TopTop
Begin typing your search above and press return to search.

പതിനൊന്നാം സ്ഥലം; വയനാടന്‍ ചുരമിറങ്ങേണ്ടി വരുന്ന ആദിവാസികളുടെ കഥ: രഞ്ജിത്ത് ചിറ്റാടെ/അഭിമുഖം

പതിനൊന്നാം സ്ഥലം; വയനാടന്‍ ചുരമിറങ്ങേണ്ടി വരുന്ന ആദിവാസികളുടെ കഥ: രഞ്ജിത്ത് ചിറ്റാടെ/അഭിമുഖം

എതിര്‍ ശബ്ദങ്ങളുയര്‍ത്തുന്ന സിനിമകളെയും സര്‍ഗാത്മക സൃഷ്ടികളെയും അടിച്ചൊതുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടുകളാണ് നാം ഏറെ നാളായി ഈ സമൂഹത്തില്‍ കാണുന്നത്. ആദിവാസി വിഷയങ്ങളും തൊഴിലാളി പ്രശ്‌നങ്ങളും പോലുള്ള വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവയെയും വെളിച്ചത്തെത്തിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. കേരളീയം മാസികയുടെ ബാനറില്‍ അശോകന്‍ നമ്പഴിക്കാട് നിര്‍മ്മിച്ച് ഗുരുവായൂര്‍ മറ്റം നമ്പഴിക്കാട് സ്വദേശിയായ രഞ്ജിത്ത് ചിറ്റാടെ സംവിധാനം ചെയ്ത സിനിമയാണ് പതിനൊന്നാം സ്ഥലം. ആദിവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ഈ സിനിമ. ഏറെ നാളത്തെ കാത്തിരിപ്പിനും നിരവധി തടസങ്ങള്‍ക്കും ശേഷം ഈ ചിത്രം ഇന്ന് തിയറ്ററുകളിലെത്തുകയാണ്. സംവിധായകനുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും.

എന്താണ് പതിനൊന്നാം സ്ഥലം?

കേരളീയത്തിന്റെ ബാനറില്‍ അശോകന്‍ നമ്പഴിക്കാട് നിര്‍മ്മിച്ച സിനിമയാണ് പതിനൊന്നാം സ്ഥലം. ഈചിത്രത്തിന്റെ പ്രധാന വിഷയം വയനാട്ടിലെ ആദിവാസികളാണ്. ഭൂമിയുടെ രാഷ്ട്രീയമാണ് ഈ സിനിമ പ്രധാനമായും പറയുന്നത്. വയനാട്ടിലെ കുളിരും പച്ചപ്പും എല്ലാം കണ്ട് പലരും ചുരം കയറുമ്പോള്‍ ഭൂമിയുടെ അവകാശികളായ ആദിവാസികള്‍ ചുരമിറങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അവരുടെ ആവാസവ്യവസ്ഥിതിയില്‍ നിന്നും അവര്‍ പുറംതള്ളപ്പെടുകയാണ് ഇവിടെ. ഒരു കാറിന്റെ മൂന്ന് യാത്രകളിലൂടെ ഈ വിഷയത്തെ അഡ്രസ് ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ശാന്തിയെന്ന ആദിവാസി പെണ്‍കുട്ടിക്ക് അവളുടെ അച്ഛന് സംഭവിക്കുന്ന അസുഖവുമായി ബന്ധപ്പെട്ട് ഒരു ടാക്‌സി ഡ്രൈവറുമായി പരിചയപ്പെടേണ്ടി വരുന്നു. കഥയുടെ സംഗ്രഹം അതാണ്.

എങ്ങനെയാണ് ഈ കഥയിലേക്കെത്തിയത്?

കേരളീയത്തിന്റെ എഡിറ്റര്‍ എസ് ശരത് എഴുതിയ കഥയില്‍ നിന്നാണ് തുടക്കം. സജിമോന്‍ അത് ഷോട്ട് ഫിലിമിനുള്ള സ്‌ക്രിപ്റ്റാക്കി. യാ ദ്യശ്ചികമായാണ് മറ്റുള്ളവരെല്ലാം ഈ സിനിമയുടെ ഭാഗമായത്. ഷോട്ട്ഫിലിം ആയി തുടങ്ങി ഒടുക്കം ഫീച്ചര്‍ സിനിമ ആയി മാറുകയയിരുന്നു. അഞ്ചര ദിവസം കൊണ്ടാണ് സിനിമ ഷൂട്ട് ചെയ്തത്. അതിന്റെതായ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥ സമരഭൂമിയായ വയനാട്ടിലെ വിത്തുകാട് കോളനിയായിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. ഇതില്‍ ആദിവാസികളായി അഭിനയിച്ചിരിക്കുന്നവര്‍ യഥാര്‍ത്ഥ ആദിവാസികളാണ്. യഥാര്‍ത്ഥത്തില്‍ ഈ സിനിമയില്‍ ആദിവാസികള്‍ അഭിനയിച്ചിട്ടില്ല, കാരണം അവര്‍ അവരുടെ അനുഭവം പറയുക മാത്രമാണ് ചെയ്തിരിക്കുന്നത്. കയ്യേറ്റ സമരങ്ങള്‍ നടക്കുന്നതും ആദിവാസികള്‍ ഭൂമി കയ്യേറുന്നതുമായ സ്ഥലം ആണത്. അത്തരം സ്ഥലങ്ങളില്‍ എത്തിപ്പെടുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.

