TopTop
Begin typing your search above and press return to search.

മൂല്യങ്ങള്‍ അടിയറവയ്ക്കുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങള്‍

മൂല്യങ്ങള്‍ അടിയറവയ്ക്കുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങള്‍

ജിജി ജോണ്‍ തോമസ്

പ്രാദേശിക കക്ഷികള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ കാല്‍നൂറ്റാണ്ടായി ഉണ്ടായിരുന്ന മേല്‍ക്കോയ്മയ്ക്ക് തടയിടുന്നതായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പു ഫലം. എങ്കിലും പ്രധാന ദേശീയ കക്ഷികളായ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും കൂടി 51 ശതമാനം വോട്ടു മാത്രമേ നേടാനായുള്ളൂ എന്നത് ഇതര കക്ഷികളുടെ സാന്നിദ്ധ്യവും സഖ്യവും മുഖ്യ കക്ഷികളുടെ ജയ-പരാജയങ്ങള്‍ നിര്‍ണയിക്കാന്‍ തക്ക കരുത്തായി ചിലയിടങ്ങളിലെങ്കിലും തുടരുന്നു എന്നതിന്റെ സൂചനയായി. 1989 മുതല്‍ക്കുള്ള കാല്‍നൂറ്റാണ്ട് കേന്ദ്രത്തില്‍ വ്യക്തമായ മേല്‍ക്കൈ അവകാശപ്പെടാനാവാത്ത മുന്നണി ഭരണമായിരുന്നു നിലനിന്നിരുന്നത് എന്നതിനാല്‍ തന്നെ രാഷ്ട്രീയ ധ്രുവീകരണം അനിവാര്യമാണെന്ന ചിന്ത ഇക്കാലയളവില്‍ പ്രബലപ്പെട്ടിരുന്നു. എന്നാല്‍ ഇടതുകക്ഷികളും ഒപ്പം വിവിധ കാലഘട്ടങ്ങളില്‍ പിറവിയെടുത്ത ജനതാ സോഷ്യലിസ്റ്റ് പരിവാരങ്ങളൂം മൂന്നാം മുന്നണിയില്‍ ഏറെ ശോഭന സ്വപ്നങ്ങള്‍ നെയ്തു കൂട്ടികൊണ്ടിരുന്നത് കോണ്‍ഗ്രസ് - ബി.ജെ.പി കേന്ദ്രീകൃത രാഷ്ട്രീയ ധ്രുവീകരണത്തിനു ഇക്കാലമത്രയും വിലങ്ങുതടിയായി.

കോണ്‍ഗ്രസ്സോ - ബി.ജെ.പി.യോ അധികാരത്തിലെത്തുന്നത് എന്നു നോക്കി, സഖ്യം തീരുമാനിക്കാം എന്നു നിനച്ചിരുന്ന പ്രാദേശിക കക്ഷികള്‍ക്കൊന്നും വിലപേശലുകള്‍ക്ക് അവസരം നല്‍കാത്തവിധം 2014-ലെ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ വ്യക്തമായ വിധിയെഴുത്തു നല്‍കിയ ജനം ആ വിധത്തില്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് അവസരമേകിയില്ല. എന്നിട്ടും ബി.ജെ.പി. കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതു മുതല്‍ക്ക് കാര്യങ്ങള്‍ക്ക് ഒട്ടേറെ മാറ്റം വന്നിരിക്കുന്നു. എന്നാല്‍ ആദര്‍ശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാദേശിക കക്ഷികളുടെ ഒരു രാഷ്ട്രീയ ധ്രുവീകരണം അല്ല ഇപ്പോള്‍ നടക്കുന്നത്. മറിച്ച്, എങ്ങിനെയും അധികാരം തങ്ങളില്‍ നിലനിര്‍ത്തണമെന്ന താല്‍പ്പര്യം മുന്‍നിര്‍ത്തി അതുമല്ലെങ്കില്‍ അധികാര പടവുകള്‍ എളുപ്പത്തില്‍ ചവുട്ടിക്കയറാവുന്ന മാര്‍ഗ്ഗമായി മാത്രം രൂപപ്പെടുന്ന സഖ്യങ്ങള്‍ - മൂല്യങ്ങള്‍ അടിയറവയ്ക്കുന്ന ധ്രുവീകരണങ്ങള്‍ - ആണ് അവയിലേറെയും.

