TopTop
Begin typing your search above and press return to search.

മൂന്നു നേരം സേവിക്കേണ്ട മരുന്നോ തെരുവില്‍ കാട്ടിക്കൂട്ടേണ്ട ഒന്നോ അല്ല ഞങ്ങള്‍ക്ക് ദേശസ്‌നേഹം

മൂന്നു നേരം സേവിക്കേണ്ട മരുന്നോ തെരുവില്‍ കാട്ടിക്കൂട്ടേണ്ട ഒന്നോ അല്ല ഞങ്ങള്‍ക്ക് ദേശസ്‌നേഹം

ദേശീയഗാനമാണു പുതിയ ദേശീയവിവാദം. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നതു നിര്‍ബന്ധമാക്കിക്കൊണ്ടും ആ സമയത്ത് കാണികള്‍ എഴുന്നേറ്റു നിന്ന് ആദരവ് കാണിക്കണം എന്നുമുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ദേശീയഗാനം സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും പത്രവാര്‍ത്തകളിലും നിറഞ്ഞത്. ഇതിനകം തന്നെ കേരളത്തിലും തമിഴ് നാട്ടിലും ദേശീയഗാനാലാപനവേളയില്‍ എഴുന്നേറ്റു നിന്നില്ല എന്ന കാരണത്തിന് ആളുകളെ അറസ്റ്റ് ചെയ്യുകയും സംഘടിതമായി മര്‍ദ്ദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. ഐഎഫ്എഫ് കെ എന്ന കേരളത്തിന്റെ മുഖമുദ്രകളില്‍ ഒന്നായ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ആറുപേരെ അറസ്റ്റ് ചെയ്തതോടെയാണ് കേരളത്തില്‍ ഈ വിവാദത്തിന് ആക്കം കൂടിയത്.

ദേശീയത അടിച്ചേല്‍പിക്കപ്പെടേണ്ടതാണോ എന്നൊരു ചോദ്യം ഉത്തരമില്ലാതെ അലഞ്ഞു നടപ്പുണ്ട് .

ഐഎഫ്എഫ് കെയുടെ പശ്ചാത്തലത്തില്‍ നിന്ന് ദേശീയഗാനം കേട്ടു നോക്കുമ്പോഴാണ് ദേശീയതയുടെ പേരില്‍ ആചരിക്കപ്പെടേണ്ടി വരുന്ന കോമാളിത്തത്തെക്കുറിച്ചു മനസിലാവുക. അറുപത്തിരണ്ടു രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 185 സിനിമകളാണ് പതിനാലു വേദികളിലായി പ്രദര്‍ശിപ്പിക്കുന്നത്. ദേശീയതയ്‌ക്കൊപ്പം നില്‍ക്കുന്ന മറ്റൊരു വികാരമാണ് കേരളത്തിന് ഐഎഫ്എഫ്‌കെ. ഇവിടെ ഫിലിം ഫെസ്റ്റിവല്‍ കേവലം സിനിമാ കാഴ്ചകളില്‍ ഒതുങ്ങുന്നില്ല. ലോകസിനിമക്കൊപ്പം സൗഹൃദങ്ങളുടെ, കൂടിച്ചേരലുകളുടെ, അഴിഞ്ഞുപോവലുകളുടെ ആഘോഷക്കാലമാണ് തിരുവനന്തപുരത്തിന് ഡിസംബര്‍. തീര്‍ത്ഥാടന കാലത്തേക്കെന്ന പോലെ വര്‍ഷാവര്‍ഷം ലീവ് കൂട്ടിവെച്ച് ഡിസംബറിനെ നോറ്റിരിക്കുന്നവര്‍ കുറവല്ല ഇവിടെ. ഓരോ വര്‍ഷവും പങ്കെടുക്കാന്‍ എത്തുന്ന ജനക്കൂട്ടം അധികരിച്ചു കൊണ്ടിരിക്കുകയാണ് എന്നറിയാന്‍ ഔദ്യോഗികവാര്‍ത്താക്കുറിപ്പുകളെ ആശ്രയിക്കേണ്ടി വരുന്നില്ല. എത്തിച്ചേരുന്നതില്‍ ബഹുഭൂരിപക്ഷം ആളുകളും വ്യത്യസ്തതയെ, അനുസരണക്കേടിനെ ഒരു സ്വഭാവമായി കൊണ്ടുനടക്കുന്നവര്‍ . പ്രദര്‍ശിപ്പിക്കപ്പെടുന്നതില്‍ ഓരോന്നും എതിര്‍പ്പും കലഹവും കലാപവും പ്രമേയമാക്കിയ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുളള ചിത്രങ്ങള്‍. ഇങ്ങനെ ഒരിടത്താണ് അങ്ങേയറ്റം അച്ചടക്കത്തോടെ, അനുസരണയോടെ കാഴ്ചക്കാരായിരിക്കാന്‍ അധികാരം അവരോട് ആവശ്യപ്പെടുന്നത്! അവിടെയാണ് ഓരോ സിനിമാഹാളിലും ഓരോ പ്രദര്‍ശനത്തിനു മുന്‍പും ദേശീയഗാനം ആലപിക്കേണ്ടത്! ഓരോ ദിവസവും പതിനാലു വേദികളില്‍ ആറു പ്രാവശ്യം കൊണ്ടാടുന്ന കോമാളിത്തരം എന്നല്ലാതെ അതിനെ ദേശഭക്തി എന്നാണോ വിളിക്കേണ്ടത്?