എപ്പോഴും ട്രാഫിക് ഉണ്ടാകുന്ന വയനാട് ചുരത്തില്‍ കാമറ വയ്ക്കുന്നതായിരുന്നു മറ്റൊരു പ്രശ്‌നം. അഞ്ചര ദിവസം കൊണ്ട് ഇത് തീര്‍ക്കുമ്പോള്‍ അത്രമാത്രം പ്രശ്‌നങ്ങളുമുണ്ടായി. ഒന്നും ചിന്തിക്കാനുള്ള സമയം ലഭിച്ചില്ല. പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങള്‍ തീര്‍ക്കുകയായിരുന്നു.

പതിനൊന്നാം സ്ഥലത്തിന്റെ മേക്കിംഗ് എങ്ങനെയായിരുന്നു?

ഞങ്ങളെല്ലാം വരച്ച് പ്ലാന്‍ ചെയ്തിരുന്നു. അഭിനയിച്ചവര്‍ക്ക് കൊടുത്ത നിര്‍ദേശം ഒറ്റ ഷോട്ട് എന്നതായിരുന്നു. ഷോടുകളുടെ പെര്‍ഫെക്ഷന്‍ നോക്കാനുളള സമയം ഞ്ങ്ങള്‍ക്ക് കിട്ടിയിട്ടില്ല. അത് മേക്കിംഗിന് വെല്ലുവിളിയാകുമെന്നതിനാല്‍ ശ്രദ്ധാപൂര്‍വമാണ് എല്ലാവരും പ്രവര്‍ത്തിച്ചത്. കാറില്‍ ക്യാമറ വച്ച് കെട്ടിയിട്ട് കാര്‍ വിടും. കാര്‍ പോയി വരുന്ന സമയത്തിനകം അഭിനേതാക്കള്‍ പറയാനുള്ള ഡയലോഗുകളെല്ലാം പറഞ്ഞ് തീര്‍ത്തിട്ടുണ്ടായിരിക്കും. ഇതില്‍ അഭിനയിച്ചവരാരും പ്രൊഫഷണല്‍ അഭിനേതാക്കളല്ല എന്ന് കൂടി ഓര്‍ക്കണം. പക്ഷെ എല്ലാവരും നന്നായി തന്നെ ചെയ്തുവെന്നത് സിനിമ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചു.

ബജറ്റ് വലിയ പ്രശ്‌നം ആയിരുന്നു. അതുകൊണ്ടാണ് സിനിയുടെ ഷൂട്ടിംഗ് അത്രയും വേഗം തീര്‍ത്തത്. അശോകേട്ടന്‍ ഒരു സാധാരണക്കാരനായ സര്‍ക്കാരുദ്യോഗസ്ഥനാണ്. ഷോട്ട് ഫിലിം എന്ന രീതിയില്‍ തുടങ്ങി കാര്യങ്ങള്‍ കൈവിട്ട് പോയതാണ് പതിനൊന്നാം സ്ഥലത്തിന്റെ പശ്ചാത്തല കഥകള്‍.

രഞ്ജിത്ത് ചിറ്റാടെയുടെ സിനിമ ബന്ധം പറയാമോ?

ഞാന്‍ സൗണ്ട് എന്‍ജിനീയര്‍ ആണ്. കല്‍ക്കത്തയില്‍ പല സ്ഥാപനങ്ങളിലും ജോലി ചെയ്തു. പിന്നീട് ബോംബയിലെത്തി. ഇപ്പോള്‍ കേരളത്തില്‍ തന്നെയാണ്. സൗണ്ട് മേഖലയില്‍ ഫ്രീലാന്‍സ് ആയി പ്രവര്‍ത്തിക്കുന്നു. വിദ്യാവിഹാര്‍ സ്‌കൂളില്‍ സൈക്കോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ട്. കൂടാതെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ നിങ്ങളെല്ലാം ആഘോഷിക്കുന്ന 'യേമാന്മാരെ..' എന്റെ വരികളും സംഗീതവും ആണ്. ഊരാളിയുടെ പേരില്‍ അറിയുന്നുവെന്നേ ഉള്ളൂ.