2014-ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ മുന്നേറ്റത്തില്‍ രാഷ്ട്രീയ പുന:ധ്രുവീകരണത്തിനു ആദ്യം സ്വയം വിധേയനായത് ബീഹാറില്‍ നിതീഷ് കുമാറായിരുന്നു. വിരുദ്ധ ചേരികള്‍ക്കു നേതൃത്വം നല്‍കി പതിറ്റാണ്ടുകളായി ബദ്ധരാഷ്ട്രീയ വൈരികളായിരുന്ന ലാലൂ പ്രസാദ് യാദവും നിതീഷ് കുമാറും പരസ്പരം കൈകോര്‍ത്തത് വീണ്ടും വിഘടിച്ചു നിന്നാല്‍ ബീഹാര്‍ രാഷ്ട്രീയ ഭൂപടത്തില്‍ തങ്ങള്‍ക്കു കാര്യമായൊരു സ്ഥാനം ലഭിക്കാതെ പോകും എന്ന് ഇരുവരും ഉള്‍ക്കൊണ്ടതിന്റെ സൂചനയായിരുന്നു. എന്നാല്‍ കാലിത്തീറ്റ കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ട ലാലുവിനോട് സന്ധിയില്ലാ സമരം ചെയ്ത് നേടിയെടുത്ത സല്‍പ്പേര് നിതീഷ് ഈ ഒത്തുതീര്‍പ്പിലൂടെ നഷ്ടപ്പെടുത്തി. ഒരുതരത്തില്‍ ലാലു പ്രസാദ് യാദവിനെതിരെ ബി.ജെ.പി.യുമായി നിതീഷ് കൈകോര്‍ത്തതും ആദര്‍ശത്തേക്കാളേറെ സ്വന്തം അധികാര മോഹങ്ങളാല്‍ തന്നെ ആയിരുന്നില്ലേ എന്ന ചോദ്യവും അതുയര്‍ത്തി. ഒപ്പം ലാലുവിനെ തോല്‍പ്പിക്കാന്‍ നിതീഷ് സഖ്യത്തിലേര്‍പ്പെട്ടില്ലായിരുന്നെങ്കില്‍ ബി.ജെ.പി.ക്ക് ബിഹാറില്‍ 87 എം.എല്‍.എ.മാരെ ലഭിക്കുന്ന സാഹചര്യം ഉ ണ്ടാവുമായിരുന്നില്ലെന്ന വസ്തുതയിലേക്കും അതു വിരല്‍ ചൂണ്ടി.രണ്ടു പതിറ്റാണ്ടു കാലമായി സഖ്യത്തിലായിരുന്ന കോണ്‍ഗ്രസ്സും എന്‍.സി.പി.യും, ഒപ്പം ബി.ജെ.പിയും ശിവസേനയും വഴിപിരിഞ്ഞ് മത്സരിക്കാന്‍ തീരുമാനിച്ച മഹരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പാണ് ബീഹാറിനു ശേഷം രാഷ്ട്രീയ പുനധ്രുവീകരണത്തിനു വഴിയൊരുങ്ങിയേക്കും എന്ന പ്രതീതി ജനിപ്പിച്ചത്. തെരെഞ്ഞെടുപ്പിനു ശേഷവും ബി.ജെ.പിയും ശിവസേനയും പരസ്യമായ കൊമ്പുകോര്‍ക്കല്‍ തുടരുകയും അതിലുപരി 'സുസ്ഥിര ഭരണ'ത്തിനായി ബി.ജെ.പി. സഖ്യത്തിന് ഒരുക്കമാണെന്നു ശരത് പവാര്‍ സൂചന നല്‍കുകയും ചെയ്‌തെങ്കിലും തങ്ങളുടെ ഹിന്ദുത്വ നയങ്ങളുമായി ഏറെ അടുപ്പമുള്ള, ബി.ജെ.പിയുടെ ചിരകാല സുഹൃത്തായ ശിവസേനയെ കൂടെ നിര്‍ത്തുന്നതിനോടായിരുന്നു സംഘപരിവാറിന് താല്‍പ്പര്യമെന്നതിനാലും ഒപ്പം അധികാരത്തിന്റെ സുഖ ശീതളിമയിലേക്ക് തങ്ങളെ ഒരുപതിറ്റാണ്ടിലേറെ പുറത്തിരുത്തി അധികാരം നുകര്‍ന്നവര്‍ക്ക്് അത്ര അനായാസേന പ്രവേശനം നല്‍കേണ്ടതില്ലെന്ന ബി.ജെ.പിയുടെ തന്നെ ചിന്തയാലും പവാറിന്റെ മോഹം തത്ക്കാലത്തേക്ക് വഴുതിമാറി. എങ്കിലും, മോദിയും പവാറും തമ്മില്‍ ഇടയ്ക്കിടെ നടക്കുന്ന കൂടിക്കാഴ്ച്ച എന്‍.സി.പി. - ബി.ജെ.പി അവസരവാദ സഖ്യം അടഞ്ഞ അധ്യായമാണെന്നു കരുതേണ്ടതില്ലെന്ന സൂചന നല്‍കുന്നു.