'നില്‍പ്പ്' ഒരു സമരമുറയായി സ്വീകരിച്ച ജനതയാണ് കേരളം. പ്രതിഷേധം തെരുവില്‍ തല്ലിത്തീര്‍ക്കേണ്ടതല്ല എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. അല്ലെങ്കില്‍ത്തന്നെ ഭരണകൂടം നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അത്തരം ഒരു എതിര്‍പ്പാണ്. ജനങ്ങള്‍ അക്രമണകാരികളാകുന്നയിടത്ത് അധികാരത്തെ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. അങ്ങനെയല്ലെങ്കിലോ? അപ്പോഴാണ് 'ഇരുന്ന' ആറുപേരെ ശ്രദ്ധിക്കേണ്ടി വരുന്നത്. തീര്‍ച്ചയായും അതായിരുന്നില്ലേ മാര്‍ഗ്ഗം? ഇന്ത്യയുടെ രാഷ്ട്രപിതാവ് കാണിച്ചു തന്നിട്ടുളള വ്യക്തവും ശക്തവുമായ മാര്‍ഗം? നിമിഷംപ്രതി ഷെയര്‍ ചെയ്യപ്പെടുന്ന ട്രോളുകളേക്കാളേറെ ആളുകള്‍ അവിടെയുണ്ട്, പിന്നെയെന്തിനാണ് പ്രതിഷേധം രേഖപ്പെടുത്താന്‍ ഒറ്റക്കൊറ്റക്ക് ഫേസ് ബുക്ക് പേജുകളിലേക്ക് ഓടിക്കയറുന്നത്? ഇത് തുടക്കം മാത്രമാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട് അധികാരത്തിന്റെ ഓരോ ചുവടുവെപ്പുകളും. നാളെ ദേശദ്രോഹിയെന്ന് നമുക്ക് നേരെ കൈ ചൂണ്ടുമ്പോള്‍ തിരികെയൊന്ന് ശബ്ദമുയര്‍ത്താന്‍ പോലും പറ്റാത്ത വിധം ഇന്നേ തലകുനിച്ചു നില്‍ക്കലാണോ ആ ആള്‍ക്കൂട്ടത്തിന്റെ തിരഞ്ഞെടുപ്പ്?