അതെങ്ങനെയാണ് സംഭവിച്ചത്?

ഊരാളി മാര്‍ട്ടിനെ തൃശൂരില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വെറുതെ എഴുതി വരികള്‍ ചിട്ടപ്പെടുത്തിയതാണ്. എന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ അത് ഇടുകയും ചെയ്തു. അത് കണ്ടവരെല്ലാം ഊരാളി മാര്‍ട്ടിന്റെ പാട്ടാണ് അതെന്ന് കരുതിയിട്ടുണ്ട്. മെക്‌സിക്കന്‍ അപാരത എന്ന സിനിമയില്‍ ഈ പാട്ട് ഉപയോഗിക്കുമ്പോള്‍ അവര്‍ മാര്‍ട്ടിന്‍ ചേട്ടനോട് അനുവാദം ചോദിച്ചു. മാര്‍ട്ടിന്‍ ചേട്ടന്‍ തന്നെ അതെന്റെ പാട്ടാണെന്ന് അവരോട് പറയുകയും ഞാന്‍ അനുവദിക്കുകയും ചെയ്യുകയായിരുന്നു.

ഐഎഫ്എഫ്‌കെയില്‍ ഈ സിനിമ കൊടുത്തിരുന്നില്ലേ?

സമൂഹം അറിയേണ്ട ഒരു വിഷയമായിരുന്നു ഇത്. ഐഎഫ്എഫ്‌കെ അതിന് നല്ലൊരു വേദിയായിരുന്നു. എന്നാല്‍ ഐഎഫ്എഫ്‌കെയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന അറിയിപ്പാണ് അവിടെ നിന്നും ലഭിച്ചത്. അതേസമയം അവര്‍ ഞങ്ങള്‍ക്ക് വിദേശ സിനിമ പ്രവര്‍ത്തകരുമായി ഒരു മീറ്റിംഗ് ഒരുക്കി തന്നു. അവിടെ നമുക്ക് നമ്മുടെ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ഒരു അവസരമുണ്ടായിരുന്നു. അത് മാത്രമാണ് ചലച്ചിത്ര അക്കാദമി നല്‍കിയ അവസരം. ഐഎഎഫ്എഫ്‌കെയില്‍ എന്‍ട്രി പ്രതീക്ഷിച്ചിരുന്നു. കേരള സമൂഹം അറിയേണ്ട ഒരു വിഷയമാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത് എന്നതിനാലായിരുന്നു ആ പ്രതീക്ഷ.

സിനിമ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയമാണോ ഈ ചിത്രം ഒഴിവാക്കപ്പെടാന്‍ കാരണമെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. കാരണം അവരുടെ മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് അവര്‍ക്കല്ലേ അറിയുകയുള്ളൂ. പരിസ്ഥിതി വിഷയമാണ് പറയുന്നതെങ്കിലും മര്‍മ്മ പ്രധാനമായും ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത് ആദിവാസികളുടെ പ്രശ്‌നങ്ങളാണ്. പൊതുവേ ആദിവാസികള്‍ ഇവിടെ തഴയപ്പെടുന്നുണ്ട്. അതിന്റെ കൂടെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സിനിമയും തഴയപ്പെട്ടുവെന്നാണ് കരുതേണ്ടത്. പക്ഷെ അതിന്റെ പേരില്‍ വിവാദത്തിനൊന്നും ഞാനില്ല. കുറച്ച് ജൂറി അംഗങ്ങള്‍ ചേര്‍ന്നെടുക്കുന്ന തീരുമാനം അംഗീകരിക്കാന്‍ വിധിക്കപ്പെട്ട ജനാധിപത്യ സംവിധാനത്തിലാണല്ലോ നാം ജീവിക്കുന്നത്. അതിനാല്‍ ഈ തീരുമാനത്തെയും അംഗീകരിക്കുന്നു.

പതിനൊന്നാം സ്ഥലത്തിന് റിലീസിംഗ് തിയറ്റര്‍ ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടിയല്ലോ? ചെറിയ സിനിമകള്‍ ഇവിടെ തിയറ്ററുകളില്‍ തഴയപ്പെടുന്നതിന്റെ ഉദാഹരണമല്ലേ അത്?