ഹരിയാന, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ജനവിധിയില്‍ അവ്യക്തതകളില്ലായിരുന്നതിനാല്‍ പുതിയ സഖ്യങ്ങള്‍ക്കൊന്നും വഴി തുറന്നില്ല. ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാവാഞ്ഞ ജമ്മു കാശ്മീര്‍ പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ക്കു കളമൊരുക്കി. ബീഹാറിലെ രാഷ്ട്രീയ ജനതാദള്‍ - ജനതാദള്‍ യുണൈറ്റഡ് കക്ഷികളേപ്പോലെ, പതിറ്റാണ്ടുകളായി പരസ്പരം പോരടിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും രാഷ്ട്രീയ വൈരം മറന്ന് ഒന്നിയ്ക്കാന്‍ തയ്യാറായില്ല എന്നതാണ് ഇവിടെ ഏറെ ശ്രദ്ധിക്കപ്പെട്ടത്. സംസ്ഥാനത്തുടനീളം ബി.ജെ.പി.യ്ക്ക് വേരോട്ടമുണ്ടാക്കാനായിട്ടില്ലെന്നതിനാല്‍ ബീഹാറിലെ ലാലു-നിതീഷിന്റെ സാഹചര്യങ്ങളില്‍ നിന്നു വിഭിന്നമായി സ്വന്തം അസ്തിത്വം അടിയറവയ്ക്കാതെ ഇനിയും രാഷ്ട്രീയ സാദ്ധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന പ്രതീക്ഷയാണ്, ഇവരെ പ്രത്യേകിച്ച് പി.ഡി.പി.യെ, എതിരാളിയെ ആശ്ലേഷിക്കുന്നതില്‍ നിന്നു പിന്തിരിപ്പിച്ചത് ഒപ്പം ബി.ജെ.പിയുമായി ചേര്‍ന്ന് തങ്ങളുടെ ചിരവൈരിയെ നിഷ്‌കാസിതനാക്കാനാവുമെങ്കില്‍ അതാണ് കൂടുതല്‍ മെച്ചം എന്നും അവര്‍ കരുതുന്നു. നിതീഷ് ബീഹാറില്‍ ആദ്യം വച്ച ചുവട്! ബി.ജെ.പി. ബാന്ധവം ബീഹാറില്‍ നിതീഷിനെ എന്നപോലെ അവസാനം ജമ്മു കാശ്മീരില്‍ പി.ഡി.പി.യെ തിരിഞ്ഞുകുത്തുമോ എന്നതു കാലത്തിനേ ഉത്തരം നല്‍കാനാകൂ.

ചെറുതും വലുതുമായ രാഷ്ട്രീയ കക്ഷികളുടെ ചേരിമാറ്റങ്ങള്‍ പലപ്പോഴും ചര്‍ച്ചചെയ്യപ്പെടാറുണ്ടെങ്കിലും വ്യക്തികളുടെ ഒറ്റയ്ക്കുള്ള രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ മിക്കപ്പോഴും കേവലം 'കാലുമാറ്റ'മെന്ന ചെറുവകുപ്പു ചാര്‍ത്തിയേ വിചാരണ ചെയ്യപ്പെടാറുള്ളൂ. എന്നാല്‍ അധികാരസാദ്ധ്യതയ്ക്ക് അനുസൃതമായി വലിയതോതില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍, ഈ കൃത്യം നടമാടുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരെഞ്ഞെടുപ്പിനു മുന്‍പ് വ്യാപകമായ തോതില്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും ഇത്തരം കൂറുമാറ്റം അഥവാ ചേരിമാറ്റം അരങ്ങേറിയിരുന്നു. ക്രിമിനല്‍ - മാഫിയാ ബന്ധങ്ങള്‍ ഉള്ളവരുള്‍പ്പെടെ ഓരോ മേഖലയില്‍ പ്രമാണികളായി വിലസുന്നവരെ ഒപ്പം നിര്‍ത്തി സീറ്റ് കരസ്ഥമാക്കാന്‍ അതതു കാലത്തു മുന്നിലേക്കു വരുന്ന രാഷ്ട്രീയ കക്ഷികള്‍ കച്ചമുറുക്കുമ്പോള്‍, അതിനെ ഏറെ സാദ്ധ്യത കല്‍പ്പിക്കപ്പെടൂന്ന പാര്‍ട്ടിയ്ക്കൊപ്പം നിലയുറപ്പിച്ച് തങ്ങളുടെ വിജയം അനായാസമാക്കാനുള്ള അവസരമാക്കി മാറ്റുന്നു ഈ ലോക്കല്‍ നേതാക്കള്‍. തത്വാധിഷ്ടിത നിലപാടുകള്‍ക്കൊന്നും വിലകല്‍പ്പിക്കാതെ പരസ്പര സഹകരണതിലൂടെ ഇരുകൂട്ടരും ലക്ഷ്യം കൈവരിക്കുമ്പോള്‍ ജനങ്ങള്‍ കാഴ്ച്ചക്കാര്‍ മാത്രമാവുന്നു.ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പ് ഒറ്റയാള്‍ 'ചേരിമാറ്റം' ഏറ്റവും ശ്രദ്ധേയമായതലത്തില്‍ എത്തിച്ചു. നരേന്ദ്ര മോദിയ്ക്കെതിരെ നിശിത വിമര്‍ശനങ്ങളുമായി കഴിഞ്ഞ ലോക്‌സഭാതെരെഞ്ഞെടുപ്പു വേളയില്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന കിരണ്‍ ബേദി, മോദിയുടെ പാളയത്തില്‍ ചെന്നെത്തിയത് ഏവരേയും ഞെട്ടിച്ചു. ആം ആദ്മി പാര്‍ട്ടിയധികാരത്തിലേറിയാല്‍ കെജ്രിവാളല്ലാതെ മറ്റാരും മുഖ്യമന്ത്രി പദത്തിലേക്കു പരിഗണിക്കപ്പെടുന്ന സാഹചര്യമില്ലെന്ന ബോദ്ധ്യവും അതിലുപരി ബി.ജെ.പിയ്ക്ക് ഒപ്പം നിന്നാല്‍ അധികാര പടവുകള്‍ എളുപ്പത്തില്‍ കടന്നു കയറാം എന്ന ചിന്തയുമൊന്നിച്ചപ്പോള്‍ അവര്‍ക്ക് തീരുമാനം എളുപ്പമായി. പക്ഷേ, ഈ അവസരവാദ സഖ്യത്തിനു ഡല്‍ഹിയിലെ ജനങ്ങള്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കനത്ത പ്രഹരം തന്നെ നല്‍കി. ഡല്‍ഹി തെരെഞ്ഞെടുപ്പു ഫലം അധികാരത്തിലേക്കു കുറുക്കുവഴികള്‍ തേടുന്നവര്‍ക്കും, കൂറുമാറ്റത്തിലൂടെ പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കാം എന്നു വ്യാമോഹിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്കും ഒരേപോലെ പാഠമാവേണ്ടതാണ്.