working-21-756x445

രാഷ്ട്രീയഭേദമില്ലാതെയാണ് അധികാരം നമ്മളോട് അടിമത്തം ആവശ്യപ്പെടുന്നത് എന്ന് നേരിന്റെ പക്ഷം എന്നവകാശപ്പെടുന്ന കേരളത്തിലെ ഭരണപക്ഷം വരെ വ്യക്തമാക്കിക്കഴിഞ്ഞു. മല്ലു എന്ന വാക്ക് പരിഹാസങ്ങള്‍ മാത്രം കൊണ്ടുവന്നു തരുമ്പോഴും സ്വയം പരിപാലിക്കുന്ന ഒരഹങ്കാരത്തില്‍ 'വ്യത്യസ്തരാണ്' എന്ന് വിശ്വസിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ചുംബനസമരം മുതല്‍ ബീഫ് ഫെസ്റ്റിവലും നില്‍പ്പ് സമരവും വരെയുള്ള വ്യത്യസ്തമായ സമരമുറകളിലൂടെയാണ് സ്വാതന്ത്ര്യം അവകാശമാണ് എന്ന് മലയാളികള്‍ വിളിച്ചു പറഞ്ഞിട്ടുള്ളത്. ഭിന്നലൈംഗികതയുള്ളവരുടെ അവകാശങ്ങള്‍ക്കു വേണ്ടി നടന്ന സമരങ്ങളില്‍ കൂടെ നിന്നിട്ടുള്ള ഓരോരുത്തര്‍ക്കും ഇത്തവണത്തെ ഐഎഫ്എഫ്‌കെ ലിംഗഭേദം ഇല്ലാത്തതാണ് എന്നത് അഭിമാനകരമാണ്. അത്തരം ഓരോ സമരത്തിനും ഇന്ത്യ മുഴുവനും, അതിനുമപ്പുറവുമുള്ള ചിന്തിക്കുന്ന ആളുകള്‍ കൂടെ നിന്നിട്ടുമുണ്ട്. ദേശഭക്തി തെരുവില്‍ പ്രദര്‍ശിപ്പിക്കേണ്ട ഒരു കലാപരിപാടിയല്ല എന്ന് ആര്‍ക്കാണറിയാത്തത്? മൂന്നു നേരം ഓരോന്നു വെച്ച് സേവിക്കേണ്ട ഒരു മരുന്നല്ല ഞങ്ങള്‍ക്ക് ദേശസ്‌നേഹം എന്നും ദേശീയഗാനത്തെ ഇങ്ങനെ അപമാനിക്കരുത് എന്നും നമ്മളല്ലാതെ ആരാണ് ആദ്യം പറയേണ്ടത്? നമ്മളങ്ങനെ പറഞ്ഞില്ല എങ്കില്‍ നാളെ ആളു കൂടുന്നിടത്തൊക്കെ നമ്മുടെ ദേശീയഗാനത്തെയും ദേശീയമായ എന്തിനെയും ഇങ്ങനെ അപമാനിക്കില്ല എന്നതിന് എന്തുറപ്പാണുള്ളത്? ഇന്ന് സിനിമാ തീയറ്ററുകള്‍ എന്നുള്ളത് നാളെ റെയില്‍വേ സ്‌റ്റേഷനുകള്‍ മുതല്‍ മാര്‍ക്കറ്റു വരെ വ്യാപിക്കില്ല എന്ന് എങ്ങനെ അറിയും?

ദേശീയതലത്തില്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്താന്‍ കിട്ടിയിട്ടുളള ഏറ്റവും നല്ല വേദിയാണ് ഐഎഫ്എഫ്‌കെ. കേവലം സിനിമ കണ്ട് സഞ്ചിയും തൂക്കി തിരികെ പോരാനല്ല ഡിസംബറുകള്‍ തിരുവനന്തപുരത്തിനെ ഒരുക്കിവെക്കുന്നത് എന്ന് , കൂടെയിരിക്കുന്നവനെ ദേശദ്രോഹിയെന്ന് മുദ്രകുത്തുമ്പോള്‍ പേടിച്ചിരിക്കുകയല്ല ചെയ്യേണ്ടതെന്ന് ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകള്‍ കാണിച്ചു തരുമായിരിക്കും. അവര്‍ ഒരുമിച്ച് ഇരിക്കുകയും സിനിമ ബഹിഷ്‌കരിക്കുകയും ജയിലുകള്‍ ഒരുമിച്ചു നിറയ്ക്കുകയും ഗാന്ധിജിയെയും ടാഗോറിനെയും അതിനുമപ്പുറം ഇന്ത്യ എന്ന നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ, അതിന്റെ ബഹുവിധമായ സംസ്‌കാരത്തെ ബഹുമാനിക്കുകയും ചെയ്യുമായിരിക്കും.

(കവിയും സമൂഹ്യനിരീക്ഷകയുമാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories