള്ളവരൊന്നും ഈ പദവിയിലെത്താറുമില്ല. ജില്ലയിലെ മുഴുവന്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങളുടെയും ഏകോപനവും ഡോക്ടര്‍മാരുടെ നിയന്ത്രണവും ഡി എം ഒയ്ക്കാണ്. ഓഫീസുകളുടെ നിയന്ത്രണം രണ്ട് പ്രബല യൂണിയനുകള്‍ക്കാണ്. ഭരണം മാറുന്നതിനനുസരിച്ച് കൊടിയുടെ നിറം മാറും എന്നുമാത്രം.

ഇടതുഭരണക്കീഴില്‍ ഓഫീസേഴ്‌സ് അസോസിയേഷനും യു ഡി എഫ് ഭരണകാലത്ത് ഓഫീസേഴ്‌സ് യൂണിയന്റെയും കാല്‍ക്കീഴിലാണ് ഡി എം ഒ ഓഫീസുകള്‍. ഭരണനിര്‍വഹണത്തിന് ഡി എം ഒയെ സഹായിക്കുകയാണ് ഇവരുടെ ചുമതല. എന്നാല്‍ വകുപ്പ് ഭരിക്കുന്ന കക്ഷിയുടെ താല്പര്യങ്ങള്‍ ഡി എം ഒയിലൂടെ നടപ്പാക്കുകയാണ് സംഭവിക്കുന്നത്. ഡി എം ഒ ഓഫീസ് ഗുമസ്തരുടെ ക്രമീകരണവും കൊടിയുടെ നിറം അനുസരിച്ചാണ്. മാറുന്ന അധികാരരാഷ്ട്രീയഗോദയില്‍ അനുയോജ്യമായ അടവുകള്‍ പയറ്റാന്‍ കഴിയാത്തവര്‍ വലയി പിഴ തന്നെ ഇവിടെ ഒടുക്കേണ്ടിവരുന്നു. നാളെ ഭരണപക്ഷത്തായേക്കാവുന്ന കക്ഷിനേതാവിനെയും പ്രീതിപ്പെടുത്താനായാലേ ഡി എം ഒ പദവിയില്‍ ദീര്‍ഘകാലം തുടരാനാവൂ. പ്രതിബന്ധങ്ങളൊക്കെ അതിജീവിക്കുന്നതിനിടെ സസ്‌പെന്‍ഷനും ശാസനയും യഥാവിധി വരാം. കുലുങ്ങാതിരിക്കുന്നവര്‍ക്കെ നിലനില്‍പ്പുള്ളൂ. വയനാട് ഡി എം ശശിധരനെ പോലുള്ളവര്‍ക്ക് ഇവിടെ സ്ഥാനമില്ല.

ശശിധരന്റെ മരണവുമായി ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പുതുമയൊന്നുമില്ലെന്നാണ് ദീര്‍ഘകാലം ഇതേ സ്ഥാനത്തിരുന്നവരുടെ അഭിപ്രായം. വയനാട്ടില്‍ 30 പാര്‍ട് ടൈം സ്വീപര്‍ നിയമനത്തിനായി മുന്നൂറോളംപേരാണ് അഭിമുഖത്തിനെത്തിയത്. ആരോഗ്യമന്ത്രിയുടെ ഓഫീസ്, ഡി സി സി പ്രസിഡന്റ്, ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്ന മാനന്തവാടിയിലെ എം എല്‍ എ കൂടിയായ പട്ടികവര്‍ഗ്ഗവകുപ്പ് മന്ത്രി പി. കെ. ജയലക്ഷ്മി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, സി പി ഐ എം ജില്ലാ നേതൃത്വം തുടങ്ങിയവരെല്ലാം ശുപാര്‍ശയുമായി സമീപച്ചതായി ശശിധരന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. വിവിധഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ട് ലിസ്റ്റിന് അന്തിമരൂപം നല്‍കാന്‍ ഡി എം ഒയ്ക്ക് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് മന്ത്രി ഓഫീസില്‍ നിന്നുള്ള ശാസനയും വന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്.ഭരണനിര്‍വഹണചുമതലയുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായുള്ള സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍. ഈ മേഖലയിലെ ഏക സംഘടനയും കെ ജി എം ഒ എയാണ്. ശശിധരന്റെ മരണത്തില്‍ കലാശിച്ചതടക്കമുള്ള വിഷയങ്ങള്‍ ഫലപ്രദമായി ഉന്നയിക്കാന്‍ സംഘടനയ്ക്ക് കഴിയുന്നില്ല.