ഇടതു - വലതു മുന്നണികളായി വ്യക്തമായ രാഷ്ട്രീയ ധ്രുവീകരണം നിലവിലുള്ള കേരള രാഷ്ട്രീയത്തില്‍, ഇക്കാരണത്താല്‍ തന്നെ ഇരുമുന്നണിയിലും പെടാതെ മൂന്നാമതൊരാള്‍ക്കു കടന്നു കൂടുക എളുപ്പമല്ല. അതുകൊണ്ടുതന്നെ ഘടകകക്ഷികള്‍ നിലവിലെ ബന്ധം വിച്ഛേദിക്കുന്നതിനു മുന്‍പേ മറുപക്ഷത്ത് പ്രവേശനം ഉണ്ടെന്നു ഉറപ്പാക്കിയിരിക്കും എന്നതാണ് ഇതുവരേയും ഉള്ള രാഷ്ട്രീയ ചരിത്രം. 1991-ലെ ജില്ലാ കൗണ്‍സില്‍ തെരെഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്ന് ഒരുവര്‍ഷം ബാക്കിയുണ്ടായിരുന്ന നിയമസഭ പിരിച്ചു വിട്ട് ഇടതുമുന്നണി തെരെഞ്ഞെടുപ്പിനു പോയപ്പോള്‍, അവിടെകയറിക്കൂടാന്‍ ഒരുമ്പെട്ട് ഐക്യമുന്നണി വിട്ട പ്രബല കക്ഷി ഇടതുമുന്നണിയില്‍ പ്രവേശനം സാദ്ധ്യമല്ലെന്നറിഞ്ഞപ്പോള്‍ രായ്ക്കുരാമാനം തിരികെയെത്തിയതും ചരിത്രം. ബി.ജെ.പി.യിലേക്ക് ഒരു ചൂണ്ടയിടുമ്പോഴും കേരളത്തില്‍ ഏതെങ്കിലുമൊരു മുന്നണി വിടാനൊരുങ്ങുന്ന ചെറുകക്ഷികള്‍ ഇപ്പോഴും ഉറപ്പിക്കാന്‍ ശ്രമിയ്ക്കുന്നത് എതിര്‍പാളയത്തിലൊരു ചില്ല തന്നെയാണ് എന്നതില്‍ സംശയമില്ല.

കേരളത്തിലെ ഈ പ്രത്യേക രാഷ്ട്രീയ യാഥാര്‍ഥ്യത്തിനിടെയിലും ബി.ജെ.പി.യിലൂടെ ശോഭനഭാവി പ്രതീക്ഷിച്ച് ചിലര്‍ രംഗത്തിറങ്ങുന്നത് ശ്രദ്ധിയ്ക്കാതെ വയ്യ. മുന്നണി രാഷ്ട്രീയത്തിലെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ നേരിട്ടറിഞ്ഞവരല്ല, ജനസേവനം ചെയ്യാനാവാതെ വീര്‍പ്പുമുട്ടുന്ന ചില മലയാള ചലച്ചിത്ര താരങ്ങളാണവര്‍. ജയ സാദ്ധ്യതകളില്‍ മിക്കപ്പോഴും ഏറെക്കുറെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഇടതു - വലതു മുന്നണികളിലേക്ക് തങ്ങളുടെ പ്രമാദിത്വം വകവച്ചുകൊണ്ടുള്ള ഒരു പ്രവേശനം അത്ര എളുപ്പമല്ലെന്ന തിരിച്ചറിവാണ് ഇവരെ ബി.ജെ.പി.യെ ആശ്ലേഷിക്കുവാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം.