ഇത്തരം ചിത്രങ്ങള്‍ ജനങ്ങള്‍ കാണണോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒരു നിലപാടുണ്ടാകേണ്ടത് അത്യാവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു നിലപാട് നമ്മുടെ സര്‍ക്കാരിനില്ല. ഉണ്ടെന്നാണ് അവരുടെ രേഖകളിലും മറ്റും പറയുന്നത്. കൈരളി, ശ്രീ, നിള തിയറ്ററുകള്‍ ഇത്തരം സിനിമകള്‍ക്കായി വിട്ടുനല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ആരുടെയൊക്കെയോ കറുത്ത കൈകള്‍ ഇത്തരം സിനിമകള്‍ ജനങ്ങളിലേക്കെത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ഒരു പക്ഷെ അതിന് പിന്നില്‍ കച്ചവട രാഷ്ട്രീയമായിരിക്കും. അതായത് ഇത്തരം സിനിമകള്‍ വില്‍ക്കാന്‍ സാധിക്കില്ലെന്ന ധാരണ നിലവിലുണ്ട്. ജനങ്ങളിലേക്ക് ഇത്തരം ചിത്രങ്ങള്‍ എത്തിക്കാതിരിക്കാനുള്ള ചില തട്ടിപ്പുകളെല്ലാം ഇവിടെ നിലനില്‍ക്കുന്നുണ്ട്.

ഇപ്പോള്‍ തന്നെ നമുക്ക് കൈരളിയി തിയറ്ററാണ് അനുവദിച്ചിരിക്കുന്നത്. അതും രാവിലത്തെ ഒരു ഷോ മാത്രം. കൈരളി തിയറ്ററില്‍ ധാരാളം സീറ്റുകളുണ്ട്. സ്വാഭാവികമായും ആ സീറ്റുകള്‍ നിറയ്ക്കാന്‍ പതിനൊന്നാം സ്ഥലം പോലെയൊരു ചെറിയ ചിത്രത്തിന് സാധിക്കണമെന്നില്ല. അങ്ങനെ വന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം തന്നെ തിയറ്ററില്‍ നിന്നും ചിത്രം ഒഴിവാക്കാന്‍ അധികൃതര്‍ക്ക് സാധിക്കുകയും ചെയ്തു. അവര്‍ തന്നോ എന്ന് ചോദിച്ചാല്‍ തന്നു, എന്നാല്‍ നമുക്ക് ഉപകാരപ്പെട്ടില്ല എന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഒരുപാട് മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷിച്ചിട്ടാണ് ഇപ്പോഴെങ്കിലും അവര്‍ തിയറ്റര്‍ അനുവദിച്ചത്.

അതിലും ഒരു രാഷ്ട്രീയമില്ലേ? സര്‍ക്കാരിന്റെ പിടിപ്പുകേടുകളാണല്ലോ ആദിവാസി സമരങ്ങളിലൂടെ പ്രധാനമായും പുറത്തുവരുന്നത്?

ഒട്ടുമിക്ക ചെറിയ സിനിമകളും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വ്യക്തമായ രാഷ്ട്രീയം പറയുന്നവ തന്നെയാണ്. പക്ഷെ, ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വലിയ പരിക്കുകളില്ലാതെ അവയെ മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിക്കാറുണ്ട്. സമീപകാലത്ത് ഇത്തരത്തില്‍ വ്യക്തമായ രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നായാലും അല്ലാതെയും നല്ല പ്രൊമോഷന്‍ ലഭിക്കുന്നതാണ് നാം കാണുന്നത്. എന്നാല്‍ പതിനൊന്നാം സ്ഥലം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം പലരെയും ഞെട്ടിക്കുന്നതുകൊണ്ടായിരിക്കാം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അത്തരത്തില്‍ ഒരു സഹായവും ഈ സിനിമയ്ക്ക് ലഭിക്കാതിരിക്കുന്നത്. ആദിവാസികള്‍ക്ക് സഹായങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്നും അവര്‍ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് ഒരു ചെറിയ സമൂഹമെങ്കിലും വിശ്വസിച്ചോട്ടെയെന്ന് അധികൃതര്‍ ചിന്തിക്കുന്നുണ്ടാകാം.

എന്തൊക്കെയാണ് രഞ്ജിത്തിന്റെ പുതിയ പദ്ധതികള്‍?

അതിരപ്പള്ളി വിഷയവുമായി ബന്ധപ്പെട്ട് എന്റെ പുതിയൊരു പാട്ട് പുറത്തിറങ്ങിയിട്ടുണ്ട്. കാടിനെ പുഴകളെ കാടിന്റെ മക്കളെ കാക്കുവാനാരുണ്ട് പൈതങ്ങളെ എന്ന പാട്ടിന് സമൂഹമാധ്യമത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.


Next Story

Related Stories