കോഴിക്കോട് തിരുവങ്ങൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോ. ഫിലോമിനയുടെ അകാലമരണം അതിസമ്മര്‍ദ്ദഫലമായി സംഭവിച്ചതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. സ്വകാര്യാശുപത്രിയിലായിരുന്നു അവരുടെ അന്ത്യമെങ്കിലും സി എച്ച് സിയുടെ ചുമതലയുള്ള പ്രാദേശിക ഭരണസ്ഥാപന മേധാവികളില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് ഫിലോമിനയുടെ മരണത്തിലേക്കു നയിച്ചതെന്നായിരുന്നു പരാതി. അവധിയനുവദിക്കാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചതുകൂടാതെ മറ്റുകാര്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പ്രാദേശികഭരണസമിതിക്കെതിരെ ആരോപണമുയര്‍ന്നു. സംഘടന ഒന്നോ രണ്ടോ പ്രസ്താവനകളില്‍ പ്രതിഷേധം ഒതുക്കി. ബഹളം താനെ കെട്ടടങ്ങി. ഡോക്ടര്‍ ശശിധരന്റെ ആത്മഹത്യയും എല്ലാവരും മറക്കും. ഡോക്ടര്‍മാരുടെ സംഘടനയും മാധ്യമങ്ങളും പതിയെ പിന്‍വാങ്ങും. പാര്‍ട് ടൈം സ്വീപര്‍ നിയമനത്തിന് ഇനിയും കൈക്കൂലി വാങ്ങും. ഡി എം ഒ ഉള്‍പ്പെടെയുള്ള നിയമനഅധികാരികള്‍ അധിക്ഷേപ്പിക്കപ്പെടും. മേല്‍പ്പറഞ്ഞതിനപ്പുറത്തേക്ക് ഇത്തവണ കാര്യങ്ങള്‍ പോവുമെന്നണ് ഇതു സംബന്ധിച്ച് ജെ ജി എം ഒ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് പ്രമീളാദേവി പറയുന്നത്.

ശശിധരന്റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം സംഘടനയുടേതല്ല. വയനാട് ജില്ലാ കമ്മിറ്റില്‍ നിന്ന് റിപ്പോര്‍ട്ടാവശ്യപ്പെട്ടിട്ടുണ്ട്. അവിടെനിന്നുള്ള നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോവും. പിടിഎസ് നിയമനവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ബാഹ്യ സമ്മര്‍ദ്ദം നേരിടുന്നുണ്ട്.

ഈ വിഷയം ഉയര്‍ത്തി സര്‍ക്കാരിനെ സമീപിക്കാനാണ് തീരുമാനമെന്ന് പ്രമീളാ ദേവി അഴിമുഖത്തോട് പറഞ്ഞു. കെ ജി എം ഒ വയനാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനവും സമാനമാണ്. വ്യക്തിപരമെന്ന ഡോക്ടറുടെ മരണക്കുറിപ്പിലെ വരികള്‍ വിശ്വാസത്തിലെടുക്കുകയാണ്. പിടിഎസ് നിയമനവുമായി ബന്ധപ്പെട്ട ഡി എം ഒ മാനസിക പീഡനം അനുഭവിച്ചിട്ടുണ്ട്. ഈ വിവരം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. ജില്ലാ പ്രസിഡന്റ് ഡോ. ജിതേഷ് പറഞ്ഞു.

(അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ആണ് ലേഖകന്‍)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം


Next Story

Related Stories