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വന്‍ വിജയവുമായി ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ മലയാളത്തിലെ ഒരു സുന്ദര (പ്രതിനായക) നടന്‍ പ്രതികരിച്ചത് ''കോണ്‍ഗ്രസ്സിലാണോ ഇടതു കക്ഷികളിലാണോ ചേരേണ്ടത് എന്ന സന്ദേഹത്തിലായിരുന്നു ഇതുവരെ. ഇപ്പോള്‍ സംശയം മാറി. ബി.ജെ.പി.യില്‍ നല്ല സ്ഥാനം നല്‍കിയാല്‍ പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറാണ്'', എന്നായിരുന്നു! ക്യാരക്റ്റര്‍ റോളുകളില്‍ ശോഭിച്ച ഒരു പ്രമുഖ നടന്റെ ഊഴമായിരുന്നു അടുത്തത്! (നിലവില്‍ എം.എല്‍.എ. ആയിരിക്കുന്ന സിനിമാക്കാരന്‍ ബി.ജെ.പി.യ്ക്കൊപ്പം ചാടിയേക്കുമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും രാഷ്ട്രീയമറിയാവുന്ന അച്ഛന്‍ അനുകൂലിച്ചില്ല. അങ്ങിനെ അവരെ ചുമക്കാനുള്ള 'യോഗം' ഇടതു പക്ഷത്തിനു കരഗതമായി). അതിനിടയിലാണ് ഹിന്ദു സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി സാക്ഷാല്‍ സൂപ്പറിന്റെ അരങ്ങേറ്റം! ബി.ജെ.പി രണ്ടു തവണ രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവും പറ്റുമെങ്കില്‍ ഒരു കേന്ദ്രമന്ത്രിപദവും മാത്രം മതിയായിരുന്നു അദ്ദേഹത്തിനു ജനസേവനം ചെയ്യാന്‍! (പക്ഷേ പാര്‍ട്ടി നല്‍കിയത് എന്‍.എഫ്.ഡി.സി ചെയര്‍മാന്‍ പദമാണ്).ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയവര്‍ അധികാരത്തിനായി തങ്ങളുടെ നിലപാടുകള്‍ വിഴുങ്ങുമ്പോള്‍ അവര്‍ സ്വയം അവഹേളിതരാവുകയാണെന്ന ബോധ്യം അവര്‍ക്ക് ഉണ്ടാവേണ്ടിയിരിക്കുന്നു. അധികാരത്തിനായി ഒത്തു തീര്‍പ്പുകള്‍ക്കു വഴങ്ങുന്നവരുടെ മുന്‍ കാലങ്ങളിലെ തത്വാധിഷ്ഠിത നിലപാടുകളൊക്കെയും പൊള്ളയായിരുന്നു എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പില്‍, തുടര്‍ച്ചയായി അഞ്ചുതവണ ബി.ജെ.പി. വിജയിച്ച മണ്ഡലത്തില്‍ നിന്നുള്ള കിരണ്‍ ബേദിയുടെ വമ്പന്‍ പരാജയം നല്‍കിയ സൂചന മറ്റൊന്നുമല്ല. കാലങ്ങള്‍ മുറുകെപ്പിടിച്ചതെന്ന് അവകാശപ്പെടുന്ന ആദര്‍ശങ്ങളും മൂല്യങ്ങളും കുഴിച്ചുമൂടി അധികാരത്തിനായി സന്ധിചെയ്യാന്‍ ഒരുങ്ങുന്നവരെ പരവതാനി വിരിച്ച് സ്വീകരിക്കുന്ന രാഷ്ട്രീയകക്ഷികള്‍, പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കുവാന്‍ നേതാക്കളെ ഇറക്കുമതി ചെയ്യുകയല്ല മറിച്ച് ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് നേതാക്കളെ സൃഷ്ടിക്കുകയാണ് വേണ്ടത് എന്നതും ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ഒപ്പം ഈ അധികാര പ്രമാദിത്തങ്ങളൊന്നും ഇല്ലാതിരിക്കേ തന്നെ അവര്‍ക്കൊപ്പം അചഞ്ചലരായി നിലയുറപ്പിച്ചവരോടുകാട്ടുന്ന നീതി നിഷേധം കൂടിയാണ് മൂല്യങ്ങള്‍ ബലികഴിച്ചുള്ള അവസരവാദ സഖ്യങ്ങള്‍ എന്നതും.

രാഷ്ടീയത്തില്‍ തെറ്റുതിരുത്തലുകള്‍ ഉണ്‍ണ്ടാവേണ്ടതു തന്നെയാണ്. പക്ഷേ, നിലപാടുകളിലെ മാറ്റം ആദര്‍ശാധിഷ്ഠിതവും മൂല്യ ബോധത്താല്‍ ഉടലെടുക്കുന്നതും ആവണം; സര്‍വോപരി അത് കേവലം അധികാരലക്ഷ്യം മാത്രമുള്ളത് ആവുകയുമരുത്. അധികാരം മാത്രമല്ല പൊതു ജനസേവനം. സഖ്യമാറ്റങ്ങള്‍ അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി പരിണമിക്കുമ്പോള്‍ അതൊരിക്കലും മൂല്യാധിഷ്ഠിതമാവുകയില്ല. രാഷ്ട്രീയ കക്ഷികള്‍ അധികാരത്തിലെത്താനായി ശ്രമിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ, അവസരവാദ സഖ്യങ്ങളുടെ കുറുക്കുവഴിയിലൂടെയല്ല, മൂല്യങ്ങള്‍ കൈവിടാതെ ജനപക്ഷ സഖ്യങ്ങളിലൂടെയാകണം നേതാക്കളും പാര്‍ട്ടികളും അധികാരത്തിലെത്താനും അധികാരം നിലനിര്‍ത്താനും ശ്രമിക്കേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുNext Story

Related Stories